• Follow

മാച്ച് റിവ്യൂ – ഐബർ 0-2 ബാഴ്സ

  • Posted On February 18, 2018

അവസാന രണ്ടു ലീഗ് മത്സരങ്ങളിലെ നിരാശാജനകമായ സമനിലകൾക്കു ശേഷം ബാഴ്‌സ വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. സുവാരസ്ന്റെയും ആൽബയുടെയും ഗോളുകളാൽ ബാസ്‌ക് ക്ലബായ ഐബറിനെ തോൽപിച്ചു അത്ലറ്റികോയുമായുള്ള പോയിന്റ് വിത്യാസം പത്തായി ഉയർത്തി. എന്നാൽ ഗോൾ നില സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷീയം ആയിരുന്നില്ല കളി. ഈ സീസണിലെ അത്ഭുത ടീമായ ഐബെർ കളിയുടെ തുടക്കം മുതൽ ഇളക്കി വിട്ട തേനീച്ച കൂട്ടങ്ങളെ പോലെ ബാഴ്സയുടെ ഗോൾമുഖം ആക്രമിച്ചു. പ്രതിരോധ നിരയുടെ മനഃസാന്നിധ്യവും ഭാഗ്യവും കൊണ്ട് മാത്രമായിരുന്നു ഗോൾ വഴങ്ങുന്നതിൽ നിന്നു നമ്മളെ രക്ഷിച്ചത്. ബാഴ്സക്ക് പൊസഷൻ കിട്ടുമ്പോയെല്ലാം ഹൈ പ്രെസ്സിങ് ചെയ്‌തു ബോൾ തിരിച്ചു പിടിച്ച ഐബെർ കളിയിൽ പൂർണ ആധിപത്യം നേടിയെങ്കിലും ബാഴ്സയ്ക്കെതിരെ ഹൈ ലൈൻ ഡിഫെൻസ് കളിക്കുന്നതിന്റെ ഭവിഷ്യത്തു അവർ പതിനേഴാം മിനുട്ടിൽ അറിഞ്ഞു. ഐബെർ ഡിഫെൻസിനെ കീറി മുറിച്ചു മെസ്സി നൽകിയ മനോഹരമായ ക്രോസ്സ് ഫീൽഡ് പാസ്സ് സുവാരസ് വലയിലാക്കി ആദ്യ ഗോൾ കുറിച്ചു. എന്നാൽ ഗോൾ വഴങ്ങിയിട്ടും തളരാതെ തുടരെ തുടരെ ആക്രമണങ്ങൾ അയിച്ചു വിട്ട ഐബെർ ചെൽസിക്കെതിരെയുള്ള മത്സരം കണക്കാക്കി മെല്ലെ പോക്ക് നയം സ്വീകരിച്ച ബാഴ്‌സയെ കളിയുടെ സർവ മേഖലകളിലും നിഷ്പ്രഭരാക്കിയതിലൂടെ ബാഴ്സക്ക് പിടിച്ചു നില്കാൻ കഠിനാദ്ധ്യാനം ചെയ്യേണ്ടി വന്നു. പത്തു പേരായി ചുരുങ്ങിയിട്ടു പോലും ഏത് നിമിഷവും ഗോൾ നേടുമെന്ന് പ്രതീതി സ്രഷ്ടിച്ച ഐബെർ കളിയുടെ അവസാന നിമിഷങ്ങളിൽ ആൽബ നേടിയ ഗോളിലൂടെയാണ് അവസാനം തോൽവി സമ്മതിച്ചത്.
ഈ കളിയെ പ്രാധാന്യത്തോടെ കണ്ടാ വാൽവേർഡ് പ്രതീക്ഷകൾക്ക് വിപരീതമായി മികച്ച ടീമിനെ തന്നെയാണ് ഇറക്കിയത്. ആദ്യ പകുതിയിൽ അസാമാന്യ പ്രകടനം കാഴ്ച വെച്ച മെസ്സി രണ്ടാം പകുതിയിൽ ടീമിനോടൊപ്പം മങ്ങിപ്പോയി. സുവാരസ് തന്റെ സ്കോറിങ് മികവ് നിലനിർത്തുന്നുണ്ടെങ്കിലും എളുപ്പമുള്ള അവസരങ്ങൾ പലപ്പോഴും മുതലെടുത്തില്ല. ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചത് പൗളിഞ്ഞോ ആയിരുന്നു, പലപ്പോഴും ഒരു കാഴ്ചക്കാരനെ പോലെ കാണപ്പെട്ട അദ്ദേഹം ടീമിന്റെ ആക്രമണങ്ങളിലോ പ്രതിരോധത്തിലോ കാര്യമായ സാന്നിധ്യം ചെലുത്തിയില്ല. അദ്ദേഹത്തിന്റെ മോശം ഫസ്റ്റ് ടച്ച്‌ പലപ്പോഴും എതിരാളികൾക്ക് പൊസഷൻ തിരിച്ചു കൊടുക്കുന്നതിൽ സഹായവുമായി. എടുത്ത് പറയേണ്ടേ പ്രകടനം കാഴ്ച വെച്ചത് പികെ ആണ്, മലവെള്ളപ്പാച്ചിൽ പോലെ കുത്തിയൊലിച്ചു വന്നാ ഐബെർ ആക്രമണങ്ങളെ അദ്ദേഹം ഒരു അണക്കെട്ടിനെ പോലെ തടഞ്ഞു നിർത്തി. പകരക്കാരനായി ഇറങ്ങിയ കുട്ടീഞ്ഞോ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്, അദ്ദേഹത്തിന്റെ മനോഹരമായ പാസ്സ് ആയിരുന്നു രണ്ടാം ഗോളിന് വഴി വെച്ചത്. ഡെമ്പേലെ കുറച്ചു സമയം കളത്തിൽ ഇറങ്ങുമെന്ന് കരുതിയെങ്കിലും പിച്ചിന്റെ ശോചനീയാവസ്ഥ കാരണമാവും വാൽവേർഡെ പരീക്ഷണത്തിന് മുതിർന്നില്ല.
ബാഴ്സയുടെ മികച്ച മത്സരമല്ലായിരുന്നു ഇന്നലത്തേതു, ചെൽസിക്കെതിരെ ഉള്ള മത്സരം കണ്ടു നമ്മുടെ താരങ്ങൾ കരുതിയാണ് കളിച്ചത് ഇന്നലെ. അത് കൊണ്ട് തന്നെ ഇന്നലത്തെ വിജയം തന്ന ആത്മവിശ്വാസത്തോടെ ആയിരിക്കും ബാഴ്സ താരങ്ങൾ ലണ്ടനിലേക്ക് വിമാനം കയറുക.
©Penyadel Barca Kerala

  • SHARE :