◀മാച്ച് റിവ്യൂ▶ ലെവാന്റെ 2-1 എഫ് സി ബാഴ്സലോണ
കോപ്പ ഡെൽ റെയ് പ്രീ ക്വാർട്ടർ : ആദ്യ പാദം
ലെവാന്റെയുടെ ഗ്രൗണ്ടിൽ 3 മത്സരത്തിനിടെ വഴങ്ങിയ രണ്ടാം തോൽവിയോടെ ബാഴ്സയുടെ, പ്രീ ക്വാർട്ടർ ഒന്നാം പാദം അവസാനിച്ചു. വലിയ രീതിയിലുള്ള റോടേഷൻ നടത്തി ഒരുക്കിയ ടീമിൽ ജെയ്‌സൺ മുറിയ്യോ ബാഴ്സക്ക് വേണ്ടി അരങ്ങേറി. ചൂമി, മിറാൻഡ എന്നീ യുവതാരങ്ങളെയും ഉൾപ്പെടുത്തി പരിചയസമ്പന്നത തീരെ കുറഞ്ഞ പ്രതിരോധം ആയിരുന്നു ലെവന്റെക്കെതിരെ കളിച്ചത്. ബുസ്‌ക്വറ്റ്‌സിന്റെ നേതൃത്വത്തിൽ ഇറങ്ങിയ മിഡ്‌ഫീൽഡിൽ വിദാലും അലെൻയയും കളിച്ചു. മുന്നേറ്റത്തിൽ ടെമ്പേലെ സെൻട്രൽ റോൾ കൈകാര്യം ചെയ്തപ്പോൾ മാൽകം സെക്കൻഡ് സ്‌ട്രൈക്കറിന് സമാനമായ രീതിയിൽ ആണ് വലതു വിങ്ങിൽ കളിച്ചത്. കൂട്ടീന്യോക്ക് കളി മെനയേണ്ട ചുമതല ആയിരുന്നു ഇടത് വിങ്ങിൽ ലഭിച്ചത്.
കളി തുടങ്ങി മൂന്നാം മിനുറ്റിൽ തന്നെ ലെവാന്റെ നയം വ്യക്തമാക്കി. റോച്ചിനയുടെ ഫ്രീകിക്കിൽ തല വെച്ച്, കബാക്കോ ആതിഥേയർക്ക് ലീഡ് നേടി കൊടുത്തു. ഗോൾ നേടിയിട്ടും തുടർച്ചയായ അക്രമണങ്ങളിലൂടെ ലെവാന്റെ കളിയിലെ ആധിപത്യം വിട്ടു കൊടുക്കാതെ നിന്നു. തുടർന്നുള്ള 10 മിനുറ്റിനിടെ രണ്ടു തവണ സില്ലസണ് ബാർസയെ രക്ഷപെടുത്തി. ബോട്ടെങ്ങിന്റെ പോയിന്റ് ബ്ലാങ്ക് ഷോട്ട് ഗോൾ ലൈനിനോട് ചേർന്നായിരുന്നു അയാൾ തട്ടിയകറ്റിയത്. ഒറ്റപെട്ട ആക്രമണങ്ങൾ നടത്തിയെങ്കിലും ലെവാന്റെ ഗോൾ മുഖത്ത് കാര്യമായ ഭീഷണി ഉണർത്താൻ അപ്പോഴും ബാഴ്സക്ക് കഴിഞ്ഞില്ല. 18ആം മിനുറ്റിൽ ബോർഹ മായൊറാളിന്റെ ഗോളിലൂടെ ലെവാന്റെ ലീഡ് വര്ധപിച്ചു. മുറിയ്യോയുടെ പ്രതിരോധത്തെ മറികടന്നു നിലം പറ്റെ ഉതിർത്ത ഷോട്ട്, മുഴുനീളൻ ഡൈവ് നടത്തിയ സില്ലസണെയും മറികടന്നു വലയിലെത്തുകയായിരുന്നു.
പിന്നീടങ്ങോട്ട് ബാർസ മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള തത്രപ്പാടിലായിരുന്നു. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ടീം വിജയിച്ചെങ്കിലും ഗോൾ കണ്ടെത്താൻ മുന്നേറ്റനിരക്ക് കഴിഞ്ഞില്ല. ഒന്നാം പകുതിയിൽ ലഭിച്ച ഏറ്റവും മികച്ച രണ്ടു അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ മാൽകം പരാജയപ്പെട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പ്രതിരോധനിരയിൽ രണ്ടു സുബ്സ്റ്റിട്യൂഷൻസ് നടത്തി ടീമിനെ സഹായിക്കാൻ വാൽവർഡെ ശ്രമിച്ചു. യുവതാരങ്ങളായ ചൂമി, മിറാൻഡ എന്നിവരെ മാറ്റി ലെങ്ലെ, റോബർട്ടോ എന്നിവർ കളത്തിറങ്ങി. ഇതോടെ മധ്യനിരയിലേക്ക് അനായാസമായി പന്തെത്താൻ തുടങ്ങി. ആദ്യ പകുതിയിലേക്കാൾ അച്ചടക്കം പ്രതിരോധത്തിൽ വന്നു. തുടർന്ന് ലെവന്റെയുടെ പ്രെസ്സിങ്ങിനെ മറികടന്ന് പന്ത് ബാഴ്സയുടെ കൈവശം നില്കാൻ തുടങ്ങി. പക്ഷെ ആക്രമണത്തിന് മൂർച്ച കൂടിയത് ഡെനിസ് സുവാരസിന്റെ വരവോടെ ആയിരുന്നു. മാൽകമിന് പകരം കളത്തിലെത്തിയ ഡെനിസ്, തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ലെവാന്റെ ബോക്സിൽ അപകടം വിതച്ചു. പന്ത് നഷ്ടപ്പെടുത്താതിരിക്കാൻ അയാൾ കാണിച്ച ശ്രദ്ധ എടുത്ത് പറയേണ്ടതാണ്. ഒടുവിൽ അർഹിച്ച എവേയ് ഗോൾ ബാഴ്സലോണ നേടി. മനോഹരമായ ഡ്രിബിളിലൂടെ ലെവാന്റെ പ്രതിരോധത്തെ കബളിപ്പിച്ചു ബോക്സിൽ മുന്നേറിയ ഡെനിസിനെ കോകെ ഫൗൾ ചെയ്തു വീഴ്ത്തി. തുടർന്ന് ലഭിച്ച പെനാൽറ്റി 85ആം മിനുറ്റിൽ കുട്ടീന്യോ ലക്ഷ്യത്തിലെത്തിച്ചു. നിർണായകമായ എവേയ് ഗോൾ !
അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി, ബാർസ ആക്രമണം തുടർന്നെങ്കിലും മത്സരം 2-1 എന്ന സ്‌കോറിൽ അവസാനിച്ചു.
വ്യക്തിഗത പ്രകടനങ്ങളിൽ സില്ലെസനോടൊപ്പം എടുത്ത് പറയേണ്ട താരം അർട്യൂറോ വിദാൽ ആയിരുന്നു. 90 മിനുട്ട് കളം നിറഞ്ഞു കളിച്ച വിദാൽ പ്രതിരോധത്തിലും ആക്രമണത്തിലും നൽകിയ സംഭാവന വളരെ വലുതായിരുന്നു. ഇന്നുള്ള ഏറ്റവും മികച്ച ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർമാരിൽ ഒരാൾ എന്ന് നിസംശയം വിശേഷിപ്പിക്കാം വിദാലിനെ. അരങ്ങേറ്റക്കാരൻ ജെയ്‌സൺ മുറിയ്യോ ആദ്യ പകുതിയിൽ ശരാശരി പ്രകടനം ആണ് നടത്തിയതെങ്കിലും ലെൻഗ്ലെയുടെ വരവോടെ അയാളും മികവിലേക്കു ഉയർന്നു.
മുന്നേറ്റത്തിൽ ടെമ്പേലെയെ സ്‌ട്രൈക്കർ റോൾ ഏല്പിച്ച പദ്ധതി വിജയം കണ്ടില്ല. മികച്ച ഡ്രിബ്ബിലുകൾ നടത്തി മുന്നേറിയെങ്കിലും ഷോട്ട് എടുക്കുമ്പോൾ ഉള്ള ആശയക്കുഴപ്പം ആണ് ടെമ്പേലേക്ക് തിരിച്ചടി ആയത്. മാൽകോം തീർത്തും നിരാശപ്പെടുത്തി. ശരാശരി പ്രകടനം കൊണ്ട് നിരാശപ്പെടുത്തിയ കുട്ടീന്യോക്ക് ആശ്വാസം നൽകിയ നിമിഷം ആയിരുന്നു പെനാൽറ്റി. റെക്കോർഡ് തുകക്ക് ടീമിൽ എത്തിയ കൂട്ടിക്ക് ബാഴ്സയുടെ സിസ്റ്റത്തിൽ സ്വന്തം സ്ഥാനം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഒരു മാച്ച് വിന്നർ എന്ന നിലയിൽ ടീമിന് ഏറെ സംഭാവന ചെയ്യാൻ കഴിയുന്ന താരം ആണ് കുട്ടീന്യോ. ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരങ്ങൾ പടിക്കൽ എത്തി നിൽകുമ്പോൾ അദ്ദേഹത്തിന്റെ മോശം ഫോം വലിയ ആശങ്കയാണ് ടീമിന് നൽകുന്നത്.
തോറ്റെങ്കിലും എവേയ് ഗോളിന്റെ മുൻതൂക്കം ക്യാമ്പ് നൗവിലെ രണ്ടാം പാദത്തിൽ ബാഴ്സക്ക് ആത്മവിശ്വാസം നൽകും. മെസ്സി അടക്കം ഉള്ള പ്രമുഖരെ ആവശ്യമെങ്കിൽ ഉപയോഗിക്കാനും ബാഴ്സക്ക് കഴിയും. ദുർബലമായ പ്രതിരോധം ആണ് ലെവാന്റെയുടേത് എന്നത് ഇന്നലെ പലതവണ വെളിവായ കാര്യമാണ്. സംഘടിതമായ ആക്രമണം നടപ്പാക്കാൻ ആയാൽ അഗ്ഗ്രഗേറ്റ് സ്‌കോറിൽ അവരെ മറികടക്കാൻ ബാഴ്സക്ക് കഴിയും. കൂടുതൽ മൂർച്ചയുള്ള ഒരു ബാർസയെ ക്യാമ്പ് നൗവിൽ കാണാൻ ആകുമെന്ന് പ്രതീക്ഷിക്കാം.
വിസ്കാ എൽ ബാർസ !
#SPARROW
©www.culesofkerala.com