• Follow

മാച്ച് റിവ്യൂ – ബാഴ്‌സ vs കെൽറ്റിക്

  • Posted On July 31, 2016

ബാഴ്‌സ vs കെൽറ്റിക്

ഫൈനൽ സ്‌കോർ : 3 – 1

ഹാവൂ , ആശ്വസമായി.. ഉള്ളത് പറയാം, ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ. നമ്മുടെ ടീമിന്റെ കളി ഇല്ലാത്ത ദിവസങ്ങൾ വല്ലാത്ത ബോറിങ് തന്നെയായിരുന്നു. കോപ്പയും യൂറോ കപ്പും ഉണ്ടായിരുന്നെങ്കിലും , ബാഴ്‌സ ജഴ്‌സിയിൽ കളി കാണുന്ന സുഖം, ഒരിക്കലും കിട്ടില്ല. അവസാനം കാത്തിരിപ്പിന് അവസാനമായി. മ്മടെ പിള്ളേർ സീസണിലെ ആദ്യ മത്സരം കളിച്ചു.

നല്ല മത്സരം. ഇപ്പോഴത്തെ പിള്ളേര് കൊള്ളാം . എന്താ കളി . മത്സര പരിചയങ്ങളുടെ അഭാവം ഒഴിച്ച് നിർത്തിയാൽ നന്നായി തന്നെ കളിക്കുന്നുണ്ട്. ഇടയ്ക്കിടെ പിഴവുകൾ വരുത്തുന്നുണ്ടെങ്കിലും , സൗഹൃദ മത്സരം, സീസണിലെ ആദ്യ മത്സരം, പരിചയക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ക്ഷമിക്കാം. പിഴവുകളിൽ നിന്നും പഠിച്ചാൽ മതി. എല്ലാവരും ഒരിക്കൽ പുതുമുഖങ്ങൾ ആയിരുന്നില്ലേ.

ആദ്യ സെക്കൻഡിൽ തന്നെ പതറി തുടങ്ങിയ ടീം, പിന്നീട് കളി കയ്യടക്കി. പതിവ് ബാഴ്‌സ ശൈലിയിൽ തന്നെ കളി . പന്ത് കൈവശം വച്ച് ബോക്സിനു മുന്നിൽ വട്ടമിട്ടു കളിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ഒരു ഗോളും അടിച്ചു. വലതു വിങ്ങിൽ ലഭിച്ച പന്ത്, ഡിഫന്ററെ നട്ട്മെഗ് ചെയ്ത് , വിദാൽ കയറി വന്നപ്പോൾ, മ്മടെ ടുറാൻ ഫ്രീ ആയി നിൽക്കുന്നു. ഒരു സിംപിൾ പാസിൽ ടുറാൻറെ കിടിലൻ ഫിനിഷ്.

പിന്നീട് പതിയെ നമ്മളിൽ നിന്നും കളിയുടെ താളം നഷ്ട്ടപ്പെട്ടു. പലപ്പോഴും കൗണ്ടർ അറ്റാക്കിൽ ടീം, പതറുന്നു കണ്ടു. ഒപ്പം പിഴവുകൾ ആവർത്തിച്ചപ്പോൾ കെൽറ്റിക് ഗോളും അടിച്ചു. ആദ്യ മിനിറ്റിലെ പിഴവ് മാർട്ടിനെസ് ആവർത്തിച്ചപ്പോൾ, സിമ്പിൾ ഗോൾ. പക്ഷെ വെറും രണ്ടു മിനിറ്റിനകം തന്നെ ഒരു സെൽഫ് ഗോളിൽ ബാഴ്‌സ മുന്നിൽ കയറി. തുടർന്നും ഗോളവസരങ്ങൾ വീണു കിട്ടിയെങ്കിലും മുതലാക്കാനായില്ല. എങ്കിലും ആദ്യ പകുതിയുടെ അന്ത്യനിമിഷങ്ങളിൽ മെസ്സി – സുവാരസ് – മുനീർ സഖ്യം ബാഴ്‌സയെ 3 – 1 എന്ന നിലയിൽ എത്തിച്ചു.

മെസ്സിയടക്കം കുറെ മാറ്റങ്ങളുമായാണ് രണ്ടാം പകുതിക്ക് തുടക്കമായത്. അത് കളിയുടെ ഗതിയെയും ബാധിച്ചു. പറ്റിയ കൂട്ടാളി ഇല്ലാതെ സുവാരസും നിറം മങ്ങി. പക്ഷെ 60 മിനിറ്റിനു ശേഷം കൂടുതൽ സബ്സ്റ്റിട്യൂഷൻ വന്നപ്പോൾ കളി അങ്ങോട്ട് മാറി. നമ്മുടെ യുവ താരങ്ങൾ എല്ലാം നല്ല കിടിലൻ കളി . എല്ലാവരും സമ പ്രായക്കാർ ആണെന്ന തോന്നലും, മുതിർന്ന താരങ്ങൾക്കൊപ്പം കളിക്കുന്ന സമ്മർദ്ദവും ഇല്ലാത്തതിനാലാകണം , യുവ കളിക്കാർ അങ്ങോട്ട് പറന്നു കളിക്കുന്നുണ്ടായിരുന്നു. ഈ കളിയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടതും ഈ നിമിഷങ്ങൾ തന്നെ.

ശ്രദ്ധിക്കപ്പെടേണ്ട പ്രകടനങ്ങൾ

* അലക്സ് വിദാൽ : ഇന്ന് നാമെല്ലാം ഉറ്റു നോക്കിയത് ഡാനി ആൽവ്സ് ഒഴിച്ചിട്ടു പോയ ആ വിഖ്യാതമായ റൈറ്റ് ബാക് പൊസിഷൻ ആര് ഏറ്റെടുക്കും എന്നും, എങ്ങനെ തിളങ്ങും എന്നുമായിരുന്നു. പ്രതീക്ഷക്ക് ഒപ്പം തന്നെ വിദാൽ കളിച്ചു. ആദ്യ ഗോളിന് വഴിയൊരുക്കിയ ആ നട്ട്മെഗ് കണ്ടപ്പോൾ, സത്യം പറയാമല്ലോ നമ്മുടെ ഡാനിയെയാണ് ഓർമ്മ വന്നത്. ആ പൊസിഷനിൽ വിദാലിനു കൂടുതൽ തിളങ്ങാനാകും എന്ന് പ്രതീക്ഷിക്കുന്നു.

* അർദ ടുറാൻ : നന്നായി തന്നെ കളിച്ചു. സഹകളിക്കാരുമായി കൂടുതൽ ഒത്തിണക്കം ആയാൽ, നന്നായി കളിക്കും എന്ന് ഉറപ്പാണ്.

* സെർജി റോബർട്ടോ : താൻ ഈ സീസണിലും ഒരു വേഴ്സ്റ്റൈൽ പ്ലയെർ ആണെന്ന് ഒന്ന് കൂടി തെളിയിച്ചു. നല്ല പക്വത ഉള്ള കളി. കളി നന്നായി റീഡ് ചെയ്തു കളിക്കുന്നുണ്ട്.

* ഡെനിസ് സുവാരസ് : നല്ല ഭാവിയുണ്ടെന്നു ഉറപ്പാക്കുന്ന കളി . ഒന്ന് ഉഷാർ ആയാൽ കിടു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

* ചെറിയ പിഴവുകൾ പൂർണ്ണമായും ഒഴിവാക്കണം. അപകടകരമായ മേഖലകളിൽ പ്രത്യേകിച്ചും.

* പ്രതിരോധവും പൊസിഷനും : നമ്മുടെ ഡിഫെൻസ് ഇന്ന് പലപ്പോഴും പൊസിഷൻ മാറിപ്പോകുന്നു കണ്ടു. പ്രതേകിച്ചു പന്ത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടക്ക്. ബാഴ്‌സയെ പോലെ ഒരു ടീമിന് പൊസെഷൻ ആണ് നട്ടെല്ല്.

* മുനീർ : ഒന്ന് കൂടി ഉഷാർ ആകണം. അത്യാവശ്യം ഫസ്റ്റ് ടീം എക്സ്പീരിയൻസ് ഒക്കെ ഇപ്പോൾ ഉണ്ട്. അത് കളത്തിൽ കൂടി കാണിക്കണം. പലപ്പോഴും ടൈമിംഗ് തെറ്റിയാണ് ഫോർവേഡ് റണ്ണിങ് നടത്തുന്നത്.

സീസണിലെ ആദ്യ മത്സരം മാത്രമായിരുന്നു ഇത്. അത് കൊണ്ട് തന്നെ, പൊറുക്കപ്പെടാനാവുന്ന തെറ്റുകൾ മാത്രമേ ഉള്ളൂ. അത് സ്വാഭാവികം. വരും കളികളിൽ ടീം കൂടുതൽ സന്തുലിതം ആകുമെന്ന് തന്നെ ആണ് പ്രതീക്ഷ..

  • SHARE :