• Follow

മാച്ച് റിവ്യൂ – എഫ്. സി ബാഴ്‌സലോണ 5 – 1 റയൽ വയ്യാദോലീദ്

  • Posted On October 30, 2019

ലയണൽ മെസ്സി എന്ന അതികായൻ ഒരിക്കൽ കൂടി ക്യാമ്പ് ന്യുവിന്റെ നടുത്തളത്തിൽ വിശ്വരൂപം പൂണ്ടപ്പോൾ ലാലിഗയിൽ മറ്റൊരു മികച്ച വിജയവുമായി ബാഴ്‌സ മുന്നോട്ട്. എൽ ക്ലസിക്കോയുടെ മാറ്റത്തോടെ ഏറെ വിശ്രമത്തിനു ശേഷം കളത്തിലെത്തിയ ബാഴ്‌സ, സന്ദർശകർക്ക് മത്സരത്തിൽ ഒരു അവസരവും നൽകാതെയാണ് സ്വന്തമാക്കിയത്. മികച്ച ടീം വർക്കിനൊപ്പം മെസ്സിയുടെ മാസ്മരിക പ്രകടനവും കൂടി ചേർന്നപ്പോൾ അർദ്ധരാത്രിയിലും ലോകം മത്സരം വേണ്ടുവോളം ആസ്വദിച്ചു. അൽപ്പനേരത്തേക്കെങ്കിലും ഒന്നാം സ്ഥാനം നേടിയ ഗ്രനാഡയെ വീണ്ടും പിറകിലാക്കി അവകാശികൾ വീണ്ടും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.

എൽ ക്ലസിക്കോ മാറ്റിവെച്ചതിനാൽ ആവിശ്യത്തിന് വിശ്രമത്തിനു ശേഷമാണു ടീം ലാലിഗയിലേക്ക് വീണ്ടുമെത്തിയത്. പ്രാഗിലെ മോശം പ്രകടനത്തിന്റെ അലയൊലികൾ ഏറെക്കുറെ അസ്തമിച്ചിരുന്നു. പുതുപ്രതീക്ഷകളോടെയാണ് ടീമും നമ്മളും ഈ മത്സരവും കാത്തിരുന്നത്. അടുത്ത ഏഴു ദിവസങ്ങളിലായി മൂന്ന് മത്സരങ്ങൾ കളിക്കേണ്ടതിനാൽ മാറ്റങ്ങൾ പ്രതീക്ഷിച്ചു കൊള്ളാൻ കോച്ച് മുന്നറിയിപ്പ് തന്നിരുന്നു. പ്രതീക്ഷകൾക്കൊത്ത ഒരു ലൈൻ അപ്പ് തന്നെയാണ് ടീം രംഗത്തിറക്കിയത്. മുൻനിരയിൽ ഗ്രീസ്മാന് പകരം അൻസു ഫാറ്റി രംഗത്തെത്തി. ഒപ്പം മെസ്സിയും സുവാരസും അടങ്ങുന്ന മുൻനിര മികച്ചത് തന്നെയാണ്. മധ്യനിരയിലും മാറ്റങ്ങൾ കണ്ടു. ആർതറിന് പകരം വിദാൽ ആദ്യ ഇലവനിൽ ഇടം നേടി. സാധാരണഗതിയിൽ സബ്സ്റ്റിട്യൂഷൻ ആയി ഇറങ്ങി നിരാശപ്പെടുത്താത്ത വിദാൽ അർഹിക്കുന്ന ഒരു തീരുമാനം. ഒപ്പം ഡി യോങ്ങും ബുസ്കെറ്റ്സും ചേർന്നപ്പോൾ മധ്യനിര മികച്ചതായി. പിൻനിരയിൽ കാര്യമായ മാറ്റങ്ങൾ ഇല്ല. കഴിഞ്ഞ ലാലിഗ മത്സരത്തിന് സസ്‌പെൻഷനിൽ ആയിരുന്ന പീക്കെ തിരികെ എത്തി. ആൽബ, ലെങ്ലെ പീക്കെ, സെമെഡോ എന്ന ഡിഫെൻസിവ് ലൈനും കീപ്പർ ആയി സ്റ്റീഗനും രംഗത്തെത്തി.

അൻപത്തിയെട്ടായിരം കണികളുടടെ ആരവങ്ങൾക്കിടയിൽ മത്സരം ആരംഭിച്ചു. സ്ലാവിയ പ്രാഗുമായുള്ള മത്സരത്തെ അനുസ്മരിപ്പിച്ചു കൊണ്ട് ആദ്യ നിമിഷങ്ങളിൽ തന്നെ ബാഴ്‌സ ഗോൾ നേടി. നമുക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് വയ്യാദോലീദ് ഡിഫെൻസ് പ്രധിരോധിച്ചെങ്കിലും പന്ത് ലഭിച്ചത് ലെങ്ലേക്ക്. സമയം ഒട്ടും പാഴാക്കാതെ ലെങ്ലെ തൊടുത്ത ഷോട്ട് എതിർ ഡിഫൻഡറുടെ കാലുകളിൽ ഉരുമ്മി ഗോൾ പോസ്റ്റിലേക്ക്. സീസണിൽ അദ്ദേഹത്തിന്റെ ആദ്യ ഗോൾ. ഒരു ഗോൾ വഴങ്ങിയതോടെ വയ്യാദോലീദ് അൽപ്പം കൂടി ഉണർവോടെ കളിച്ചു. പ്രതിരോധത്തിൽ അൽപ്പം അങ്കലാപ്പ് കാണിച്ച സെമെഡോയെ ലക്ഷ്യമിട്ട് അവർ ഇടത് വിങ്ങിലൂടെ കനത്ത ആക്രമണം അഴിച്ചുവിട്ടു. ആദ്യമൊക്കെ തടയാൻ നമുക്കായെങ്കിലും അനിവാര്യമായതിനെ തടയാൻ നമുക്ക് കഴിഞ്ഞില്ല. സെമെഡോയുടെ ഒരു ഡിഫെൻസിവ് മിസ്റ്റേക്കിൽ നിന്നും ലഭിച്ച ഒരു ഫ്രീകിക്ക് അവർ ലക്ഷ്യത്തിലെത്തിച്ചു. അനായാസം കൈപ്പിടിയിൽ ഒതുക്കാമായിരുന്ന ഫ്രീക്കിക്ക് സ്റ്റീഗന്റെ ആശയക്കുഴപ്പം മൂലമാണ് ഗോളിൽ കലാശിച്ചത്. പക്ഷെ പിന്നീട് ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വന്നു. അനായാസേന കളിച്ച ടീം അവസരങ്ങൾ ഒരുക്കിയെടുക്കാൻ ആരംഭിച്ചു. കളിക്കളത്തിൽ എല്ലായിടത്തും തന്റെ സാന്നിധ്യം അറിയിച്ച വിദാൽ ബാഴ്‌സയുടെ ആക്രമണങ്ങൾക്ക് വലിയൊരു ഊർജ്ജമാണ് നൽകിയത്. ഡി യോങ് ഉയർത്തി നൽകിയ ഒരു പന്തിൽ തലനാഴിരക്കാണ് അദ്ദേഹത്തിന്റെ ഹെഡ്ഡർ നഷ്ടമായത്. പക്ഷെ ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം തന്നെ ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. അദ്ദേഹവും മെസ്സിയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ, വയ്യാദോലീദ് പ്രതിരോധത്തിന് മുകളിലൂടെ മെസ്സി നൽകിയ മഴവില്ല് കണക്കെയുള്ള പാസ് ഓടിയെത്തി ഒരു ചെറിയ ടച്ചിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചു വിട്ടപ്പോൾ അദ്ദേഹം നേരത്തെ നഷ്‌ടമായ അവസരത്തിന് പകരം നൽകുകയായിരുന്നു.ഒരു പക്കാ സൗത്ത് അമേരിക്കൻ ഗോൾ. ശേഷം ബാഴ്‌സയും മെസ്സിയും കൂടുതൽ ഊർജ്വസ്വലരായി കാണപ്പെട്ടു. അഞ്ച് നിമിഷങ്ങൾക്കകം ബാഴ്‌സ ലീഡുയർത്തി. മെസ്സിയുടെ ഇഷ്ട സ്പോട്ടിൽ നിന്നും ഒരു ഫ്രീകിക്ക്. എടുക്കാനെത്തിയ മെസ്സിക്ക് മുൻപിൽ വയ്യാദോലീദ് പണിത പ്രധിരോധ കോട്ട. അൽപ്പം ടൈറ്റ് ആംഗിൾ . പക്ഷെ മെസ്സിക്കെന്ത് കോട്ടയും ആംഗിളും ??? ഫ്രീകിക്കുകളുടെ തോഴൻ ചെറിയ ഒരു റണ്ണപ്പിനൊടുവിൽ ഉതിർത്ത മഴവില്ലു കണക്കെയുള്ള ഷോട്ട് പ്രധിരോധ കോട്ടക്ക് മുകളിലൂടെ പറന്ന്, ഒന്ന് തിരിഞ്ഞു പോസ്റ്റിന്റെ ഇടത്തെ മൂലയിലേക്ക് പതിക്കുമ്പോൾ പഴയ ടീം മേറ്റ് മാസിപ്പിന്റെ ഒരു മുഴുനീള ഡൈവ് തീർത്തും വിഫലമായി പോവുകയായിരുന്നു. ഫ്രീകിക്കുകളുടെ രാജാവ് ഫ്രീകിക്ക് ഗോളുകൾ അങ്ങനെ അർദ്ധ ശതകം തികച്ചു. ഇനിയുമെത്ര വരാനിരിക്കുന്നു. തുടർന്ന് കാര്യമായ മാറ്റങ്ങളില്ലാതെ ഇടവേളക്ക് പിരിഞ്ഞു.

മാറ്റങ്ങൾ ഇല്ലാതെ രണ്ടാം പകുതി തുടങ്ങി. ഇത്തവണയും കളി ബാഴ്‌സയുടെ കൈകളിൽ തന്നെയായിരുന്നെങ്കിലും അവസരങ്ങൾ നന്നായി വിനിയോഗിക്കാൻ കഴിഞ്ഞില്ല. ടീമിൽ അവസരം ലഭിച്ചിട്ട് അൽപ്പം നാളുകളായ അൻസു ഫാറ്റിക്ക് ഇന്നലെ ലഭിച്ച അവസരങ്ങൾ മുതലെടുക്കാനായില്ല. രണ്ടാം പകുതിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം അദ്ദേഹം നടത്തിയെങ്കിലും അവസരങ്ങൾ ഗോളുകൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. അധികം വൈകാതെ അദ്ദേഹത്തിന് പകരം ഗ്രീസ്മാൻ രംഗത്തിറങ്ങി. ശേഷം ഡി യോങിനെ പിൻവലിച്ചു റാക്കിറ്റിച് കളത്തിലെത്തി. 3 – 1 എന്ന സ്‌കോറിൽ തന്നെ മത്സരത്തിന് അന്ത്യമാവും എന്ന് കരുതിയിരിക്കുമ്പോഴാണ് മെസ്സി പിന്നെയും ആഞ്ഞടിച്ചത്. ഇത്തവണ റാക്കിറ്റിച്ചിന്റെ വകയായിരുന്നു അസിസ്റ്റ്. റാക്കിറ്റിച് നൽകിയ പാസ് തുടയിൽ സ്വീകരിച്ചു മെസ്സി ഉതിർത്ത കനത്ത ഷോട്ട് തടയാൻ മാത്രം മികവ് മാസിപ്പിനുണ്ടായിരുന്നില്ല. കേവലം രണ്ട് നിമിഷങ്ങൾക്കകം വീണ്ടും ബാഴ്‌സ ലീഡ് ഉയർത്തി. ഇത്തവണ തന്റെ സന്തതസഹചാരിക്ക് മെസ്സി ഒരുക്കി നൽകിയ ഗോൾ. ബാഴ്‌സ പോസ്റ്റിൽ വയ്യാദോലീദ് നടത്തിയ ആക്രമണത്തിനൊടുവിൽ ബാഴ്‌സ നടത്തിയ പ്രത്യാക്രമണം വിജയം കണ്ടു. വയ്യാദോലീദ് പ്രതിരോധത്തെ നെടുകെ പിളർന്ന് കൊണ്ട് മെസ്സി നൽകിയ ഒരു ത്രൂബോൾ ഓടിയെത്തി പോസ്റ്റിലേക്ക് വഴിതിരിച്ചു വിട്ടപ്പോൾ സുവാരസിന് പിഴച്ചില്ല. മത്സരത്തിൽ അധികം സ്വാധീനമില്ലാതിരുന സുവാരസിന് ആശ്വാസമായ ഗോൾ. ശേഷം ആൽബക്ക് പകരം സെർജി റോബർട്ടോ കളത്തിലെത്തി. അതോടെ സെമെഡോ ലെഫ്റ്റ് വിങ്ങിലേക്ക് നീങ്ങി. അവസാന നിമിഷം മെസ്സിക്ക് ഒരു ഹാട്രിക്കിനായി സുവാരസ് അവസരം ഒരുക്കിനൽകിയെങ്കിലും മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പറന്നു. ഒരു പക്ഷെ ഒരു ടാപ്പ് ഇന്നിലൂടെ ഗോൾ നേടാമായിരുന്ന ഗ്രീസ്മാൻ അവിടെ തഴയപ്പെട്ടത് മാത്രം ഒരു നൊമ്പരമായി. മറ്റൊരു മികച്ച വിജയത്തോടെ ബാഴ്‌സ മുന്നോട്ട്.

ലാലിഗയിൽ ആദ്യത്തെ കിതപ്പിനു ശേഷം ഇപ്പോൾ കുതിപ്പ് കാണുമ്പോൾ ഏറെ സന്തോഷം. സീസൺ ആരംഭവത്തിൽ സംഭവിക വീഴ്ചകൾ ചെറിയ സമയത്തേക്കെങ്കിലും നമ്മളെ ആശങ്കയിലാക്കിയിരുന്നു. പക്ഷെ അതിനു ശേഷം താളം വീണ്ടെടുത്ത ടീം ഇപ്പോൾ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അതിന്റെ ഒരു ഉദാഹരണമാണ് ഇന്നലെ നമ്മൾ കണ്ടതും. ക്യാമ്പ് ന്യുവിൽ എന്നും മാസ്മരികത നിലനിർത്താറുള്ള ടീം ഇന്നലെയും പതിവ് തെറ്റിച്ചില്ല. ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നിമിഷങ്ങൾ. അൻസു ഫാറ്റിയും സുവാരസും മുന്നേറ്റത്തിൽ നിരാശ പടർത്തിയപ്പോൾ മെസ്സിയും വിദാലും ഡി യോങ്ങും ചേർന്ന് ആക്രമണങ്ങളുടെ ചുക്കാൻ പിടിച്ചു. ആദ്യ പകുതിയിൽ അഞ്ച് പ്രധിരോധ നിരക്കാരെ ഒരുമിച്ചു നിർത്തി വയ്യാദോലീദ് പ്രധിരോധക്കോട്ട നിർമ്മിച്ചപ്പോൾ അവരുടെ തലക്ക് മുകളിലൂടെ രണ്ട് ഗോൾ. രണ്ടാം പകുതിയിൽ അവരുടെ പ്രതിരോധത്തിന്റെ കെട്ടുറപ്പ് കുറഞ്ഞപ്പോൾ മറ്റ് രണ്ട് ഗോളുകൾ. തന്റെ പ്രതാപത്തിലേക്ക് തിരികെ വരുന്നു എന്ന് സൂചിപ്പിച്ചു കൊണ്ട് ബുസ്കെറ്റ്സ് പിഴവുകളേതുമില്ലാതെ മത്സരം പൂർത്തിയാക്കി. ഡി യോങ്ങും വിദാലും കൂടുതൽ ആക്രമണത്തിൽ ശ്രദ്ധ പുലർത്തിയപ്പോൾ ബുസ്കെറ്റ്സ് മധ്യനിരയുടെ കടിഞ്ഞാൺ കയ്യിലെടുത്തു. നമ്മുടെ പ്രതിരോധവും നന്നായിരുന്നു. ഒരു ഗോൾ വഴങ്ങിയതൊഴിച്ചാൽ മികവുറ്റ പ്രകടനം കണ്ടു. പ്രത്യേകിച്ച് സെന്റർ ബാക്കുകൾ രണ്ട് പേരും. ലെങ്ലെ കിടിലൻ പ്രകടനം. ഒപ്പം കഴിഞ്ഞ മത്സരത്തിൽ ഏറെ പഴികേട്ട പീക്കെ മികച്ച സപ്പോർട്ടുമായി നിലകൊണ്ടു. എങ്കിലും സെമെഡോ ആദ്യ പകുതിയിൽ ഒട്ടേറെ അനാവശ്യ നീക്കങ്ങൾ നടത്തി ടീമിനെ പ്രതിസന്ധിയിലാക്കി. ഒഴിവാക്കാമായിരുന്ന അനാവശ്യ നീക്കങ്ങൾ ടീമിനെ കൂടുതൽ പ്രഷറിൽ ആഴ്ത്തി. നമ്മൾ വഴങ്ങിയ ഗോളിന് കാരണമായതും ഇത്തരം തെറ്റായ ഒരു നീക്കം തന്നെയായിരുന്നു. ഡിഫെൻസിവ് ആയി നന്നായെങ്കിലും ആക്രമണത്തിൽ ആൽബ തിളങ്ങിയില്ല എന്ന് പറയേണ്ടി വരും. മെസ്സിയുമായും അൻസു ഫാറ്റിയുമായും കണക്ഷൻ കുറവായിരുന്നു. പകരക്കാരായി ഇറങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു. റാക്കിറ്റിച്ചിന്റെ മനോഹരമായ അസിസ്റ്റ്. ജനുവരിയിൽ അദ്ദേഹം ടീം വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്കിടയിൽ ഇത്തരത്തിൽ ഒരു അസിസ്റ്റ് കാണുന്നത് ഏറെ സന്തോഷമേകി. ഗ്രീസ്മാനും അദ്ദേഹത്തിന്റെ ഭാഗം നന്നായി ചെയ്തു. പ്രതിരോധത്തിൽ നിന്നും ആക്രമണത്തിലേക്കുള്ള നമ്മുടെ ചുവടു മാറ്റത്തിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഇന്നലെ അവസാന നിമിഷം അദ്ദേഹത്തിന് ഒരു ഗോൾ നേടാമായിരുന്നു എന്നത് മാത്രം വിഷമകരമായ തോന്നി.

വിജയത്തിനും അപ്പുറം ഏറെ സന്തോഷം തോന്നിക്കുന്ന മറ്റൊരു ഘടകം കൂടി ഇന്നലെ മത്സരത്തിൽ ഉണ്ടായിരുന്നു. ലയണൽ ആന്ദ്രെസ് മെസ്സി. ലാ പുൾഗ ഒട്ടേറെ തവണ ഇത്തരം പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഇന്നലെ മറ്റൊരു ഫീലിംഗ് ആയിരുന്നു. കാരണം ഈ സീസൺ ആരംഭിച്ചതിനു ശേഷം അദ്ദേഹം തന്റെ യഥാർത്ഥ ഫോമിലേക്ക് ഇതുവരെ ഉയർന്നിട്ടില്ലായിരുന്നു. ഗോളുകളും അസിസ്റ്റുകളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മുൻപും ഉണ്ടായെങ്കിലും എന്തോ ഒന്ന് മാത്രം മിസ്സിംഗ് ആയി തോന്നിയിരുന്നു. പക്ഷെ ഇന്നലെ യഥാർത്ഥ മെസ്സിയെ നമ്മൾ വീണ്ടും കണ്ടു. നട്ട് മെഗ്ഗുകളും ഗോളുകളും അസിസ്റ്റുകളുമായി ആസ്വദിച്ചു കളിക്കുന്ന മെസ്സി. അദ്ദേഹം ആസ്വദിച്ചു കളിക്കുന്ന മത്സരങ്ങൾക്ക് എന്തോ ഒരു അനുഭൂതിയാണ്. പലപ്പോഴും ഗോളുകളോ അസിസ്റ്റുകളോ അല്ല നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുക. ചില നിമിഷങ്ങളാണ്. പിന്നെയും പിന്നെയും കണ്ട് നിർവൃതി അടയാൻ നമ്മെ പ്രേരിപ്പിക്കുന്ന ചില നിമിഷങ്ങൾ. ഇന്നലെ മത്സരം അത്തരം നിമിഷങ്ങളുടെ ഒരു കലവറയായിരിന്നു. ഒരു തൂവൽസ്പർശം പോലെയുള്ള ടച്ചിലെ നട്ട് മെഗ്, കാലുകളെ പിഴുതിടാൻ വരുന്ന പ്രധിരോധ ഭടന്മാരുടെ കാലുകൾക്കിടയിലൂടെ തെന്നി നീങ്ങുന്ന നീക്കങ്ങൾ, ഒരു ടീമിന്റെ വലിയ പ്രധിരോധ നിരയെ ഒരൊറ്റ പാസിലൂടെ നിഷ്പ്രഭമാക്കുന്ന നീക്കം അങ്ങനെ ഒത്തിരി ഒത്തിരി നിമിഷങ്ങൾ ഇന്നലെ കാണാൻ സാധിച്ചു. ഇന്നലത്തെ മത്സരത്തെ ഏറെ ഹൃദ്യമാക്കുന്നതും അത് തന്നെ.കമന്റേറ്റർ ഇന്നലെ പറഞ്ഞത് ഒരിക്കൽ കൂടി ഓർമ്മയിൽ വരികയാണ്…

” അദ്ദേഹം ഉള്ളിടത്തോളം കാലം നമ്മൾ അദ്ദേഹത്തെ ആസ്വദിക്കുക, കാരണം മെസ്സി എന്ന പ്രതിഭാസം ഒരിക്കലേ ഉണ്ടാകൂ…”

  • SHARE :