• Follow

മാച്ച് പ്രിവ്യു – സെവിയ്യാ എഫ്.സി vs എഫ്.സി ബാഴ്സലോണ

  • Posted On June 19, 2020

ഒരു പക്ഷേ ലാഘവത്തോടെ പൊരുതി കയറും എന്ന് വിചാരിച്ച അല്ലെങ്കിൽ കയറേണ്ടിയിരുന്ന ഒരു പോരാട്ടം, വളരെ ശ്രമകരമായ തന്നെ പിടിച്ചു കയറിയ ഒരു രാവ് ആയിരുന്നു കഴിഞ്ഞ ദിവസത്തേത്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങൾ മൂലം ടീമിൽ വന്ന മാറ്റവും ഒപ്പം ലെഗാനസിന്റെ മികച്ച ചങ്ങല പൂട്ടും കാര്യങ്ങൾ ബാഴ്സക്ക് വളരെ പ്രയാസപ്പെടുത്തി. കാര്യങ്ങൾ അങ്ങനെയൊക്കെയിരിക്കെ ഇന്ന് ബാഴ്സ തങ്ങളുടെ മൂന്നാം പോരാട്ടത്തിന് ഇറങ്ങുകയാണ്, വണ്ടി കയറുന്നത് ഒരുപക്ഷേ ലീഗിലെ തന്നെ ഏറ്റവും സുശക്തമായ ആയ ഒരു ടീമിന്റെ മടയിലേക്ക്. ‘ എസ്റ്റാഡിയോ റാമോൺ സാഞ്ചസ് പിസ്ജ്വാൻ ‘ , എന്ന് കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകളാണ് അവരുടെ പ്രശസ്തമായ ഹോസ്റ്റൈൽ ക്രൗഡും തീപാറുന്ന മത്സരങ്ങളും. ഇന്ന് അതൊന്നുമില്ലാതെ സെവിയ്യയുടെ മണ്ണിൽ എങ്ങനെയാവും പോരാട്ടം എന്നുള്ളത് വളരെ കൗതുകകരമായ കാര്യമാണ്.

ബാഴ്സ സംബന്ധിച്ച് വളരെ ദൗർഭാഗ്യകരമായ രണ്ടുമൂന്നു ദിവസങ്ങളാണ് കടന്നുപോയത്, ആദ്യ കളികളിൽ നിർണായകമായ മികവ് പ്രകടിപ്പിച്ച ഫ്രാങ്കിയും റോബോർട്ടോയും സോഫ്റ്റ് ഇഞ്ചുറികൾ മൂലം നിർണായക ദിവസത്തോട് അടുപ്പിച്ച് നഷ്ടമായിരിക്കുകയാണ് സെവിയ്യയുടെ മണ്ണിൽ പന്ത് തട്ടാൻ ഇന്നവർ ഉണ്ടാവില്ല. കൂടെ കഴിഞ്ഞ കളിയിൽ ലീഗിലെ തന്റെ അഞ്ചാമത്തെ യെല്ലോ കാർഡ് വാങ്ങിയ ഉംറ്റിറ്റിയും ഉണ്ടാവില്ല. സസ്പെൻഷൻ കഴിഞ്ഞ് ജോർഡി ആൽബ തിരിച്ചെത്തുന്നതോടെ കഴിഞ്ഞ കളിയിലെ ബാക്ക് ഫോറിൽ നിന്ന് മാറി ഫിർപ്പോ’ക്കു പകരം അദ്ദേഹം ആവും പുതുമുഖം. മധ്യനിരയിൽ പ്രതീക്ഷിച്ചത്ര മികവ് പുലർത്താൻ കഴിയാതിരുന്ന ആർതുർ ഒരുപക്ഷേ വിധാലിന് വേണ്ടി വഴി മാറേണ്ടി വരും. മുന്നേറ്റ നിരയിൽ മെസ്സിക്കൊപ്പം ആരൊക്കെ പങ്കുചേരും എന്നതാണ് ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം. പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത സുവാരസ് സ്റ്റാർട്ട് ചെയ്യാൻ സാധ്യത ഇല്ല എന്നാണ് സെറ്റിയൻ പറഞ്ഞത്. കഴിഞ്ഞ കളിയിൽ വിശ്രമം ലഭിച്ച ബ്രാത്ത്വെറ്റ് എന്തായാലും തുടക്കം മുതലേ ഉണ്ടാവാൻ സാധ്യതയുള്ളതായി കാണുന്നു. അദ്ദേഹത്തിനൊപ്പം ഗ്രീസ്മാൻ ആണോ അൻസു ആണോ ഇറങ്ങുക എന്നതാണ് സംശയം. എതിരാളികളുടെ ബലവും ഇന്റൻസിറ്റിയും പരിഗണിക്കുമ്പോൾ ഗ്രീസ്മാൻ തന്നെയാവും ടീമിന് ഏറ്റവും ആവശ്യം.

ലാ ലിഗയിൽ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് സെവിയ്യ മുൻ സ്പാനിഷ് കോച്ചും മാഡ്രിഡ് കോച്ചുമായിരുന്ന ജൂലിയൻ ലോപെടെഗ്വിയുടെ കീഴിൽ ഒരു യൂണിറ്റയാണ് അവർ കളിക്കുന്നത്. വളരെ മികച്ച ബോൾ പ്രെസ്സിങ്ങും ബോൾ പൊസിഷൻ എബിലിറ്റിയും ഏത് ടീമുകൾക്ക് എതിരെയും മികവ് പ്രകടിപ്പിക്കാൻ അവരെ ഉതകുന്നതാണ്. മുന്നേറ്റനിരയിലെ ചില കളിക്കാർക്ക് കുറച്ചുകൂടി കൃത്യത വന്നിരുന്നെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ ഒരുപാട് ദൂരം അവർ സഞ്ചരിച്ചേനേ. ജീസസ് നവാസും ഡീഗോ കാർലോസും റെഗ്വില്ലോണും അടങ്ങുന്ന അവരുടെ ഡിഫൻസ് അറ്റാക്ക്ലും പ്രതിരോധത്തിലും ഒരുപോലെ ശക്തരാണ്. കൂടെ അർജൻറീനയുടെ യുവ ചാലകശക്തിയായ ഒക്കാമ്പോസിന്റെ എണ്ണയിട്ട യന്ത്രം പോലെയുള്ള മികവും ദാഹവും അവരെ വളരെ ആക്രമണകാരിയായ ടീം ആക്കി മാറ്റുന്നു. 11 ഗോളുകളുമായി സെവിയ്യയുടെ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായി തിളങ്ങുകയാണ് ഒക്കാമ്പോസ്. അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നതിൽ എത്രത്തോളം ബാഴ്സലോണ ഡിഫൻസ് വിജയിക്കുമെന്ന് അനുസരിച്ചാവും ടീമിൻറെ ജയ-പരാജയ സാധ്യതകൾ നിൽക്കുന്നത്. ആ റോളിൽ ടീമിന് വളരെ നിർണായകമായേക്കാവുന്ന സംഭാവന നടത്താൻ കഴിയുന്ന പ്ലേയർ ആണ് ഗ്രീസ്മാൻ, അദ്ദേഹം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ മികവ് ആയിരിക്കും ആ കാര്യത്തിൽ ടീമിന് ഇന്ന് നിർണായകമാകുന്നത്.

എന്തൊക്കെയായാലും കാണികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഇല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ , സെവിയ്യയുടെ മണ്ണിൽ എന്നത്തെയും പോലെ ഇന്ന് തീപാറും. ബാഴ്സക്ക് ഇത് വളരെ നിർണായകമായ രാത്രിയാണ്, എന്തൊക്കെ സംഭവിച്ചാലും മികച്ച രാത്രിയുമായി അവിടെ നിന്ന് കയറി വന്നേ പറ്റുള്ളൂ. നമുക്ക് കാത്തിരിക്കാം, ക്യാപ്റ്റന്റെയും സംഘത്തിന്റെയും പോരാട്ടത്തിനായി.

വിസ്കാ എൽ ബാർസ !

മാച്ച് പ്രിവ്യു
ലാ ലിഗ : മാച്ച് ഡേ – 30.
സെവിയ്യാ എഫ്.സി vs എഫ്.സി ബാഴ്സലോണ
എസ്റ്റാഡിയോ റാമോൺ സാഞ്ചസ് പിസ്ജ്വാൻ.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.

©www.culesofkerala.com