• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ 2 – 1 സെവിയ്യ

  • Posted On November 6, 2017

സംതൃപ്തി നൽകിയ ഒരു മത്സരം. മികച്ച രീതിയിൽ മുന്നേറ്റവും മധ്യനിരയും പ്രതിരോധവും തകർത്തു കളിച്ചപ്പോൾ ആദ്യ പകുതി ആവേശം കൊള്ളിച്ച മത്സരം. രണ്ടാം പകുതിയിൽ അൽപ്പം പിറകോട്ട് പോയെങ്കിലും ഒരു ഗോൾ വഴങ്ങിയതോടെ സാഹചര്യം മനസ്സിലാക്കി കളി മെച്ചപ്പെടുത്തി വിജയവഴിയിൽ തിരികെയെത്തി. ഒപ്പം പാക്കോ ആൽക്കസറിന്റെ തകർപ്പൻ രണ്ട് ഗോളുകൾ എന്ന സന്തോഷം വേറെയും. എന്ത് കൊണ്ടും നമുക്ക് മികച്ച ഒരു വാരാന്ത്യം സമ്മാനിച്ചു കൊണ്ടാണ് ടീം അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളക്ക് പിരിയുന്നത്.
പലരും പരിക്കിന്റെ പിടിയിലാണെന്നതിനാൽ ഇന്നലത്തെ ലൈൻ അപ്പ് നമ്മൾ വളരെ ആകാംക്ഷാപൂർവമാണ് കാത്തിരുന്നത്. പ്രതീക്ഷകൾക്ക് വിപരീതമായി ടീമിൽ ഇനിയേസ്റ്റയും പാക്കോ ആൽക്കസ്സറും ഇടം പിടിച്ചു. ഇന്നത്തെ മത്സരത്തിന്റെ പ്രാധാന്യമറിയാവുന്ന വൽവേർദേ ഇനിയേസ്റ്റയെ ഉപയോഗിക്കാനുള്ള അവസരം പാഴാക്കിയില്ല. വിങ്ങറായി ഡേലുഫെയോ ഡെനിസ് സുവാരേസോ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇടം നേടിയത് ആൽക്കസ്സറാണ്. അതിന്റെ ഫലം നമ്മൾ പിന്നീട് കാണുകയും ചെയ്തു.

സ്വപ്നതുല്യമായ ഒരു തുടക്കമാണ് നമുക്ക് ലഭിച്ചത്. വിസിൽ മുഴങ്ങിയതും ഗോൾ ശ്രമങ്ങളുമായി ബാഴ്‌സ സെവിയ്യ പോസ്റ്റിലേക്ക് ഇരമ്പിയാർത്തു. തുടരെ തുടരെ ആക്രമണം അഴിച്ചു വിട്ട് അവർ സെവിയ്യയെ ഭീതയിലാഴ്ത്തി. സ്കോർബോർഡിൽ കേവലം നാല് മിനിറ്റ് പിന്നിടുമ്പോൾ അതിനോടകം 4 ഷോട്ടുകൾ നമ്മൾ ഉതിർത്തിരുന്നു ഈ സീസണിൽ നമ്മൾ കണ്ട മികച്ച ആക്രമണങ്ങളിൽ ഒന്ന്. എപ്പോൾ വേണമെങ്കിലും ഗോൾ നേടാം എന്ന് തോന്നിച്ചെങ്കിലും പക്ഷെ ഗോൾ മാത്രം അകന്നു നിന്നു. കളി ബാഴ്‌സയുടെ കൈകളിലായിരുന്നതിനാൽ സെവിയ്യ പ്രതിരോധിച്ചു നിൽക്കാനും നമ്മുടെ പിഴവുകളിൽ പ്രത്യാക്രമണം നടത്താനുമായിരുന്നു ശ്രമിച്ചത്. ഉംറ്റിറ്റിയുടെ ഒരു ചെറിയ പിഴവിൽ അവസരം മുതലെടുക്കാൻ ഒരു ശ്രമം അവരുടെ ഭാഗത്തു നിന്നും വന്നെങ്കിലും ലക്ഷ്യം കാണാനായില്ല. അൽപ്പ സമയത്തിനകം ബാഴ്‌സ ലീഡ് നേടി. മധ്യ നിരയിൽ നിന്നും പാക്കോയെ ലക്ഷ്യമാക്കി ഉയർന്നു വന്ന പന്ത് സെവിയ്യ ക്യാപ്റ്റൻ തടഞ്ഞെങ്കിലും പന്ത് നിയന്ത്രിക്കുന്നതിൽ പിഴച്ചപ്പോൾ എത്തിയത് പാക്കോയുടെ കാൽകീഴിൽ തന്നെ. കിട്ടിയ അവസരത്തിൽ പാക്കോ പന്തുമായി ബോസ്കിലേക്ക് കുതിച്ചു. ഒപ്പം ഇടതു ഭാഗത്തു റാക്കിറ്റിച്ചും. അതിവേഗത്തിൽ എത്തിയ പാക്കോയെ തടയാൻ സെവിയ്യ ഡിഫൻസ് ആവുന്നതും ശ്രമിച്ചെങ്കിലും കീപ്പറെ അതിവിദഗ്ധമായി കബളിപ്പിച്ചു പാക്കോ ലീഗിലെ ആദ്യത്തെ ഗോൾ നേടി. ഒരു മികവുറ്റ ഫിനിഷിങ്. ഗോൾ ഭാര്യക്കും കുഞ്ഞിനും സമ്മാനിച്ചു കൊണ്ടാണ് ആ ഗോൾ പാക്കോ ആഘോഷിച്ചത്. ആദ്യ പകുതിക്കു ശേഷം പിരിയുമ്പോൾ ബാഴ്‌സ ഒരു ഗോളിന് മുന്നിട്ടു നിൽക്കുകയായിരുന്നു.

രണ്ടാം പകുതി നമ്മൾ നല്ല പ്രതീക്ഷയിലാണ് തുടങ്ങിയത്. പക്ഷെ സമനിലക്കായുള്ള പോരാട്ടം ശക്തമാക്കിയ സെവിയ്യ ബാഴ്‌സയെ വിദഗ്ദമായി പൂട്ടി. സെവിയ്യ കനത്ത ആക്രമണം നടത്തിയതോടെ ബാഴ്‌സ ബാക്ക് ഫൂട്ടിലായി. അധികം വൈകാതെ അവർ സമനിലയും നേടി. കോർണർ കിക്കിൽ നിന്നും ഉയർന്നു വന്ന പന്ത് കിടിലൻ ഒരു ഹെഡ്ഡറിലൂടെ ഗോൾ ആയി. ആകെ നിരാശപ്പെട്ട നിമിഷങ്ങൾ ആയിരുന്നു അത്. എങ്കിലും ഇനിയും ഗോൾ നേടാൻ സമയം ഉണ്ടെന്നു അറിയാവുന്ന ബാഴ്‌സ അതിനായി കിണഞ്ഞു ശ്രമിച്ചു തുടങ്ങി. പിക്വെയുടെ ഒരു കിടിലൻ ലോങ്ങ്‌ റേഞ്ചർ ക്രോസ്സ് ബാറിനെ പിടിച്ചുലച്ചു കൊണ്ട് തെറിച്ചു പോകുന്നത് കണ്ടു ഞെട്ടിപ്പോയി. എങ്കിലും തൊട്ടു പിന്നാലെ പാക്കോ തന്നെ ടീമിനെ മുന്നിലെത്തിച്ചു. മെസിക്ക് ലഭിച്ച പാസ് മെസ്സി വലത് വിങ്ങിൽ റാക്കിറ്റിച്ചിന് നൽകി. പോസ്റ്റിനു മുൻപിൽ നിലയുറപ്പിച്ചിരുന്ന പാക്കോ ക്രോസിനായി ആംഗ്യം കാണിച്ചപ്പോൾ റാക്കിറ്റിച്ചിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല . റാക്കിറ്റിച് ഉയർത്തിനൽകിയ മികച്ച ഒരു ക്രോസ് അതിമനോഹരമായ ഒരു ടച്ചിലൂടെ പാക്കോ ഗോൾ നേടി. ആശ്വാസത്തിന്റെ നിമിഷങ്ങൾ. പിന്നീട് പലതവണ നമുക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ ഗോളിന് അവസരങ്ങൾ നൽകിയില്ല. അവസാന നിമിഷങ്ങളിൽ സമനിലക്കായി സെവിയ്യ ആഞ്ഞു ശ്രമിച്ചെങ്കിലും ഒറ്റക്കെട്ടായി നേരിട്ട ബാഴ്‌സ ലീഗിൽ മറ്റൊരു വിജയം സ്വന്തമാക്കി സ്ഥാനം ഭദ്രമാക്കി.

ഒരു മികച്ച മത്സരം തന്നെയായിരുന്നു. ഇരു ടീമുകളും നന്നായി തന്നെ കളിച്ചു. ആദ്യ പകുതിയിൽ വളരെ അഗ്രസിവ് ആയ ബാഴ്‌സയെ ആയിരുന്നു കണ്ടത്. വൺ ടച് പാസുകളും നല്ല ലോങ്ങ്‌ ബോളുകളും ഒക്കെ ഉണ്ടായിരുന്നു. ക്രിയേറ്റീവ് ആയ നീക്കങ്ങൾ ഇനിയേസ്റ്റ നടത്തിയപ്പോൾ ബുസി പിന്നിൽ നിന്ന് തന്റെ മാജിക് പുറത്തെടുത്തിരുന്നു. ഇവർ രണ്ടു പേരും മെസ്സിയും ചേർന്ന് വളരെയേറെ മികച്ച നീക്കങ്ങൾ നടത്തിയിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകൾ ആണ് ആ നീക്കങ്ങളെ നശിപ്പിച്ചത്. രണ്ടാം പകുതിയിൽ ഇനിയേസ്റ്റ പിൻവാങ്ങിയായപ്പോൾ അദ്ധേഹത്തിന്റെ കുറവ് എന്താണെന്നു നമ്മൾ കണ്ടു. മെസ്സിയും മികച്ച ഫോമിലായിരുന്നു. സെവിയ്യ കളിക്കാരെ കാഴ്ചക്കാരാക്കി പലകുറി അവരുടെ ഡിഫെൻസിനെ ഭേദിച്ചു. ഒരു പക്ഷെ കനത്ത മഴയിൽ കുതിർന്ന ഗ്രൗണ്ട് മൂലമാകണം എളുപ്പത്തിൽ പലപ്പോഴും പന്ത് നഷ്ട്ടപെടുത്തിയിരുന്നു.

തനിക്ക് ലഭിച്ച അവസരം വളരെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയാണ് പാക്കോ മടങ്ങിയത് . ഒരു മികവുറ്റ സ്‌ട്രൈക്കറുടെ പാടവം കാണിച്ചു തന്നെ ഗോളുകൾ ആയിരുന്നു രണ്ടും. ഈ പ്രകടനം തുടരാൻ ശ്രമിക്കുക. രണ്ടാം ഗോളിന് ശേഷം മടങ്ങിയ പാക്കോയെ കാണികൾ എഴുനേറ്റു നിന്ന് കയ്യടിച്ചാണ് യാത്രയാക്കിയത്. പകരം വന്ന ഡെലുഫേക്ക് പാക്കോയുടെ മികവിൽ കളിക്കാൻ സാധിച്ചില്ല. മോശം പ്രകടനങ്ങൾ കാഴ്ചവെച്ച ഒരു പറ്റം മത്സരങ്ങൾക് ശേഷം ഇന്ന് റാക്കിയുടെ ഒരു സൂപ്പർ പെർഫോമൻസ് കണ്ടു. പഴയ ക്ലബിന്റെ നാഡിമിടിപ്പ് അറിയുന്നത് കൊണ്ടാകണം നല്ല രീതിയിൽ തീരുമാനങ്ങൾ എടുക്കാനും അതിനനുസരിച്ചു കളിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

വഴങ്ങിയ ആ ഗോൾ ഒഴിച്ച് നിർത്തിയാൽ പിൻനിര നന്നായിരുന്നു. സമീപകാലമായി മോശം പ്രകടനം കാഴ്ചവെക്കുന്ന പിക്വെ ഇന്നലെ അതിമനോഹരമായാണ് കളിച്ചത്. ഒപ്പം എന്നും കളിക്കുന്നത് പോലെ തന്നെ ഒരു വന്മതിലായി ഉംറ്റിറ്റിയും നിലയുറപ്പിച്ചു. ഡിഫെൻസിവ് സൈഡിൽ സെമെഡോയും നന്നായി കളിച്ചു. ഇനി ഒഫൻസീവ് സൈഡിലും മെച്ചപ്പെടേണ്ടതുണ്ട്. ആൽബയും കുഴപ്പമില്ലാതെ കളിച്ചു. കാര്യമായ ഭീഷണികൾ നേരിടേണ്ടി വന്നില്ലെങ്കിലും ആവിശ്യ സമയങ്ങളിൽ ടെർ സ്റ്റീഗൻ നല്ല രീതിയിൽ വല കാത്തു. വഴങ്ങിയ ഗോൾ സ്റ്റീഗന് ഒരു അവസരവും നൽകാത്തതായിരുന്നു.

സുവാരസിന് ഒരു മാറ്റവും കാണുന്നില്ല. അവസരങ്ങൾ നഷ്ട്ടപ്പെടുത്തിയതിനോടൊപ്പം ധാരാളം മിസ് പാസുകളും. ബ്രേക്കിന് ശേഷം തിരിച്ചെത്തുമ്പോൾ പഴയ ഫോമിലേക്ക് തിരികെയെത്തും എന്ന് പ്രതീക്ഷിക്കാം.

പ്രകടനത്തിൽ സന്തുഷ്ടരാണ്. എങ്കിലും ഇനിയുമേറെ മെച്ചപ്പെടാനിരിക്കുന്നു. ഫിനിഷിങ് നന്നായിരുന്നെങ്കിൽ നല്ല ഒരു മാർജിനിൽ വിജയിക്കാമായിരുന്നു. ഇത്രയും അവസരങ്ങൾ ഒന്നും മറ്റു ടീമുകൾ നൽകില്ല. അപൂർവമായി ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി വിനിയോഗിച്ചാലേ ലീഗിൽ പിടിച്ചു നിൽക്കാൻ കഴിയൂ. ലീഗിൽ രണ്ടാമത് നിൽക്കുന്ന വലൻസിയ ഉയർത്തുന്ന ഭീഷണി ചെറുതല്ല. ഇതിനോടകം തന്നെ 30 ഗോളുകൾ നേടിയ അവർ അപാര ഫോമിലാണ്. ഇന്റർനാഷണൽ ബ്രെക്ക് കഴിഞ്ഞു വന്നാൽ രണ്ടാമത്തെ മത്സരം അവർക്കെതിരെ അവരുടെ തട്ടകമായ മെസ്റ്റെല്ലയിൽ ആണ്. കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്താലേ വിജയം കൈവരിക്കാനാകൂ. രാജ്യാന്തര മത്സരങ്ങളിൽ ആർക്കും പരിക്കേൽക്കില്ല എന്ന് വിശ്വസിക്കാം. അടുത്ത മത്സരത്തിനായി അക്ഷമരായി കാത്തിരിക്കാം.

©Penyadel Barca Kerala

  • SHARE :