• Follow

മാച്ച് റിവ്യൂ ~ ബാഴ്‌സലോണ 2 vs 0 മലാഗ

  • Posted On October 22, 2017

തീർച്ചയായും ഏറെ നിരാശപ്പെടുത്തിയ മത്സരം.പോയിന്റ് പട്ടികയിൽ ഏറ്റവും മുകളിൽ നിൽക്കുന്നവരും, ഏറ്റവും താഴെ നിൽക്കുന്നവരും തമ്മിലുള്ള മത്സരമാണെന്നു ഒരു ഘട്ടത്തിലും തോന്നിച്ചില്ല. ശരാശരിയിലും ഏറെ താഴ്ന്ന പ്രകടനം ബാഴ്‌സ കാഴ്ച്ചവെച്ചപ്പോൾ ലഭിച്ചത് നിറം മങ്ങിയ ഒരു വിജയം. കേവലം രണ്ട് ഗോൾ നേട്ടത്തോടെ ഈ മത്സരം ബാഴ്‌സ തങ്ങളുടെ പേരിൽ കുറിച്ചു . അതിൽ ഒരു ഗോൾ റഫറിയുടെ ഭീമമായ പിഴവിൽ നിന്നുമാണെന്നത് വേറെ കാര്യം. എങ്കിലും വിജയത്തെ മാനിക്കുന്നു. തുടർച്ചയായി ലീഗിൽ ഒന്പത് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നോട്ട്. നഷ്ടപ്പെടുത്തിയത് കേവലം രണ്ട് പോയിന്റുകൾ മാത്രം.

നമ്മുടെ യുവതാരങ്ങളിൽ ചിലർക്കെങ്കിലും ഇന്ന് അവസരം നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലൈൻ അപ്പ് വന്നപ്പോൾ നിരാശരായി. കഴിഞ്ഞ മത്സരങ്ങളിൽ ഉപയോഗിച്ച ഏകദേശം അതേ ലൈൻ അപ്പ്. മികച്ച ഒരു ടീം കളത്തിലിറങ്ങിയപ്പോൾ മെച്ചപ്പെട്ട പ്രകടനമായിരുന്നു നമ്മൾ എല്ലാം പ്രതീക്ഷിച്ചതു. അത് ശരിയാണെന്നു തോന്നിക്കുന്ന ഒരു തുടക്കവും. വിങ്ങിൽ ഡിന്യേയും ഇനിയേസ്റ്റയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ഡിന്യേയുടെ പാസ് ഡെലൂഫെ ഗോൾ ആക്കി. പക്ഷെ ആ പാസ് നൽകുന്നതിന് മുൻപ് പന്ത് അതിർത്തി കടന്നിരുന്നുവെന്നു റീപ്ലേകളിൽ വ്യക്തമായിരുന്നു. സ്വതവേ മോശം തീരുമാനങ്ങളുടെ പേരിൽ ഏറെ പഴി കേൾക്കുന്ന ലാലിഗ റഫറിമാരുടെ അബദ്ധങ്ങളുടെ ലിസ്റ്റിലേക്ക് മറ്റൊരു തീരുമാനം കൂടി. ആദ്യ നിമിഷങ്ങളിൽ തന്നെ ഒരു ഗോൾ നേടാനായത് , ഇനി ഗോളുകളുടെ ഒഴുക്കാകുമെന്ന് തോന്നിച്ചെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്തായി. ഏറെ സമയം പന്ത് കൈയിൽ വച്ചിട്ടും കാര്യമായ അവസരങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ല. മെസ്സി നടത്തിയ ചില നീക്കങ്ങൾ ഒഴികെ ആദ്യ പകുതിയിൽ കാര്യമായി ഒന്നും ചെയ്യാൻ ബാഴ്‌സക്ക് കഴിഞ്ഞതുമില്ല.

രണ്ടാം പകുതിയിലും കാര്യങ്ങൾ അധികം വ്യത്യസ്തമായില്ല. പ്രതീക്ഷകളിലും നിന്നും ഏറെ പിന്നിലായ പ്രകടനം. മിസ് പാസുകൾ ധാരാളം. കൂടാതെ നമ്മുടെ ലോങ്ങ് പാസുകൾ മലാഗ കളിക്കാർ അനായാസം ഇന്റർസെപ്റ്റ് ചെയ്യുകയും ചെയ്തു. എങ്കിലും അധികം വൈകാതെ ബാഴ്‌സയുടെ രണ്ടാം ഗോളും വീണു. ഇത്തവണ രക്ഷകനായത് ഇനിയേസ്റ്റ. മധ്യനിരയിൽ നിന്നും അളന്നുമുറിച്ച ഒരു പാസ് മാഷെ മെസ്സിക്ക് നൽകിയപ്പോൾ അതുമായി ഒന്ന് മുന്നോട്ട് ആഞ്ഞ ശേഷം മെസ്സി അത് ഇടത് വിങ്ങിൽ ഇനിയേസ്റ്റക്ക് നൽകി. ഇനിയേസ്റ്റ ഒരു മികച്ച ഷോട്ടുതിർത്തപ്പോൾ എതിർ ഡിഫൻഡറുടെ കാലിൽ സ്പർശിച്ച പന്ത് വലയിലേക്ക് തന്നെ കയറി. രണ്ടാം ഗോൾ വീണപ്പോൾ അൽപ്പം കൂടി ആത്മവിശ്വാസത്തോടെയുള്ള ബാഴ്‍സയെയാണ് കണ്ടത്. ലീഡ് ഉയർത്താനുള്ള സുവർണ്ണാവസരം സുവാരസ് പുറത്തേക്കടിച്ചു കളയുന്നത് കണ്ട് തരിച്ചു പോയി. തൊട്ടു പിന്നാലെ സുവാരസിനെ മാറ്റി വൽവേർദേ ഒരു സന്ദേശവും നൽകി. കളത്തിലെത്തിയത് പാക്കോ. അതോടൊപ്പം തന്നെ സെമെഡോയും പൊളിഞ്ഞോയും രംഗത്തെത്തി. പൊളിഞ്ഞോയും മെസ്സിയും തമ്മിലുള്ള മികച്ച കൂട്ടുകെട്ടിന്റെ ഗുണഫലങ്ങളായി ഏതാനും മികച്ച അവസരങ്ങൾ ബാഴ്‌സയെ തേടിയെത്തിയെങ്കിലും ഗോൾ അകന്നു നിന്നു . ഒടുവിൽ മൂന്ന് പോയിന്റ് ഭദ്രമാക്കി മത്സരം അവസാനിച്ചു.

ആദ്യമേ പറഞ്ഞത് പോലെ ഏറെ നിരാശയാണ് ഈ മത്സരം തന്നത്. കാര്യം നമ്മൾ വിജയിച്ചെങ്കിലും എങ്ങനെ വിജയിച്ചു എന്നത് കൂടി പ്രധാനമാണ്. തങ്ങളുടെ യഥാർത്ഥ ഫോമിന്റെ ഏഴയലത്തല്ല ബാഴ്‌സ എന്ന് തോന്നുകയാണ്. ഒരു പക്ഷെ തുടർച്ചയായ മത്സരങ്ങൾ കാരണമാകാം കളിക്കാർ അൽപ്പം ക്ഷീണിതരായി കാണപ്പെട്ടു. അതിനെ തടുക്കാൻ ഉള്ള ഏക പോംവഴി മികച്ച രീതിയിൽ റൊട്ടേറ്റ്‌ ചെയ്യുക എന്നതാണ്. പക്ഷെ അതും കോച് നടപ്പിൽ വരുത്തുന്നില്ല. ഒപ്പം സുവാരസിന്റെ ഫോം ഔട്ട് എടുത്തു പറയേണ്ടതാണ്. ഏറെ നാളായി ഇങ്ങനെ തുടങ്ങിയിട്ട്. എന്താണ് സംഭവിച്ചതെന്നറിയില്ല. മുൻകാലങ്ങളിലെ സുവാരസിന്റെ നിഴൽ മാത്രമാണ് ഇപ്പോൾ. ആരാധകർക്ക് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു. എങ്കിലും സബ്സ്റ്റിട്യൂട്ട് ചെയ്തപ്പോൾ കാമ്പ് നോവിലെ കാണികൾ നൽകിയ കൈയടി തികച്ചും അഭിനന്ദനീയം തന്നെയാണ്. ഒരാൾക്ക് ഫോമിലേക്കെത്താൻ ഇത്തരം പ്രവർത്തികൾ സഹായിക്കുമെന്ന് കരുതുന്നു. മെസ്സി , ഇനിയേസ്റ്റ, മാഷെ തുടങ്ങിയവർ ഇന്ന് മികച്ചു നിന്ന് എന്ന് പറയാം. സെമീഡോ രംഗത്തെത്തിയതോടെ മിഡ്ഫീൽഡിലേക്ക് സ്ഥാനം മാറിയ റോബർട്ടോയും മികച്ചു നിന്നു. എങ്കിലും ഇവർ മാത്രം വിചാരിച്ചാൽ കളി മുഴുവനായും മാറ്റി മറിക്കാനാകില്ലല്ലോ . ടീം ഒന്നടങ്കം ഫോമിലേക്കുയരേണ്ടതുണ്ട്. അവസാന പത്തു മിനിറ്റിലാണ് എത്തിയതെങ്കിലും പൊളിഞ്ഞോ ഏറെ മികച്ച നീക്കങ്ങൾ നടത്തുകയുണ്ടായി. മെസ്സിയും പൊളിഞ്ഞോയും തമ്മിലുള്ള ലിങ്ക് അപ്പ് ടീമിന് കൂടുതൽ ഗോൾ അവസരങ്ങൾ ഒരുക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കപ്പെടണം.

അടുത്തതായി കോപ ഡെൽ റെയിലെ ആദ്യ മത്സരമാണ്. സെഗുണ്ട ഡിവിഷനിൽ നാലാമത് നിൽക്കുന്ന ടീമിൽ നിന്നും കാര്യമായ ഭീഷണി ബാഴ്‌സ പ്രതീക്ഷിക്കുന്നുണ്ടാകില്ല. ഒരു പക്ഷെ കൂടുതൽ കളിക്കാർക്ക് അവസരം നൽകാൻ ആ മത്സരം ഉപകരിച്ചേക്കും. ഇന്ന് ഇനിയേസ്റ്റ മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നു . അതുകൊണ്ട് അടുത്ത മത്സരത്തിൽ അദ്ദേഹത്തെ ഒഴിവാക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് വരുന്ന ആഴ്ച അത്ലറ്റിക് ബിൽബാവോയെ നേരിടേണ്ടതിനാൽ. ടീമിനെ പ്രകടനം ഉയർത്താൻ വൽവെർദേ കൃത്യമായ പദ്ധതികൾ നടപ്പിലാക്കും എന്ന് വിശ്വസിക്കാം.

© Penyadel Barca Kerala

  • SHARE :