• Follow

മാച്ച് റിവ്യൂ – വിയ്യാറയൽ 1 – 4 ബാഴ്‌സലോണ

  • Posted On July 6, 2020

ഏറെ നിരാശയുടെ നാളുകൾക്ക് ശേഷം സംതൃപ്തി നൽകിയ ഒരു മത്സരം. സമീപകാലത്തു മികച്ച പ്രകടനം കാഴ്ചവെക്കുന്ന യെല്ലോ മറീൻസിനെ, അവരുടെ തട്ടകത്തിൽ എസ്സ്റ്റാഡിയോ സെറാമിക്കയിൽ നേരിടാൻ പോകുന്നത് നമ്മളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു, പ്രത്യേകിച്ചു സമീപകാലത്തു നമ്മൾ പോയിന്റുകൾ ഏറെ നഷ്ടമായത് കൊണ്ട്. പക്ഷെ കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വിഭിന്നമായി തീർത്തും വ്യത്യസ്തമായ ഒരു ടീമിനെയാണ് കണ്ടത്. പുതുതന്ത്രങ്ങളും മികച്ച ഊർജ്ജവും കൈമുതലാക്കി മൈതാനത്തിറങ്ങിയ ടീം സമീപകാലത്തു കണ്ട ഏറ്റവും മികച്ച മത്സരമാണ് ഇന്നലെ കാഴ്ചവെച്ചത്. എല്ലാവരും അവസരത്തിനൊത്തുയർന്നു കളിച്ചപ്പോൾ തൊണ്ണൂറു നിമിഷവും ആസ്വദിക്കാൻ വഴിയുണ്ടായി. ലീഗ് ഇപ്പോഴും കൈയ്യെത്താദൂരത്താണെങ്കിലും മികച്ച പ്രകടനം സംതൃപ്തി നൽകുന്നു.

വ്യത്യസ്തമായ ഒരു ടീം ഘടനയും ഫസ്റ്റ് ഇലവനുമാണ് ഇന്നലെ കണ്ടത്. മെസ്സി, സുവാരസ്, ഗ്രീസ്മാൻ ത്രയം വീണ്ടും മുൻനിരയിൽ സ്ഥാനം നേടി. പക്ഷെ മെസ്സി പതിവിൽ നിന്നും വിപരീതമായി റൈറ്റ് വിങ്ങിന് പകരം കൂടുതൽ സെൻട്രൽ റോളിൽ ആണ് കണ്ടത്. സുവാരേസിനും ഗ്രീസ്മാനും പന്തെത്തിക്കുന്ന ചുമതല അദ്ദേഹം ഏറ്റെടുത്ത പോലെ. ഒപ്പം മധ്യനിരയിലും മാറ്റം കണ്ടു. ഏവരെയും ഞെട്ടിച്ചുകൊണ്ട് സെർജി റോബർട്ടോ മധ്യനിരയിൽ സ്ഥാനം നേടി. LCM റോളിൽ അദ്ദേഹം വന്നപ്പോൾ കൂട്ടായി ബുസ്കെറ്റ്സും വിദാലും എത്തി. പിൻനിരയിൽ മാറ്റങ്ങളൊന്നുമില്ലാതെ ആൽബ, ലെങ്ലെ, പീക്കെ, സെമെഡോ എന്നിവർ തന്നെ എത്തി. കീപ്പർ ആയി സ്റ്റീഗനും. സാധാരണ നമ്മൾ ഉപയോഗിക്കുന്ന 4 – 3 – 3 ഫോർമേഷന് പകരം ഇന്നലെ കൂടുതലും 4 – 3 – 1 – 2 എന്ന രീതിയാണ് കണ്ടത്. അതിന്റെ ഫലവും ഉണ്ടായി എന്ന് പറയാം.

മത്സരം ചൂട് പിടിക്കുന്നതിനു മുൻപ് തന്നെ ബാഴ്‌സ ലീഡ് നേടി. ഇടത്തെ വിങ്ങിൽ റോബർട്ടോ നടത്തിയ നീക്കത്തിനൊടുവിൽ പന്ത് ആൽബെക്ക് കൈമാറി. പന്തുമായി മുന്നേറിയ ആൽബ, ഗോൾമുഖത്തേക്ക് ഓടിയെത്തിയ ഗ്രീസ്മാനെ ലക്ഷ്യമാക്കി പാസ് നൽകി. ഒരു ബാക്ക്ഹീലിലൂടെ ഗ്രീസ്മാൻ ഗോൾ ശ്രമം നടത്തിയെങ്കിലും അതിനു മുൻപേ തന്നെ എതിർ ഡിഫൻഡറുടെ കാലുകളിൽ സ്പർശിച്ച പന്ത് വലയിലേക്ക് കയറിയിരുന്നു. തുടർന്നും മനോഹരമായ ശ്രമങ്ങൾ നമ്മൾ നടത്തിയെങ്കിലും എതിർ കീപ്പറുടെ മികവിൽ എല്ലാം ലക്ഷ്യത്തിൽ നിന്നും അകന്നു. അധികം വൈകാതെ നമ്മൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. അറ്റാക്കിങ്ങിൽ നമ്മൾ ശ്രദ്ധ ചെലുത്തിയപ്പോൾ വീണുകിട്ടിയ അവസരത്തിൽ മികച്ച കൗണ്ടർ അറ്റാക്കിലൂടെ വിയ്യാറയൽ മറുപടി ഗോൾ നേടി. നിനച്ചിരിക്കാത്ത സമയത് ഗോൾ വഴങ്ങിയാൽ നമ്മൾ സാധാരണ അകപ്പെടാറുള്ള പരിഭ്രമം ഇവിടെയും കണ്ടു. തുടർന്നുള്ള നിമിഷങ്ങളിൽ വിയ്യാറയൽ പലകുറി നമ്മുടെ ബോക്സ് റെയ്‌ഡ്‌ ചെയ്തു. പലപ്പോഴും സ്റ്റീഗന്റെ മികവാണ് അവർക്ക് ലീഡ് നേടാതെ കാത്തത്. പക്ഷെ ബാഴ്‌സക്ക് മത്സരത്തിലേക്ക് തിരികെ വരാൻ ഒരു നിമിഷം മതിയായിരുന്നു. സുവാരേസിലൂടെ ബാഴ്‌സയ്ക്ക് അതിന് സാധിച്ചു. മധ്യനിരയിൽ നിന്നും പന്തുമായി എതിർ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞു കുതിച്ചെത്തിയ മെസ്സി, ഇടത്തെ വിങ്ങിൽ സുവാരസിന് നൽകി. ഗോൾ കീപ്പർ അഡ്വാൻസ് ചെയ്തു നിൽക്കുന്നത് കണ്ട സുവാരസ്, ഉയർത്തിവിട്ട പന്ത് പോസ്റ്റിന് മുൻപിൽ പതിയെ താഴുന്നത് നോക്കി നിൽക്കാനേ കീപ്പർക്ക് സാധിച്ചുള്ളൂ. എൽ പിസ്റ്റലേറോയുടെ ഫിനിഷിങ് ഒരിക്കൽ കൂടി കണ്ട നിമിഷം. ശേഷം മത്സരം ബാഴ്‌സയുടെ കൈകളിലേക്ക് തിരികെ വന്നു. മെസ്സിയും ഗ്രീസ്മാനും പൊസിഷനുകൾ അന്യോന്യം മാറിമാറി കളിച്ചപ്പോൾ വിയ്യാറയൽ ആകെ അങ്കലാപ്പിലായി. ഒപ്പം മധ്യനിരയിൽ നിന്ന് റോബർട്ടോ നിരന്തരം മികച്ച റണ്ണുകൾ കൂടി ആയപ്പോൾ നയനാന്ദകരമായ മത്സരം. ഇടവേളക്ക് പിരിയുന്നതിന് മുൻപ് മത്സരത്തിലെ ഏറ്റവും മികച്ച മുഹൂർത്തം പിറന്നു. ഒരു ലോങ്ങ് ബോൾ പിടിച്ചെടുത്ത മെസ്സി ബോക്‌സിലേക്ക് പതിയെ നുഴഞ്ഞുകയറാൻ തുടങ്ങിയപ്പോൾ ഗ്രീസ്മാൻ പിറകിൽ സന്നിഹിതനായിരുന്നു. എതിർ ഡിഫൻഡർമാരെ തന്നിലേക്ക് ആകർഷിച്ച ശേഷം മെസ്സി പന്ത് ഒരു ബാക്ഹീൽ പാസിലൂടെ ഗ്രീസ്മാന് തിരികെ നൽകി. ഒരുപക്ഷെ ലോകത്തു അവർ രണ്ടുപേർക്കും മാത്രമേ ആ നീക്കം മനസ്സിലായിരുന്നുള്ളൂ. പന്ത് ലഭിച്ച ഗ്രീസ്മാൻ ഒരു മനോഹരമായ ചിപ്പിലൂടെ പോസ്റ്റിലേക്ക്. ഉയർന്നു പൊങ്ങിയ ശേഷം ക്രോസ്ബാറിൽ ചുംബിച്ച ശേഷം പന്ത് പോസ്റ്റിലേക്ക് ആഴ്ന്നിറങ്ങി. കഴിഞ്ഞ സീസണിൽ മെസ്സി റയൽ ബെറ്റിസിനെതിരെ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്ന ഒന്ന്. ഗ്രീസ്മാന്റെ മികവ് ഏറെ കണ്ട നിമിഷം.

മാറ്റങ്ങൾ ഇല്ലാതെ രണ്ടാം പകുതി തുടങ്ങി. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വിഭിന്നമായി നമ്മൾ കൃത്യമായ സമയത്തു സബ്സ്റ്റിട്യൂഷനുകൾക്ക് മുതിർന്നു. സുവരെസിനെ പിൻവലിച്ചു റാകിറ്റിച്ചും, സെമെഡോയെ പിൻവലിച്ചു റിക്കി പുജ്ജും കളത്തിലെത്തി. അതോടെ റോബർട്ടോ റൈറ്റ് ബാക്ക് സ്ഥാനം ഏറ്റെടുത്തു. അധികം വൈകാതെ ഗ്രീസ്മാനെ പിൻവലിച്ചു അൻസു ഫാറ്റിയും, ബുസ്കെറ്റ്സിനെ പിൻവലിച്ചു ബ്രൈത്വൈറ്റും രംഗത്തെത്തി. അതോടെ ബാഴ്‌സയുടെ അതുവരെയുള്ള താളത്തിനു ചെറിയ ഭംഗം സംഭവിച്ചു. പക്ഷെ പുജ്ജും ഫാറ്റിയും അതോടെ നിയന്ത്രണം ഏറ്റെടുത്തു. റോബർട്ടോ നിർത്തിയേടത്തു നിന്നും പുജ്‌ജ് തുടങ്ങിയപ്പോൾ മത്സരം വീണ്ടും ആവേശകരമായി. തുടർന്ന് പികെയെ പിൻവലിച്ചു അരാഹോ കളത്തിലെത്തി. പരിക്ക് മൂലം ഉംറ്റിറ്റിയുടെ സേവനം ഈ സീസണിൽ സംശയാസ്പദം ആയിരിക്കെ അരാഹോ കൂടുതൽ സമയം അർഹിക്കുന്നുണ്ട്. കളിയുടെ അന്ത്യനിമിഷങ്ങളിലേക്ക് കടക്കുമ്പോൾ ബാഴ്‌സ ലീഡുയർത്തി.. ഇത്തവണ ഇടത്തെ വിങ്ങിൽ മുന്നറ്റം നടത്തിയ ഫാറ്റി, കട്ട് ഇൻ ചെയ്ത് ബോക്സിലേക്ക് കടന്ന് കയറിയ ശേഷം തൊടുത്ത ഷോട്ട് കീപ്പറെ തീർത്തും സ്തബ്ധനാക്കി. ആവിശ്യത്തിന് സ്‌പേസ് ലഭിച്ചാൽ താനെത്ര അപകടകാരിയാണെന്ന് ഫാറ്റി ഒരിക്കൽ കൂടി കാണിച്ചു തന്നു. അവസാന നിമിഷങ്ങളിൽ മെസ്സിയുടെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയത് നിരാശപ്പെടുത്തി.

നിരാശയുടെ ദിനങ്ങൾക്ക് ശേഷം ഏറെ സന്തോഷം നൽകിയ ദിനമായിരുന്നു ഇന്നലെ. ഏറെ നാളുകൾക്ക് ശേഷം മനം നിറഞ്ഞു കണ്ട മത്സരം. ദ്രുതഗതിയിലുള്ള നീക്കങ്ങളും മികച്ച പാസുകളും ചേർന്നപ്പോൾ ഏറെ സന്തോഷം തോന്നി. ഏറ്റവും പ്രധാനമായ മാറ്റം ഫോർമേഷൻ ആണെന്ന് തോന്നുന്നു. മെസ്സിക്കും ഗ്രീസ്മാനും പൂർണ്ണമായ സ്വാതന്ത്രം നൽകിയപ്പോൾ ഇരുവരും തങ്ങളുടെ മികവിലേക്കുയർന്നു. പരസ്പരം പാസുകൾ നൽകിയും പൊസിഷനുകൾ വെച്ചുമാറിയും ഇരുവരും മത്സരം മികച്ചതാക്കി. ഇരുവർക്കും മികച്ച സപ്പോർട്ടോടെ സുവാരസും നിന്നു. മധ്യനിരയിൽ റോബർട്ടോ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട്. ഇന്നലെ നടത്തിയ റണ്ണുകളും കൃത്യതയാർന്ന പാസുകളും ഉത്തരങ്ങളാണ്.റൈറ്റ് വിങ്ങിൽ തളച്ചിടേണ്ട ഒരാളല്ല അദ്ദേഹം. ഇന്നലെ നടത്തിയ സബ്സ്റ്റിട്യൂഷനുകളും മികവ് പുലർത്തി. പുജ്ജും ഫാറ്റിയുമെല്ലാം മത്സരത്തിന്റെ തീവ്രത പോകാതെ കളിച്ചു. പുജ്‌ജ് സ്വപ്നസമാനമായ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ടീമിലെ ഒരു അനിഷേധ്യ സ്ഥാനം അദ്ദേഹം ഇപ്പോൾ കരസ്ഥമാക്കിയിരിക്കുന്നു. ഫാറ്റിയും കൂടുതൽ അവസരങ്ങൾക്ക് അവകാശമുന്നയിക്കുന്നു.

ഇതോടൊപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട വസ്തുതകളുമുണ്ട്. പ്രതിരോധം തലവേദന തന്നെയാണ്. പലപ്പോഴും അനായാസേന ആണ് വിയ്യാറയൽ നമ്മുടെ പ്രതിരോധത്തെ ഭേദിച്ചത്.ഒരെണ്ണം അവർ ഗോളുമാക്കി. കൂടുതൽ മികച്ച ആക്രമണം കാഴ്ചവെക്കുന്ന ടീമുകൾക്കെതിരെ ഈ പ്രതിരോധം ചീട്ടുകൊട്ടാരം പോലെ ആയിരിക്കും. അതോടൊപ്പം ഇന്നലെ വിയ്യാറയൽ ഏറെ സ്പേസ് നമുക്ക് നൽകിയിരുന്നു. അത് നമ്മൾ മുതലെടുത്തു. മറ്റ് ടീമുകൾ ഒരുപക്ഷെ ഇത്രയും സ്‌പേസ് നൽകണം എന്നില്ല. പ്രതിരോധാത്മക കളി പുറത്തെടുക്കുന്ന ടീമുകൾക്കെതിരെയും പോയിന്റുകൾ നേടാൻ നമുക്ക് കഴിയണം. കഴിഞ്ഞ മത്സരങ്ങളിൽ നമ്മൾ നഷ്ടമാക്കിയ പോയിന്റുകൾ അതിന്റെ പ്രാധാന്യം കാണിക്കുന്നു. വരും മത്സരങ്ങൾ ഇന്നലത്തെ മത്സരത്തിന്റെ തുടർച്ചയാവട്ടെ എന്ന് പ്രതീക്ഷിക്കാം.

©www.culesofkerala.com