മാച്ച് റിവ്യൂ – ബാഴ്‌സലോണ 7 – 1 ഒസാസുന
സ്‌കോർ ബോർഡ് സൂചിപ്പിക്കും പോലെ മുഴുവൻ ബാഴ്‌സ ആധിപത്യത്തിലുള്ള ഒരു കളി. ലീഗിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും ഏറ്റുമുട്ടുമ്പോൾ ഈ സ്‌കോർ പ്രതീക്ഷിച്ചതാണ്. പണ്ടും ബാഴ്‌സ ഇത്രയും വലിയ മാർജിനിൽ ജയിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒട്ടേറെ പ്രത്യേകതകൾ ഈ മത്സരത്തിനുണ്ടായത് പോലെ. ഇത്രയും കാലത്തിനിടക്ക് കാണാൻ കഴിയാതിരുന്ന ചില കാര്യങ്ങൾ ഇന്നത്തെ രാത്രിയിൽ ദർശിച്ചപ്പോൾ സത്യത്തിൽ കോരിത്തരിച്ചു പോയി.
മെസ്സിയുടെ ഗോളിന് ശേഷം കാമ്പ് നൗ നൽകിയ ആ ആദരം. മെസ്സിയുടെ അഞ്ഞൂറാം ഗോളിന് ശേഷമുള്ള തന്റെ ജേഴ്‌സി ഊരിപ്പിടിച്ചു നിൽക്കുന്ന ആ ആഹ്ലാദ പ്രകടനത്തെ അനുസ്മരിപ്പിച്ചു കാമ്പ് നോവിലെ ജനക്കൂട്ടം തങ്ങളുടെ ജേഴ്‌സികൾ ഊരിപ്പിച്ചു നിന്നപ്പോൾ ലയണൽ മെസ്സിക്ക് ലഭിച്ച ഏറ്റവും വലിയ ആദരങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ആന്ദ്രേ ഗോമസിന്റെ മികച്ച രണ്ടു ഗോളുകൾ നയനമനോഹരങ്ങളായിരുന്നു. ടീമിൽ വന്നതിനു ശേഷം മികച്ച പ്രകടനം നടത്താനാകാതെ എങ്ങുനിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്ന അയാൾക്ക്, ലോകത്താകമാനമുള്ള ബാഴ്‌സ ആരാധകർക്ക് കൊടുക്കാനുണ്ടായിരുന്നു ഏറ്റവും മനോഹരമായ മറുപടി ആയിരുന്നു ആ ഇരട്ട ഗോളുകൾ. വരാനിരിക്കുന്ന നാളുകളുടെ സൂചനകൾ ആ ഗോളുകളിൽ കിടക്കുന്നുണ്ട്. ഒപ്പം ലൂയിസ് സുവാരസിന്റെ അഭാവത്തിൽ ആ റോളിൽ മിന്നിത്തിളങ്ങിയ പാക്കോ ആൽക്കസർ ഇന്നലെ നമ്മുടെ രാത്രിയെ ആഹ്ലാദ ഭരിതമാക്കി. ആദ്യ സമയങ്ങളിൽ വിമർശനം നേരിട്ട അദ്ദേഹം, ഇപ്പോൾ മറുപടികൾ നല്കിക്കൊണ്ടിരിക്കുകയാണ്.
ഇതിനെല്ലാം പുറമെ ഏറ്റവും സന്തോഷം നൽകിയ മറ്റൊരു നിമിഷത്തിനും കാമ്പ് നൗ വേദിയായി. നമ്മുടെ സ്വന്തം വല്യേട്ടൻ ആദ്യമായി ബാഴ്‌സക്കായി ഒരു ഗോൾ നേടിയിരിക്കുന്നു. ബാഴ്‌സലോണക്ക് വേണ്ടി നൂറുകണക്കിന് മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും എന്നും അന്യമായി നിന്ന ആ ഗോൾ ഇന്ന് പിറന്നു. ഒരു ആരാധകനെന്ന നിലയിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയ ഒരു മുഹൂർത്തമായിരുന്നു അത്. കഴിഞ്ഞ വര്ഷം ബാറിൽ തട്ടി മടങ്ങിയ ഷോട്ടും, ഇന്ന് പോസ്റ്റിൽ തട്ടി മടങ്ങിയ ഒരു അവസരവും കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നിയിരുന്നു. കാമ്പ് നോവിൽ ഒരു ഗോൾ ഇല്ലാതെ നമ്മുടെ വല്യേട്ടൻ ബാഴ്‌സലോണ വിട്ടിരുന്നെങ്കിൽ ഒരു പക്ഷെ ആ വിഷമം നമ്മുടെ ജീവിതത്തിൽ എന്നും നിലനിൽക്കുമായിരുന്ന ഒരു സങ്കടം ആയേനെ. ഒരു പക്ഷെ നമ്മൾ ആരാധകരുടെ മനസ്സ് വായിച്ചിട്ടാകണം, നമ്മുടെ ടീം ഒറ്റക്കെട്ടായി നിന്ന് ആ പെനാൽറ്റി മഷെക്ക് നൽകുമ്പോൾ ഒരു ബാഴ്‌സ ആരാധകൻ എന്ന നിലയിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. കളിയിലെ അക്കങ്ങൾക്കുമപ്പുറം വലുതായി പലതുമുണ്ടെന്നു പലതവണ പഠിപ്പിച്ച ബാഴ്‌സയിൽ നിന്നും പിന്നെയും അതുല്യമായ ഒരു മുഹൂർത്തം. ലഭിച്ച പെനാൽറ്റി മികവോടെ വലയിൽ കയറ്റിയ ശേഷം മഷെയുടെ ആ മുഖം ഒന്ന് കാണേണ്ടതായിരുന്നു. വല്ലാത്ത ഒരു നിർവൃതി ആ മുഖത്ത് നമുക്ക് കാണാമായിരുന്നു.
മത്സരത്തെ കുറിച്ച് പറയുകയാണെങ്കിൽ കാര്യമായ എതിരില്ലാതെ ബാഴ്‌സ ജയിച്ചു. ഒരു ഗോൾ തിരിച്ചടിച്ചതൊഴിച്ചാൽ മത്സരത്തിൽ ഒരിക്കൽ പോലും ഒസാസുന ഭീഷണിയുയർത്തിയില്ല. കഴിഞ്ഞ മത്സത്തിൽ നിന്നും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാതിരുന്ന നമ്മളെ വലിയ മാറ്റങ്ങളുമായെത്തിയ ലൂചോ ഞെട്ടിച്ചു. എങ്കിലും കളത്തിലിറങ്ങിയ എല്ലാവരും നല്ല രീതിയിൽ തന്നെ കളിച്ചു. മെസ്സി, ഗോമസ്, അൽക്കാസ്സർ എന്നിവരുടെ ഗോളുകളും സന്തോഷമേകി. ഗോമസിന്റെ പ്രകടനം വളരെയധികം സന്തോഷത്തിനു ഇട നൽകി. കൂടുതൽ മത്സര പരിചയം ലഭിക്കുന്നതിലൂടെ അദ്ദേഹം കൂടുതൽ മെച്ചപ്പെടുന്നുണ്ട്. ഇനിയുമേറെ മുന്നേറാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾക്കുറപ്പുമുണ്ട്.
ഇനിയുള്ള മത്സരങ്ങളിലും ഇത് പോലെ വ്യക്തമായ മാർജിനിൽ വിജയം കൈവരിക്കുമെന്നു പ്രതീക്ഷിക്കാം. അടുത്ത മത്സരം എസ്പാന്യോളിനെതിരെയാണ്. എന്നും ബാഴ്‌സലോണക്ക് വലിയ ഭീഷണിയുയർത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ കളിക്കാർ അവസരത്തിനൊത്തുയർന്ന് മികവോടെ തന്നെ കളിച്ചു ആ മത്സരവും സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.