• Follow

മാച്ച് റിവ്യൂ -വയ്യാദോലീദ് 0-1 എഫ്.സി.ബാർസലോണ

  • Posted On July 13, 2020

തട്ടിയും മുട്ടിയും എങ്ങനെയോ മൂന്ന് പോയിന്റുമായി തടിയൂരി. ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം കഴിഞ്ഞ മത്സരത്തെ. ലാലിഗയിൽ പ്രതീക്ഷകൾ കുറവാണെങ്കിലും സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിൽ പന്തുതട്ടുന്ന ബാഴ്‌സ, പക്ഷെ പലപ്പോഴും നിരാശപ്പെടുത്തുന്നു, കഴിഞ്ഞ ദിവസവും വ്യത്യസ്തമായില്ല. വ്യത്യസ്തത പുലർത്തിയ ലൈൻ അപ്പുമായി കളത്തിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യ പകുതി. കളിയുടെ ആദ്യനിമിഷങ്ങളിൽ തന്നെ പിറന്ന ഗോൾ. മികച്ച അവസരങ്ങൾ. പക്ഷെ സാമാന്യബുദ്ധിക്ക് നിരക്കാത്ത സബ്സ്റ്റിട്യൂഷനുകൾ ഈ മികവ് രണ്ടാം പകുതിയിൽ അപ്രത്യക്ഷമാക്കി. ശേഷം ഏറെ മോശമായി കളിച്ച ടീം എന്തോ ഭാഗ്യത്തിന് ഒരു ഗോളിന്റെ നേരിയ വിജയവുമായി കളം വിട്ടു. തന്റെ നൂറാം ക്ളീൻഷീറ്റ് നേടാനായി അസാമാന്യ പ്രകടനം നടത്തിയ സ്റ്റീഗന് ഒരുപാട് നന്ദി.

ഫാറ്റിയുടെ അഭാവത്തിൽ ഒരു വ്യത്യസ്ത രീതിയാണ് ടീം പരീക്ഷിച്ചത്, മുന്നേറ്റത്തിൽ മെസ്സിയും ഗ്രീസ്മാനും മാത്രം. മധ്യനിരയിൽ പുജ്‌ജ്, ബുസ്കെറ്റ്സ്, വിദാൽ ഒപ്പം സെമെഡോ കൂടി എത്തി. അതോടെ റോബർട്ടോ റൈറ്റ് ബാക്ക് ആയി. കൂട്ടായി പീക്കെയും ലെങ്ളെയും, ആൽബയും. മധ്യനിരക്കൊപ്പം സെമെഡോയെ വിന്യസിച്ചത് വഴി റൈറ്റ് വിങ് കൂടുതൽ സജീവമാക്കാനാണ് ടീം ശ്രമിച്ചത്. അത് ശരിയാണെന്ന തരത്തിലായിരുന്നു ആദ്യപകുതി.

വലത്തേ വിങ്ങിൽ സെമെഡോയുടെ റണ്ണുകൾ കണ്ടായിരുന്നു മത്സരം ആരംഭിച്ചത്. പ്രതിരോധത്തിന്റെ ചുമതല ഒഴിഞ്ഞ അദ്ദേഹം ആക്രമണത്തിൽ കാര്യമായി ശ്രദ്ധിച്ചു. മെസ്സിയും ബുസ്കെറ്റ്സും ഒരുക്കിക്കൊടുത്ത പാസുകൾ ഓടിയെത്തി കൃത്യമായി കണക്റ്റ് ചെയ്ത് ക്രോസുകളും നൽകി, പക്ഷെ തളികയിലെന്നവണ്ണം നൽകിയ ക്രോസുകൾ ഉപയോഗപ്പെടുത്താൻ നമ്മുടെ മുന്നേറ്റത്തിനായില്ല. ഗ്രീസ്മാന് ലഭിച്ച ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തുന്നത് അവിശ്വസനീയതയോടെയാണ് കണ്ടത്. ഇടയിൽ ബാഴ്‌സ ലീഡ് എടുത്തു. പ്രധിരോധനിരക്കാരെ കബളിപ്പിച്ചു മെസ്സി നൽകിയ പന്ത് വിദാൽ കൃത്യതയോടെ വലയിലെത്തിച്ചു. ശേഷവും നല്ല രീതിയിൽ കളിച്ചെങ്കിലും ഗോൾനില ഉയർത്താൻ കഴിഞ്ഞില്ല. പുജ്‌ജ് ഇടത് വിങ് സജീവമാക്കാൻ ശ്രമിച്ചെങ്കിലും വിങ്ങറുടെ അഭാവം നല്ല രീതിയിൽ നിഴലിച്ചിരുന്നു.

രണ്ടാം പകുതി മാറ്റത്തോടെയാണ് തുടങ്ങിയത്. അസ്വസ്ഥത അനുഭവപ്പെട്ട ഗ്രീസ്മാന് പകരം സുവാരസ് കളത്തിലെത്തി.അധികം വൈകാതെ പുജ്ജും ലെങ്ളെയും കളം വിട്ടു. പകരം റാകിറ്റിച്ചും അരാഹോയും കളത്തിലെത്തി. ശേഷം സമീപകാലത്തു കണ്ടതിൽ വച്ച് ഏറ്റവും മോശം കളിയാണ് ബാഴ്‌സയുടെ ഭാഗത്തു നിന്നും കണ്ടത്. ഒരു ഒത്തൊരുമയോ ചടുലതയോ ഒന്നുമില്ലാതെ എന്തിനോ വേണ്ടി കളിക്കുന്ന പോലെ. ബാഴ്‌സ പോലെ ഒരു ടീമിൽ ഇപ്പോൾ താൻ കളിക്കാൻ അർഹിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്ന തരത്തിലായിരുന്നു സുവാരസിന്റെ പ്രകടനം. മെസ്സി ഒരുക്കിക്കൊടുത്ത അവസരങ്ങൾ മനോഹരമായി അദ്ദേഹം പാഴാക്കി. ഇടക്ക് ബുസ്കെറ്റ്സിനെയും പിൻവലിച്ചതോടെ പതനം പൂർത്തിയായി. ആദ്യ പകുതിയിൽ പുജ്ജിനേയും സെമെഡോയെയും ചേർത്ത് നടത്തിയ തന്ത്രം രണ്ടാം പകുതിയിൽ പുറത്തെടുക്കാൻ പറ്റാതായതോടെ കളി കീഴ്‌മേൽ മറിഞ്ഞു, ശേഷം വയ്യദോലീദ് കനത്ത ആക്രമണം കാഴ്ചവെച്ചതോടെ മറ്റൊരു സമനില മണത്തു. പക്ഷെ ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടെർ സ്റ്റീഗൻ തന്റെ ബാഴ്‌സ ജേഴ്സിയിലെ നൂറാമത്തെ ക്ളീൻഷീറ്റിലൂടെ മത്സരം രക്ഷിച്ചെടുത്തു.

ആകെ നിരാശപ്പെടുത്തിയ മത്സരം. ആദ്യ പകുതി മനോഹരമായി കളിച്ചു. മുന്നേറ്റത്തിൽ ഒരാളുടെ അഭാവത്തിൽ അത് മായ്ക്കാൻ സെമെഡോയെ വിങ്ങിന്റെ ചുമതല ഏൽപ്പിച്ചതെല്ലാം മികച്ച തീരുമാനം തന്നെ. അത് മികച്ച രീതിയിൽ നടപ്പിലാക്കി ടീമും നന്നായി കളിച്ചു. പക്ഷെ ഒന്നോ രണ്ടോ സബ്സ്റ്റിട്യൂഷനിലൂടെ എല്ലാം തിരിയുന്നത് കണ്ടപ്പോൾ നിരാശരായി. പുതുതായി കളത്തിലെത്തുന്നവർക്ക് ആ തന്ത്രം പ്രയോഗിക്കാനാവാത്തത് മോശം തന്നെയാണ്. സെറ്റിയന്റെ ഒരു പ്രധാന പോരായ്മയായി തോന്നിയിട്ടുള്ള സാഹചര്യത്തിനനുസരിച്ചു തന്ത്രം മാറ്റാനുള്ള കഴിവില്ലായ്മ ഇന്നലെ വീണ്ടും കണ്ടു. നാല് സബ്സ്റ്റിട്യൂഷനുകളും കഴിഞ്ഞപ്പോൾ ടീമിന്റെ ഘടന മൊത്തത്തിൽ മാറിയത് പോലെ ആയിരുന്നു. ഒപ്പം കളിക്കാരുടെ നിരാശാജനകമായ പ്രകടനം കൂടി ആയപ്പോൾ മത്സരം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയെന്ന നിലയിലായിരുന്നു. ദിവസങ്ങൾ കാത്തിരുന്നിട്ട് വന്നെത്തുന്ന മത്സരങ്ങളിൽ ഇത്തരത്തിൽ മോശം പ്രകടനം കാണുമ്പോൾ തോന്നുന്ന വികാരം രോഷമാണോ സങ്കടമാണോ എന്ന് പോലും മനസിലാകുന്നില്ല.

ലീഗ് അവസാനത്തോട് അടുക്കുകയാണ്. സാദ്ധ്യതകൾ വിരളമാണ്. എങ്കിലും വരുന്ന ചാമ്പ്യൻസ് ലീഗിനെ ടീമിനെ ഒരുക്കുക എന്ന വലിയ ജോലി കോച്ചിന്റെ മുൻപിലുണ്ട്. ലഭിക്കുന്ന അവസരങ്ങൾ അദ്ദേഹം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി ചാമ്പ്യൻസ് ലീജിയനായി അദ്ദേഹം ടീമിനെ സജ്ജമാക്കും എന്ന് പ്രതീക്ഷിക്കാം.

©www.culesofkerala.com