മാച്ച് റിവ്യൂ – ബാഴ്‌സലോണ 4 – 0 വിയ്യാറയൽ
അങ്ങനെ പുതിയ സീസണിൽ ആശാവഹമായ തുടക്കം. ആളും ആരവവും ഒഴിഞ്ഞ കാമ്പ് ന്യുവിൽ വിരുന്നെത്തിയ വിയ്യാറയലിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് മറികടന്ന് കൊണ്ട് ബാഴ്‌സ ലാലീഗയിലെ പ്രയാണം ആരംഭിച്ചു. പുതിയ കോച്ചിന് കീഴിൽ പുതുതന്ത്രങ്ങളും ഊർജ്ജവുമായി തുടങ്ങിയ ടീം മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ഇരട്ടഗോളോടെ ഫാറ്റിയും, പെനാൽറ്റിയിലൂടെ മെസ്സിയും, ഒരു സെൽഫ് ഗോളും ചേർന്ന് മികച്ച ഒരു സ്‌കോർ ആണ് ഇന്നലെ ടീം സമ്മാനിച്ചത്. അങ്ങനെ പ്രതീക്ഷകളോടെ സീസൺ ആരംഭിച്ചിരിക്കുന്നു.
പ്രതീക്ഷിച്ച പോലെ 4 – 2 – 3 – 1 ശൈലിയിലാണ് ടീം ഇന്നലെ വിന്യസിക്കപ്പെട്ടത്. മുന്നേറ്റത്തിൽ മെസ്സി . ഗ്രീസ്മാൻ, കൊട്ടീഞ്ഞോ, ഫാറ്റി എന്നിവർ എത്തി. മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി മെസ്സി ഇന്നലെ സെൻട്രൽ റോളിലാണ് വിന്യസിക്കപ്പെട്ടത്. ഫാറ്റി ഇടത്തെ വിങ്ങിൽ മാത്രം ശ്രദ്ധ ഊന്നിയപ്പോൾ, മെസ്സിയും, ഗ്രീസ്മാനും, കൊട്ടീഞ്ഞോയും പൊസിഷനുകൾ പരസ്പരം മാറി മാറി കളിച്ചു. കൊട്ടീഞ്ഞോ CAM റോളിൽ എത്തിയപ്പോൾ ബുസ്കെറ്റ്‌സും ഡി യോങ്ങും മധ്യനിരയിലെ പൊസിഷനുകളിൽ സന്നിഹിതരായി.പിൻനിരയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. സ്വാഭാവികമായും ആൽബ, ലെങ്ലെ, പീക്കെ, റോബർട്ടോ എന്ന നിര തന്നെ വന്നു. കീപ്പർ ആയി നെറ്റോയും.
ചെറിയ ആശങ്കയോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ നിമിഷങ്ങളിൽ ടീം കഴിഞ്ഞ സീസണുകളെ അനുസ്മരിപ്പിക്കുന്ന കളിയാണ് കാഴ്ചവെച്ചത്. വിയ്യാറയലിനെ പെനിട്രേറ്റ് ചെയ്യാൻ കഴിയാതെ പന്ത് മൈതാനമധ്യത്തിൽ കറങ്ങി നടന്നു. പക്ഷെ പത്തുമിനിറ്റിന് ശേഷം ടീം പതിയ തലത്തിലേക്ക് വന്നു. കൂടുതൽ മെച്ചപ്പെട്ട ആക്രമണം ആരംഭിക്കുകയും ചെയ്തു. വൈകാതെ സീസണിലെ ആദ്യ ഗോളും വീണു. പിൻനിരയിൽ നിന്നും ലെങ്ലെ ഉയർത്തി നൽകിയ ലോങ്ങ് ബോൾ, ഓടിയെത്തിയ ആൽബ സ്വന്തമാക്കി. തുടർന്ന് ബോക്സിനു വെളിയിൽ കൃത്യമായ സ്ഥാനത് വിന്യസിക്കപ്പെട്ട ആൻസു ഫാറ്റിക്ക് നൽകി. പന്ത് ഒന്ന് സ്റ്റോപ്പ് ചെയ്യാൻ പോലും തുനിയാതെ ഫാറ്റി കൃത്യതയോടെ ആ പന്ത് പ്ലേസ് ചെയ്തു. ഇത്രയും ചെറിയ പ്രായത്തിൽ എത്രമാത്രം മികച്ച ഫിനിഷിങ് അദ്ദേഹത്തിന് ഉണ്ടെന്നു വ്യക്തമാക്കി തന്ന ഗോൾ. കേവലം നാല് മിനിറ്റുകൾക് ശേഷം അദ്ദേഹത്തിന്റെ തന്നെ അടുത്ത ഗോളും. ഇത്തവണ ബാഴ്‌സ ബോക്സിൽ വിയ്യാറയലിന്റെ ആക്രമണത്തിന് ശേഷം ലഭിച്ച പന്തുമായി പ്രത്യാക്രമണം തുടങ്ങിയ ബാഴ്‌സയ്ക്ക് വേണ്ടി പന്തുമായി കുതിച്ച കൊട്ടീഞ്ഞോ ബോക്സിന് തൊട്ടു വെളിയിൽ ഇടത്തെ വിങ്ങിൽ ഫാറ്റിക്ക് കൈമാറി. കീപ്പർ മാത്രം മുൻപിൽ നിലക്ക് ഫാറ്റിയുടെ മികച്ച ഒരു ഫിനിഷ് കൂടി. സ്‌പേസ് ലഭിച്ചാൽ അപകടകാരിയാകുന്ന കൊട്ടീഞ്ഞോയുടെയും മികച്ച ഫിനിഷിങ് കാഴ്ചവെക്കുന്ന ഫാറ്റിയുടെയും ക്രെഡിറ്റിലേക്കുള്ള ഗോൾ. തുടർന്നും ബാഴ്‌സ തന്നെയായിരുന്നു കളത്തിൽ. ബുസ്കെറ്റ്‌സിന്റെ പിഴവുകളിൽ നിന്നും വിയ്യാറയൽ ചില നീക്കങ്ങൾ നടത്തിയെങ്കിലും ബാഴ്‌സയുടെ കെട്ടുറപ്പിനെ തകർക്കാൻ കഴിഞ്ഞില്ല. മത്സരം അര മണിക്കൂർ പിന്നിട്ടപ്പോഴേക്കും അടുത്ത ഗോളും. ഇത്തവണയും ഫാറ്റി തന്നെയായിരുന്നു നായകൻ. പന്തുമായി ബോക്സിൽ നീക്കം നടത്തുന്നതിനിടെ അത് ഫൗളിൽ കലാശിച്ചു. പെനാൽറ്റിയെടുത്ത മെസ്സിക്ക് പിഴച്ചതുമില്ല. സ്‌കോർ 3 – 0. ഇതേ നിലയിൽ ആദ്യപകുതിക്ക് പിരിയേണ്ടി വരും എന്ന് കരുതിയപ്പോഴാണ് ഒരു ഗോൾ കൂടി നേടിയത്. മെസ്സി ബുസ്കെറ്റ്സിനെ ലക്ഷ്യമാക്കി ബോക്‌സിലേക്ക് ഉയർത്തിനൽകിയ പന്ത് തടയാനുള്ള ശ്രമത്തിനിടെ സെൽഫ് ഓൾ ആയി മാറുകയായിരുന്നു. തുടർന്ന് ഇടവേളക്ക് പിരിഞ്ഞു. 4 – 0.
രണ്ടാം പകുതിയിലും സമാന ടീമിനെയാണ് കണ്ടത്. ആദ്യപകുതിയിലെ ആക്രമണം തുടർന്നും കണ്ടെങ്കിലും ഗോൾ ഒഴിഞ്ഞുനിന്നു. ഫാറ്റി ചിപ്പ് ചെയ്ത് നൽകിയ ഒരു പാസിൽ മെസ്സി ഷോട്ടുതിർത്തെങ്കിലും കീപ്പർ വില്ലനായി.ഈ സമയം വിയ്യാറയൽ ചെറുതായിട്ടെങ്കിലും മത്സരത്തിലേക്ക് തിരികെ വന്നു. ഡി യോങ് നടത്തിയ ചില പിഴവുകൾ മുതലെടുത്തു അവർ നടത്തിയ ചില നീക്കങ്ങൾ ഭീഷണി ഉയർത്തുന്നതായിരുന്നു. പക്ഷെ പീക്കെയും നെറ്റോയും അവസരോചിതമായി അവ ചെറുത്തു. തുടർന്ന് ടീം മാറ്റങ്ങൾക്ക് ശ്രമിച്ചു. എഴുപതാം മിനിറ്റിൽ ബാഴ്‌സ ഇരട്ട സബ്സ്റ്റിട്യൂഷനുകൾ നടത്തി. ഫാറ്റിക്ക് പകരം ഡെമ്പേലെയും കൊട്ടീഞ്ഞോക്ക് പകരം പെഡ്രിയും കളത്തിലെത്തി. കൊട്ടീഞ്ഞോയുടെ അഭാവം മെസ്സിക്ക് കൂടുതൽ അവസരങ്ങൾ നൽകി. പലതവണ മെസ്സി ഗോളിന് അടുത്തെത്തിയെങ്കിലും കീപ്പറെ കീഴ്‌പ്പെടുത്താനായില്ല.തുടർന്ന് ഗ്രീസ്മാന് പകരം ട്രിൻകാവോയും ബുസ്കെറ്റ്സിനു പകരം പിയാനിക്കും കളത്തിലെത്തി. ഇരുവരുടെയും ഒഫിഷ്യൽ മത്സരത്തിലെ ആദ്യ നിമിഷം. ട്രിന്കാവോയുടെ വരവ് അതുവരെ ശോകമായി നിന്നിരുന്ന വലത്തേ വിങ് സജീവമാക്കി. മികച്ച ഒരു ഡ്രിബ്ലിങ്ങിനൊടുവിൽ അദ്ദേഹം ഉതിർത്ത ഷോട്ട് കീപ്പർ മനോഹരമായി തടഞ്ഞു. തുടർന്ന് റീബൗണ്ടിൽ ലഭിച്ച പന്തിൽ മെസ്സിയും ഷോട്ടുതിർത്തെങ്കിലും അവിശ്വസനീമായി കീപ്പർ അതും കുത്തിയകറ്റി. സബ്സ്റ്റിട്യൂട്ടുകളുടെ പ്രകടനം അൽപ്പം നേരം കൂടി കണ്ടിരിക്കാൻ ആഗ്രഹിച്ചെങ്കിലും പക്ഷെ ഫൈനൽ വിസിലിനു അപ്പോഴേക്കും സമയമായിരുന്നു.
സന്തോഷം ഉളവാക്കുന്ന പ്രകടനമായിരുന്നു ടീമിന്റെ ഭാഗത്തു നിന്നും കണ്ടത്. മാറ്റങ്ങൾ ഉണ്ട്. ടീമിനെ ഘടനയിലും മനോഭാവത്തിലും മാറ്റങ്ങൾ കാണാം. നീക്കങ്ങൾക്ക് വേഗതയും, കൗണ്ടർ അറ്റാക്കുകൾക്കുള്ള ശ്രമവും കാണാനാകുന്നുണ്ട്. ഫാറ്റിയെ പോലെ ഒരു വിങ്ങറെ ഉപയോഗിച്ച് വിഡ്ത് ഉണ്ടാക്കാനുള്ള ശ്രമവും എല്ലാം മനോഹരം. അതിനു കൃത്യമായി സപ്പോർട്ട് നൽകിയ ആൽബ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു പ്രകടനം കണ്ടത്.
പ്രധാനമായും മുന്നേറ്റനിരയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. മെസ്സി, ഗ്രീസ്മാൻ, കൊട്ടീഞ്ഞോ എന്നിവരുടെ പരസ്പരം പൊസിഷൻ മാറിയുള്ള കളിയെല്ലാം എതിർ ടീമിന് തലവേദന സൃഷ്ടിക്കുന്നതാണ്. ഒപ്പം മുൻസീസണുകളിൽ എന്ന പോലെ മെസ്സിയെ മാത്രം ആശ്രയിച്ചു കളിക്കുന്ന രീതിക്കും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. സബ്സ്റ്റിട്യൂട്ട് ആയി വന്നവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ട്രിന്കാവോയും പെഡ്രിയും പിയാനിക്കുമെല്ലാം ലഭിച്ച ചെറിയ സമയം അവസരോചിതമായി ഉപയോഗിച്ചു.
മികവുകൾ എന്ന പോലെ പോരായ്മകളും ഇന്നലത്തെ മത്സരത്തിനുണ്ട്. ഏറെ സ്പേസ് നൽകിയിരുന്ന വിയ്യറയലിനെത്തിയ മത്സരം ഒരു അളവുകോലായി എടുക്കാൻ സാധിക്കില്ല. കനത്ത ഡിഫെൻസിവ് രീതി കളിക്കുന്ന ടീമുകൾ ഉള്ള ലീഗിൽ ഇത്തരത്തിൽ ധാരാളം സ്പേസ് തരുന്ന ടീമുകൾക്കെതിരെയുള്ള പ്രകടനം വിശ്വാസത്തിലെടുക്കാനാകില്ല. വരുന്ന മത്സരങ്ങളിൽ കൂടി മാത്രമേ നമുക്ക് ടീമിനെ പറ്റി കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. പിന്നെ കണ്ടത് മെസ്സിയെ സെൻട്രൽ റോളിൽ കളിപ്പിച്ചതിന്റെ ഒരു ദൂഷ്യഫലമാണ്. തൽഫലമായി വലത്തേ വിങ് തീർത്തും നിർജീവമായിരുന്നു. ആൽബയും ഫാറ്റിയും ഇടത്തെ വിങ് സജീവമാക്കി നിലനിർത്തിയപ്പോൾ, റോബർട്ടോക്ക് വലത്തേ വിങ്ങിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ട്രിൻകാവോയുടെ വരവോടെയാണ് വലത്തേ വിങ് സജീവമായത്. പിന്നെ കണ്ട ഒരു പ്രശ്‌നം മെസ്സിയും കൊട്ടീഞ്ഞോയും ഒരുമിച്ചു കളിക്കുമ്പോഴുണ്ടാകുന്ന ഒരു പൊസിഷൻ ഓവർലോഡ് ആണ്. ഇരുവർക്കും ഒരുമിച്ച് കളിയ്ക്കാൻ കഴിയുന്ന ഒരു രീതി ടീം സ്വായത്തമാക്കുമെന്നു കരുതാം. പ്രതിരോധനിരക്കാർ ഇന്നലെ നന്നായി കളിച്ചെങ്കിലും ഡിഫെൻസിവ് സെറ്റ് അപ് മോശം തന്നെയാണ്. കളിക്കാരുടെ വ്യക്തിഗത പ്രകടനത്തിലൂടെയാകരുത് പ്രതിരോധം. അത് ഘടനയിലൂടെ ആകണം. അക്കാര്യത്തിൽ നമ്മൾ ഇനിയുമേറെ മുന്നോട്ട് പോകാനിരിക്കുന്നു.
ആദ്യത്തെ മത്സരം മാത്രമാണ്. ഒരു വിലയിരുത്തലിന് സമയമായിട്ടില്ല. ഇനിയുമേറെ പരീക്ഷണങ്ങൾ കാണാനിരിക്കുന്നു. വരും മത്സരങ്ങളിലെല്ലാം ടീം നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചു മികവോടെ കളിക്കും എന്ന് പ്രതീക്ഷിക്കാം.
© Penyadel Barca Kerala
- tags :ansu fatiBarcaBarcelonabarcelona supporters keralaclement lengletcokculesDondream teamFC BarcelonaFC barcelona legendFCBfcb keralafrenkie de jongla ligala masialionel messimarcmarc andre ter steganmartin-braithwaiteMatch Reviewmessimessi the goat of footballnelson semedoPenyadel Barca Keralapique.sergio robertospainsuarezvidal
- SHARE :
