• Follow

മാച്ച് റിവ്യൂ – ബാർസലോണ 1-0 എസ്പാന്യോൾ

  • Posted On July 10, 2020

ചരിത്രങ്ങളേറെ കണ്ട ക്യാമ്പ് നൗവിന്റെ തട്ടകത്തിൽ ആരവത്തോടൊപ്പം ആവേശവും കൊഴിഞ്ഞു പോവുന്ന ദുഖകരമായ കാഴ്ചയായിരുന്നു ഇന്നലെ കണ്ടത്. എസ്പാനിയോൾ എന്ന നഗരവൈരികൾ അവരുടെ ഹോം ടർഫിൽ പലപ്പോഴും മികച്ച പോരാട്ടം നടത്തിയിട്ടുണ്ടെങ്കിലും ക്യാമ്പ് നൗ എന്നും അവർക്കു ഒരു പേടി സ്വപ്നമായിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നിൽ ലീഗിലെ തന്നെ അവസാന സ്ഥാനക്കാരായ നഗര വൈരികൾ ബാഴ്സയ്ക്കെതിരെ കാഴ്ച വെച്ച പോരാട്ടം ബാഴ്സ എന്ന മഹത്തായ ക്ലബ്ബിന്റെ മുന്നോട്ടുള്ള പാതയെക്കുറിച്ചു ആശങ്കകൾ ഏറെയുഴർത്തുന്നതായിരുന്നു. ഒടുവിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ ബാഴ്സ വിജയതീരമണഞ്ഞെങ്കിലും ക്യാമ്പ് നൗവിന്റെ പുൽത്തകിടിയിലെ ഈ തെളിച്ചമില്ലാത്ത പ്രകടനം ബാഴ്സ ആരാധകർക്ക് ആശ്വാസത്തിന് പകരം നിരാശയാണ് സമ്മാനിച്ചത്.

വിയ്യാറിയലിനെതിരെ മികച്ച പോരാട്ടം കാഴ്ച വെച്ച ടീമിൽ നിന്നും വിദാലിനെ ബെഞ്ചിലിരുത്തി റാകിറ്റിച്ചിനെ ഇറക്കിയത് മാത്രമായിരുന്നു മാറ്റം.ഗ്രീസ്‌മാനും മെസ്സിയും സുവാരസും മുന്നേറ്റത്തിൽ ഇറങ്ങിയപ്പോൾ റോബർട്ടോ വീണ്ടും മധ്യനിരയിൽ തന്നെ ഇറങ്ങി. 5 – 4 – 1 എന്ന ഫോർമേഷനിൽ അതീവ പ്രതിരോധ ഫുട്ബോൾ എസ്പാനിയോൾ പുറത്തെടുത്തതോടെ അവസരങ്ങൾ സ്രഷ്ടിക്കുന്നതിൽ ബാഴ്സ പരാജയെപ്പെട്ടു. എന്നാൽ പ്രതിരോധത്തിൽ നിന്നും റിക്കവർ ചെയ്യുന്ന നീക്കങ്ങളിൽ നിന്നും വിങ്ങുകളിലൂടെ എസ്പാനിയോൾ ആക്രമണങ്ങൾ നടത്താൻ തുടങ്ങിയതോടെ ബാഴ്സ പ്രതിരോധം അങ്കലാപ്പിൽ ആയി. പതിമൂന്നാം മിനുറ്റിൽ അവരുടെ ഗോളെന്നുറച്ച ശ്രമം തട്ടിയകറ്റി ടെർ സ്റ്റീഗൻ ബാഴ്സയുടെ രക്ഷകനായി. പ്രതിരോധത്തിൽ നിന്നും കിട്ടിയ പന്തുമായി വലതു വിങ്ങിലൂടെ മിന്നുന്ന വേഗത്തിൽ പന്തുമായി മുന്നേറിയ എംബാർബ ഗോൾ വലയെ ലക്ഷ്യമാക്കി നിറയൊഴിച്ചെങ്കിലും ടെർ സ്റ്റീഗൻ തടുത്തിട്ടു. ബാഴ്സയുടെ ആദ്യ ചാൻസ് വന്നത് ഇരുപത്തിയേഴാം മിനുറ്റിൽ ആയിരുന്നു. ഗ്രീസ്‌മാൻ തള്ളി നൽകിയ പന്തുമായി സുവാരസ് ഗോൾ മുഖം ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ഷൂട്ട് ചെയ്യാൻ അമാന്തം കാണിച്ചതോടെ ഡിഫൻഡർ പന്ത് ക്ലിയർ ചെയ്തു. തുടർന്ന് മെസ്സിയുടെ നേതൃത്വത്തിൽ ബാഴ്സ ഗോൾ ശ്രമങ്ങൾ തുടർന്നെങ്കിലും എസ്പാനിയോൾ പ്രതിരോധം അചഞ്ചലമായി നിലയുറപ്പിച്ചതോടെ വിഫലമായി. എന്നാൽ ഇടവേളയ്ക്കു പിരിയുന്നതിനു മുമ്പ് ബാഴ്‌സയെ പോസ്റ്റ് രക്ഷിച്ചു, വിലയുടെ ആദ്യ ശ്രമം ടെർ സ്റ്റീഗൻ തടഞ്ഞിട്ടെങ്കിലും പന്ത് വീണ്ടും വിലയെ തേടിയെത്തിയപ്പോൾ പോസ്റ്റിനോടൊരുമ്പി പുറത്തേക്കു പോയി.

മോശം പ്രകടനം കാഴ്ച വെച്ച സെമെഡോയെ മാറ്റി ഫാറ്റിയെ ഇറക്കി ആയിരുന്നു ബാഴ്സ സെക്കന്റ് ഹാഫ് തുടങ്ങിയത്. എന്നാൽ ബോൾ വിൻ ചെയ്യാനുള്ള ശ്രമത്തിനിടയിൽ ഫാറ്റിയുടെ ഹൈ ബൂട്ട് എസ്പാനിയോൾ പ്രതിരോധ നിരക്കാരന്റെ കാലിൽ തട്ടിയതോടെ റഫറി റെഡ് കാർഡ് പുറത്തെടുത്തു. കളിയിലിറങ്ങി 4 മിനിറ്റിനകം ഫാറ്റി കളത്തിൽ നിന്നും പുറത്തു. എന്നാൽ എസ്പാനിയോളിന്റെ സന്തോഷത്തിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ, ലൊസാനോ പിക്കെയേ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തപ്പോൾ അവരും പത്തു പേരായി ചുരുങ്ങി. അടുത്ത നിമിഷം ബാഴ്സ മുന്നിലെത്തി, ഗ്രീസ്‌മാന്റെ ബാക്ഹീൽ പാസ് മെസ്സി ഗോളിലേക്ക് പായിച്ചെങ്കിലും പ്രതിരോധത്തിൽ തട്ടി തിരിച്ചു വന്നപ്പോൾ അവസരം പാർത്തിരുന്ന സുവാരസ് പന്ത് വലയിലേക്ക് തട്ടി ഇട്ടു. തുടർന്ന് ബാഴ്സയും എസ്പാനിയോളും ഗോളിലേക്ക് ലക്ഷ്യമുതിർത്തു മുന്നേറ്റം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

13 വർഷങ്ങൾക്കു മുമ്പുള്ള ക്യാമ്പ് നൗവിലെ അവസാന മത്സരത്തിൽ കിരീട ധാരണം പ്രതീക്ഷിച്ചു ഇറങ്ങിയ ബാഴ്‌സയെ അവസാന നിമിഷം ട്യുമുടോ നേടിയ ഗോളിലൂടെ നിശ്ശബ്ദരാക്കിയതിന്റെ കണക്കു തീർത്തു എന്നുള്ളതാണ് ഈ മത്സരത്തിലെ ഏക ആശ്വാസം. 27 വർഷങ്ങൾക്കു ശേഷം ആദ്യമായി രണ്ടാം ഡിവിഷനിലേക്കു തരം താഴ്ത്തപ്പെടുമ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ ക്യാമ്പ് നൗവും ഡഗ്ഔട്ടിൽ ട്യുമുഡയും ഉണ്ടായിരുന്നു എന്നത് കാലത്തിന്റെ കാവ്യാ നീതി ആവും.

ഒട്ടും ആശ്വസിക്കാൻ വകയില്ലാത്ത മത്സരത്തിൽ ഏറെ ആശ്വസിക്കാൻ വകയില്ലാത്ത സീസണിൽ വരുത്തിയ തെറ്റുകളിൽ നിന്നും പാഠമുൾക്കൊണ്ട് ബാഴ്സ വീണ്ടും തിരിച്ചു വരും എന്ന് നമുക്ക് ആശംസിക്കാം.

©www.culesofkerala.com