• Follow

മാച്ച് റിവ്യൂ – കോപ ഡെൽ റേ – ആദ്യ പാദം – ബാഴ്‌സലോണ 1 VS 0 റയൽ സോസിദാദ് –

  • Posted On January 20, 2017

അനോയേറ്റയിലെ ശാപം ഇനി പഴംകഥ. നീണ്ട ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ റയൽ സോസിദാദിന്റെ ഹോം ഗ്രൗണ്ട് ആയ അനോയേറ്റയിൽ ബാഴ്‌സ ചരിത്രം കുറിച്ച് കൊണ്ട് വിജയിച്ചു. ഈ തണുത്ത രാവിൽ , ഹൃദയം കൊണ്ട് കളിച്ച ബാഴ്‌സയും നെഞ്ചിടിപ്പുമായി കാത്തിരുന്ന ആരാധകരും ചേർന്നപ്പോൾ വഴിമാറിയത് കാലങ്ങളായി ബാഴ്‌സയെ പിന്തുടർന്നിരുന്ന ആ പരീക്ഷണം. ഇനിയൊരു വിജയരഹിതമായ ഫലം ബാഴ്‌സക്ക് അപ്രാപ്യമായപ്പോൾ, വിജയത്തിന് വേണ്ടി കളിക്കാർ എല്ലാം മറന്ന് കളിച്ചപ്പോൾ, നമ്മൾ ആർത്തലച്ചപ്പോൾ, ചരിത്രം വഴിമാറുകയായിരുന്നു.

ഒരു ഡിഫെൻസിവ് രീതിയിലാണ് ഇന്ന് ലൂചോ ടീമിനെ സജ്ജീകരിച്ചതു. അതിനു ആദ്യത്തെ മാർക്ക്. കാരണം സ്വതവേ ഹൈ ലൈനിൽ കളിക്കുന്ന ബാഴ്‌സയുടെ, പിൻനിര മുന്നോട്ട് ആഞ്ഞു നിൽക്കുന്ന അവസരം മുതലെടുത്താണ് പലപ്പോഴും എതിരാളികൾ സ്‌കോർ ചെയ്യുന്നത്. അതുകൊണ്ടാകാം, ഇന്ന് ലൂചോ അധികം മുന്നോട്ട് കയറാൻ ടീമിനെ അനുവദിച്ചില്ല. ഫലത്തിൽ മുന്നേറ്റവും മധ്യനിരയും , ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിലയുറപ്പിച്ചപ്പോൾ, നമ്മുടെ ബോക്സിനു തൊട്ടു മുന്നിൽ ആയിരുന്നു പ്രതിരോധം നിലയുറപ്പിച്ചത്. കളിയുടെ തുടക്കം മുതൽ സോസിദാദ് കളിക്കാർ മുന്നോട്ട് കയറാൻ പ്രലോഭിപ്പിച്ചെങ്കിലും, ബാഴ്‌സ അധികം ആക്രമണ സ്വഭാവം പുറത്തെടുത്തില്ല. സാധാരണ പോലെ കളിക്കുക, അവസരം വീണുകിട്ടുമ്പോൾ ശ്രമിക്കുക. അതുകൊണ്ട് തന്നെയാണ് ഇന്ന് ബാഴ്‌സയുടെ ആകെ ഷോട്ടുകളിൽ രണ്ടെണ്ണം മാത്രം ഓൺ ടാർജറ്റ് ആയതു.

അൽപ്പം പതിഞ്ഞാണ്‌ മത്സരം തുടങ്ങിയത്. മുൻപേ പറഞ്ഞത് പോലെയൊരു ഡിഫെൻസിവ് ഫോർമേഷൻ. കളിക്കാർ അധികം മുന്നോട്ട് കയറുന്നില്ല. ആദ്യനിമിഷങ്ങളിലെ സോസിദാദിന്റെ ഒരു പെനാൽറ്റി ഒഴിവാക്കിയ ബാഴ്‌സ , ആദ്യ പത്തുനിമിഷം അധികം ആക്റ്റീവ് ആയിരുന്നില്ല. സോസിദാദ് ഒരു ആക്രമണ രീതിയിൽ കളിച്ചെങ്കിലും ബാഴ്‌സ ആ പ്രലോഭനത്തിൽ വീണില്ല. സാദാ സമയവും ഒരു സംയമനത്തോടെയാണ് കളിച്ചത്. അതിനിടെ ബോക്സിൽ നെയ്മർ വെട്ടിച്ചു കയറി നിറയൊഴിക്കുമെന്നു തോന്നിച്ചെങ്കിലും, മെസ്സിക്ക് നൽകിയ പാസ് സ്വീകരിക്കാൻ മെസ്സിക്കായില്ല. നെയ്മറുടെ കഴിവിന് അതൊക്കെ സുന്ദരമായ ഗോളുകൾ ആയി രൂപപ്പെടുമെങ്കിലും, ആ അവസരം മെസ്സിക്ക് നൽകാനായിരുന്നു നെയ്മറുടെ തീരുമാനം. അധികം നീണ്ടില്ല, നെയ്മറിലൂടെ തന്നെ ഗോൾ പിറന്നു. മൈതാന മധ്യത്തു സോസിദാദിൽ നിന്നും മിസ് ആയ ഒരു പന്ത് അതിവേഗം കുതിച്ചപ്പോൾ നെയ്മർ പിറകെയെത്തി. നെയ്മറെ തടയാനുള്ള ഡിഫെൻഡറുടെ നീക്കം ഒരു ഫൗളിൽ പര്യവസാനിച്ചു. കിക്കെടുത്ത നെയ്മർ സമ്മർദമേതും കൂടാതെ സുന്ദരമായി അത് വലയിലെത്തിച്ചു. ബാഴ്‌സയ്ക്ക് വിലപ്പെട്ട ഒരു എവേ ഗോൾ. ഒരു ഗോളിന് പിന്നിട്ടു നിന്നെങ്കിലും സോസിദാദ്, അധികം ആക്രമിക്കാനും മുതിർന്നില്ല. ഒരു പക്ഷെ കൗണ്ടർ അറ്റാക്ക് എന്ന തന്ത്രമായിരിക്കാം. എങ്കിലും പതിവിൽ നിന്നും വിപരീതമായി അധികം മുന്നോട്ട് കയറാതെ സംയമനത്തോടെ കളിച്ച ബാഴ്‌സ ആ നീക്കം ആദ്യപകുതിയിൽ നിർവീര്യമാക്കി.

രണ്ടാം പകുതി ഇനിയേസ്റ്റ ഇല്ലാതെയാണ് ബാഴ്‌സ കളത്തിലെത്തിയത് . പകരം ഗോമസ് ആയിരുന്നു ആ സ്ഥാനത്തു വന്നത്. പ്രതീക്ഷകൾ അസ്ഥാനത്തായില്ല . മികച്ചു തന്നെ കളിച്ചു അദ്ദേഹം. രണ്ടാം പകുതിയിൽ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ബാഴ്‌സയെ കണ്ടത്. മെസ്സിയും നെയ്മറും സുവാരേസുമെല്ലാം നന്നായി ഇണങ്ങി കളിച്ചു. എങ്കിലും ഗോളുകളിലേക്ക് ഷോട്ടുകൾ ഉതിർക്കുന്നതു സോസിദാദ് കൃത്യമായി തടഞ്ഞു. ഇടക്ക് ഗോമസും മിന്നൽ ആക്രമണങ്ങളുടെ ഗോൾ മുഖം റൈഡ് ചെയ്‌തെങ്കിലും അവസാന ശ്രമങ്ങളിൽ അതെല്ലാം നിഷ്ഫലമായി. ഇടയിൽ കിട്ടിയ അവസരങ്ങൾ സോസിദാദ് മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും കട്ടക്ക് നിന്ന നമ്മുടെ പ്രതിരോധം കാര്യമായ കേടുപാടുകൾ കൂടാതെ കാത്തു. ഇടയിൽ സോസിദാദിന്റെ ഒരു മികച്ച ഫ്രീകിക്കും നെയ്മർക്കെതിരെയുള്ള ഫൗളിന് പെനാൽറ്റി വിധിക്കാത്തതും റഫറിയിങ്ങിലെ കല്ല് കടിയായി. ഒരു മികച്ച മത്സരത്തിന്റെ ഗതി തന്നെ കീഴ്മേൽ മറിക്കും ഇത്തരം തീരുമാനങ്ങൾ. ഒടുവിൽ തൊണ്ണൂറ്റി മൂന്നാം മിനുറ്റിൽ റഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോൾ, ഒരു ചരിത്രമാണ് ഈ തണുത്ത രാവിൽ പിറന്നുവീണതു.

ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ :

* നെയ്മർ : പൊളിച്ചു മുത്തേ. കിടു കളി . ഇന്ന് നമ്മുടെ നീക്കങ്ങളത്രയും ഇടതു ഭാഗത്തായിരുന്നു. അതിനെല്ലാം ചുക്കാൻ പിടിച്ചത് നെയ്മറും. ഇന്ന് അവസരങ്ങൾ മൊത്തം തുറന്നെടുത്ത് ഇദ്ദേഹമായിരുന്നു. ഒപ്പം അർഹിച്ച ഗോളും. മാത്രമല്ല ഇന്ന് ഡിഫെൻസിവ് ഭാഗത്തും നെയ്മർ പേരാണ് കളിക്കുന്നുണ്ടായിരുന്നു. ഇന്നത്തെ താരം നെയ്മർ തന്നെ.

* ഇനിയേസ്റ്റ & ഗോമസ് : ആദ്യ പകുതിയിൽ ഇന്വേസ്റ്റയും രണ്ടാം പകുതിയിൽ ഗോമസും ആ ഭാഗം നന്നാക്കി. രണ്ടുപേരുടെയും ട്രേഡ് മാർക്ക് നീക്കങ്ങൾ കാണാനുണ്ടായിരുന്നു.

* മധ്യനിരയും പ്രതിരോധവും : സോസിദാദിന്റെ നീക്കങ്ങൾ അമ്പേ പരാജയപ്പെടുത്തുന്നതിൽ ഇവർ രണ്ടു കൂട്ടരും മികച്ചു നിന്നു . അതിന്റെ ഫലം തന്നെയാണ് ഇന്നത്തെ വിജയവും.

* സില്ലിസൺ : ബാഴ്‌സയ്ക്ക് വേണ്ടത് പോലെ ഒരു ബാൾ പ്ലേയിങ് കീപ്പർ. ഏതു സാഹചര്യത്തിലും സംയമനം വിടാതെ കളിക്കുന്നുണ്ട്. ഈ പ്രകടനം തുടരുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* മെസ്സി : എന്നത്തേയും പോലെ കളിയിൽ മികച്ചു നിന്നെങ്കിലും ആൾ ഇന്ന് അൽപ്പം മൂഡ് ഓഫ് ആണെന്ന് തോന്നുന്നു. പതിവിനു വിപരീതമായി, അൽപ്പം കലിപ്പ് റോൾ ആയിരുന്നു. ആവശ്യമില്ലാതെ ഒരു കാർഡും വാങ്ങി. വേണ്ടായിരുന്നു എന്ന് തോന്നുന്നു. പ്രത്യേകിച്ച് ഒരു ഫൗളിന് ശേഷം കാർഡിനായി എതിർ ടീം മുറവിളി കൂട്ടുന്നത് കണ്ടപ്പോൾ,

* ബുസ്കെറ്സ് , സില്ലിസൺ , ഉംറ്റിറ്റി ,ഗോമസ് തുടങ്ങി ഒട്ടുമിക്ക പേരും ആളാംവണ്ണം മിസ്പാസുകൾ ഉണ്ടായിരുന്നു. അത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് പന്ത് നമ്മുടെ ബോക്സിൽ തന്നെയുള്ളപ്പോൾ.

മത്സരം ഇവിടം കൊണ്ട് തീരുന്നില്ല. ഇനിയും ഒരു പാദം കൂടി ഉണ്ട്. അവിടെയും നന്നായി കളിച്ചാലേ മുന്നോട്ടുള്ള പ്രയാണം സാധ്യമാകൂ. ഇത് ഫുട്ബാൾ ആണ്. അത്ഭുദങ്ങൾ സംഭവിക്കാം. ഇന്നത്തെ വിജയം ഏറെ സന്തോഷമാണെങ്കിലും അടുത്ത ആഴ്ച ഇതിലും മികച്ച ഒരു പ്രകടനം പുറത്തെടുത്തു ടീം ആധികാരികമായി മുന്നോട്ട് പോകുമെന്ന് പ്രത്യാശിക്കുന്നു.

  • SHARE :