• Follow

മാച്ച് റിവ്യൂ – മലാഗ 0 – 2 ബാഴ്‌സലോണ

  • Posted On March 11, 2018

പ്രതീക്ഷകൾ തെറ്റിയില്ല, ലീഗിലെ ആദ്യ സ്ഥാനക്കാരും, അവസാന സ്ഥാനക്കാരും ഏറ്റുമുട്ടിയപ്പോൾ വിജയം കരുത്തരായ ഒന്നാം സ്ഥാക്കാരുടെ കൈകളിൽ തന്നെ. മികച്ച കളി കാഴ്ചവെച്ചുകൊണ്ട്, മറ്റൊരു വിജയത്തോടെ ബാഴ്‌സ മുന്നോട്ട്. ഒന്നാം സ്ഥാനവും കഴിഞ്ഞ മുപ്പത്തിയഞ്ച് ലീഗ് മത്സരങ്ങൾ അപരാജിതരാണെന്ന റെക്കോഡും നിലനിർത്തി ബാഴ്‌സ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു.

മലാഗക്കെതിരെ ഇന്നലെ ഇറങ്ങുമ്പോൾ വിജയം തന്നെയായിരുന്നു നമ്മുടെ ലക്ഷ്യം. ഇടക്ക് വ്യക്തിപരമായ കാരണങ്ങളാൽ മെസ്സിക്ക് അവസാന നിമിഷം പിന്മാറേണ്ടി വന്നത് ചെറുതായി ഒന്ന് ഞെട്ടിച്ചു. മെസ്സിയില്ലെങ്കിൽ ടീം പലപ്പോഴും താളം തെറ്റുന്നത് നമ്മൾ കണ്ടിട്ടുണ്ട്, പോരാത്തതിന് ഇത്തവണ മത്സരം മലാഗയുടെ ഹോംഗ്രൗണ്ടിലും. കഴിഞ്ഞ വർഷം കിരീടം നഷ്ടമാകുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഇവിടെ നടന്ന മത്സരമായിരുന്നു. എങ്കിലും നിലവിലെ ടീമിൽ നമുക്ക് പരിപൂർണ്ണ വിശ്വാസവുമായിരുന്നു. പ്രതീക്ഷിച്ച പോലെ സുവാരസ്, കൊട്ടീഞ്ഞോ, ഡെമ്പേലെ എന്നിവർ മുൻനിരയിൽ ഇറങ്ങിയപ്പോൾ, പൗളിഞ്ഞോ, ബുസി , റാക്കി എന്നിവർ ചേർന്ന മധ്യനിരയാണ് ഉണ്ടായിരുന്നത്. പിൻനിരയിൽ റോബർട്ടോ, പീക്കെ, ഉംറ്റിറ്റി , ആൽബ എന്നിങ്ങനെ ഉള്ള പ്രതിരോധം. ഒപ്പം ഗോൾവല കാക്കാൻ സ്റ്റീഗനും.

നമ്മളെയെല്ലാം ആവേശത്തിലാഴ്ത്തിയാണ് മത്സരം തുടങ്ങിയത് തന്നെ. ആദ്യനിമിഷം മുതൽ മികച്ച കളി കാഴ്ച വെക്കാൻ ടീമിന് സാധിച്ചു. മെസ്സിയുടെ അസാന്നിധ്യം അധികം തോന്നിയിരുന്നില്ല. ഇടതുവിങ്ങിൽ കൊട്ടീഞ്ഞോയും , വലത് വിങ്ങിൽ ഡെമ്പേലെയും മിന്നുന്ന നീക്കങ്ങൾ കാഴ്ചവെച്ചപ്പോൾ ആരാധകർ ആവേശം കൊണ്ടു . മത്സരം തുടങ്ങി അധികം വൈകാതെ ബാഴ്‌സയുടെ ശ്രമങ്ങളും ആരംഭിച്ചു. മലാഗ കീപ്പറുടെ ജോലിയും. അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല, ആദ്യ ഗോളും ബാഴ്‌സ നേടി. ഇടതു വിങ്ങിൽ നിന്നും ആൽബ നൽകിയ ഒരു കിടിലൻ ക്രോസ് അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ സുവാരസ് വലയിലാക്കി. ഒരു പക്ഷെ ബാഴ്‌സയിൽ നമ്മൾ അധികം കാണാത്ത ഗോൾ. തുടർന്നും മികച്ച പ്രകടനം ആവർത്തിച്ച ബാഴ്‌സയ്ക്ക് അർഹമായ രണ്ടാം ഗോളും തൊട്ടുടനെ ലഭിച്ചു. ഇരുപത്തിയെട്ടാം മിനിറ്റിൽ , ഡെമ്പേലേയുടെ ഒരു അസ്സിസ്റ്റിൽ കൊട്ടീഞ്ഞോയുടെ ഒരു കിടിലൻ ബാക് ഹീൽ ഗോൾ.!!! ബാഴ്‌സ സിസ്റ്റത്തിലേക്ക് ഇണങ്ങിച്ചേർന്ന് തുടങ്ങുന്ന ഡെമ്പേലെയുടെ ആത്മവിശ്വാസം വാനോളമുയർത്താനാകുന്ന ഒരു മികച്ച അസിസ്റ്റ് ആയിരുന്നു. ഇടയിൽ യോർദി ആൽബയെ ഫൗൾ ചെയ്തതിന് കളിക്കാരൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ മലാഗ ആദ്യപകുതിയിലേ പത്തു പേരായി ചുരുങ്ങി.

രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ നമ്മൾ പ്രതീക്ഷിച്ചെങ്കിലും നിരാശരായി. പത്തുപേരായി ചുരുങ്ങിയ മലാഗ ഇനി ഭീഷണി സൃഷ്ടിക്കാൻ സാധ്യതയില്ല എന്ന അറിവും, ചാമ്പ്യൻസ് ലീഗിൽ വരുന്ന അതിപ്രധാന മത്സരം മുന്നിൽ കണ്ടും അധികം റിസ്ക് എടുത്തു കളിക്കാതിരിക്കാൻ ടീം തീരുമാനിച്ചതോടെ മത്സരം അൽപ്പം വിരസമായി തോന്നി. ഇടയിൽ റോബർട്ടോക്ക് ചെറിയ അസ്വസ്ഥത തോന്നിയതിനാൽ അദ്ദേഹത്തെ പിൻവലിച്ചു ഗോമസിനെ റൈറ്റ് ബാക്കായി ഇറക്കി. ഒടുവിൽ രണ്ട് ഗോളിന്റെ ജയത്തിൽ ബാഴ്‌സ മത്സരം പൂർത്തീകരിച്ചു.

ഏറെ ആഹ്ലാദം നൽകിയ ആദ്യപകുതിയാണ് ഇന്നലെ നമ്മൾ കണ്ടത്. നല്ല ഉണർവോടെയുള്ള കളി. മികച്ച പാസിംഗും, റണ്ണുകളും, വൺ ടച് പാസുകളും ഒക്കെ ഒത്തുചേർന്ന പ്രകടനം. സാധാരണ മെസ്സിയെ കൂടുതലായി ആശ്രയിക്കുന്നവർ, ഇന്ന് ഗോൾ നേടാൻ കൂടുതൽ ശ്രമിക്കുന്നത് കണ്ടിരുന്നു. തങ്ങളുടെ ശക്തി എന്താണെന്നു മനസ്സിലാക്കാൻ ഇത്തരം സാഹചര്യങ്ങൾ അനുയോജ്യമാണ്.രണ്ടാം പകുതിയിൽ ടീം കൂടുതൽ ഗോളിനായി ശ്രമിച്ചില്ല എന്നത് കൊണ്ടാണ് വിരസമായി തോന്നിയത്.വിജയം ഏകദേശം ഉറപ്പിച്ചതിനാലും വരുന്ന ആഴ്ച മത്സരങ്ങൾ വരുന്നതിനാലും കൂടുതൽ റിസ്ക് എടുത്തു കളിക്കാതിരുന്നതിനെ പിന്തുണക്കുന്നു. അനാവശ്യമായ ഒരു ശ്രമത്തിനിടയിൽ സംഭവിക്കുന്ന ഒരു പരിക്ക് മതി ടീമിന്റെ മുഴുവൻ പദ്ധതികളും തകിടം മറിക്കാൻ. അതുപോലെ ചെൽസിയുമായുള്ള മത്സരത്തിന് മുൻപ് അധികം ക്ഷീണിതരാകാതിരിക്കാനും അത് ഉപകരിക്കും. ഇനി ചെൽസിയുമായുള്ള മത്സരത്തിൽ പൂർണ ആരോഗ്യവാന്മാരായ കളിക്കാരെ കളത്തിലിറക്കാൻ സാധിക്കും.

ഇന്നലെ നിറഞ്ഞു നിന്നത് ഡെമ്പെലെയും കൊട്ടീഞ്ഞോയും തന്നെയായിരുന്നു.ആദ്യകാലങ്ങളിലെ പരിഭ്രമങ്ങൾ പതിയെ ആ മുഖത്ത് നിന്നും ഒഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങൾ വിജയകരമായി പര്യവസാനിക്കുന്നുണ്ട്. മികച്ച പേസും, നല്ല വിഷനും ഉണ്ട്. ടീം അംഗങ്ങളോട് കുറച്ചു കൂടുതൽ അടുത്താൽ ഇനിയും പ്രകടനത്തിന്റെ ഗ്രാഫ് മുകളിലേക്ക് പോകും. ഒപ്പം കൊട്ടീഞ്ഞോയും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ആ ഗോളിലേക്കുള്ള ബാക്ക് ഹീൽ അതിമനോഹരം. മെസ്സിയെ അനുസ്മരിപ്പിക്കുന്ന പലനീക്കങ്ങളും ഇന്നലെ കണ്ടിരുന്നു. ഇവരോടൊപ്പം ടീമും മുഴുവനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ വിശദാംശങ്ങളിലേക്ക് കൂടുതൽ കടക്കുന്നില്ല. ലീഗിൽ മികച്ച മുൻതൂക്കമുണ്ടെങ്കിലും അത് നിലനിർത്തേണ്ടത് അനിവാര്യവുമാണ്‌. വരും മത്സരങ്ങളെ നല്ല കാര്യഗൗരവത്തോടെയെടുത്താൽ, മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഏതാനും മത്സരങ്ങൾക്ക് ശേഷം ബാഴ്‌സലോണക്ക് കിരീടം ഉറപ്പിക്കാം. 🙂

#RETARD

©www.culesofKerala.com

  • SHARE :