മാച്ച് റിവ്യൂ – ലെഗാനെസ് 1 – 2 ബാഴ്‌സലോണ
മറ്റൊരു മോശം പ്രകടനത്തിനൊടുവിൽ അപ്രതീക്ഷിത വിജയം. ഇന്നലത്തെ മത്സരത്തെ അത്തരത്തിൽ വിശേഷിപ്പിക്കാം. പരീക്ഷണങ്ങൾ ഏറെ നിറഞ്ഞ ലൈൻ അപ്പുമായി കളത്തിലെത്തിയ ടീം അമ്പേ നിരാശപ്പെടുത്തി. തപ്പിയും തടഞ്ഞും കളിച്ചു ഒരു ഗോൾ വഴങ്ങിയ ആദ്യ പകുതി, തരക്കേടില്ലാതെ കളിച്ചു ഭാഗ്യവും കൂട്ടുചേർന്നു രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി പോയിന്റ് നഷ്ടമില്ലാതെ ഒരു എവേ മത്സരം പൂർത്തിയാക്കി. കേവലം പന്ത്രണ്ടാം മിനിറ്റിൽ ഗോൾ വഴങ്ങിയതിനു ശേഷം, രണ്ടാം പകുതിയിൽ സുവരെസിലൂടെയും വിദാലിലൂടെയും തിരിച്ചടിച്ച ബാഴ്‌സ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
പരിക്കും സസ്‌പെൻഷനും മൂലം ഒട്ടേറെ മാറ്റങ്ങളുമായാണ് ടീം സജ്ജമായത്. പ്രധാന മാറ്റം രണ്ട് മിഡ്‌ഫീൽഡർമാരെ മാത്രം ഉൾക്കൊള്ളിച്ചു എന്നതായിരുന്നു. മുൻനിരയിൽ സുവാരസ്, ഗ്രീസ്മാൻ, മെസ്സി, ടെമ്പേലെ എന്നിവർ ഒന്നിച്ചു ഇറങ്ങിയപ്പോൾ വിസ്‌ഫോടനാത്മകമായ ഒരു കളിയാണ് നമ്മൾ പ്രതീക്ഷിച്ചതു എന്നതാണ് സത്യം. മധ്യനിരയിൽ ഇതോടെ ബുസ്കെറ്റ്സും ഡി യോങ്ങും മാത്രമായി. പിൻനിരയിലും വലിയ മാറ്റങ്ങൾ കണ്ടു. ഫിർപ്പോ, ഉംറ്റിറ്റി, പീക്കെ, മൂസ വേഗ് എന്നിവരും കീപ്പറായി സ്റ്റീഗനും എത്തി.
എവേ മത്സരങ്ങളിലെ സ്ഥിരം മുട്ടിടി കണ്ടുകൊണ്ടാണ് മത്സരം ആരംഭിച്ചത്. ഒത്തിണക്കമുള്ള നീക്കങ്ങൾ ഒന്നും തന്നെ കണ്ടില്ല. പന്ത്രണ്ടാം മിനിറ്റിൽ തന്നെ ലെഗാനെസ് ബാഴ്‌സയെ ഞെട്ടിച്ചു. മധ്യനിരയെയും പ്രധിരോധത്തെയും നോക്കുകുത്തികളെ പോലെ ആക്കിക്കൊണ്ട് മൊറോക്കൻ താരം നെസ്‌രി ബാഴ്‌സയുടെ വല ചലിപ്പിച്ചു. സമീപകാലങ്ങളിൽ ഗോൾ വഴങ്ങുന്നത് ഒരു പുത്തരിയല്ലാത്തതിനാൽ പ്രത്യേകിച്ച് വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. അതിനു ശേഷവും ടീമിന്റെ ഭാഗത്തു നിന്നും വലിയ ഊർജ്ജസ്വലതയൊന്നും കണ്ടില്ല. പതിവിൽ നിന്നും വിപരീതമായി മെസ്സിയും ശരാശരി പ്രകടനത്തിൽ നിന്നും താഴെ പോയി. ഡി യോങ് ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്. വലിയ നീക്കങ്ങൾ ഒന്നും കാണാതെ ഇടവേളക്ക് പിരിഞ്ഞു. രണ്ടാം പകുതിയിലും മാറ്റങ്ങൾ ഇല്ലാതെയാണ് ബാഴ്‌സ മത്സരം ആരംഭിച്ചത്. പക്ഷെ കുറച്ചു കൂടി ഭേദപ്പെട്ട കളിയാണ് രണ്ടാം പകുതിയിൽ കാഴ്ചവെച്ചത്. മത്സരം ആരംഭിച്ചു രണ്ടു മിനിറ്റിനുള്ളിൽ തന്നെ ബാഴ്‌സ ഗോളിന് ഏറെ അടുത്തെത്തി. കോർണറിൽ പീക്കെ ഉതിർത്ത ഹെഡ്ഡർ പോസ്റ്റിനെ പ്രകമ്പനം കൊള്ളിച്ചാണ് തിരികെ വന്നത്. എങ്കിലും അധികം വൈകാതെ സ്കോർബോർഡിൽ ഒപ്പത്തിനൊപ്പം എത്താൻ ബാഴ്‌സക്കായി. മെസ്സി ഉതിർത്ത ഫ്രീകിക്കിൽ സുവാരസിന്റെ ഹെഡ്ഡർ ഗോൾ. ശേഷം ബാഴ്‌സ ഡബിൾ ചേഞ്ച് നടത്തി. ഏറെ നിരാശാജനകമായ പ്രകടനം നടത്തിയ ബുസ്കെറ്റ്സിനെ പിൻവലിച്ചു റാകിറ്റിച്ചും, ഗ്രീസ്മാനെ പിൻവലിച്ചു വിദാലിനെയും കളത്തിലിറക്കി. അതോടെ ബാഴ്‌സയ്ക്ക് കുറച്ചു കൂടി ഈർജ്ജസ്വലത കൈവന്നു. അവസാന സ്ഥാനക്കാരായത് കൊണ്ട് ഒരു സമനില എങ്കിലും ലക്ഷ്യമിട്ട് കൊണ്ടാകാം ലെഗാനെസ് ആക്രമിക്കാനൊന്നും മുതിർന്നില്ല. എങ്കിലും അവസരങ്ങൾ ഒരുക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും ബാഴ്‌സ ഏറെ പിറകിലായിരുന്നു. എഴുപതാം മിനിറ്റിൽ ഡി യോങിന് പകരം അൻസു ഫാറ്റി എത്തി. അധികം വൈകാതെ ബാഴ്‌സ ലീഡ് നേടി. കോർണർ കിക്കിൽ നിന്നും പറന്നിറങ്ങിയ പന്ത് ലെഗാനെസ് കളിക്കാരന്റെ കാലുകളിൽ തട്ടി തിരികെയെത്തിയത് വിദാലിന്റെ കാൽക്കീഴിൽ. പോസ്റ്റിനോട് ചേർന്ന് നിന്നിരുന്ന വിദാലിന് ആ പന്ത് വലയിലേക്ക് അടിച്ചു കയറ്റാൻ വലിയ അധ്വാനമൊന്നും വേണ്ടിയിരുന്നില്ല. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മൂന്ന് പോയിന്റിന്റെ ആശ്വാസത്തോടെ ബാഴ്‌സ.
വിജയം പോലും ഒരു സന്തോഷം പ്രദാനം ചെയ്യാത്ത ഒരു മത്സരം. ഇത് ബാഴ്‌സ തന്നെയാണോ എന്ന് പലകുറി സംശയിച്ചു. ലീഗിലെ അവസാന സ്ഥാനക്കാരോട് പോലും വിയർക്കുന്നത് നല്ല ലക്ഷണമല്ല. അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളക്ക് ശേഷം ടീം തപ്പി തടയുന്നത് സ്വാഭാവികമാണെങ്കിലും ഇന്നലെ അതിലേറെ നിരാശയായിരുന്നു. ഇത്രയേറെ പ്രഗൽഭരായ മുന്നേറ്റക്കാർ ഉണ്ടായിട്ടും, ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയവരുടെ കൂട്ടത്തിലെ മൂന്നാംസ്ഥാനക്കാരോട് ബുദ്ധിമുട്ടിയത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. മനസ്സിൽ ഒരു ആവേശവും നിറക്കാനാവാത്ത പ്രകടനം. ഈ രീതിയിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നതെങ്കിൽ ഭയക്കാനേറെ ഉണ്ട്. അടുത്ത ഒരു മാസത്തെ ഷെഡ്യൂളിൽ നമ്മൾ നേരിടുന്നത് ബൊറൂഷ്യ ഡോർട്ട്മുണ്ട്, അത്ലറ്റികോ മാഡ്രിഡ്, ഇന്റർമിലാൻ, റയൽ സോസിദാദ്, റയൽ മാഡ്രിഡ് തുടങ്ങിയവരെയാണ്. ഈ മത്സരങ്ങളിലെല്ലാം വിജയം കൈവരിക്കണമെങ്കിൽ നിലവിലെ പ്രകടനം മതിയാകില്ല. കരുത്തോടെ ടീം മുന്നോട്ട് വരുമെന്ന് കരുതാം.
#RETARD
©www.culesofkerala.com
