• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ 3 – 0 ലാസ് പാമാസ്

  • Posted On October 1, 2017

രണ്ട് പകുതികളിൽ രണ്ട് വ്യത്യസ്തമായ കളി കണ്ട ഒരു മത്സരം. ആളും ആരവങ്ങളുമില്ലാത്ത കാമ്പ് നൗവിൽ ആദ്യപകുതിയിൽ നൂലില്ലാ പട്ടം പോലെ പാറിയ ബാഴ്‌സ, രണ്ടാം പകുതിയിൽ അതിശക്തമായി തിരിച്ചു വന്നു വിജയം വെട്ടിപ്പിടിച്ചു. കറ്റാലൻ പ്രക്ഷോഭത്തിന്റെ ഓളങ്ങൾ കളിക്കാരുടെ മാനസികമായ തയ്യാറെടുപ്പുകൾ ബാധിച്ചെന്ന് തോന്നിച്ച ആദ്യ പകുതി നമ്മൾ ആരാധകർക്ക് ഒട്ടേറെ തലവേദന സൃഷ്ടിച്ചെങ്കിൽ രണ്ടാം പകുതിയിൽ സ്വന്തം ശൈലിയിലേക്ക് തിരികെയെത്തിയ ബാഴ്‌സ പോയിന്റ് നിലയിലെ മേധാവിത്വം നിലനിർത്തുകയായിരുന്നു.
ചരിത്രത്തിൽ ഇടം പിടിച്ച ഒരു മത്സരമായിരുന്നു ഇന്നത്തേത്. കാറ്റാലൻ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോൾ ഇന്ന് മത്സരം നടക്കുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് ഉണ്ടായിരുന്നത്. കളിക്കാൻ ബാഴ്‌സ വിസമ്മതം പ്രകടിപ്പിച്ചപ്പോൾ, മത്സരം ഒഴിവാക്കിയാൽ പോയിന്റ് വെട്ടിക്കുറക്കുമെന്നും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ലാലിഗ ഫെഡറേഷൻ വ്യക്തമാക്കിയപ്പോൾ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു.

കാണികളില്ലെങ്കിൽ ഫുട്ബോളിന് ജീവനില്ല എന്ന് കാണിക്കുന്നതായിരുന്നു ഈ മത്സരം. അവരുടെ ആരവം ഇല്ലെങ്കിൽ ഇത് ഒരു മത്സരം ആയി തോന്നുകയേ ഇല്ല. ശോകമായ മൈതാനം എന്ന പോലെ തന്നെയായിരുന്നു ബാഴ്‌സയുടെ കളിയും. വ്യക്തമായ ഒരു ധാരണ ഇല്ലാത്ത കളി . വിദാലിനെയും റോബർട്ടോയെയും വലതു വിങ്ങിൽ ഒരുമിച്ചിറക്കുന്നതു പന്തിയല്ലെന്ന് മുൻമത്സരങ്ങൾ വ്യക്തമാക്കിയതാണെങ്കിലും വൽവെർദേ എന്തുകൊണ്ടോ ആ തീരുമാനത്തിൽ ഉറച്ചു നിന്നു . ഒപ്പം മധ്യനിരയിൽ കാര്യമായി ക്രീയേറ്റീവ് ആയ നീക്കങ്ങൾ ഇല്ലാതിരുന്നപ്പോൾ ലാസ് പാമാസ് ബാഴ്‌സ ബോക്സിലേക്ക് സ്ഥിരമായി കയറിക്കൊണ്ടിരുന്നു. പല അപകടകരമായ നീക്കങ്ങളും ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഒഴിവായിപ്പോയത്. പൊളിഞ്ഞോയുടെ ഒരു മികച്ച ഹെഡ്ഡർ ഒഴികെ ബാഴ്‌സയ്ക്ക് ഒന്നും അവകാശപ്പെടാനില്ലാത്ത ആദ്യ പകുതി. ഇടവേളക്ക് പിരിയുന്നതിനു മുൻപ് ലാസ് പാമാസിന്റെ ഒരു ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് ബാഴ്‌സക്കുള്ള ഒരു താക്കീതായിരുന്നു.

രണ്ടാം പകുതി രണ്ട് മാറ്റങ്ങളോടെയായിരുന്നു ബാഴ്‌സ കളത്തിലെത്തിയത്. പൊളിഞ്ഞോക്കും വിദാലിനും പകരം ഇനിയേസ്റ്റയും റാക്കിയും കളത്തിലെത്തി . പിന്നീട് കണ്ടത് മികച്ച ഒരു ബാഴ്‍സയെ ആയിരുന്നു. മികച്ച നീക്കങ്ങൾ മധ്യനിരയിൽ നിന്നും തുടരെ വന്നപ്പോൾ പലകുറി ബാഴ്‌സ ഗോളിനടുത്തെത്തി. അധികം കഴിയാതെ ആദ്യത്തെ ഗോളും വീണു. ബാഴ്‌സക്ക് ലഭിച്ച കോർണറിൽ നിന്നും ബുസ്കെറ്റിസിന്റെ ഒരു ഹെഡ്ഡർ.! മൂന്നു വർഷത്തിന് ശേഷം ബുസി നേടുന്ന ഒരു ഗോൾ.! എങ്കിലും പിന്നെയും തുടരെ ലാസ് പാമാസിനെ ആക്രമിച്ച ബാഴ്‌സയ്ക്ക് ഉടനെ അടുത്ത ഗോളും ലഭിച്ചു. ഡെനിസ് സുവാരസിന്റെ ഒരു ത്രൂ പാസ് കൃത്യമായി ഓടിയെത്തി പിടിച്ച മെസ്സി, കീപ്പറെ കീഴ്‌പ്പെടുത്തി അനായാസം ഗോൾ നേടി.തൊട്ടു പിന്നാലെ മെസ്സി തന്നെ ലീഡ് ഉയർത്തി. ഇത്തവണ മെസ്സി – റാക്കി – സുവാരസ് ത്രയം ആയിരുന്നു ഗോളിന് പിറകിൽ. പിന്നെയും അവസരങ്ങൾ സൃഷിച്ചെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്‌കോർ 3 – 0

ടീം ലൈൻ അപ്പ് ബാഴ്‌സയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മൾ ഇന്ന് കണ്ടത്. സെമെഡോ ഇല്ലാതെ റോബർട്ടോയെ റൈറ്റ് ബാക്ക് സ്ഥാനം ഏൽപ്പിക്കുക, വിദാലിനെ റൈറ്റ് വിങ്ങിൽ ഇറക്കുക, തുടങ്ങിയ കാര്യങ്ങൾ ടീമിന്റെ ഘടനക്ക് എത്രമാത്രം ദോഷം ചെയ്യുന്നുണ്ട് എന്ന് ഇന്ന് വ്യക്തമായി കണ്ടു. പെട്ടന്ന് ഒരു ദിവസം പ്രധാന കളിക്കാരെയെല്ലാം മാറ്റി നിർത്തി കളിക്കാൻ കഴിയുന്ന രീതിയല്ല ബാഴ്‍സയുടേത്. വർഷങ്ങളായി ഒരുമിച്ചു കളിക്കുന്നവരുടെ ഒരു കെമിസ്ട്രി ആണ് ബാഴ്‌സയെ നയിക്കുന്നത്.അത് പെട്ടന്ന് ഇല്ലാതായാൽ ബാഴ്‌സ തളരും. കഴിഞ്ഞ വർഷം ഇത്തരത്തിൽ നടത്തിയ പല നീക്കങ്ങളുമാണ് കിരീടം ബാഴ്‌സക്ക് നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിയിൽ എല്ലാവരും മോശമായിരുന്നു. മെസ്സി അടക്കമുള്ളവർ മിസ് പാസുകളുമായി മുന്നിട്ട് നിന്നപ്പോൾ ടീം അകെ തകർന്നത് പോലെ തോന്നിച്ചു. രണ്ടാം പകുതിയിൽ ഇനിയേസ്റ്റയുടെയും റാക്കിയുടെയും വരവോടെയാണ് ബാഴ്‌സ ഒരു ടീം ആയി തോന്നിച്ചത്.പിന്നീട് എല്ലാവരും തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ശ്രമിച്ചു. ഡെനിസ് സുവാരസ് മത്സരത്തിലുടനീളം നന്നായിരുന്നു. ലൂയിസ് സുവാരസ് പിന്നെയും നിരാശരാക്കി. സ്‌ട്രൈക്കർ ചുമതല വഹിക്കുന്ന അദ്ദേഹം ഒട്ടേറെ അവസരങ്ങൾ നഷ്ടമാക്കി. അടുത്ത മത്സരങ്ങളിൽ അദ്ദേഹം ഫോമിലേക്ക് തിരികെയെത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഇനി ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇടവേളയാണ്. ബാഴ്‌സയുടെ അടുത്ത മത്സരം അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഒക്ടോബർ പതിനാലിനാണ്. ഓരോ ഇടവേളയും നമുക്ക് എന്നും മനസ്സിൽ ഭയമാണ് നൽകുന്നത്. ഇന്റർനാഷ്ണൽ ബ്രേക്ക് കഴിഞ്ഞു വരുമ്പോൾ എന്നും ബാഴ്‌സക്ക് കാലിടറാറുണ്ട്. നിലവിൽ എല്ലാ മത്സരങ്ങളും വിജയിച്ചു മികച്ച രീതിയിൽ നിൽക്കുകയാണ് ബാഴ്‌സ. ഈ ബ്രേക്ക് കഴിഞ്ഞു വരുമ്പോൾ ആ ഭയം ഇല്ലാതാക്കി അത്ലറ്റിക്കോക്കെതിരെ വിജയിച്ചു കൊണ്ട് ടീം കൂടുതൽ മുന്നേറുമെന്നു കരുതാം.

©Penyadel Barca Kerala

  • SHARE :