മാച്ച് റിവ്യൂ ~ സ്പോർട്ടിങ് ലിസ്ബൺ 0 – 1 ബാഴ്‌സലോണ
രണ്ടാം വിജയവുമായി ബാഴ്‌സ ഗ്രൂപ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത്.
ഇന്ന് ജയിക്കാൻ ബാഴ്‌സ അർഹരാണോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഉത്തരം നൽകേണ്ടി വരും. കൃത്യമായ ധാരണയോടെ ആക്രമിച്ചും പ്രധിരോധിച്ചും കളം നിറഞ്ഞു കളിച്ച സ്പോർട്ടിങ് ലിസ്ബൺ അർഹിച്ച വിജയം ഒരു സെൽഫ് ഗോളിന്റെ സഹായത്തോടെ ബാഴ്‌സ പിടിച്ചു വാങ്ങുകയായിരുന്നു എന്ന് പറയാം. ബാഴ്‌സ നിരയിൽ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും നിറം മങ്ങിയപ്പോൾ നമ്മളെ അതീവ നിരാശരാക്കുന്ന ഒരു മത്സരത്തിനാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. ചാമ്പ്യൻസ് ലീഗിൽ നമ്മുടെ ടീമിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത മോശം പ്രകടനം.
കളിയുടെ ഒരു മേഖലയിൽ പോലും ബാഴ്‌സ തങ്ങളുടെ ആധിപത്യം സൃഷ്ട്ടിച്ചതായി തോന്നിയില്ല. ആദ്യ നിമിഷം മുതൽ അതിവേഗ നീക്കങ്ങളുമായി സ്പോർട്ടിങ് ബാഴ്‌സയെ പരീക്ഷിക്കാൻ തുടങ്ങി. സാധാരണ ഗതിയിൽ ഇത്തരം അവസരങ്ങളിൽ കളിയുടെ വേഗം കുറച്ചു കളി കൈയിലാക്കാൻ ബാഴ്‌സ ശ്രമിക്കാറുണ്ടെങ്കിലും പക്ഷെ ഇന്ന് അതിനു കഴിഞ്ഞില്ല. കൃത്യമായി പാസിംഗ് ലൈനുകൾ മുറിച്ച സ്പോർട്ടിങ് ബാഴ്‌സയുടെ ആത്മവിശ്വാസം കെടുത്തിയപ്പോൾ കളിക്കാർ പിഴവുകൾ സൃഷ്ട്ടിക്കാൻ ആരംഭിച്ചു. കളിയുടെ ആദ്യ നിമിഷങ്ങളിൽ കഴിഞ്ഞ മത്സരത്തിലെന്ന പോലെ ലോങ്ങ് ബോളുകൾക്കും ശ്രമങ്ങൾ ഉണ്ടായപ്പോൾ ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നത് പലതവണയാണ്. മികച്ച ഒരു നീക്കം പോലും സൃഷ്ടിക്കാനാകാതെയാണ് ആദ്യ പകുതിക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്‌സക്ക് അനുകൂലമായ ഗോൾ വന്നു. മെസ്സിയെടുത്ത ഫ്രീക്കിക് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ എതിർ ഡിഫൻഡറുടെ ദേഹത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു. അധികമൊന്നും ബാഴ്‌സക്ക് അവകാശപ്പെടാനില്ലാത്ത ഗോൾ. ഒരു ഗോൾ നേടിയെങ്കിലും കളിയുടെ ഗതിയിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. കളി ബിൽഡപ്പ് ചെയ്യാനും ഫിനിഷ് ചെയ്യാനുമൊക്കെ മറന്നവരെ പോലെ ബാഴ്‌സ കളിച്ചപ്പോൾ ഏതു നിമിഷവും സ്പോർട്ടിങ് തിരിച്ചടിക്കുമെന്ന് തോന്നി. ഒരു തവണ ലഭിച്ച ഓപ്പൺ ചാൻസ് ടെർ സ്റ്റീഗന്റെ മികവ് കൊണ്ട് മാത്രമാണ് ലക്ഷ്യത്തിലെത്താതിരുന്നത്. ഏറെ വൈകി കളത്തിലെത്തിയ പൊളിഞ്ഞോയുടെ ഒരു ശ്രമം മാത്രമാണ് രണ്ടാം പകുതിയിൽ ബാഴ്‌സയുടെ ആകെയുള്ള മികച്ച നീക്കം. അവസാന നിമിഷങ്ങളിൽ സ്പോർട്ടിങ് ഒരു ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും അവരുടെ നിർഭാഗ്യം സീസണിലെ അവരുടെ ആദ്യത്തെ തോൽവിക്ക് കാരണമായി.
ആദ്യമേ പറഞ്ഞത് പോലെ ടീം ഒന്നടങ്കം മോശമായിരുന്നു. ഒന്നോ രണ്ടോ പേരൊഴിച്ചു എല്ലാവരും മോശമായാണ് കളിച്ചത് . മെസ്സിയും മോശമായപ്പോൾ ബാഴ്‌സ ആകെ പരുങ്ങലിൽ ആയി.മുൻമത്സരങ്ങളിലെ ഉഴപ്പ് സുവാരസ് തുടർന്നപ്പോൾ പലതവണ നമുക്ക് രോഷം ഇരച്ചുകയറി. മധ്യനിരയിൽ ഏറ്റവും നിരാശപ്പെടുത്തിയത് റാക്കിറ്റിച് ആയിരുന്നു. കളിയുമായി ഒരു സിങ്കും ഇല്ലാതിരുന്ന റാക്കി നമ്മൾ അദ്ദേഹത്തിൽ നിന്നും അടുത്ത കാലത്തു കണ്ട മോശം പ്രകടനങ്ങളിൽ ഒന്നാണ് ഈ മത്സരത്തിൽ കാഴ്ചവെച്ചത്.ചില നിമിഷങ്ങളിൽ ഇനിയേസ്റ്റയുടെ ഭാഗത്തു നിന്നുമുണ്ടായ നീക്കങ്ങളാണ് മത്സരത്തിൽ ആകെ കൂടി ആവേശം നിറച്ചത്. സെമെഡോ ആദ്യ പകുതിയിൽ നന്നായിരുന്നെങ്കിലും രണ്ടാം പകുതിയിൽ പാളിപ്പോയി. ആൽബയാണെങ്കിൽ വിങ്ങിൽ കുഴപ്പമില്ലാതെ മുന്നറിക്കളിച്ചെങ്കിലും അത് സ്പോർട്ടിങ് നന്നായി മുതലെടുത്തിരുന്നു. അവരുടെ റൈറ്റ് വിങ് അത് കൊണ്ട് നന്നായി ആക്റ്റീവ് ആയിരുന്നു. പിക്വെ കഴിഞ്ഞ മത്സരത്തിലെ ശോകം പെർഫോമൻസ് തുടർന്നപ്പോൾ ഉംറ്റിറ്റി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ടെർ സ്റ്റീഗനും ഉംറ്റിറ്റിയും മാത്രമാണ് ഇന്ന് മികവോടെ കളിച്ചു എന്ന് പറയാവുന്ന കളിക്കാർ.
എവേ മത്സരങ്ങളിലെ ഇടർച്ച വളരെ വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മൂന്ന് എവേ മത്സരങ്ങളിലെ റിസൾട്ടുകൾ. ഇതിനു ഒരു പരിഹാരം കണ്ടേ തീരൂ. ഇതുപോലെയുള്ള പ്രകടനവുമായി ലീഗിൽ ചെന്നാൽ കളി അറിയാവുന്ന ടീമുകൾ പോയിന്റ് സ്വന്തമാക്കും എന്ന് ഉറപ്പാണ്. അനിവാര്യമായിട്ടും സമയത്തിന് സബ്സ്റ്റിട്യൂഷൻ നടത്താതിരുന്നതും ഇന്ന് ഏറെ അത്ഭുദം ഉണർത്തി. മോശമായി കളിക്കുന്നു എന്ന് തോന്നിയാൽ തക്കതായ സബ്സ്റ്റിട്യൂഷൻ നടത്തേണ്ടതുണ്ട്. അതിനു പ്രാപ്തരായ കളിക്കാരുമുണ്ട്. എന്നിട്ടും ഇന്ന് സബ്സ്റ്റിട്യൂഷൻ നടത്താൻ വൈകിയത് എന്തിനെന്നറിയില്ല.
ഇന്നത്തെ മത്സരം ഞങ്ങളെ സംബന്ധിച്ചിടത്തോളം ബാഴ്‌സ പരാജയപ്പെട്ടതായാണ് ഞങ്ങൾ കണക്കാക്കുന്നത്.ഒന്നോ രണ്ടോ മോശം പ്രകടനം കൊണ്ട് തള്ളിപ്പറയുകയല്ല. മറിച്ചു തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. ഓരോ മത്സരവും ഓരോ പാഠങ്ങളാണ് എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. തെറ്റുകൾ തിരിച്ചറിഞ്ഞു ആവിശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന മത്സരങ്ങളിൽ ഭാഗ്യത്തിന്റെ അകമ്പടിയില്ലാതെ മികച്ചു കളിച്ചു തന്നെ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കാത്തിരിക്കാം.
© Penyadel Barca Kerala