മാച്ച് റിവ്യൂ – എഫ്. സി ബാഴ്‌സലോണ 2 – 0 ലെഗാനെസിസ്
കാത്തിരിപ്പിന് അവസാനം ഫുട്ബാളിന്റെ പറുദീസയിൽ വീണ്ടും പന്ത് ഉരുളാൻ തുടങ്ങി. കോവിഡ് പ്രശ്നങ്ങൾക്ക് ശേഷം ക്യാമ്പ് ന്യുവിൽ ഫുട്ബാൾ വീണ്ടും വിരുന്നെത്തി. തരക്കേടില്ലാത്ത മത്സരവും വിജയവുമായി ബാഴ്‌സ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. പ്രതിരോധത്തിന്റെ കോട്ടയുമായെത്തിയ ലെഗാനെനെസിസ് ബാഴ്‌സക്ക് വിജയം അപ്രാപ്യമാക്കിയെന്ന് തോന്നിച്ചെങ്കിലും യുവതാരം ഫാറ്റിയും മെസ്സിയും ചേർന്ന് ബാഴ്‌സയ്ക്ക് രണ്ട് ഗ്ഗോൾ വിജയം സമ്മാനിച്ചു.വരും ദിനങ്ങളിൽ കഠിനമായ മത്സരങ്ങൾ നേരിടാൻ പോകുന്ന ബാഴ്‌സയ്ക്ക് ആത്മവിശ്വാസമേകുന്നതാണ് ഇന്നലത്തെ ഫലം.
കഴിഞ്ഞ മത്സരത്തിൽനിന്നും ധാരാളം മാറ്റങ്ങൾ വരുത്തിയാണ് ഇന്നലെ ടീം കളിക്കാനിറങ്ങിയത്. മുന്നേറ്റത്തിൽ തന്നെ മാറ്റങ്ങൾ കാണാനുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ബ്രൈത്വൈറ്റ് ടീമിൽ ഇടം പിടിച്ചില്ല. പകരം അൻസു ഫാറ്റി സ്ഥാനം നേടി. ഒപ്പം മെസ്സിയും ഗ്രീസ്മാനും. മധ്യനിരയിലെ പ്രകടമായ മാറ്റങ്ങൾ, വിദാലും ഡി യോങ്ങും സ്ഥാനം നഷ്ടമായപ്പോൾ റാകിറ്റിച്ചും ആർതറും സ്ഥാനം നേടി. ഒപ്പം ബുസ്കെറ്റ്സും. പ്രതിരോധത്തിൽ മാറ്റങ്ങൾ വരുത്താതെ നിർവ്വാഹമില്ലായിരുന്നു. സസ്‌പെൻഷനിൽ ആയ ആൽബക്ക് പകരം ജൂനിയർ ഫിർപ്പോ രംഗത്തെത്തി. ഒരു സസ്‌പെൻഷൻ കഴിഞ്ഞു ലെങ്ലെ കളത്തിലെത്തി. അതോടെ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അരാഹോക്ക് സ്ഥാനം നഷ്ടമായി. ഒപ്പം പീക്കെയും റോബർട്ടോയും സ്റ്റീഗനും ചേർന്നതോടെ ലൈൻ അപ്പ് പൂർണ്ണമായി.
ഇടത്തെ വിങ്ങിൽ ഫിർപ്പോയും ഫാറ്റിയും ചേർന്ന് നടത്തിയ നീക്കങ്ങൾ കണ്ടാണ് മത്സരം ആരംഭിച്ചത്. മികച്ച ഒത്തിണക്കത്തോടെ ഇരുവരും കളിച്ചെങ്കിലും മൂർച്ചയുള്ള അവസരങ്ങൾ തുറന്നെടുക്കാൻ കഴിഞ്ഞില്ല. ലെഗാനെസിസ് ആകട്ടെ അഞ്ചുപേരെ അണിനിരത്തിയുള്ള പ്രധിരോധക്കോട്ട നിർമ്മിച്ചതോടെ ബാഴ്‌സ ഉഴറി. ഒരുനിലക്കും പന്ത് ബോക്സിലേക്ക് അടുപ്പിക്കാതെ ലെഗാനെസിസ് ബാഴ്‌സയുടെ ക്ഷമ പരീക്ഷിച്ചു. ബാഴ്‌സയാകട്ടെ കൂടുതൽ ശ്രമങ്ങൾ തുടർന്നു. പക്ഷെ അവിടെയാണ് നമ്മൾ ഭയപ്പെട്ടത് സംഭവിച്ചതും. അഡ്വാൻസ് ആയി നിൽക്കുന്ന ബാഴ്‌സയെ ഒരു കൗണ്ടർ അറ്റാക്കിൽ പരീക്ഷിക്കാൻ അവർക്ക് കഴിഞ്ഞു. ഒരുവേള സ്റ്റീഗനെയും കടന്നു പന്ത് വലയിലേക്ക് നീങ്ങിയെങ്കിലും ലെങ്ലെയുടെ ഗോൾ ലൈൻ സേവ് ബാഴ്‌സയെ രക്ഷിച്ചു. പിനീട് ഒരിക്കൽ കൂടി അവർ ഗോളിനടുത്തെത്തിയെങ്കിലും ഭാഗ്യം ബാഴ്‌സയുടെ കൂടെ നിന്നു. അതോടെ ബാഴ്‌സയും കൂടുതൽ ജാഗരൂകരായി. പന്ത് നഷ്ടമാവുമ്പോഴെല്ലാം കനത്ത പ്രെസ്സിങ്ങോടെ ബാഴ്‌സ പന്ത് തിരികെ പിടിച്ചു. പന്ത് സദാസമയയും കൈവെള്ളയിൽ സൂക്ഷിക്കാൻ കഴിഞ്ഞിട്ടും ഗോൾ മാത്രം അകന്നു നിന്നു . പക്ഷെ ഇടവേളക്ക് പിരിയുന്നതിനു തൊട്ടു മുൻപ് ബാഴ്‌സ അർഹിച്ച ലീഡ് നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫിർപ്പോ – ഫാറ്റി ദ്വയം തന്നെയാണ് ഗോളിന് ചുക്കാൻ പിടിച്ചത്. ഇടത്തെ വിങ്ങിൽ നടത്തിയ പോരാട്ടത്തിനൊടുവിൽ ഫിർപ്പോ നൽകിയ പന്ത്, ഫാറ്റി കൃത്യതയോടെ വലയിലെത്തിച്ചു.
രണ്ടാം പകുതി മാറ്റങ്ങളോടെ തന്നെ തുടങ്ങി. മികച്ചു കളിച്ചിരുന്ന ഫാറ്റി തന്നെ ആദ്യ കളം വിട്ടു. പകരം സുവാരസ് കളത്തിലെത്തി. ഒപ്പം റോബർട്ടോക്ക് പകരം സെമെഡോ വന്നു. കളിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സെമെഡോയുടെ വരവിന് കഴിഞ്ഞു. അതുവരെ മെസ്സി ശരാശരിയിലും താഴെ പോയെങ്കിലും സെമെയോഡോയുടെ വരവോടെ വലത്തേ വിങ് ജീവൻ വച്ച്. ഇടക്ക് ബുസ്കെറ്റ്സിനെ പിൻവലിച്ചു വിദാൽ രംഗത്തെത്തി. ശേഷം മെസ്സി ഒരുക്കിയ ത്രൂബോൾ ഓടിയെത്തി സെമെഡോ നൽകിയ ക്രോസിൽ ഗ്രീസ്മാൻ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. ആ നിരാശ പക്ഷെ അധിക നേരം നിലനിൽക്കാൻ മെസ്സി സമ്മതിച്ചില്ല. മൈതാനമധ്യത്തിൽ നിന്നും എതിരാളികളെ നിഷ്പ്രഭരാക്കി മെസ്സി നടത്തിയ റൺ അവസാനിച്ചത് ബോക്സിൽ മെസ്സിയെ ഫൗൾ ചെയ്തതിലായിരുന്നു. തുടർന്ന് ലഭിച്ച പെനാൽറ്റി മെസ്സി അനായാസം വലയിലെത്തിച്ചു ബാഴ്‌സയുടെ നില ഭദ്രമാക്കി. അതിനിടെ ആർതറിനെ പിൻവലിച്ചു റിക്കി പുജ്ജും ചെറിയ പരിക്കേറ്റ പീക്കെയേ പിൻവലിച്ചു ഉംറ്റിറ്റിയും കളത്തിലെത്തി. ശേഷമുള്ള തുച്ഛമായ നിമിഷങ്ങൾ പുജ്‌ജിന്റെ മാസ്മരിക പ്രകടനത്തിന് സാക്ഷിയായി. വല്ലാത്ത ഉണർവോടെ കളിച്ച പുജ്‌ജ് കളിയുടെ മൊത്തം ഊർജ്ജം തന്നെ ഏറെ ഉയർത്തി. തുടർച്ചയായ രണ്ടു ഷോട്ടുകൾ അസാമാന്യ മെയ്‌വഴക്കത്തോടെയാണ് ലെഗാനെസിസ് കീപ്പർ തടഞ്ഞത്. ഒരുപക്ഷെ ഒരു ഗോൾ കൂടി നേടാമായിരുന്ന കളിയിൽ അങ്ങനെ ബാഴ്‌സ രണ്ടു ഗോൾ വിജയവുമായി തൃപ്തിപ്പെട്ടു.
കഴിഞ്ഞ മത്സരവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയിട്ടില്ലെന്ന് നിസ്സംശയം പറയാം. പ്രത്യേകിച്ച് കളി ക്യാമ്പ് ന്യുവിലായിരുന്നു എന്നത് കൊണ്ട് തന്നെ. പക്ഷെ കൂടുതൽ പ്രതിരോധാത്മകമായി കളിക്കുന്ന ടീമുകൾക്കെതിരെ പരിമിതികളുണ്ട്. പ്രത്യേകിച്ച് എതിർ ഡിഫെൻസിനെ ബ്രേക്ക് ചെയ്യുന്ന പാസുകൾ ഈയിടെയായി നമ്മുടെ ശൈലിയിൽ ഇല്ല എന്നത് കൊണ്ട് തന്നെ. അതോടൊപ്പം ലോങ്ങ് റേഞ്ച് ഗോളുകൾ നമ്മുടെ ശൈലിയിൽ ഉള്ളതല്ല താനും. സാമാന്യം തരക്കേടില്ലാതെ കളിച്ചു എന്ന് പറയാം. ഈ അവസരത്തിൽ കളിക്കാർക്ക് പരിക്കേൽക്കാതെ, ചെറിയ മാർജിനിൽ ആണെങ്കിലും വിജയിക്കുക എന്നതിനാണ് നമ്മൾ പ്രാമുഖ്യം നൽകുന്നത്. അത് ഇവിടെ ടീം നേടിയിട്ടുണ്ട്. അതിനാൽ സന്തുഷ്ടരാണ്.
ഫാറ്റി, ഫിർപ്പോ,റാക്കിറ്റിച് ,പുജ്‌ജ് , സെമെഡോ തുടങ്ങിയവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുൻകാലങ്ങളിൽ കളിയിൽ തീരെ ഇമ്പ്രൂവ്മെൻറ് ഇല്ല എന്ന പഴി കേട്ടിരുന്ന ഇവർ ഇപ്പോൾ മെച്ചപ്പെട്ട് വരുന്നതിൽ അതിയായ സന്തോഷമുണ്ട്. ഈ ഫോം തുടരാൻ കഴിയട്ടെ. ഗ്രീസ്മാൻ, ആർതർ, റോബർട്ടോ തുടങ്ങിയവർ നിരാശപ്പെടുത്തി. ഗ്രീസ്മാന് കളിയിൽ അധികം ഇൻവോൾവ്മെന്റ് നടത്താൻ കഴിഞ്ഞില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ പൊസിഷനിന്റെ പ്രശ്നമാവാം, അല്ലെങ്കിൽ നമ്മുടെ ശൈലിയുടെ പ്രശ്നമാവാം. എത്രയും വേഗം അദ്ദേഹത്തിന്റെ മുഴുവൻ പൊട്ടൻഷ്യൽ നമുക്ക് ഉപയോഗിക്കാൻ കഴിയണം. അദ്ദേഹത്തെ പോലൊരു കളിക്കാരന്റെ സാന്നിധ്യം ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നമുക്ക് വലിയ മുതൽക്കൂട്ടാണ്. ഗോൾ നേടിയെങ്കിലും മെസ്സി ഇന്നലെ ശരാശരിക്കും താഴെയായാണ് അനുഭവപ്പെട്ടത്. ധാരാളം മിസ്പാസുകൾ അദ്ദേഹത്തിൽ നിന്നും കണ്ടു, സാധാരണ സംഭവിക്കാത്തതാണ്. പക്ഷെ രണ്ടാം പകുതിയിൽ മികച്ച രീതിയിൽ തന്നെയാണ് പന്ത് തട്ടിയത്.
ബാഴ്‌സയെ സംബന്ധിച്ചിടത്തോളം വലിയ ഒരു കടമ്പയാണ് മുന്നിലുള്ളത്. ലീഗിൽ ഇനി അവശേഷിക്കുന്ന മത്സരങ്ങളെല്ലാം തന്നെ കടുത്തതാണ്. അതും ചെറിയ കാലയളവിൽ. ഇക്കാലയളവിൻ ടീമിനെ ആരോഗ്യത്തോടെ നിർത്തുക ഒപ്പം വിജയിക്കുക എന്നത് വലിയ ഒരു പ്രതിസന്ധി തന്നെയാണ്. മികച്ച മുന്നൊരുക്കങ്ങളും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്താൽ നമുക്ക് ഈ പ്രശ്നം മറികടക്കാം. ടീം അതിനു പ്രാപ്തരാണെന്നാണ് വിശ്വാസം.
©www.culesofkerala.com
- tags :ansu fatiarthur meloBarcaBarcelonabarcelona supporters keralaclement lengletcokculesFC BarcelonaFC barcelona legendFCBfcb keralafootballfrenkie de jonggoatIvan Rakiticla ligala masialeoleo messilionel messimarcmartin-braithwaiteMatch Reviewmessi the goat of footballnelson semedoPenyadel Barca Keralapique.suarezvidal
- SHARE :
