• Follow

മാച്ച് റിവ്യൂ – അലാവേസ് 0 – 5 എഫ്.സി.ബാഴ്‌സലോണ

  • Posted On July 21, 2020

അങ്ങനെ ഈ സീസണിലെ ലാലിഗക്ക് വിരാമമായി. മോശം പ്രകടനത്തിലൂടെ കിരീടം കൈവിട്ടെങ്കിലും അവസാന മത്സരം നല്ല രീതിയിൽ കളിച്ചു വിടചൊല്ലാൻ ടീമിനായി. അവസാന മത്സരത്തിന് ബാഴ്‌സയെ സ്വന്തം തട്ടകത്തിലേക്ക് സ്വാഗതം ചെയ്ത അലാവേസിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സ മടങ്ങിയത്. സമീപകാലത്തു കണ്ട സാമാന്യം മികവ് പുലർത്തിയ മത്സരം. കാര്യമായി മുഷിപ്പിച്ചിരുന്ന കഴിഞ്ഞ മത്സരങ്ങൾക്ക് ശേഷം അൽപ്പം സംതൃപ്തിയോടെ ഈ മത്സരം കാണാൻ നമുക്കായി.

മത്സരത്തിന്റെ ഫലം എന്ത് തന്നെയായാലും അത് ലീഗ് പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാക്കില്ല എന്നതിനാൽ കാര്യമായ മാറ്റങ്ങൾ ടീമിൽ പ്രതീക്ഷിച്ചിരുന്നു. മുന്നേറ്റത്തിൽ മെസ്സി, സുവാരസ്, ഫാറ്റി എന്ന ത്രയത്തെയാണ് നിയോഗിച്ചത്.മധ്യനിരയിൽ പുജ്‌ജ്, ബുസ്കെറ്റ്സ്, വിദാൽ എന്നിവരും. പിൻനിരയിൽ ആൽബ, ലെങ്ലെ,അരാഹോ, റോബർട്ടോ എന്നിവരും കീപ്പറായി നെറ്റോയും അണിനിരന്നു.

വെയിൽ താഴാതെ നിൽക്കുന്ന വൈകുന്നേരം ആരംഭിച്ച മത്സരം അധികം വൈകാതെ അന്തരീക്ഷം പോലെ തന്നെ ചൂട് പിടിച്ചു. ഒരുപക്ഷെ കുറച്ചധികം ഗോളുകൾ നേടിക്കൊണ്ട്, അസ്വസ്ഥരായിരിക്കുന്ന ആരാധകരെ ഒന്ന് തണുപ്പിക്കാനാവും, ടീം ആദ്യ നിമിഷം മുതൽ ഗോളുകൾക്ക് ശ്രമം ആരംഭിച്ചു. ആദ്യ വെടി പൊട്ടിച്ചത് റിക്കി പുജ്‌ജ് ആയിരുന്നു. ബോക്സിന് പുറത്തു നിന്നും ഉതിർത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ക്രോസ്ബാറിനെ പ്രകമ്പനം കൊള്ളിച്ചാണ് ഗതിമാറിയത്. ആ ചെറിയ ശരീരത്തിൽ നിന്നും ഇത്രയും ശക്തമായ ഷോട്ട് ഉതിർക്കാനാവുമോ എന്ന ചിന്തയിലായിരുന്നു നമ്മളെല്ലാം. തൊട്ടുടനെ അടുത്ത ഒരു ശ്രമവും ഗോൾ പോസ്റ്റ് തടുത്തിട്ടു. വിദാൽ ഉതിർത്ത ഷോട്ടും പോസ്റ്റിനെ തട്ടി വഴിമാറി. തീർന്നില്ല, മെസ്സി തൊടുത്ത ഒന്നാന്തരം ഒരു ഷോട്ട് പിന്നെയും പോസ്റ്റിൽ തട്ടി വഴിമാറി. മത്സരം ആരംഭിച്ചു കേവലം 15 നിമിഷങ്ങൾക്കുള്ളിൽ മൂന്ന് ശ്രമങ്ങളാണ് പോസ്റ്റിൽ തട്ടി മടങ്ങിയത്. നമ്മൾ ഏറെ നിരാശരായി. പക്ഷെ ആ നിരാശ അധികം നീണ്ടില്ല. മെസ്സി നൽകിയ പന്തിൽ കൃത്യമായി ഷോട്ടുതിർത്ത ഫാറ്റി ബാഴ്‌സയെ ആദ്യമായി മുന്നിലെത്തിച്ചു. കേവലം പത്തു മിനിറ്റിനുള്ളിൽ ബാഴ്‌സ ലീഡുയർത്തി. ഇത്തവണ മെസ്സിയുടെ ബൂട്ടിൽ നിന്നുമായിരുന്നു ഗോൾ. മനോഹരമായ പാസിലൂടെ അതിന് വഴി തുറന്നത് പുജ്ജും. ഇടവേളക്ക് പിരിയുന്നതിന് തൊട്ടു മുൻപ് സുവാരസ് ലീഡ് മൂന്ന് ആയി ഉയർത്തി. ആൽബയുടെ ക്രോസിൽ അനായാസമായ ഒരു ഹെഡ്ഡർ. മറുഭാഗത്തു ബാഴ്‌സ പ്രതിരോധത്തിന് കാര്യമായ ഭീഷണി ഉയർത്താൻ അലാവേസിന് കഴിഞ്ഞില്ല. കൃത്യതയോടെ നിലയുറപ്പിച്ച അരാഹോയും ലെങ്ളെയും പഴുതുകൾ ഇല്ലാതെ കോട്ട ഭദ്രമാക്കി.

രണ്ടാം പകുതിയിലും കാര്യങ്ങൾ വ്യത്യസ്തമായില്ല. ഗോളടിക്കാനുള്ള അടുത്ത ഊഴം സബ്സ്റ്റിട്യൂട്ട് ആയി എത്തിയ സെമെഡോക്ക് ആയിരുന്നു.അളന്ന് മുറിച്ചപോലെ പുജ്‌ജ് നൽകിയ മനോഹരമായ ഒരു പാസിൽ കൃത്യമായ ഒരു ഷോട്ടുതിർക്കുക എന്ന ജോലി മാത്രമേ സെമെഡോക്ക് ഉണ്ടായിരുന്നുള്ളൂ. സാധാരണ ഷോട്ടുതിർക്കാൻ വൈമുഖ്യം കാണിക്കുന്ന സെമെടോ എന്തോ ഇവിടെ ഗോളിലേക്ക് ലക്ഷ്യം വച്ചു.മത്സരം കൂടുതൽ അനായാസകരമായതോടെ ബാഴ്‌സ കൂടുതൽ മാറ്റങ്ങൾക്ക് മുതിർന്നു. ബ്രൈത്വൈറ്റും ഡിയോങ്ങും കളത്തിലെത്തി. പതിയെ കളിക്കളത്തിലേക്ക് തിരികെയെത്തുന്ന ഡി യോങ് പുജ്ജുമായി മനോഹരമായി ലിങ്ക് ചെയ്തു കളിച്ചു. പിച്ചീച്ചി ട്രോഫിലേക്ക് മെസ്സി കൂടുതൽ അടുത്തുകൊണ്ട് അടുത്ത ഗോളും വീണു. ഇത്തവണ ആൽബയുടെ ക്രോസ് സുവാരസ് ഒഴിഞ്ഞുമാറിയപ്പോൾ മെസ്സിക്ക് ഷോട്ടുതിർക്കാൻ പാകത്തിന് പന്തെത്തി. അനായാസകരമായ ഒരു ഷോട്ടോടെ മെസ്സി പിച്ചീച്ചി സ്വന്തമാക്കി. ശേഷം കാര്യമായ മാറ്റങ്ങളില്ലാതെ മത്സരം പര്യവസാനിച്ചു.

നേരത്തെ പറഞ്ഞ പോലെ ഒരു പക്ഷെ ആരാധകരെ ഒന്ന് തണുപ്പിക്കാൻ ഉദ്ദേശിച്ചാകും കൂടുതൽ ഗോളുകൾ നേടാനുള്ള വ്യഗ്രത ടീമിനുണ്ടായിരുന്നു. ഈ സീസണിൽ ഇതുവരെ കണ്ടതിനേക്കാൾ ഗോൾ തൃഷ്ണ ഈ കളിയിൽ കണ്ടു. ബോക്സിന് പുറത്തു നിന്നുള്ള ശ്രമങ്ങൾ ഏറെ കണ്ടിരുന്നു. ടീം ഒന്നടങ്കം നന്നായി കളിച്ചു. അത് കൊണ്ട് തന്നെ സമീപകാലങ്ങളിൽ നമ്മുടെ മത്സരങ്ങളിൽ അനുഭവപ്പെട്ടിരുന്ന മടുപ്പ് തീരെ തോന്നിയില്ല. എല്ലാവരും ഒന്നിച്ചു നിന്നപ്പോൾ കാര്യമായ ഭീഷണി ഒന്നും നമ്മുടെ പ്രതിരോധം നേരിട്ടില്ല. അരാഹോ – ലെങ്ലെ കൂട്ടുകെട്ട് നല്ല രീതിയിൽ തന്നെ കളിച്ചു.

അസിസ്റ്റും ഇരട്ട ഗോളുമൊക്കെ ആയി മെസ്സി തിളങ്ങിയെങ്കിലും അത് ഒരു സാധാരണ കാര്യമായതിനാൽ അതിലേക്ക് കൂടുതൽ കടക്കുന്നില്ല. പക്ഷെ ഇവിടെ പ്രത്യേകം പരാമർശിക്കേണ്ട ഒരു പേരുണ്ട്. റിക്കി പുജ്‌ജ്. വളർന്ന് വരുന്ന ഒരു പ്രതിഭയാണെന്ന കാര്യത്തിൽ സംശയമില്ലായിരുന്നെങ്കിലും ഇത്രമേൽ മികവ് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. അക്ഷരാർത്ഥത്തിൽ കിടുക്കിക്കളഞ്ഞു. വെയിലത്തു, കൂടിയ താപനിലയിൽ മുഴുവൻ സമയവും തളരാതെ വല്ലാത്ത എനർജിയോടെ കളിച്ച പുജ്‌ജിന്റെ സ്റ്റാമിന നമ്മൾ കരുതിയതിലും ഏറെയാണ്. വെറുതെ ഓടിക്കളിക്കാതെ മധ്യനിരയെ അറ്റാക്കിലേക്ക് അടുപ്പിച്ചു നിർത്തിയ നീക്കങ്ങളുമായി പുജ്‌ജ് നമ്മൾ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ഒപ്പം ഫാറ്റിയും മികവിലേക്ക് ഉയർന്നു.ഏഴു ഗോളുമായി കന്നി സീസൺ അവിസ്മരണീയമാക്കി. അവസരങ്ങൾ ഏറെ ലഭിച്ചില്ലെങ്കിലും കിട്ടിയ അവസരം അരാഹോ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ മത്സരപരിചയം വഴി ഒരു മികവുറ്റ പ്രതിരോധഭടൻ ഉയർന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു. നഷ്ടങ്ങളേറെയുണ്ടായ ഈ സീസണിലെ കിരീടങ്ങൾ യഥാർത്ഥത്തിൽ ഈ യുവപ്രതിഭകളാണ്. വരും സീസണുകളിൽ നിങ്ങൾ ടീമിന്റെ അഭിവാജ്യഘടകമാകുമെന്ന് കരുതുന്നു.

നന്നായി കളിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിൽ മികവിലേക്കെത്താൻ നമ്മൾ ഇനിയുമേറെ പോകേണ്ടിയിരിക്കുന്നു. മൂന്നാഴ്ചക്കടുത്തു സമയം നമുക്കുണ്ട്.നല്ല രീതിയിൽ തയ്യാറെടുത്തു വന്നാൽ നമുക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാനാകുമെന്ന കാര്യത്തിൽ സംശയമില്ല. കോച്ചും കളിക്കാരും ഒരേമനസ്സോടെ പൊരുതിയാൽ നമുക്ക് മികച്ച പ്രകടനം കാണാം. ചാമ്പ്യൻസ് ലീഗിന്റെ ആരവങ്ങൾക്കായി കാത്തിരിക്കാം.

©www.culesofkerala.com