• Follow

മാച്ച് പ്രിവ്യു ബാഴ്‌സലോണ vs മലാഗ

  • Posted On October 21, 2017

ചാമ്പ്യൻസ് ലീഗിന്റെ ആരവങ്ങളിൽ നിന്നും ടീം തിരികെ ലാലീഗയിലേക്ക്. ലീഗ് ഒൻപതാം റൌണ്ട് എത്തുമ്പോൾ ബാഴ്‌സ നേരിടുന്നത് മലാഗയെ. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കഴിഞ്ഞ ലീഗ് മത്സരത്തിന്റെ സമനിലയിൽ നിന്നും വിജയവഴിയിലേക്ക് തിരികെയെത്താനാണ് ബാഴ്‌സയുടെ ശ്രമം. ഒപ്പം ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ മത്സരത്തിലെ ശരാശരി പ്രകടനത്തിന്റെ പേരുദോഷം മായ്ച്ചു കളയാൻ കൂടി ലക്ഷ്യമിട്ടാകും ബാഴ്‌സ കളത്തിലിറങ്ങുന്നത്. മാലാഗയാകട്ടെ അതീവ ദയനീയമായ അവസ്ഥയിലാണ്. ലീഗ് എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു സമനിലയിലൂടെ ലഭിച്ച ഒരേ ഒരു പോയിന്റ് ആണ് സമ്പാദ്യം.ബാക്കി ഏഴിലും തോൽവി. അതുകൊണ്ട് തന്നെ മാനം രക്ഷിക്കാനുള്ള തത്രപ്പാടിലാകും മലാഗ ഇറങ്ങുക.

കണക്കിൽ എന്നും ബാഴ്‌സയാണ് മുൻപിലെങ്കിലും എന്നും ബാഴ്‌സലോണക്ക് തലവേദന സമ്മാനിച്ച ഒരു ടീം ആണ് മലാഗ . ഒരു ടീം എന്ന് പറയുന്നതിനേക്കാൾ ഒരാൾ എന്ന് പറയുന്നതാകും ശരി. കഴിഞ്ഞ സീസൺ വരെ മലാഗയുടെ ഗോൾ വല കാത്ത കീപ്പർ കമേനി എന്നും ബാഴ്‌സലോണക്ക് തലവേദന സൃഷ്ടിച്ചിരുന്ന ഒരാളായിരുന്നു. പോസ്റ്റിനു മുൻപിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ചിരുന്ന കമേനി പലപ്പോഴും ബാഴ്‌സയുടെ വിലപ്പെട്ട പോയിന്റുകൾ അപഹരിച്ചിരുന്നു. എന്തിനേറെ പറയുന്നു കഴിഞ്ഞ സീസണിന്റെ അവസാന സമയങ്ങളിൽ മലാഗക്കെതിരെ വഴങ്ങിയ ഒരു സമനില ലീഗിൽ ബാഴ്‌സയെ രണ്ടാമതെത്തിച്ചു. എങ്കിലും ഈ സീസണിൽ കമേനി മലാഗയിൽ ഇല്ല. അതുകൊണ്ട് തന്നെ മലാഗയുടെ ഗോൾ പോസ്റ്റിൽ കാര്യമായ ഭീഷണി നേരിടേണ്ടി വരില്ല എന്ന കണക്ക് കൂട്ടലിലാണ് ബാഴ്‌സ.

ടീം നോക്കുകയാണെങ്കിൽ കഴിഞ്ഞ മത്സരത്തിന് പ്രഖ്യാപിച്ച സ്‌ക്വാഡ് ലിസ്റ്റ് തന്നെയാണ് ഇന്നും. പരിക്കേറ്റ ജോർദി ആൽബയുടെ സ്ഥിതി ഇത് വരെ വ്യക്തമാകാത്തതിനാൽ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ആൽബയുടെ പകരക്കാരനായി ടീമിൽ ഇടം നേടിയ ഡിന്യേ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഡിന്യേ ഇന്ന് ലെഫ്റ്റ് ബാക്ക് സ്ഥാനം അലങ്കരിക്കും എന്ന് തോന്നുന്നു. ഒരു പക്ഷെ അൽപ്പം പരീക്ഷണങ്ങൾ നടത്താൻ പറ്റിയ ഒരു മത്സരമാണ് ഇന്ന്. പ്രത്യേകിച്ച് കഴിവുണ്ടായിട്ടും ടീമിൽ ഇടം പിടിക്കാൻ കഴിയാതിരുന്ന ഒരു പിടി കളിക്കാരുണ്ട് നമ്മുടെ ടീമിൽ. അവർക്ക് ഒരു അവസരം നൽകണമെന്ന് ശക്തമായ അഭിപ്രായമുണ്ട്. അത് നടപ്പിലാക്കുകയാണെങ്കിൽ ടീമിലെ സാന്നിധ്യങ്ങൾക്ക് ഒരു വിശ്രമവും ആവും. പ്രത്യേകിച്ച് മെസ്സി , സ്റ്റീഗൻ , തുടങ്ങിയവർ തീർച്ചയായും വിശ്രമം അർഹിക്കുന്നു. ഇരുവരും ഇതുവരെ ഈ സീസണിലെ ബാഴ്‌സയുടെ എല്ലാ മത്സരങ്ങളും മുഴുവൻ സമയവും കളിച്ചവരാണ്. ഒപ്പം പിക്വെക്കും വിശ്രമം നൽകണമെന്നാണ് അഭിപ്രായം. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി അദ്ദേഹം ഫോം ഔട്ട് ആണ്. മനഃസാന്നിധ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വരുന്നത് വരെ മാഷെ ആ റോളിൽ കളിച്ചോളും. ഇന്ന് ഡെനിസ് സുവാരസിന് അവസരം നൽകും എന്ന് പ്രതീക്ഷിക്കുന്നു. അവസാനമായി കളിച്ച മത്സരങ്ങളിൽ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ബ്രെക്കിനു ശേഷം വന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഉണ്ടായില്ല. ഇന്നെങ്കിലും അദ്ദേഹത്തിന് അവസരം നൽകേണ്ടതാണ്.

എങ്കിലും കാര്യമായ പരീക്ഷണങ്ങൾക്ക് മുതിർന്ന് ടീമിന്റെ ഘടനയെ ബാധിക്കില്ല എന്ന് കരുതാം. പെട്ടന്ന് ഒരു ദിവസം കുറെയേറെ മാറ്റങ്ങൾ നടപ്പിലാക്കിയാൽ ഫലം നമുക്ക് എതിരാകുമെന്നു കഴിഞ്ഞ സീസണിൽ നമ്മൾ കണ്ടു. അതുകൊണ്ട് അത്തരം അബദ്ധങ്ങൾ ഉണ്ടാകില്ല എന്ന് പ്രത്യാശിക്കാം. മികച്ച ഒരു മത്സരത്തിനായി കാത്തിരിക്കാം.

ലാലിഗ റൌണ്ട് 9
വേദി – കാമ്പ് നോവ് ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 12:15 ന്
തത്സമയം : TEN 2

©Penyadel Barca Kerala

  • SHARE :