• Follow

മാച്ച് റിവ്യൂ – ലാസ് പാമാസ് 1 – 4 ബാഴ്‌സലോണ

  • Posted On May 15, 2017

മികച്ച ഒരു മത്സരം. പ്രതീക്ഷിച്ചതിലും എളുപ്പത്തിൽ ഒരു വിജയം. ഒരു പക്ഷെ ലാസ് പാമാസിന്റെ പാസ്സുകളിലൂടെയുള്ള മുന്നേറ്റത്തെക്കുറിച് വ്യക്തമായി അറിയാവുന്ന ബാഴ്‌സ, മധ്യനിര ഒന്ന് ശക്തിപ്പെടുത്തി അവയെ ആദ്യമേ ഇല്ലാതാക്കിയത് കൊണ്ടായിരിക്കാം, കാര്യമായ ഭീഷണി ലാസ് പാമാസ് ഉയർത്തിയില്ല. ഒപ്പം ഹാട്രിക് മികവിൽ നെയ്മറും തകർത്തപ്പോൾ സന്തോഷം ഇരട്ടിയായി.

ഒരു തിരിച്ചടിയോടെയായിരുന്നു ഇന്ന് മത്സരം ആരംഭിച്ചത് തന്നെ. മത്സരത്തിന് മുന്നോടിയായുള്ള വാം അപ്പിനിടയിൽ മാഷെ പരിക്കേറ്റ് പിന്മാറി. പരിക്ക് മൂലം പിക്വെയും , സസ്‌പെൻഷൻ മൂലം റോബർട്ടോയും കളിക്കാനില്ലാത്ത ബാഴ്‌സക്ക് വല്ലാത്തൊരു പ്രഹരമായിരുന്നു അത്. ഒടുവിൽ റൈറ്റ് വിങ് ബാക്കായി ഡിന്യേയും സെന്റർ ബാക്കായി മാർലോൺ സാമുവൽസും കളത്തിലെത്തി.

തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പതിയ ബാഴ്‌സ മത്സരത്തിലേക്കെത്തി. മെസ്സിയും സുവാരസും ഇനിയേസ്റ്റയുമെല്ലാം ചേർന്ന് അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോളുകൾ അകന്ന് നിന്നു . ഒടുവിൽ ബുസ്കെറ്സിന്റെ ഒരു ബാക് ഹീൽ പാസിൽ ഇനിയേസ്റ്റയുടെ ഒരു കിടിലൻ പാസും, സുവാരസിന്റെ അസിസ്റ്റും ! നെയ്മർ ആദ്യ ഗോൾ നേടി. ആ ഗോളിനെക്കാൾ നമ്മെ സന്തോഷിപ്പിക്കുന്നത് അത് വന്ന വഴിയാണ്. ബുസ്കെറ്സിന്റെ ആ പാസ് ലോകോത്തരം. രണ്ടു മിനുറ്റുകൾക്കകം അടുത്ത ഗോൾ വീണു. ഇത്തവണ സുവാരസിനെ സഹായിക്കുക എന്ന ജോലി നെയ്മർ നിർവ്വഹിച്ചു. നെയ്മറുടെ ഒരു അവിസ്മരണീയ പാസിൽ , ഓടിയെത്തിയ സുവാരസ് അതിമനോഹരമായ ഒരു ചിപ്പ് ഗോൾ.
രണ്ടാം പകുതി അൽപ്പം ആലസ്യത്തോടെ തുടങ്ങിയ ബാഴ്‌സക്ക്‌ ആദ്യ പ്രഹരമേറ്റു. ഒന്ന് അയഞ്ഞു നിന്നിരുന്ന ഡിഫെൻസിനെ കബളിപ്പിച്ചു അതിവേഗം മുന്നേറിയ ലാസ് പാമാസ് ഒരു ഗോൾ തിരിച്ചടിച്ചു. തെറ്റിന് അർഹിച്ച പിഴ. പക്ഷെ തൊട്ടുടനെ നെയ്മർ ബാഴ്‌സയെ മത്സരത്തിലേക്ക് കൊണ്ട് വന്നു. റാകിയുടെ ഒരു ക്രോസിൽ ഒരു ഹെഡ്ഡർ. തൊട്ടുപിന്നാലെ ആൽബയുടെ ഒരു അസ്സിസ്റ്റിൽ ഒരു തൂവൽസ്പർശമുള്ള സ്പർശനത്തിലൂടെ നെയ്മർ തന്റെ ഹാട്രിക്കും തികച്ചു.

  • SHARE :