• Follow

◀മാച്ച് റിവ്യൂ▶ സെവിയ്യ 2-0 ബാഴ്സലോണ

  • Posted On January 24, 2019

കോപ്പ ഡെൽ റെയ് ക്വാർട്ടർ : ആദ്യ പാദം

കോപ്പ ഡെൽ റെയ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ബാഴ്സക്ക് നിരാശാജനകമായ തോൽവി. സെവിയ്യയുടെ സ്റ്റേഡിയമായ സ്റ്റേഡിയ റാമോണിൽ രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകൾ കളിയുടെ വിധിയെഴുതുകയായിരുന്നു. കോപ്പ ഡെൽ റെയിൽ സീസൺ തുടക്കം മുതൽ തുടർന്ന് പോന്ന റോട്ടേഷൻ പോളിസി നില നിർത്തി കൊണ്ട് തന്നെയായിരുന്നു

വാൽവെർഡെ ടീമിനെ കളത്തിലിറക്കിയത്. മെസ്സിക്കും ബുസ്കെറ്സിനും വിശ്രമം അനുവദിച്ച കോച്ച് സുവരെസിനെയും കുട്ടീഞ്ഞോയെയും ആൽബയെയും അടക്കം, ആദ്യ ഇലവനിലെ പ്രമുഖരില്ലാതെയായിരുന്നു ടീമിനെ ഇറക്കിയത്. അതിൽ ഏറ്റവും ആശ്ചര്യമുളവാക്കിയ തീരുമാനം ആയിരുന്നു ഇന്നലെ മാത്രം ടീമിനൊപ്പം ചേർന്ന കെവിൻ പ്രിൻസ് ബോട്ടെങ്ങിനെ സെന്റര് ഫോർവേഡ് ആയി ഇറക്കിയത്. ല ലീഗയിലെ പ്രബല ടീമുകളിലൊന്നായ, സ്വന്തം ഗ്രൗണ്ടിൽ ലോകത്തെ ഏതൊരു ടീമിനെയും വിറപ്പിക്കാൻ ശേഷിയുള്ള സെവിയ്യയോട് പരീക്ഷണ ലൈൻ അപ്പ് ഇറക്കിയത് അൽപ്പം അമ്പരപ്പുളവാക്കിയെങ്കിലും മികച്ച രീതിയിൽ തന്നെയാണ് ടീം കളിച്ചു തുടങ്ങിയത്.

തങ്ങളുടെ സ്വദസിദ്ധമായ ശൈലിയിൽ കുറിയ പാസ്സുകളുമായിബാഴ്സ കളം നിറഞ്ഞപ്പോൾ കൗണ്ടർ അറ്റാക്കിങ് തന്ത്രം ആയിരുന്നു സെവിയ്യ ഒരുക്കിയത്. സെവിയ്യയുടെ ശക്തമായ ഹൈ പ്രെസ്സിങ്ങിനെ തടഞ്ഞു കൊണ്ട് ബാഴ്സ കോർത്തിണക്കിയ കുറിയ പാസ്സുകളിലൂടെ ടീം മുന്നേറുന്നത് ബാഴ്സ ആരാധകർക്ക് കണ്ണിനു കുളിരേകുന്ന കാഴ്ച ആയിരുന്നു. സാങ്കേതികയും ഫിസിക്കാലിറ്റിയും ഒത്തു ചേർന്ന റാക്കി വിദാൽ ആർത്തുർ ത്രയത്തോടൊപ്പം വിങ്ങിൽ നിന്നുമിറങ്ങി അലെന്യ കൂടെ സഹായിച്ചതോടെ സെവിയ്യയുടെ പ്രശസ്തമായ പ്രെസ്സിങ്ങിനു കാര്യമായ ഫലം ഉണ്ടാക്കാനായില്ല. ആർത്തുർ തന്റെ മികച്ച ഫോം തുടർന്നതോടു കൂടി കളി ഏറെയും നിയന്ത്രിച്ചത് ബാഴ്സ ആയിരുന്നു. ഇരു ടീമുകളും ആക്രമണാത്മക ഫുട്ബോൾ കാഴ്ച വെച്ചെങ്കിലും ഗോളിമാരെ കാര്യമായി പരീക്ഷിക്കാൻ സാധിച്ചില്ല. മുനയൊടിഞ്ഞ ആക്രമണത്തോടൊപ്പം പ്രതിരോധ നിരയും പ്രതിബദ്ധതയോടു കൂടി കളിച്ചതോടെ ഗോളികൾക്കു പലപ്പോഴും കാഴ്ചക്കാരുടെ വേഷമായിരുന്നു. സെവിയ്യയുടെ ഒരു പെനാൽറ്റി ഷൗട് ഒഴിച്ചാൽ തീർത്തും സംഭവരഹിതമായിരുന്നു ആദ്യ മുപ്പതു മിനുട്ടുകൾ. എന്നാൽ മുപ്പത്തേഴാം മിനുട്സിൽ ആതിഥേയർക്ക് സുവർണാവസരം ലഭിച്ചു. പിക്കെയെയും ആര്തുറിനെയും റോബെർട്ടോയെയും കബളിപ്പിച്ചു വിസാം ബെൻ യേദ്ദേർ ഗോളിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും പന്ത് പുറത്തേക്കായിരുന്നു പോയത്. അതിനു പിറകെ ബാഴ്സക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം നിൽക്കെ മാൽക്കം ഉതിർത്ത ഷോട്ട് പുറത്തേക്കു പോയത് അവിശ്വനീയമായെന്നോണം ആയിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബെൻ എദ്ദേറിന് ലഭിച്ച അവസരം സില്ലിസോൺ മനോഹരമായി തട്ടിയകറ്റി.

എന്നാൽ വ്യത്യസ്തമായ സെവിയ്യയായിരുന്നു രണ്ടാം പകുതിയിൽ കണ്ടത്. മനോഹരമായ കൌണ്ടർ അറ്റാക്കിങ് നീക്കങ്ങളിലൂടെ മുന്നേറിയ അവർ ബാഴ്സ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. ആദ്യ പകുതിയിൽ തകർത്തു കളിച്ച ബാഴ്സ മിഡ്‌ഫീൽഡ് ത്രയം നിറം മങ്ങിയതും അതിനൊരു കാരണമായിരുന്നു. വൈകാതെ സെവിയ്യ അർഹിച്ച ഗോൾ നേടി, പിക്കെയേ പൊസിഷനിൽ നിന്നും മാറ്റുന്നതിൽ വിജയിച്ച ക്വിൻസി പ്രോമിസ്‌, വിങ്ങിൽ നിന്നും നൽകിയ ക്രോസ്സ് ഡീൽ ചെയ്യുന്നതിൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ ആരാലും മാർക്ക് ചെയ്യപെടാതിരുന്ന സാറാബിയ ഇടങ്കാൽ ഷോട്ടിലൂടെ സില്ലിസണെ കീഴടക്കി.

തന്റെ വജ്രായുധങ്ങളായ സുവരെസിനെയും കുട്ടീഞ്ഞോയെയും ഇറക്കിയായിരുന്നു വാൽവെർഡ് മറുപടി നൽകിയത്. നിമിഷങ്ങൾക്കകം സമനില കണ്ടെത്താനുള്ള സുവർണാവസരം കുട്ടീഞ്ഞോ തുലച്ചു. സുവാരസ് കൊടുത്ത കൂട്ടീഞ്ഞോ പാസ് ബാറിന് മുകളിലൂടെ പറത്തുകയായിരുന്നു. ലീഡിൽ പിടിച്ചു നിൽക്കാതെ സെവിയ്യ പ്രത്യാക്രമണങ്ങൾ നടത്തിയതോടെ കളി ഏറെ ആവേശകരമായി. എന്നാൽ ബാഴ്സക്ക് നിരാശ സമ്മാനിച്ച് കൊണ്ടായിരുന്നു സെവിയ്യയുടെ രണ്ടാം ഗോൾ പിറന്നത്. കുട്ടീഞ്ഞോയുടെ അലക്ഷ്യമായ ഒരു ഡ്രിബിബ്ലിങ് ശ്രമം പിടിച്ചെടുത്തു കൊണ്ട് നടത്തിയ പ്രത്യാക്രമണം രണ്ടാം ഗോളിലാണ് കലാശിച്ചത്. ഗോൾ നേടിയ ബെൻ യേദ്ദേർ ഇന്നലെ വിമാനാപകടത്തിൽ കാണാതായ കാര്ഡിഫ് സിറ്റി പ്ലയെർ എമിലിയാന സാലക്കു തന്റെ പിന്തുണ അർപ്പിച്ചത് കണ്ണുനിറയ്ക്കുന്ന കാഴ്ചയായിരുന്നു. കളിയിലെ ഏറ്റവും മനോഹരമായ മുഹൂർത്തവും അത് തന്നെയായിരുന്നു. വാൽവെർഡെ സെമെഡോയെ മാറ്റി ആൽബയെ ഇറക്കി ആക്രമണം കനപ്പിച്ചെങ്കിലും നിർണായകമായ എവേയ് ഗോൾ നേടാൻ ബാഴ്സക്ക് കഴിഞ്ഞില്ല. ഏറെ താമസിയാതെ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ സെമി പ്രവേശത്തിന് സെവിയ്യ ഒരു പടി കൂടി അടുത്തു.

നേരത്തെ സൂചിപ്പിച്ച പോലെ ബാഴ്സ മിഡ്‌ഫീൽഡ് ത്രയം ആദ്യ പകുതിയേ കയ്യടക്കുകയായിരുന്നു. ബാഴ്സ ആരാധകർ നല്കുന്ന ഹൈപിനു പൂര്ണതയേകിക്കൊണ്ടു ആർത്തുർ തന്നെയായിരുന്നു ഇന്നലത്തെ ഹീറോ. അദ്ദേഹത്തിന്റെ മനോഹരമായ ത്രൂ ബോൾ മാൽകം പാഴാക്കിയിരുന്നില്ലെങ്കിൽ കളിയുടെ റിസൾട്ട് തന്നെ വിത്യസ്തമാകുമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ എല്ലാവരും നിറം മങ്ങിയത് മുതലെടുത്തായിരുന്നു സെവിയ്യ മുന്നേറിയത്. പ്രതിരോധം കളിയുടെ മിക്ക സമയങ്ങളിലും മികച്ചു നിന്നെങ്കിലും സെവിയ്യ നേടിയ രണ്ടു ഗോൾ ഒഴിവാക്കാമായിരുന്നു. റോബർട്ടോ തീർത്തും നിറം മങ്ങിയപ്പോൾ മെയ്ക് ഷിഫ്റ്റ് ലെഫ്റ് ബാക്കായ സെമെടോ ഡിഫെൻസിൽ മികച്ച പ്രകടനം നടത്തിയെങ്കിലും മുന്നേറ്റത്തിൽ അമ്പേ പരാജയമായതു ബാഴ്സയുടെ ആക്രമണത്തെ ബാധിച്ചിരുന്നു. അലെന്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോൾ മാൽക്കം നിരാശപ്പെടുത്തി. ഇന്നലെ മാത്രം ടീമിനോടൊപ്പം ചേർന്ന ബോട്ടെങ് നല്ല രീതിയിൽ ഹോൾഡ് ചെയ്തു കളിച്ചെങ്കിലും പാസിംഗ് അലക്ഷ്യം ആയിരുന്നു. കുറച്ചു നാളത്തെ പരിശീലനം കൊണ്ട് അത് ശെരിയാകുമെന്നു കരുതാം. ബാഴ്സക്ക് ഏറ്റവും വലിയ തലവേദന കുട്ടീഞ്ഞോയുടെ ഫോം തന്നെയാണ്. ടെമ്പേലെ പരിക്ക് കാരണം വിട്ടു നിൽക്കുന്നതിനാൽ കുട്ടീഞ്ഞോയുടെ മോശം ഫോം ബാഴ്സക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്നലെ കളത്തിലിറങ്ങിയ ശേഷവും ഭേദപെട്ട പ്രകടനം കാഴ്ച വെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എത്രയും പെട്ടെന്ന് ഫോമിലേക്കുയർന്നു ബാഴ്സയുടെ വിജയങ്ങളിൽ നിർണായക പങ്കാളിയാവാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കാം.

വാൽവെർഡ് ഈ സീസണിൽ കോപ്പ ഡെൽ റെയ്ക്കു പ്രാധാന്യം കുറച്ചാണ് കൊടുക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ലൈൻ അപ്പിൽ നിന്നും വ്യക്തമാണ്. ശക്തമായ മത്സരങ്ങളേറെ മുന്നിലുള്ളപ്പോൾ ഈ ഒരു കോംപിറ്റീഷനിൽ മാത്രമേ റൊട്ടേഷൻ ചെയ്യാൻ സാധിക്കൂ എന്നുള്ളതു മറ്റൊരു സത്യമാണ്. എന്നാൽ ഇന്നലെ അദ്ദേഹം ഇറക്കിയ ലൈൻ അപ് മികച്ച രീതിയിൽ തന്നെയായിരുന്നു തുടങ്ങിയത്. അവസരങ്ങൾ മുതലാക്കാത്തതും നിർണായക സമയങ്ങളിലെ പ്രതിരോധ പിഴവുകളും വിനയാകുകയിരുന്നു. ഇനി ക്യാമ്പ് നൗവിൽ, രണ്ടു ഗോൾ ലീഡ് മറികടന്നുള്ള മുന്നോട്ടു കുതിപ്പ് എളുപ്പമായിരിക്കില്ല. എന്നാൽ ലക്ഷത്തോളം വരുന്ന ബാഴ്സ ആരാധകരും എതിരാളികളുടെ മനസ്സിൽ പരിഭ്രാന്തിയുടെ വിത്ത് വിതക്കുന്ന ക്യാമ്പ് നൗവും പിന്നെ നിമിഷാർത്ഥം കൊണ്ട് കളിയുടെ ഗതി തിരിക്കുന്ന സാക്ഷാൽ ‘ലാ പുൾഗയും’ ഉള്ളപ്പോൾ തോൽവിയുടെ വിഷാദങ്ങളെക്കാൾ വിജയത്തിന്റെ ആഹ്ലാദ ഭേരികളിലേക്കു കണ്ണും നട്ടു ആവുംഓരോ ബാഴ്സ ആരാധകനും രണ്ടാം പാദത്തെ വരവേൽക്കുക.

#AEGON

©www.culesofkerala.com

  • SHARE :