• Follow

മാച്ച് റിവ്യൂ ലെവാന്തെ 3 – 1 ബാഴ്‌സലോണ

  • Posted On November 3, 2019

ഒരിക്കൽ കൂടി എവേ മത്സരത്തിൽ ടീം നമ്മെ നിരാശപ്പെടുത്തിയിരിക്കുന്നു. സ്വന്തം ഗ്രൗണ്ടിൽ നിന്നും പുറത്തു പോയാൽ തങ്ങളുടെ കാൽമുട്ടുകൾ കൂട്ടിയിടിക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മുൻകാലത്തും സ്വന്തം തട്ടകത്തിൽ ബാഴ്‌സയെ വിറപ്പിച്ച ലെവാന്തെയുടെ മുൻപിൽ ഇന്നലെ വീണ്ടും ബാഴ്‌സ തകർന്നടിഞ്ഞു. ഒരു ഗോൾ ലീഡിൽ രണ്ടാം പകുതി തുടങ്ങിയ ബാഴ്‌സ, കേവലം ഏഴു മിനിറ്റിന്റെ ഇടവേളയിൽ വഴങ്ങിയത് മൂന്ന് ഗോളുകൾ. നോക്കുകുത്തി പോലെ തോന്നിച്ച പ്രതിരോധവും ഊർജ്ജവും ഓജസുമില്ലാതെ കളിച്ച ടീമും നമുക്ക് സമ്മാനിച്ചത് മറ്റൊരു നിരാശാജനകമായ എവേ മത്സരം.

വിചിത്രമായ ലൈൻ അപ്പുമായാണ് ടീം ഇന്നലെ ലെവാന്തെയെ നേരിടാൻ ഇറങ്ങിയത്. മുൻനിരയിൽ കാര്യമായ മാറ്റങ്ങൾ കണ്ടില്ല. പതിവ് മെസ്സി സുവരെസ് ഗ്രീസ്മാൻ ത്രയം തന്നെ. മധ്യനിരയിൽ ബുസ്കെറ്റ്സിന് വിശ്രമം അനുവദിച്ചപ്പോൾ ആർതർ, ഡി യോങ് , വിദാൽ എന്നിവർ രംഗത്തെത്തി. പിൻനിരയിലാണ് മാറ്റങ്ങൾ ഏറെ കണ്ടത്. ആൽബ ചെറിയ പരിക്കിലാണെന്ന അഭ്യൂഹങ്ങൾക്കിടയിൽ ലെഫ്റ്റ് ബാക്ക് റോളിൽ എത്തിയത് സെമെഡോ. അതോടെ റോബർട്ടോ റൈറ്റ് ബാക്ക് റോളിൽ എത്തി. പീക്കെയും ലെങ്ളെയും സെന്റർ ബാക്ക് റോളിൽ സന്നിഹിതരായിരുന്നു. അപ്പോഴും ലെഫ്റ്റ് ബാക്കായി ജൂനിയർ ഫിർപ്പോ ലഭ്യമാണെന്നിരിക്കെ സെമെഡോയെ ഒരു മത്സരം മുഴുവൻ തന്റേതല്ലാത്ത പൊസിഷനിൽ കളിപ്പിക്കുന്നത് എന്തിനെന്ന ചോദ്യം ബാക്കി.

തണുത്ത രീതിയിൽ മത്സരം തുടങ്ങി. ആദ്യ നിമിഷങ്ങളിൽ ലെവാന്തെ അത്യാവശ്യം നല്ല രീതിയിൽ തന്നെ നമ്മളെ ആക്രമിച്ചു. അതിവേഗം കൈമുതലായുള്ള അവർ നടത്തിയ നീക്കങ്ങൾ അൽപ്പം പണിപ്പെട്ടെങ്കിലും ഗോളിൽ നിന്നും രക്ഷപ്പെടുത്തി.മുന്നേറ്റത്തിൽ ഇറക്കിയ ഗ്രീസ്മാൻ പ്രതിരോധത്തിൽ ഇറങ്ങി സഹായിക്കുന്നത് പലകുറി കണ്ടു. ഇരുപതാം ശേഷമാണു അൽപ്പമെങ്കിലും നമ്മൾ കളിച്ചു തുടങ്ങിയത്. ഇടത്തെ വിങ്ങിൽ സെമെഡോ – ഗ്രീസ്മാൻ സഖ്യം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. അതിൽ നിന്നും തന്നെയാണ് ആദ്യ ഗോളിന് വഴി തുറന്നത്. ഇരുവരും ചേർന്നുള്ള നീക്കത്തിനിടയിൽ സെമെഡോയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ചു. ശേഷം പരിക്കേറ്റ സുവാരസ് മടങ്ങി. പകരം പെരെസ് കളത്തിലെത്തി. അതോടെ ഗ്രീസ്മാൻ വലത്തേ വിങ്ങിലേക്ക് മാറി. മെസ്സി കൂടുതൽ സെൻട്രൽ റോളിലേക്കും നീങ്ങി. ശേഷം മെസ്സി – ഗ്രീസ്മാൻ കൂട്ടുകെട്ട് മറ്റൊരു ഗോളിനടുത്തെത്തിയെങ്കിലും ലക്‌ഷ്യം കാണാനായില്ല. മാറ്റങ്ങളില്ലാതെ ഇടവേളക്ക് പിരിഞ്ഞു.

ഒരുപക്ഷെ നമ്മളാരും ഓർക്കാൻ ആഗ്രഹിക്കാത്ത രണ്ടാം പകുതിയാണ് പിന്നെ കണ്ടത്. എന്തോ ആത്മവിശ്വാസം നഷ്‌ടമായ ടീം പോലെ തോന്നിച്ചു. തുടർച്ചയായ ആക്രമണങ്ങൾക്ക് ശേഷം ലെവാന്തെ ഗോൾ മടക്കി. പൊസിഷനിംഗ് തെറ്റി നിന്നിരുന്ന പീക്കെയും, ക്ലിയറൻസിൽ പിഴച്ച ലെങ്ളെയും ചേർന്ന് ഒരു ഗോൾ സമ്മാനിച്ചു. പ്രതിരോധത്തിലെ പോരായ്മകൾ ഓരോന്നായി കാണിച്ചു തുടങ്ങുകയായിരുന്നു അപ്പോൾ. കേവലം രണ്ടു മിനിറ്റിനകം ലെവാന്തെ ലീഡുയർത്തി. ഇത്തവണയും പ്രതിരോധത്തിന്റെ തീർത്തും നിഷ്പ്രഭരാക്കിയാണ് ലെവാന്തെ ഗോൾ നേടിയത്. ഇതോടെ ബാഴ്‌സയുടെ ഈ മത്സരം അവസാനിച്ചിരുന്നു. പൊരുതാൻ പോലും തയ്യാറാകാത്ത രീതിയിലുള്ള കളിയായിരുന്നു ബാഴ്‌സയുടെ ഭാഗത്തു നിന്നും കണ്ടത്. ഇടയിൽ വിദാലിനെ പിൻവലിച്ചു ബുസ്കെറ്റ്സിനെ കളത്തിലിറക്കി. കൂടുതൽ ഊർജ്ജസ്വലതയോടെ കളിക്കേണ്ട സമയത്തു അൽപ്പം സ്ലോ ആയി കളിക്കുന്ന ബുസ്കെറ്റ്സിനെ രംഗത്തിറക്കിയത് ഉചിതമായിരുന്നോ എന്ന് അറിയില്ല. എങ്കിലും കളിയുടെ ഗതിയിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കാനായില്ല. വെറും അഞ്ച് മിനിറ്റിനകം അവർ ലീഡുയർത്തി. ഇത്തവണ അനാവിശ്യമായി വഴങ്ങിയ ഒരു ഫ്രീകിക്കിൽ നിന്നുമാണ് അവർ ഗോൾ നേടിയത്. ശേഷം അൻസു ഫാറ്റിയെയും രംഗത്തിറക്കിയെങ്കിലും വലിയ മാറ്റമൊന്നും കളിയിൽ കണ്ടില്ല. മെസ്സി അതിനിടെ വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ആയി. അവസാന നിമിഷങ്ങളിലും വലിയ ഊർജ്ജസ്വലതയൊന്നും കളിക്കാരിൽ കണ്ടില്ല.

ആരെ പഴി പറയണം എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് അറിയാത്ത അവസ്ഥയാണ്. എവേ മാച്ച് സിൻഡ്രം വിടാതെ പിന്തുടരുന്നു. കാമ്പ് ന്യുവിൽ നിന്നും മാറിയാൽ ടീമിന്റെ കാര്യം തഥൈവ. പ്രത്യേകിച്ച് നല്ല രീതിയിൽ പ്രെസ്സിങ് നടത്തുന്ന ടീമുകളോട്. പ്രെസ്സിങ്ങിനെ പ്രതിരോധിക്കാൻ കഴിയുന്ന താരങ്ങൾ ഉണ്ടെങ്കിലും സമീപകാലത്തു അവരും നമ്മെ ഏറെ നിരാശപ്പെടുത്തുകയാണ്. ഒപ്പം ഒന്നോ രണ്ടോ ഗോളുകൾ വഴങ്ങിയാൽ മത്സരം അവിടെ തീർന്നു എന്ന മനോനിലയാണ് പലപ്പോഴും നമ്മുടെ ടീമിന്. ഫൈനൽ വിസിൽ വരെ പോരാടാനുള്ള മാനസിക നിലയല്ല പലപ്പോഴും നമ്മൾ കാണിക്കുന്നത്. ഈ ഒരു പ്രശ്നം മുൻകാലങ്ങളിൽ നമുക്ക് ഏറെ കയ്പ്പേറിയ നിമിഷങ്ങൾ സമ്മാനിച്ചതാണ്. ആ പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടിട്ടില്ല എന്നാണ് ഇന്ന് മനസിലാവുന്നത്. ഫൈനൽ വിസിലിനു മുൻപേ തോൽവി അംഗീകരിക്കുന്ന മനോനില മാറ്റിയില്ലെങ്കിൽ ഒന്നാം സ്ഥാനം മോഹിക്കുന്നത് അത്യാഗ്രഹമായിരിക്കും.

എന്നത്തേയും പോലെ പ്രതിരോധം തീർത്തും നിരാശപ്പെടുത്തി. പ്രത്യേകിച്ച് പീക്കെ. ഇത്രയും അനുഭവസമ്പത്തുള്ള ഒരാൾ വളരെ അനായാസം പൊസിഷൻ മറന്ന് കളിക്കുന്നത് അപകടകരമാണ്. ഒപ്പം യുവ സ്‌ട്രൈക്കർമാരോട് കിട പിടിക്കുന്ന വേഗതയും അദ്ദേഹത്തിനില്ല. ടാക്കിളുകൾ മികച്ചതാണെങ്കിലും പലപ്പോഴും ടൈമിംഗ് തെറ്റിയ ടാക്കിളുകൾ കാർഡുകളും അനാവശ്യ ഫ്രീകിക്കുകളും ക്ഷണിച്ചു വരുത്തുകയാണ്. അദ്ദേഹം മാത്രമല്ല ടീം ഒന്നടങ്കം ഡിഫൻസിന്റെ കാര്യത്തിൽ പിറകിലാണ്. ഒരു ഫോർവേർഡ് കളിക്കാരനായ ഗ്രീസ്മാൻ വരെ പ്രതിരോധത്തിൽ പങ്കെടുക്കേണ്ടി വരുന്നത് നമ്മുടെ പ്രതിരോധം എത്ര മാത്രം മോശമാണെന്നതിന്റെ അളവുകോലാണ്. സ്ഥിരമായി പരിക്കിലുള്ള ഉംറ്റിറ്റിയും ഒപ്പം പീക്കെയും , ലെങ്ളെയും മാത്രം മുൻനിർത്തി ഈ ഡിഫൻസ് എങ്ങുമെത്തില്ല. യുവതാരങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും അവസരം നൽകി ചുറുചുറുക്കുള്ള ഒരു പ്രധിരോധ നിര ഉണ്ടാക്കിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ടീമിനോടൊപ്പം കോച്ചിന്റെ തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ലെഫ്റ്റ് ബാക്ക് ആയ ഫിർപ്പോ ലഭ്യം എന്നിരിക്കെ സെമെഡോയെ ആ ദൗത്യം ഏൽപ്പിച്ചതിന്റെ പൊരുൾ മനസ്സിലാകുന്നില്ല. (സെമെഡോ തരക്കേടില്ലാതെ കളിച്ചു എന്നത് മറച്ചു വെക്കുന്നില്ല ). റൈറ്റ് ബാക്കിൽ മറ്റൊരു ഓപ്‌ഷനായ സെർജി റോബർട്ടോ സമീപകാലത്തു ഫോമില്ലായ്‌മയിൽ പെട്ട് ഉഴലുകയാണെന്നിരിക്കെ തുടർച്ചയായ മത്സരങ്ങൾ സെമെഡോയെ തളർത്തുമെന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ ഇടയിലാണ് അദ്ദേഹത്തെ ലെഫ്റ്റ് വിങ് കൂടി ഏൽപ്പിക്കുന്നത്. അതോടൊപ്പം രണ്ടു ഗോൾ വീണതിന് ശേഷം വിദാലിനെ പിൻവലിച്ചു ബുസ്കെറ്റ്സിനെ ഇറക്കിയതും വ്യക്തമാകുന്നില്ല. കൂടുതൽ ആക്രമണോല്സുകത കാഴ്ചവെക്കുന്ന, എപ്പോഴും ഗോൾ ലക്ഷ്യമിടുന്ന വിദാലിനെ പിൻവലിച്ചു പൊതുവെ സ്ലോ ആയ ബുസ്കെറ്റ്സിനെ ഇറക്കിയതോടെ മത്സരം നമ്മൾ കൂടുതൽ പതുക്കെ ആക്കുകയാണ് ചെയ്തത്. അതും രണ്ടു ഗോൾ പിറകിൽ നിൽക്കുമ്പോൾ. നമ്മൾ ഗോളുകൾ വഴങ്ങുന്നതിനു മുൻപായിരുന്നു ബുസ്കെറ്റ്സിനെ ഇറക്കാനുള്ള തീരുമാനം എടുത്തെങ്കിലും, രണ്ടു ഗോൾ വഴങ്ങിയ സാഹചര്യത്തിൽ അത് മാറ്റി വെക്കാമായിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ ഇന്നലെ നമ്മൾ നടത്തിയ മൂന്ന് സബ്സ്റ്റിറ്റ്യൂകളും മത്സരത്തിൽ കാര്യമായ മാറ്റങ്ങൾ പ്രദാനം ചെയ്തില്ല.

ലീഗിൽ നമ്മൾ നേടിയ മുൻ‌തൂക്കം പക്ഷെ ഇന്നലത്തെ മത്സരത്തോടെ നഷ്ടമായി. എങ്കിലും റിയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും സമനില വഴങ്ങിയതോടെ ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനം നഷ്ടമായിട്ടില്ല. പക്ഷെ ഇതുവരെ വെറും പതിനൊന്ന് മത്സരങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. ഇനിയും ഏറെ മത്സരങ്ങൾ ബാക്കിയുണ്ട്. അവയിൽ പകുതിയും എവേ മത്സരങ്ങളാണ്. എവേ മാച്ച് സിൻഡ്രം ഉടനടി മാറ്റിയില്ലെങ്കിൽ അതിനാലുണ്ടാകുന്ന ഭവിഷ്യത്തുകൾ വളരെ വലുതായിരിക്കും.

#RETARD