മാച്ച് റിവ്യു : പി.എസ്.ജി. 4 – 0 ബാഴ്സലോണ
സ്കോർ നില സൂചിപ്പിക്കുന്നത് പോലെ തന്നെ ആയിരുന്നു മത്സരവും. കളിയുടെ സർവ്വമേഖലയിലും ബാഴ്‌സയെ കടത്തിവെട്ടിയ പി.എസ്.ജി. തീർച്ചയായും ഈ മാർജിനിൽ വിജയം അർഹിക്കുന്നു. അവസരം മുതലാക്കുന്നതിലും കളി മെനെഞ്ഞെടുക്കുന്നതിലും പ്രതിരോധത്തിലും അവർ തന്നെയായിരുന്നു താരങ്ങൾ. കേവലം കാഴ്ചക്കാരായി മാറിയ ബാഴ്‌സ ഒരു ഗോൾ പോലും അർഹിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ പി.എസ്.ജി. നയം വ്യക്തമാക്കിയിരുന്നു. നന്നായി ആക്രമിക്കുക. പ്രെസ്സിങ് ഗെയിമിനെതിരെ ബാഴ്‌സ ആദ്യം പതറാറുണ്ടെങ്കിലും പതിയെ താളം വീണ്ടെടുക്കുക പതിവാണ്. പക്ഷെ ഇവിടെ അതൊന്നും കണ്ടില്ല.തുറന്നു കിടക്കുന്ന മധ്യനിരയും പ്രധിരോധിക്കാനറിയാത്ത പ്രധിരോധനിരയും, എന്തുചെയ്യണം എന്ന് അറിയാതെ ഉഴറി നടന്ന മുന്നേറ്റവുമായിരുന്നു ബാഴ്‌സക്കുണ്ടായിരുന്നത്. ഇന്നത്തെ മത്സരത്തിൽ ഒരു നിമിഷമെങ്കിലും ബാഴ്‌സ മികച്ചു നിന്നു എന്ന് പറയാനാകില്ല. ഒരു കളിക്കാരൻ പോലും അവസരത്തൊനൊത്തുയർന്നില്ല. മൊത്തത്തിൽ ഒരുസ്കൂൾ ടീമിനെ പോലെ തോന്നിച്ചു ഇന്ന് ബാഴ്‌സ. ആരെയും പേരെടുത്തു വിമർശിക്കുന്നില്ല . എല്ലാവരും മോശമായിരുന്നു. ഇനി രണ്ടാം പാദത്തിനായി കാമ്പ് നോവിൽ എത്തുമ്പോൾ ഒരു അവസരം കൂടി ബാഴ്‌സയ്ക്ക് മുന്നിലുണ്ട്. പക്ഷെ ഈ പ്രകടനം അവിടെയും ആവർത്തിക്കുകയാണെങ്കിൽ , നിലവിലെ വീഴ്ചയുടെ ആഘാതം കൂടുകയേ ഉള്ളൂ. മറിച്ചാണെങ്കിൽ ഒരു ചരിത്ര വിജയവും. മുന്നിലുള്ളത് ഒരു വലിയ ലക്ഷ്യമാണെന്നറിയാം, എങ്കിലും പ്രതീക്ഷിക്കുകയാണ്, വിശ്വസിക്കുകയാണ്. കാരണം ഇത് ഫുട്ബാൾ ആണ്, നമ്മൾ പിന്തുടരുന്നത് ബാഴ്‍സയെയും. © Penyadel Barca Kerala
