• Follow

മാച്ച് റിവ്യൂ – സെവിയ്യ 0 – 0 ബാഴ്‌സലോണ

  • Posted On June 20, 2020

നിരാശ. ഒറ്റ വാക്കിൽ ഇന്നലത്തെ മത്സരത്തെ അങ്ങനെ വിശേഷിപ്പിക്കാം. അവസാന ദിനങ്ങളിലേക്ക് അടുക്കുന്ന ലീഗിൽ ഇനി ഒരു ഇടർച്ച പോലും ആത്മഹത്യാപരമെന്ന് അറിഞ്ഞിട്ടും, ഇന്നലെ നമ്മൾ വീണു. റാമോൺ പിസ്വാനിൽ സെവിയ്യയെ നേരിടുന്നത് എളുപ്പമല്ല എന്ന് അറിയാമായിരുന്നെങ്കിലും, നമുക്ക് ജയം അല്ലാതെ മറ്റൊന്നും സ്വീകാര്യമായിരുന്നില്ല. ഇടവേളക്ക് ശേഷം തരക്കേടില്ലാതെ കളിച്ച ടീം ഇന്നലെ മുഴുവൻ ഫോമിലേക്കുയർന്നു വരുമെന്ന പ്രതീക്ഷ ഏറെയായിരുന്നു. പക്ഷെ ടീമിന് ഇന്നലെ അതിനു സാധിച്ചില്ല. പലപ്പോഴും തോൽവിയുടെ വക്കിൽ നിന്നും രക്ഷപെട്ട് ഇന്നലെ ഒരു സമനിലയുമായി സെവിയ്യയിൽ നിന്നും മടങ്ങി. ലീഗിലെ നിലനിൽപ്പ് ഇതോടെ അനിശ്ചിതത്വത്തിലായി.

സർപ്രൈസുമായിട്ടായിരുന്നു ലൈൻ അപ്പ് പ്രഖ്യാപനം. നീണ്ട ഇടവേളക്ക് ശേഷം വരുന്ന സുവാരസ് ആദ്യ ഇലവനിൽ സ്ഥാനം നേടിയത് അതിശയിപ്പിച്ചു. ഒപ്പം മെസ്സിയും ബ്രൈത്‌വൈറ്റും ചേർന്ന് മുൻനിര തയ്യാറായി. ഡി യോങ് ചെറിയ ബുദ്ധിമുട്ടിനെ തുടർന്ന് ടീമിൽ ഇല്ലാതിരുന്നതിനാൽ ബുസ്കെറ്റ്സ് – റാക്കിറ്റിച് – വിദാൽ ത്രയം മധ്യനിരയിൽ എത്തി. പിൻനിരയിൽ ആൽബ തിരികെ എത്തി, റോബർട്ടോ പരിക്കിലായതിനാൽ സെമെഡോ ആദ്യ ഇലവനിൽ എത്തി, ഒപ്പം പീക്കേയും ലെങ്ളെയും വന്നതോടെ ഡിഫെൻസിവ് ലൈൻ അപ്പ് സെറ്റ് ആയി. ഒപ്പം സ്റ്റീഗൻ വല കാക്കാൻ എത്തി.

ആദ്യ പകുതി അത്യാവശ്യം നല്ല രീതിയിൽ കളിച്ചു എന്ന് പറയാം. പ്രത്യേകിച്ച് നമ്മുടെ രണ്ടു വിങ് ബാക്കുകൾക്കും ആക്രമണത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞു. ആൽബയും സെമെഡോയും മികച്ച ഫോർവേഡ് റണ്ണുകൾ നൽകിയതോടെ ബ്രൈത്‌വൈറ്റ് അധികം വൈഡ് ആയി പോകാതെ കളിക്കാനായി. പക്ഷെ ആക്രമണത്തിൽ നമുക്ക് മൂർച്ച കുറവായിരുന്നു. ഒരു മികച്ച ശ്രമം പോലും നടത്താൻ നമുക്കായില്ല. എടുത്തു പറയാവുന്ന ഒരു അവസരം മെസ്സി സൃഷ്ടിച്ചതായിരുന്നു. ഇഷ്ട പൊസിഷനിൽ നിന്നും മെസ്സി തൊടുത്തുവിട്ട ഫ്രീകിക്ക്, വലയിലേക്ക് ആഴ്ന്നിറങ്ങാൻ തുനിഞ്ഞപ്പോൾ സെവിയ്യ ഡിഫൻഡർ അവസാന നിമിഷം ഹെഡ്ഡ് ചെയ്ത് അകറ്റി. ആദ്യ പകുതിയിൽ കൊള്ളാമെന്ന് പറയാവുന്ന അവസരം അത് മാത്രമായിരുന്നു. രണ്ടാം പകുതി പക്ഷെ തീർത്തും വിഭിന്നമായിരുന്നു. സെവിയ്യയുടെ ഒരു തന്ത്രവും അതിൽ ഒരു പരിധി വരെ കാരണമാണ്. സെവിയ്യയുടെ അർജന്റീനിയൻ മധ്യനിര താരം എവർ ബനേഗ രണ്ടാം പകുതിയിൽ ഇറങ്ങിയതോടെ കളിയുടെ ഗതി മാറി. ഇരു വിങ്ങുകളിലേക്ക് അദ്ദേഹം തൊടുത്തുവിട്ട ലോങ്ങ് ബോളുകൾ നമ്മുടെ പ്രതിരോധത്തെ പിടിച്ചു കുലുക്കി. മുനീറും ഒക്കാമ്പോസും അത് മുതലെടുത്തു വിങ്ങുകളിൽ അഗ്നി പടർത്തി. പലപ്പോഴും സ്റ്റീഗന്റെ മാന്ത്രിക കരങ്ങളാണ് ബാഴ്‌സയെ രക്ഷിച്ചത്. അതോടെ നമ്മുടെ വിങ് ബാക്കുകൾക്ക് മുന്നേറാൻ കഴിയാതെ പ്രതിരോധത്തിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നു. ഒപ്പം കളിക്കാരെല്ലാം പതിയെ തളരുക കൂടി ചെയ്തപ്പോൾ ഒച്ചിഴയുന്ന വേഗത്തിലായി നമ്മുടെ കളി. ക്ഷീണിതനായി കാണപ്പെട്ട സുവാരസിനെ മാറ്റാതെ ബ്രൈത്‌വൈറ്റിനെയും, റാകിറ്റിച്ചിനെയും,വിദാലിനെയും ഒക്കെ മാറ്റി കോച്ചും മൊത്തത്തിൽ ഞെട്ടിച്ചു. പിന്നെയും ലഭ്യമായിരുന്ന രണ്ട് സബ്സ്റ്റിട്യൂട്ടുകൾ ഉപയോഗിക്കാതെ മത്സരം അവസാനിച്ചപ്പോൾ നഷ്ടം നമുക്ക്.

ഒട്ടേറെ കാര്യങ്ങളിൽ നമ്മൾ മെച്ചപ്പെടാനുണ്ട്. തന്ത്രങ്ങളും, ശാരീരിക ക്ഷമതയും , നീക്കങ്ങളും, പ്രതിരോധവും എന്തിനേറെ പറയുന്നു കളിക്കാരുടെ മനോനില തന്നെയും വിമർശനവിധേയമാണ്‌.ആദ്യ പകുതിയിൽ തരക്കേടില്ലാതെ കളിച്ചെങ്കിലും രണ്ടാം പകുതിയിൽ നമ്മൾ പറ്റെ മങ്ങിപോയി. കളിയിൽ വലിയ മാറ്റങ്ങൾ വരുമ്പോൾ അതിനനുസരിച്ചു തന്ത്രം മാറ്റാൻ കഴിയേണ്ടതാണ്. ഒരൊറ്റ പ്ലാനുമായി കളിക്കാൻ പോയാൽ എങ്ങുമെത്തില്ല. നീണ്ട ഇടവേളക്ക് ശേഷം എല്ലാവർക്കും ശാരീരികക്ഷമത കുറവാണ്. അതിനാൽ തന്നെയാണ് അഞ്ച് സബ്സ്റ്റിറ്റ്യൂട്ടുകൾ അനുവദിച്ചിരിക്കുന്നത്. എന്നാൽ അത് പ്രയോജനപ്പെടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നില്ല. നടത്തിയ മൂന്ന് മാറ്റങ്ങളും അവസരത്തിനൊത്തുയർന്നതായിരുന്നോ എന്ന് തോന്നുന്നില്ല. അഞ്ച് മാസം പുറത്തിരുന്നെത്തിയ സുവാരസ് രണ്ടാം പകുതിയുടെ തുടക്കം മുതൽ ക്ഷീണിതനായി കാണപ്പെട്ടിട്ടും അദ്ദേഹം മത്സരം പൂർത്തിയാക്കി എന്നത് അതിശയകരമാണ്. അതുപോലെ കളിയിൽ വലിയ മാറ്റങ്ങൾ അനിവാര്യമായിട്ടും, പുജ്ജിന്റെ സബ്സ്റ്റിട്യൂഷൻ വരുന്നത് മത്സരം അവസാനിക്കാൻ കേവലം ഒരു നിമിഷം മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു. സാധാരണ സമയം നഷ്ടപ്പെടുത്താനാണ് ഈ നീക്കം കണ്ടിട്ടുള്ളത്. ഇവിടെ വിജയം വേണ്ടിയിരുന്നത് നമുക്കായിരുന്നു.

നല്ല ത്രൂപാസുകൾ കണ്ടിട്ട് കാലമേറെയായി. പ്രധിരോധത്തെ പിളർത്തി നൽകുന്ന പാസുകൾ ഇപ്പോൾ ഓർമ്മകൾ മാത്രമാണ്. അല്ലെങ്കിൽ ഒരു ലോങ്ങ് റേഞ്ച് ശ്രമം ഒക്കെ സമരണകളിൽ മാത്രമാണ്. ഒരു പക്ഷെ അത് നമ്മുടെ ശൈലിയല്ലായിരിക്കാം. പക്ഷെ മത്സരത്തിൽ നമ്മുടെ ഉദ്ദേശം നടക്കാതെ വരുമ്പോൾ ആവനാഴിയിലെ സർവ്വായുധങ്ങളും നമ്മൾ പരീക്ഷിക്കണം. അതുപോലെ ഒച്ചിഴയുന്ന വേഗത്തിലുള്ള ട്രാൻസിഷൻ നമ്മൾ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു അവസരം ലഭിക്കുമ്പോൾ അതിവേഗം അത് നമുക്ക് അനുകൂലമാക്കാൻ ശ്രമിക്കണം എന്നത് ഫുട്ബോളിലെ ഒരു ബാലപാഠമാണ്. പക്ഷെ വളരെ പതിയെ അറ്റാക്കിലേക്ക് നീങ്ങുന്ന നമ്മൾ, എതിരാളികൾക്ക് തയ്യാറാകാൻ ആവശ്യത്തിലധികം സമയം നൽകുകയാണ്.സ്വതവേ ആക്രമണത്തിന് മൂർച്ച കുറഞ്ഞ നമുക്ക്, അതോടെ എതിരാളികൾ തീർക്കുന്ന വന്മതിലുകൾ ഭേദിക്കാനാവാതെ വരുന്നു.

ഏത് തിരിച്ചടികൾക്കിടയിലും നമ്മൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴും അതുണ്ട്. ലീഗിലെ കാര്യം ബുദ്ധിമുട്ടിലാണെന്നറിയാം, പക്ഷെ അവസരങ്ങൾ ഇനിയുമുണ്ട്. നമ്മുടെ തെറ്റുകളെ പറ്റി പഠിക്കട്ടെ, തിരുത്താൻ തയ്യാറാവട്ടെ. മികച്ച വിജയങ്ങളോടെ തിരികെയെത്താം എന്ന് പ്രതീക്ഷിക്കുന്നു.

©www.culesofkerala.com