മാച്ച് റിവ്യൂ – ഐബർ 0 – ബാഴ്‌സലോണ 4
തരക്കേടില്ലാത്ത മത്സരം എന്ന് പറയാം. നാല് ഗോൾ എന്ന മികച്ച സ്‌കോർ ആണെങ്കിലും ബാഴ്‌സ തങ്ങളുടെ കഴിവിന്റെ പരമാവധി എടുത്തോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. അത്ര മികച്ചതല്ലാത്ത ലൈൻ അപ്പും ഉഴപ്പിയ രീതിയിലുള്ള കളിയും ചേർന്നപ്പോൾ ഈ വിജയത്തിലും നമ്മൾ അത്രത്തോളം ആവേശഭരിതരല്ല എന്ന് പറയേണ്ടി വരും. എങ്കിലും വിജയം വിജയമാണ്. മൂന്നു പോയിന്റ് കൂട്ടിച്ചേർത്തു നമ്മൾ മുന്നോട്ട്.
പതിവിലും വിരസമായ രീതിയിലായിരുന്നു മത്സരം തുടങ്ങിയത്. അതിശൈത്യവും ഇടുങ്ങിയ ഗ്രൗണ്ടിലെ മത്സരവും കളിക്കാരെ അവരുടെ പൂർണ്ണതയിലെത്താൻ ആദ്യം അനുവദിച്ചില്ല. മത്സരം ആരംഭിച്ചു അൽപസമയത്തിനകം ബാഴ്‌സ പരിക്കിന്റെ രൂപത്തിൽ ആദ്യ തിരിച്ചടി നേരിട്ടു . കടുത്ത ഒരു ടാക്ലിങ്ങിൽ പരിക്കേറ്റ് ബുസ്കെറ്റ്സ് മത്സരത്തിൽ നിന്നും പിൻവാങ്ങി. പകരം ഇറങ്ങിയത് ഡെനിസ് സുവാരസ്. ഇനിയേസ്റ്റയും ഇല്ലാത്തതിനാൽ ഡിഫെൻസിവ് മിഡ്ഫീൽഡർ എന്ന ഏറ്റവും ഉത്തരവാദിത്വമേറിയ ജോലിക്ക് അവിടെ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരൻ തന്നെ മുന്നോട്ട് വന്നു. ഇവാൻ റാക്കിറ്റിച് .
പക്ഷെ അതിനു ശേഷം ഒരു 20 മിനിറ്റ്, ഈ സീസണിൽ കണ്ടതിൽ വെച്ച് ഏറ്റവും മോശം പ്രകടനമായിരുന്നു ബാഴ്‌സയിൽ നിന്നും കണ്ടത്. പ്രെസ്സിങ് ശക്തമാക്കി ഐബർ ആക്രമണം കനപ്പിച്ചപ്പോൾ, സ്വന്തം പകുതിയിൽ പരിഭ്രമത്തോടെ കളിച്ച ബാഴ്‌സ പലകുറി ഗോൾ വഴങ്ങുന്നതിന്റെ വക്കോളമെത്തി. പിക്വെയും, മാഷെയും മാറി നിൽക്കുന്നു, ഉംറ്റിറ്റിയും മാത്യുവും ആദ്യമായി ഒന്നിച്ചു കളിക്കുന്നു, മത്സരം താളം തെറ്റാൻ വേറെ എന്ത് വേണം.? ഒരു വിധത്തിൽ ങൾ വഴങ്ങുന്നതിൽ നിന്നും രക്ഷപ്പെട്ടുനിൽക്കുന്നതിനിടയിലാണ് ഒരു ആശ്വാസമേകി ബാഴ്‌സ ഗോൾ നേടിയത്. നെയ്മറും മെസ്സിയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ മെസ്സിയുടെ ശ്രമം എതിർ ഡിഫൻഡറുടെ ദേഹത്ത് തട്ടി തിരിച്ചെത്തിയപ്പോൾ ഡെനിസ് സുവാരസിന്റെ ഒരു എണ്ണം പറഞ്ഞ നിലം പറ്റെയുള്ള ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് അതിമനോഹരമായി കയറി. ബാഴ്‌സക്ക് വേണ്ടി ഒരു സീനിയർ മത്സരത്തിലെ ആദ്യത്തെ ഗോൾ. അതും എണ്ണം പറഞ്ഞ ഫിനിഷിങ്.! പിന്നീട് പലകുറി ബാഴ്‌സ ഗോളിനടുത്തെത്തിയെങ്കിലും വിധിയും ഗോൾ കീപ്പറും വിലങ്ങുതടിയായി. തലങ്ങും വിലങ്ങും ഓടി നടന്നു മെസ്സി അവസരങ്ങൾ വച്ച് നീട്ടിയെങ്കിലും മറ്റുള്ളവർക്ക് അത് മുതലാക്കാനായില്ല;
രണ്ടാം പകുതിയിൽ ബാഴ്‌സയിൽ നിന്നും ഭേദപ്പെട്ട പ്രകടനമാണ് കണ്ടത്. ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചപ്പോൾ, രണ്ടാം പകുതിയിൽ അതിനെല്ലാം പകരം നൽകി. സുവാരസിന്റെ ഒരു മഴവില്ല് പോലെയുള്ള ഒരു കിടുക്കാച്ചി അസ്സിസ്റ്റിൽ മെസ്സിക്ക് പന്തിനെ ഒന്ന് തഴുകുക മാത്രമേ വേണ്ടി വന്നുള്ളൂ. രണ്ടു ഗോൾ നേടിയതിന്റെ ആലസ്യത്തിലായതിനാലാകണം , ബാഴ്‌സ പിന്നെയും ഒന്ന് ഉഴപ്പിയോ എന്ന് ശങ്കിച്ചു . അലക്ഷ്യമായ പാസുകൾ ഐബറുടെ ശ്രമങ്ങളായി തിരികെ നമ്മുടെ പോസ്റ്റിലേക്ക് വരാനും തുടങ്ങി. പക്ഷെ അതിനിടയിൽ ഐബർ ഡിഫെൻഡറെ പരാജിതനാക്കി ,പന്ത് തട്ടിയെടുത്തു മധ്യഭാഗത്തു നിന്നും കുതിച്ച സുവാരസ് , ഒരു മികവാർന്ന ഫിനിഷിങ്ങോടെ ബാഴ്‌സയുടെ സ്‌കോർ മൂന്നിൽ എത്തിച്ചു. ശേഷം നെയ്മറെ കൂടി സ്‌കോർലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു മെസ്സിയും നെയ്മറും. ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും അവസാന നിമിഷം അവയെല്ലാം നിഷ്ഫലമായി. എങ്കിലും കളിയുടെ അന്ത്യനിമിഷങ്ങളിൽ നെയ്മറും കൂടി സ്‌കോർ ലിസ്റ്റിൽ പേര് ചേർത്തു . നീണ്ട പതിമൂന്നു മത്സരങ്ങൾക്ക് ശേഷം നെയ്മറുടെ ഒരു ഫീൽഡ് ഗോൾ.
ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ
മെസ്സി : ഇനിയേസ്റ്റയുടെ അഭാവത്തിൽ ക്യാപ്റ്റന്റെ അബാൻഡ് അണിഞ്ഞ മെസ്സി , കളിയുടെ സർവ്വ മേഖലയിലും മികച്ചു നിന്നു . ഒരു പരിധിവരെ ബുസിയുടെ അഭാവം അറിയാതെ പോയത് മെസ്സിയുടെ പാസുകൾ മൂലമാണ്. കൊടുത്ത അസിസ്റ്റുകൾക്കുള്ള പ്രതിഫലമെന്നോണം ഒരു ഗോളും മെസ്സിയുടെ പേരിൽ.
സുവാരസ് & നെയ്മർ : നന്നായി തന്നെ കളിച്ചു. സുവാരസ് പഴയ ആ ഫിനിഷിംഗിലേക്ക് എത്തുന്നതിന്റെ സൂചനകൾ തരുന്നുണ്ട്. നെയ്മറും നല്ല പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്. അസിസ്റ്റുകൾ നൽകാനുള്ള ശ്രമങ്ങളാണ് പലപ്പോഴും സ്വന്തം പേര് സ്‌കോർ ലിസ്റ്റിൽ വാരാൻ ഇടയാക്കാത്തത് . ഏതായാലും കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഗോൾ നേടിയതിന്റെ ആത്മവിശ്വാസം ഇനി നെയ്മറെ തുണക്കും.
ഡെനിസ് സുവാരസ് : ടീമിന് അത്യാവശ്യ ഘട്ടത്തിൽ ഗോൾ നേടാൻ കഴിഞ്ഞു. ആ സമയത്തു ഒരു ബ്രേക്ക് ആയിരുന്നു ബാഴ്‌സയ്ക്ക് ആവിശ്യം. അത് കൃത്യമായി നൽകി. എങ്കിലും പാസുകളിൽ കൂടുതൽ കൃത്യത പുലർത്തണം.
ടെർ സ്റ്റീഗൻ അപൂർവ്വമായെങ്കിലും , ഐബറിന് ലഭിച്ച ചില അവസരങ്ങൾ മിന്നും സേവിലൂടെയാണ് മാറ്റസ് നമ്മളെ രക്ഷിച്ചത്. കൂടുതൽ മികച്ചു കളിയ്ക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടീം സെലക്ഷൻ : മറ്റൊരിക്കൽ കൂടി സിലക്ഷൻ മോശമായിരിക്കുന്നു. ജീവനുള്ള മധ്യനിരയില്ല , ഉംറ്റിറ്റിയും മാത്യുവും ചേർന്നപ്പോൾ പരിചയസമ്പന്നരായ പ്രധിരോധവുമില്ല. കൂടുതൽ മെച്ചപ്പെട്ട ടീമുകളോട് ഇത്തരം പരീക്ഷണങ്ങൾ ദയവായി നടത്തരുത്.
മാത്യു : കുറെ നാൾ പരിക്കിന്റെ പിടിയിലായതിനാലാകണം, ഇന്ന് ടീമിനോട് ഒത്തുചേർന്നു പോകാൻ വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്നു. ബാൾ ടച്ചിലും, ഓട്ടത്തിലും എല്ലാം ആ ബുദ്ധിമുട്ട് നിഴലിച്ചു കാണാമായിരുന്നു. കുറെ നാൾ കളിക്കാതിരുന്ന ഒരാളെ ഒരു ദിവസം പെട്ടന്ന് ഒരു മത്സരം മുഴുവൻ കളിപ്പിക്കുന്നതിനോട് തീരെ താല്പര്യം തോന്നുന്നില്ല.
ഉംറ്റിറ്റി : പരിചയമില്ലാത്ത സഹകളിക്കാരൻ ആയതിനാലാകണം, ഉംറ്റിറ്റിയും ഇന്ന് ആവറേജ് പ്രകടനം ആയിരുന്നു. കോർഡിനേഷന്റെ അഭാവം നിഴലിച്ചു കാണാമായിരുന്നു.
റാക്കി : ബുസിയുടെ അഭാവത്തിൽ ഡിഫെൻസിവ് മിഡ് ഫീൽഡറുടെ സ്ഥാനം ഏറ്റെടുത്തു. ബാൾ റിക്കവറിയിലും മറ്റും മികച്ചു നിന്നെങ്കിലും പാസുകൾ പലതവണ പിഴച്ചു. ആ മേഖലയിൽ ഇനിയും മെച്ചപ്പെടാനിരിക്കുന്നു.
ഓരോ മത്സരങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട കൂടുതൽ മികച്ചു കളിക്കും എന്ന പ്രതീക്ഷയോടെ ടീം കൂളെസ് ഓഫ് കേരള
© Penyadel Barca Kerala
