• Follow

മാച്ച് റിവ്യൂ – എസ്പാന്യോൾ 1 – 0 ബാഴ്‌സലോണ

  • Posted On January 18, 2018

ബാഴ്‌സയുടെ അപരാജിത മുന്നേറ്റത്തിന് ഒടുവിൽ തിരശീല വീണിരിക്കുന്നു. ഒരു പരീക്ഷണത്തിന് മുതിർന്ന ടീം ലക്ഷ്യം കാണാൻ സാധിക്കാതെ വരികയും ഒടുവിൽ കളിയുടെ അന്ത്യനിമിഷങ്ങളിൽ വഴങ്ങിയ ഗോളിൽ സീസണിൽ ആദ്യമായി തോൽവിയും രുചിച്ചിരിക്കുന്നു. ഇതോടെ കാമ്പ് നോവിൽ നടക്കാൻ പോകുന്ന രണ്ടാം പാദ മത്സരം അതിനിർണ്ണായകമാവുകയാണ്.
അക്ഷരാർത്ഥത്തിൽ നമ്മെ ഞെട്ടിച്ചു കൊണ്ടാണ് വൽവെർദേ ഇന്ന് ടീമിനെ പ്രഖ്യാപിച്ചത്. സുവാരസ്, റാക്കി, ആൽബ എന്നിവർ ബെഞ്ചിൽ. പകരക്കാരായി വിദാൽ, ഡിന്യേ, അലിന്യ, ഡെനിസ് എന്നിവർ ടീമിൽ എത്തി. മുന്നേറ്റത്തിൽ മെസ്സി മാത്രം എന്ന സാഹചര്യം. എസ്പാന്യോളിന്റെ തട്ടകത്തിൽ ഒരു എവേ ഗോൾ നേടാം എന്ന ആഗ്രഹം സഫലമാകുമോ എന്ന ശങ്ക അപ്പോഴേ തുടങ്ങി.
നല്ല രീതിയിൽ തന്നെയാണ് മത്സരം ആരംഭിച്ചത്. കളി ബാഴ്‌സയുടെ കൈകളിൽ തന്നെ. പക്ഷെ മികച്ച മുന്നേറ്റമില്ലാത്തതു കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും ബാഴ്‌സയെ തടഞ്ഞു. നല്ല രീതിയിൽ പ്രതിരോധം തീർത്ത എസ്പാന്യോൾ ബാഴ്‌സയെ അക്ഷരാർത്ഥത്തിൽ വരിഞ്ഞു മുറുക്കി. എങ്കിലും കെട്ടുകൾ പൊട്ടിച്ചു ഇടക്കിടെ മെസ്സി ചില ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ലക്ഷ്യം കാണാനായില്ല. ഇടവേളക്ക് തൊട്ട് മുൻപ് ലഭിച്ച മികച്ച അവസരം ഡെനിസ് സുവാരസ് നഷ്‌ടപ്പെടുത്തി.
രണ്ടാം പകുതി തുടക്കത്തിലേ ബാഴ്‌സ മാറ്റങ്ങൾക്ക് തുടക്കമിട്ടു. ചെറിയ പരിക്കേറ്റ പൊളിഞ്ഞോക്ക് പകരം റാക്കി എത്തി. ശേഷം സുവാരസും കളത്തിലെത്തി. എങ്കിലും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞില്ല. എങ്കിലും റോബർട്ടോയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി മെസ്സി നഷ്ടപ്പെടുത്തിയത് ഏറെ നിരാശപ്പെടുത്തി. ഒരു എവേ ഗോളിനുള്ള മികച്ച അവസരമാണ് നമുക്ക് നഷ്ടമായത്. കളി പുരോഗമിക്കുന്നതിനിടയിൽ റാഫിന്യയും കളത്തിലെത്തി. മത്സരം തീരാൻ 3 നിമിഷം ശേഷിക്കെ എസ്പാന്യോൾ ബാഴ്‌സയെ ഞെട്ടിച്ചു. മധ്യനിരയിൽ നിന്ന് ബാഴ്‌സ നഷ്ടപ്പെടുത്തിയ പന്ത്, മികച്ച നീക്കത്തിനൊടുവിൽ സില്ലിസണെയും കീഴ്‌പ്പെടുത്തി വലയിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സമാപിച്ചത് ബാഴ്‌സയുടെ അപരാജിത കുതിപ്പും കൂടിയായിരുന്നു.
തോൽവികൾക്ക് കാരണം പലതുണ്ട്. മോശം പ്രകടനം, യുവതാരങ്ങൾക്ക് ശോഭിക്കാനാകാതെ പോയത്, ഫോർമേഷനിലെ പോരായ്മ, പ്രതിരോധിക്കുന്നതിൽ പിഴവുകൾ, ടീം സിലക്ഷൻ എന്നിങ്ങനെ പലതുമുണ്ട്. അവയെല്ലാം കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക തോൽവി തന്നെയാണിതും. ഒരു പക്ഷെ യുവതാരങ്ങളിൽ ടീമിനുണ്ടായിരുന്ന അമിത പ്രതീക്ഷകൾ ആകാം പ്രധാന താരങ്ങളെ പലരെയും പുറത്തിരുത്തിയത്. പക്ഷെ അവർക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായോ എന്ന് സംശയമാണ്. ഫോർമേഷനിലെ വ്യക്തതയില്ലായ്മ വലിയ ഒരു ഘടകം ഘടകമാണ്. ആദ്യപകുതിയിൽ ലൂയിസ് സുവാരസ് വന്നിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്ന് തോന്നി.
പക്ഷെ ടീമിനെ മുഴുവനായി ആക്ഷേപിക്കാൻ കഴിയില്ല എന്ന് വേണം പറയാം. ലീഗുകൾ ഇപ്പോൾ അതിന്റെ സുപ്രധാനമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒപ്പം വരും മാസത്തിൽ ചാമ്പ്യൻസ് ലീഗും പുനരാരംഭിക്കും. അപ്പോഴേക്കും നിലവിലെ സ്‌ക്വാഡിനെ ആരോഗ്യവാന്മാരായി നിലനിർത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. അപ്പോൾ കളിക്കാർക്ക് ആവിശ്യത്തിന് വിശ്രമം നൽകാൻ റൊട്ടേഷൻ അനിവാര്യമാണ്. ഇത്തരം മത്സരങ്ങളിലൂടെയാണ് യുവതാരങ്ങളെ ടീമുമായി ഇണക്കിച്ചേർക്കാനാവുക.
ആരുടേയും പ്രകടനത്തെ വ്യക്തിപരമായി ഇഴകീറി പരിശോധിക്കുന്നില്ല. ടീമിന് ഒന്നടങ്കം ഒരു മോശം ദിവസം. അത്ര കരുതിയാൽ മതി. കൂടാതെ ഒന്നാം പാദ മത്സരം മാത്രമാണ് കഴിഞ്ഞത്. ഇനി ഒരു മത്സരം കൂടിയുണ്ട്. അത് അങ് കാമ്പ് നോവിൽ ആണ്. തോൽവികളുടെ പടുകുഴിയിൽ നിന്നും ഒരുപാട് തവണ പോരടിച്ചു തിരികെ വന്ന ഒരു സ്ഥലമാണ് കാമ്പ് നോവ്. അവിടെ ശക്തമായി തിരിച്ചടിച്ചു കൊണ്ട് ബാഴ്‌സ വെന്നിക്കൊടി പാറിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

©Penyadel Barca Kerala

  • SHARE :