മാച്ച് റിവ്യൂ – ബാഴ്‌സലോണ 4 – 1 വിയ്യ റയൽ
ലക്ഷ്യം പൂർത്തിയായി. മൂന്നു പോയിന്റുകൾ. അവസാന മത്സരങ്ങളിലെ ഏറ്റവും കരുത്തരായ എതിരാളികളായിരുന്ന വിയ്യറയലിനെ മികച്ച ഒരു സ്‌കോറിൽ തോൽപ്പിച്ചു ബാഴ്‌സ മുന്നോട്ട്. സ്‌കോർ ലൈൻ മികച്ചതാണെങ്കിലും മത്സരം അത്ര നന്നായിരുന്നു എന്ന് പറയാൻ വയ്യ. തനത് ബാഴ്‌സയെ കണ്ടില്ല. എങ്കിലും ഫിനിഷിങ് ഒക്കെ മികച്ചതായിരുന്നു കൊണ്ട് വിലപ്പെട്ട മൂന്നു പോയിന്റുകൾ സ്വന്തമാക്കാനായി. സമ്മിശ്ര പ്രതികരണമാണ് ഇന്നത്തെ മത്സരത്തിന്.
ലീഗിലെ മുൻമത്സരത്തിൽ സ്വന്തം തട്ടകത്തിൽ ബാഴ്‌സയെ സമനിലയിൽ ഒതുക്കിയ ഓർമ്മയിലാണ് കളി കാണാൻ തുടങ്ങിയത്. അന്ന് മത്സരത്തിന്റെ അവസാന നിമിഷത്തിൽ മെസ്സിയുടെ ഫ്രീകിക്കിൽ നിന്നും നേടിയതായിരുന്നു ആ സമനില. എങ്കിലും അന്നത്തേതിൽ നിന്നും ഏറെ കളിയോടുള്ള മനോഭാവത്തിൽ വളരെയേറെ മാറ്റമുള്ളതിനാൽ , ഒരു വിജയം തന്നെയായിരുന്നു നമുക്ക് വേണ്ടിയിരുന്നത്. പ്രത്യേകിച്ച് ലീഗിലെ നിർണ്ണായക ഘട്ടത്തിൽ.
മത്സരം തുടങ്ങിയതും നിരാശയായിരുന്നു ഫലം. കളി അത്രക്കങ്ങോട്ട് നന്നാവുന്നില്ല.മിസ് പാസുകൾ പലതവണ. സാധാരണ അധികം പ്രെസ്സിങ് നടത്താത്ത ടീമുകൾക്കെതിരെ കളിയുടെ ആദ്യഘട്ടത്തിൽ ബാഴ്‌സ ആധിപത്യം നേടാറുണ്ടെങ്കിലും , ഇന്ന് അതിനും സാധിക്കാതെ വന്നു. പക്ഷെ ഒരു പത്തു മിനിറ്റിനു ശേഷം പതിയെ മത്സരത്തിന് താളം വച്ച് തുടങ്ങി. ബാഴ്‌സയുടെ ശ്രമങ്ങളും ആരംഭിച്ചു. ഇരുപതു മിനിറ്റ് ആയപ്പോഴേക്കും നെയ്മറുടെ ഗോളും വന്നു. സ്വതവേ നെയ്മറുടെ ഇഷ്ട്ട എതിരാളികൾക്കെതിരെ നെയ്മറുടെ ഗോൾ. മെസ്സിയുടെ ഒരു ശ്രമം തട്ടിത്തെറിച്ചു വന്നത് നെയ്മറുടെ കാലിലേക്ക്. ഒരു സിമ്പിൾ ടാപ്പ് ഇൻ. എന്നാൽ അധികം വൈകാതെ വിയ്യ റിയൽ തിരിച്ചടിച്ചു. ഒരു ഗോളിന്റെ ബലവും വലിയ പ്രത്യാക്രമണങ്ങൾക്ക് മുതിരാത്ത വിയ്യാറയലും ആയപ്പോൾ , ഒന്നു ഉഴപ്പിയ നമ്മുടെ പ്രതിരോധത്തിന് പിഴച്ചു. എല്ലാവരും ഹൈലൈനിൽ നിൽക്കുമ്പോൾ ബാഴ്‌സയുടെ ഓഫ് സൈഡ് പൊട്ടിച്ചു വിയ്യാറയൽ ഒരു സുന്ദരമായ ഗോൾ നേടി. പഴിക്കേണ്ടത് നമ്മളെ തന്നെയായിരുന്നു. എങ്കിലും ആവേശം വിടാതെ മത്സരം പുനരാരംഭിച്ചു. സമനിലയിൽ ആദ്യപകുതിക്ക് പിരിയേണ്ടി വരുമെന്ന ഘട്ടത്തിലാണ് മെസ്സിയും ഗോൾ നേടിയത്. ബോക്സിനു പുറത്തുനിന്നുള്ള സ്വസിദ്ധമായ ഇടങ്കാലൻ ഷോട്ട്, ഒരു ഡിഫ്‌ളക്‌ഷൻ ആയി വിയ്യാറയൽ പോസ്റ്റിലേക്ക്.
രണ്ടാം പകുതിയിൽ പിന്നെയും ബാഴ്‌സയുടെ ആധിപത്യമായിരുന്നു. പലതവണ ഗോളിനടുത്തെത്തിയെങ്കിലും അവസാന നിമിത്തങ്ങളിൽ കൈവിട്ടു. എങ്കിലും അധികം വൈകാതെ എൽ പിസ്റ്റലേറൊ മൂന്നാം ഗോൾ നേടി. സ്വസിദ്ധമായ രീതിയിൽ ഡിഫെൻഡറെ വെട്ടിയൊഴിഞ്ഞു തൊടുത്ത ഷോട്ട്, കീപ്പറുടെ കരങ്ങളിൽ തട്ടി പോസ്റ്റിലേക്ക് തന്നെ. പിന്നെ ഒരു ചടങ്ങ് തീർക്കൽ മാത്രമായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പാനേങ്ക പെനാൽറ്റിയുമായി മെസ്സി രണ്ടാം ഗോളും നേടി. ഫലം, മൂന്ന് പോയിന്റുമായി ബാഴ്‌സ മുന്നോട്ട്.
ഇന്നത്തെ പറയേണ്ട കാര്യങ്ങളിൽ ആദ്യത്തേത്, നെയ്മറെയാണ്. എന്റെ പൊന്നോ .! മച്ചാൻ തകർത്തു. വിയ്യാറയൽ കളിക്കാരെ സ്‌കൂൾ കുട്ടികളെ പോലെയാണ് കൈകാര്യം ചെയ്തത്. ഇന്ന് ഒരു നെയ്മർ ഷോ ആയിരുന്നു എന്ന് പറയാം. പാസ്സിങ്ങിൽ പിറകിലായിരുന്നെങ്കിലും ആവിശ്യ സമയത്തു ഫിനിഷിങ്ങുമായി സുവാരസ് വന്നു, മെസ്സി ആദ്യം അൽപ്പം ഫോം ഔട്ട് ആയിരുന്നു. മിസ്പാസുകൾ വന്നിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് തകർത്തു പൊളിച്ചു. മെസ്സിയുടെ പലസുന്ദര പാസുകൾ ഗോൾ ആക്കാൻ കഴിയാതെ പോയത് ഫിനിഷിങ്ങിലെ പോരായ്മ വെളിപ്പെടുത്തുന്നു. മധ്യനിരയിൽ ഇനിയേസ്റ്റയുടെ പാസുകൾ പലതവണ ഇന്റർസെപ്റ്റഡ് ആവുന്നത് കണ്ടു. എങ്കിലും വ്യക്തിഗതമായി മികച്ച റൺ എല്ലാം ഉണ്ടായിരുന്നു.
പിന്നെയും അത്ഭുദം തോന്നിയത് ബുസിയുടെ പ്രകടനത്തിലാണ്. തന്റെ മാസ്റ്റർ പീസ് ഐറ്റംസ് ഒക്കെയായി നല്ല രീതിയിൽ കളിച്ചിരുന്നുവെങ്കിലും ചില പാസുകൾ വളരെ അബദ്ധങ്ങളായിരുന്നു. എങ്കിലും പെട്ടന്നുണർന്നു തന്നെ അവയെ നിർവീര്യമാക്കാനും കഴിഞ്ഞു. പിൻനിര പലതവണ പാളുന്നു കണ്ടു. വിയ്യാറയലിന്റെ മോശം ഫിനിഷിങ് കൂടി കാരണമാണ് ഒരു ഗോൾ മാത്രം ബാഴ്‌സ വഴങ്ങിയത്. ആ മേഖലയിൽ ശ്രദ്ധ വർധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റോബർട്ടോ മികച്ചു നിന്നിരുന്നു. സുവാരസിന്റെ ഗോളിനായി മുന്നേറ്റം നടത്തിയത് റോബർട്ടോ ആയിരുന്നു. ഇപ്പോൾ റോബർട്ടോയുടെ ഒരു റൺ വരുമ്പോൾ അതൊരു ഗോൾ തന്നെ ആകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഈ പ്രകടനം നിലനിർത്തുക.
പൂർണ്ണമായും സംതൃപ്തരല്ലെങ്കിലും വിജയത്തിൽ ആഹ്ലാദമുണ്ട്. ഇനി രണ്ടേ രണ്ടു മത്സരങ്ങൾ. രണ്ടു മത്സരങ്ങളും വിജയിച്ചാലേ കിരീടത്തിനു സാധ്യത നിലനിൽകുന്നുള്ളൂ . ഇനിയുള്ള അടുത്ത മത്സരം ലാസ് പാമാസുമായിട്ടാണ്. ബാഴ്‌സയെ പോലെ തന്നെ വളരെ മികച്ച രീതിയിൽ പാസിംഗ് ചെയ്തു കളിക്കുന്ന ടീമാണ് ലാസ് പാമാസ്. അവർക്കെതിരെ കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തേ പറ്റൂ. സാഹചര്യം മനസ്സിലാക്കി ടീം കൂടുതൽ ഉണർവോടെ കളിക്കുമെന്ന് പ്രതീക്ഷിക്കാം.