മാച്ച് റിവ്യൂ – ബാഴ്‌സലോണ 1 – 0 അത്‌ലറ്റിക്ക് ബിൽബാവോ
കരിയറിൽ ആദ്യമായി ലയണൽ മെസ്സിക്ക് ജന്മദിനം കാമ്പ് ന്യുവിൽ ആഘോഷിക്കാൻ ലഭിച്ച അവസരം. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ നഷ്‌ടമായ ആധിപത്യം വീണ്ടെടുക്കാൻ ലഭിക്കുന്ന അവസരങ്ങളുടെ തുടക്കം അങ്ങനെ പ്രതീക്ഷകളോടെ കാത്തിരുന്ന ഒരു മത്സരമായിരുന്നു ഇന്നലത്തേതു. സീസണിലെ ആദ്യ മത്സരത്തിൽ അവസാന നിമിഷം വിജയം തട്ടിപ്പറിച്ച ബിൽബാവോ ബാഴ്‌സയുടെ തട്ടകത്തിലേക്ക് വരുമ്പോൾ മൂന്ന് പോയിന്റിൽ കുറഞ്ഞതൊന്നും നമുക്ക് സ്വീകാര്യമായിരുന്നില്ല. പക്ഷെ കഴിഞ്ഞ മത്സരത്തിലെ ഇടർച്ച ഇന്നലെയും ആവർത്തിക്കുമോ എന്ന ഭയം നമ്മളെ എല്ലാവരെയും ആശങ്കാകുലരാക്കി. അതിനെ ശരിവച്ചുകൊണ്ട് നിരാശയിലാക്കിയ ആദ്യ പകുതി. സീനിയർ താരങ്ങളുടെ സാന്നിധ്യത്തിലും നമുക്ക് മികവ് കാണിക്കാനാവാതെ പോയപ്പോൾ മറ്റൊരു മോശം ദിനം ആണോ എന്നും സംശയിച്ചു. പക്ഷെ രണ്ടാം പകുതി തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ ഒരു ഇരുപത് വയസ്സുകാരൻ ഇറങ്ങി. അധികം താമസിയാതെ മറ്റൊരു പതിനേഴുകാരനും ഒപ്പം റാക്കിറ്റിച്ചും . സീനിയർ താരങ്ങളെ നാണിപ്പിക്കും വിധം യുവതാരങ്ങൾ നിറഞ്ഞാടി കളിച്ചപ്പോൾ മത്സരം മറ്റൊരു മൂഡിലേക്ക് മാറി. തുടരെ ബിൽബാവോ ഗോൾ മുഖത്തു ആക്രമണം നടത്തിയ നമുക്ക് ഒടുവിൽ റാക്കിയിലൂടെ അർഹിച്ച ഗോളും വിജയവും.
അൽപ്പം ഭയപ്പെടുത്തി തന്നെയാണ് മത്സരം ആരംഭിച്ചത്. നമ്മുടെ ബോക്‌സിലേക്ക് പറന്നിറങ്ങിയ ക്രോസ് ഭാഗ്യം കൊണ്ടാണ് ബിൽബാവോക്ക് ഗോൾ ആക്കി മാറ്റാൻ കഴിയാതിരുന്നത്. തൊട്ടുടനെ നമ്മളും ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം വില്ലനായി. സുവാരസിന്റെ ഒരു ശ്രമം നഷ്ടമായതിന് പിന്നാലെ ബുസ്കെറ്റ്സ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും ഡിഫൻഡറുടെ മുഖത്തു തട്ടി ഗതിമാറി. ശേഷം നമുക്ക് കളിയിൽ ആധിപത്യം ഉണ്ടായിരുന്നെങ്കിലും ഗോൾ അവസരങ്ങൾ ഒരുക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. ഫിറ്റ്നസ് ലെവൽ വീണ്ടെടുക്കാത്ത സുവാരസ് മുന്നേറ്റം മുഴുവനും നിരാശയിലാക്കി. ഗ്രീസ്മാൻ കഠിനാധ്വാനം ചെയ്‌തെങ്കിലും മെസ്സിക്കും സുവരെസിനും ഒപ്പം ഒത്തിണക്കം ലഭിക്കാഞ്ഞത് വിനയായി. ബിൽബാവോയും അടങ്ങി ഇരുന്നില്ല, മികച്ച പേസ് ഉപയോഗിച്ച് പലതവണ അവർ നമ്മുടെ ഗോൾ മുഖം റൈഡ് ചെയ്തു. പക്ഷെ മികവോടെ നിന്ന പീക്കെയും ലെങ്ളെയും എല്ലാ ശ്രമങ്ങളെയും സമചിത്തതയോടെ നേരിട്ടു. ഒടുവിൽ ഗോൾ രഹിത ആദ്യ പകുതിക്ക് മത്സരം പിരിഞ്ഞപ്പോൾ നമ്മുടെ മുഖത്തെല്ലാം കാർമേഘങ്ങൾ ആയിരുന്നു.
മാറ്റങ്ങളില്ലാതെയാണ് രണ്ടാം പകുതി തുടങ്ങിയത്. കളിയിലും കാര്യമായ മാറ്റങ്ങളില്ല. അതോടെ മാറ്റങ്ങൾ വരുത്താൻ ബാഴ്‌സ നിർബന്ധിതരായി . രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റുകൾക്ക് ശേഷം റിക്കി പുജ്‌ജ് കളത്തിലെത്തി. ഈ മത്സരത്തിലെ ഏറ്റവും നിർണ്ണായക നീക്കമായിരുന്നു അത്. വന്ന മാത്രയിൽ തന്നെ കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത പുജ്‌ജ്, മധ്യനിരയിൽ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചു. ആ ഫുട്ബാൾ മൈതാനത്തു ഉണ്ടായിരുന്ന, തന്നെക്കാൾ പ്രായമുള്ള എല്ലാ കളിക്കാരെയും നാണിപ്പിച്ചു കൊണ്ട് പുജ്‌ജ് അഴിഞ്ഞാടാൻ തുടങ്ങി. ത്രൂ പാസുകളും ലൈൻ കട്ടറുകളും കൊണ്ട് പുജ്‌ജ് നിറഞ്ഞു കളിച്ചപ്പോൾ ബാഴ്‌സ ആത്മവിശ്വാസം വീണ്ടെടുത്തു. അധികം വൈകാതെ ഫാറ്റിയും റാകിറ്റിച്ചും കളത്തിലെത്തി. ഫാറ്റിയുടെ വരവ് നമുക്ക് വിഡ്ത് നൽകിയപ്പോൾ ബിൽബാവോ പ്രതിരോധത്തിൽ വിടവുകൾ കാണാൻ തുടങ്ങി. അതോടെ മെസ്സി കൂടുതൽ അപകടകാരിയായി. പുജ്ജിൽ നിന്നും ആരംഭിച്ച ഒരു നീക്കം, പോസ്റ്റിന് മുൻപിൽ മെസ്സിയിൽ നിന്നും നഷ്ടമായെങ്കിലും പന്ത് തിരികെ പിടിച്ച റാക്കിറ്റിച് ബോക്സിലേക്ക് കടന്ന് കയറി കൃത്യതയോടെ വലയിലെത്തിച്ചപ്പോൾ നമ്മളെല്ലാം ആവേശക്കൊടുമുടിയിലായി. ഏറെ കാത്തിരുന്ന ഗോൾ. തുടർന്നും നമുക്ക് അവസരങ്ങൾ ലഭിച്ചു. അവസാന നിമിഷങ്ങളിൽ ഫാറ്റിയുടെ ഒരു ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു. തന്റെ എഴുനൂറാം ഗോൾ ജന്മദിനത്തിൽ നേടാൻ കഴിഞ്ഞില്ലെങ്കിലും വിജയത്തിന്റെ ആഹ്ലാദവുമായി മെസ്സിയും കൂട്ടരും മത്സരം പൂർത്തിയാക്കി.
നിരാശ വരുത്തിയ ആദ്യ പകുതിയും, ആവേശത്തിലാഴ്ത്തിയ രണ്ടാം പകുതിയും. ക്രിയേറ്റിവ് ആയി കളിക്കുന്നവരുടെ മികച്ച പ്രകടനത്തിന്റെ അഭാവം ആദ്യപകുതിയിൽ വേണ്ടുവോളം ഉണ്ടായിരുന്നു. എതിർ പ്രതിരോധത്തിന്റെ ബ്രേക്ക് ചെയ്യന്ന പാസുകൾ ഒന്നും ഇല്ലാതിരുന്നത്, നമുക്ക് അവസരങ്ങൾ നൽകുന്നതും കുറച്ചു. മത്സരം ഏറെ വിരസമായി തോന്നുകയും ചെയ്തു. സുവാരസ് എന്തുകൊണ്ട് സ്റ്റാർട്ടിങ് ലൈൻ അപ്പിൽ സ്ഥാനം നേടാൻ അർഹനല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഒപ്പം കിണഞ്ഞു ശ്രമിച്ചെങ്കിലും ഗ്രീസ്മാന് മെസ്സിയുമായും സുവാരേഷുമായും ഒത്തിണക്കം സൃഷ്ടിക്കാനായില്ല. അതേപോലെ ആർതർ, വിദാൽ തുടങ്ങിയവർക്കും മത്സരത്തിൽ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചില്ല. ബുസ്കെറ്റ്സ് പക്ഷെ ഇന്നലെ കത്തി നിന്നിരുന്നു.
പുജ്‌ജിന്റെയും, ഫാറ്റിയുടെയും, റാക്കിയുടെയും വരവ് മത്സരത്തെ കീഴ്‌മേൽ മറിച്ചു. പുജ്‌ജ് ഒരു രക്ഷയും ഇല്ലാത്ത പ്രകടനം. ഇത്രയും ചെറുപ്പത്തിൽ ഇങ്ങനെ ഉൾക്കണ്ണോടെ കളിക്കുന്ന ഒരാൾ അത്യപൂർവ്വമാണ്. കഴിഞ്ഞ മത്സരത്തിൽ തന്നെ നേരത്തെ ഇറക്കാതിരുന്നത് മണ്ടത്തരമായി എന്ന് കോച്ചിന് കാണിച്ചുകൊടുക്കുകയായിരുന്നു അയാൾ. ബാക്കി എല്ലാവരും പന്ത് മെസ്സിക്ക് നൽകി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുമ്പോൾ പുജ്‌ജ് പക്ഷെ മെസ്സിയുമായി കളിക്കാനാണ് ഇഷ്ടപ്പെട്ടത്. തന്റെ മനസ്സ് അറിയുന്ന ഒരാളെ കിട്ടിയപ്പോൾ മെസ്സിയും ഫോമിലേക്കുയർന്നു. അതുപോലെ ഫാറ്റിയും വിങ്ങിനെ സജീവമാക്കിയപ്പോൾ നയനാന്ദകരമായ മത്സരം. ഇരുവരും ഈ ടീമിൽ തങ്ങൾ കൂടുതൽ അവസരങ്ങൾക്ക് അർഹരാണ് എന്ന് വീണ്ടും വീണ്ടും പറയുകയായിരുന്നു. ഇടവേളക്ക് ശേഷം മത്സരം പുനരാംഭിച്ചപ്പോൾ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന ഒരാൾ റാക്കിറ്റിച് ആണ്. കൂടുതൽ ഒഫെൻസിവ് റോളിൽ വന്നപ്പോൾ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്നലെ അതിന്റെ ഒരു ഭാഗമാണ് കണ്ടതും. ഇന്നലത്തെ ഗോളിൽ കലാശിച്ച റൺ ഒക്കെ മികവുറ്റത് തന്നെ. പുതിയ കോച്ചിന്റെ കീഴിൽ അയാൾ തന്റെ പ്രതാപകാലത്തെ ഫോമിലേക്ക് ഉയരും എന്ന് വിശ്വസിക്കുന്നു.
എല്ലാമായി എന്ന് കരുതാനാകില്ല. മികവിൽ നിന്നും കാതങ്ങൾ പിറകിലാണ് നമ്മൾ ഇപ്പോഴും. മികവിലേക്കെത്താൻ ഇനിയുമേറെ ദൂരം സഞ്ചരിക്കണം. എല്ലാവരും തങ്ങളുടെ മികവിലേക്കെത്തണം, അല്ലാതെ വിജയം എന്നത് നമുക്ക് ചിന്തിക്കാൻ കഴിയില്ല. അതിനർഹരുമല്ല. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്ന ലൈൻ അപ്പ് ഇറക്കാൻ ടീം ഇനി ശ്രമിക്കുമെന്ന് കരുതാം, ഒപ്പം യുവതാരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സീനിയർ താരങ്ങളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നു പ്രതീക്ഷിക്കാം.
© Penyadel Barca Kerala