മാച്ച് റിവ്യൂ – ഡീപോർട്ടീവോ ലാ കൊരൂണ 2 – 4 ബാഴ്‌സലോണ
ബാഴ്‌സലോണ ലാലിഗ 17 – 18 ചാമ്പ്യൻസ്
കാമ്പെയോണസ് കാമ്പെയോണസ്
ഓലേ ഓലേ ഓലേ……
കാമ്പെയോണസ് കാമ്പെയോണസ്
ഓലേ ഓലേ ഓലേ…..
കാമ്പെയോണസ് കാമ്പെയോണസ്
ഓലേ ഓലേ ഓലേ……
വിജയാരവങ്ങൾ ബാഴ്‌സയിലെ തെരുവുകളിൽ ഇപ്പോഴും അലയടിക്കുകയാണ്. കോപ വിജയത്തിന് ശേഷം ഇപ്പോഴും ശക്തി ക്ഷയിക്കാതെ ആഹ്ലാദാരവങ്ങൾ ലോകമെങ്ങും പടരുകയാണ്. സീസണിലുടനീളം കൃത്യമായ പദ്ധതികളുമായി, ചുവടു പിഴക്കാത്ത പ്രകടനം കാഴ്ചവെച്ചുകൊണ്ട് ബാഴ്‌സ ലാലിഗ കിരീടം സ്വന്തമാക്കിയിരുന്നു.സീസണിൽ തോൽവിയറിയാതെ ലീഗ് ചാമ്പ്യന്മാരായിരിക്കുന്നു.!!! അവിശ്വസനീയം. !!! സീസൺ ആരംഭത്തിൽ ശരശയ്യയിലാണ് ബാഴ്‌സ എന്ന് പരിഹസിച്ചവരുടെ മുൻപിൽ തോൽവിയറിയാതെ എങ്ങനെ ചാമ്പ്യന്മാർ ആകാം എന്ന് ബാഴ്‌സയുടെ ചുണക്കുട്ടികൾ കാണിച്ചു കൊടുത്തിരിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിൽ ഏഴാം ലീഗ് കിരീടം നേടിക്കൊണ്ട് കഴിഞ്ഞ ശതാബ്ദം തങ്ങളുടേതായിരുന്നു ഒരിക്കൽ കൂടി ബാഴ്‌സ തെളിയിക്കുന്നു .അഭിനന്ദനങ്ങൾ ബാഴ്‌സ, അഭിനന്ദനങ്ങൾ കൂളെസ്…
ഒരു ലാലിഗ കിരീടം ആഘോഷിക്കണം എന്ന ലക്ഷ്യവുമായാണ് ബാഴ്‌സ ഡീപോർട്ടീവോയെ നേരിടാനെത്തിയത്. അതുകൊണ്ട് തന്നെയാണ് ടീമിലെ എല്ലാവരെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. കാര്യമായ വ്യതിയാനമില്ലാത്ത ലൈൻ അപ് ആണ് ഇന്നലെ ടീം രംഗത്തിറക്കിയത്. ഇനിയേസ്റ്റക്ക് പകരം കൊട്ടീഞ്ഞോ കളത്തിലെത്തിയപ്പോൾ , മുൻനിരയിൽ മെസ്സിക്കും സുവരെസിനുമൊപ്പം ടെമ്പേലെയും ചേർന്നു. നമ്മുടെ ഇഷ്ട ഫോർമേഷൻ ആയ 4 – 3 – 3 ഫോർമേഷൻ സ്വീകരിച്ചപ്പോൾ നമ്മൾ ആരാധകരും ഏറെ സന്തോഷത്തിലായിരുന്നു. പക്ഷെ ആ പദ്ധതി പൂർണ്ണമായും വിജയമായിരുന്നോ ???
മത്സരം ഒന്ന് ഉണർന്നു വരുന്നതിനു മുൻപേ ബാഴ്‌സ ലീഡ് നേടിയിരുന്നു. മെസ്സി നടത്തിയ നീക്കത്തിനൊടുവിൽ വലതു വിങ്ങിൽ ഫിനിഷിങ്ങിന് അനുയോജ്യമായ രീതിയിൽ ടെമ്പേലേക്ക് പാസ് നൽകിയെങ്കിലും ഫസ്റ്റ് ടച് മോശമായതിനാൽ ഷോട്ടുതിർക്കാൻ ടെമ്പേലേക്ക് കഴിഞ്ഞില്ല. പക്ഷെ പന്ത് ഹോൾഡ് ചെയ്ത ടെമ്പേലെ കാര്യമായി മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്നു കൊട്ടീഞ്ഞോക്ക് നൽകി. കൊട്ടീഞ്ഞോയുടെ ഒരു മികച്ച ഫിനിഷ് ബാഴ്‌സയെ മുന്നിലെത്തിച്ചു. ഒരു പക്ഷെ ബാഴ്‌സ അനായാസം മത്സരം സ്വന്തമാക്കുമെന്നു അപ്പോൾ തോന്നി. പക്ഷെ അത് പൂർണ്ണമായും തെറ്റായിരുന്നു എന്ന് പിന്നീടുള്ള നിമിഷങ്ങൾ ഓർമ്മപ്പെടുത്തി. എന്തുകൊണ്ടെന്ന് അറിയില്ല, ബാഴ്‌സയുടെ ആക്രമണ സ്വഭാവം അധികം കാണാതിരുന്നപ്പോ എന്തോ വല്ലായ്മ തോന്നി. മുന്നേറ്റങ്ങൾക്ക് ഒന്നും ഒരു മൂർച്ചയില്ല, മെസ്സിയും പലപ്പോഴും പന്ത് നഷ്ടപ്പെടുത്തി. മറുഭാഗത്തു ഡീപോർട്ടീവോ ചില അനക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. പക്ഷെ കീപ്പറെ മറികടക്കാൻ മാത്രം മൂർച്ചയുള്ളതായിരുന്നില്ല അവ. ആദ്യപകുതി അങ്ങനെ അവസാനിക്കുമെന്ന് തോന്നിയപ്പോഴാണ് സുവാരസും മെസ്സിയും ചേർന്ന് ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചത്. ടെമ്പേലെ മധ്യനിരയിൽ നിന്നും നടത്തിയ റണ്ണിനൊടുവിൽ വലതു വിങ്ങിലേക്ക് സുവാരസിന് പന്ത് നൽകി. പന്ത് ലഭിച്ച സുവാരസ് മെസ്സിക്ക് വേണ്ടി പന്ത് ഹോൾഡ് ചെയ്തു. ശ്രദ്ധിക്കപ്പെടാതെ മെസ്സി ഇടതു വിങ്ങിൽ ഓടിയെത്തുന്നുണ്ടായിരുന്നു. മെസ്സിയെ ലക്ഷ്യമാക്കി സുവാരസിന്റെ പുറം കാൽ കൊണ്ടുള്ള ഒരു ലോബ് , ഡീപോർട്ടീവോ പ്രതിരോധത്തിന് മുകളിലൂടെ മെസ്സിയെ ലക്ഷ്യമാക്കി പറന്നു. കൃത്യമായ ടൈമിംഗോടെ അവിടെയെത്തിയ മെസ്സി പന്ത് നിലംതൊടും മുൻപ് ഇടംകാലിനാൽ ഒരു ഷോട്ട്.!! ഗോൾ കീപ്പർ വീണ്ടും പരാജിതനാക്കി വീണ്ടും വലയിൽ. ബാഴ്‌സ രണ്ടു ഗോളിന് മുന്നിട്ട് നിൽക്കുന്നു. പക്ഷെ ആ ആഹ്ലാദത്തിനു ഒരു നിമിഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പലപ്പോഴും പാളിയ പ്രതിരോധത്തിന്റെ ദൗർബല്യം മുതലെടുത്തു ഡീപോർട്ടീവോ ഒരു ഗോൾ മടക്കി.
രണ്ടാം പകുതി തുടങ്ങിയതും ഡീപോർട്ടീവോ ആക്രമണം കനപ്പിച്ചു. ഏറെ നേരത്തേക്ക് കളിയിൽ ബാഴ്‌സയുടെ ആധിപത്യം നഷ്ടമായ പോലെ തോന്നിച്ചു. പന്ത് ഇപ്പോഴും ബാഴ്‌സ ബോക്സിൽ തന്നെ കുരുങ്ങികിടന്നു. പലപ്പോഴും തലനാഴിരക്കാന് രക്ഷപ്പെട്ടത്. പക്ഷെ ആ ഭാഗ്യം അധികസമയം നിലനിന്നില്ല. അറുപത്തിമൂന്നാം മിനിറ്റിൽ ഡീപോർട്ടീവോ സമനില ഗോളും നേടി. ഇത്തവണ മധ്യനിരയും പ്രതിരോധവും ഒരേപോലെ പാളിയപ്പോൾ ബാഴ്‌സയെ പൂർണ്ണമായും പരാജിതരാക്കിയാണ് ഡീപോർട്ടീവോ ഗോൾ നേടിയത്. ഒരു സമനില മാത്രം മതി ലീഗ് ജയിക്കാനെങ്കിലും അത് നമുക്ക് സ്വീകാര്യമായിരുന്നില്ല. തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കാൻ ഡീപോർട്ടീവോ വിജയത്തിനായി ശ്രമിച്ചപ്പോൾ ബാഴ്‌സ ആദ്യം ഒന്ന് പരുങ്ങി. പക്ഷെ ബാഴ്‌സയുടെ യഥാർത്ഥ കളി വരാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനാവാതെ പോയ ടെമ്പേലെയെ പിൻവലിച്ചു ഡെനിസ് സുവാരസ് കളത്തിലെത്തുമ്പോൾ ബാഴ്‌സ ഒരു കുതിപ്പിന് തുടക്കമിടുകയായിരുന്നു.
വിജയം തന്നെ വേണമെന്ന ആഗ്രഹവുമായി ബാഴ്‌സയും ആക്രമിക്കാൻ ആരംഭിച്ചപ്പോൾ മത്സരം കൂടുതൽ മികച്ചതായി. മെസ്സിയും സുവാരസും ചേർന്ന് ഒട്ടേറെ അവസരങ്ങൾ ഒരുക്കിയെങ്കിലും നിർഭാഗ്യം പലപ്പോഴും വിലങ്ങു തടിയായി. പക്ഷെ എൺപത്തിയൊന്നാം മിനിറ്റിൽ മെസ്സി തന്നെ ബാഴ്‌സയെ വീണ്ടും മുന്പിലെത്തിച്ചു. മധ്യനിരയിൽ നിന്നും ഡെനിസ് സുവാരസ് നടത്തിയ നീക്കത്തിനൊടുവിൽ ബോക്സിലെത്തിയ ഡെനിസ്, വലതു വിങ്ങിൽ മെസ്സിക്കായി അനായാസമായ അവസരം ഒരുക്കിയെങ്കിലും സ്വതവേ റൈറ്റ് ഫൂട്ട് വീക്ക് ആയ മെസ്സിക്ക് മുതലാക്കാനായില്ല. എങ്കിലും പന്ത് കൺട്രോൾ ചെയ്ത മെസ്സി, തിരികെ സുവാരേസിന് നൽകി. എല്ലാവരും സുവാരസിന്റെ ഷോട്ട് പ്രതീക്ഷിച്ചു നൽകുമ്പോൾ സുവാരസ് പന്ത് മെസ്സിക്ക് തന്നെ തിരികെ നൽകി. അവസാനമായി മുൻപിലുണ്ടായിരുന്ന ഗോൾ കീപ്പറെയും കബളിപ്പിച്ചു മെസ്സി തന്റെ രണ്ടാം ഗോൾ നേടുമ്പോൾ അത് ബാഴ്‌സയുടെ കിരീടധാരണം കൂടിയായിരുന്നു. അത് വരെ നമ്മുടെ മുഖത്ത് നിഴലിച്ചിരുന്നു ആശങ്കകൾ എല്ലാം ഒഴിഞ്ഞു കിരീടം സ്വന്തമാക്കുന്ന ആവേശം എല്ലാവരുടെയും മുഖത്തു തെളിഞ്ഞു. പക്ഷെ മെസ്സിയും സുവാരസും അവസാനിപ്പിച്ചിട്ടില്ലായിരുന്നു. ഇത്തവണയും ഡെനിസ് തുടങ്ങിയ നീക്കം മെസ്സിയിൽ നിന്നും സുവരെസിലേക്കെത്തുകയും സുവാരസ് അത് കൃത്യമായി മെസ്സിക്ക് തന്നെ നൽകുകയും ചെയ്തു. പിഴവുകളേതും വരുത്താതെ മെസ്സി കൃത്യമായി ആ പന്ത് ഫിനിഷ് ചെയ്തപ്പോൾ അവസാനിച്ചത് ഈ വർഷത്തെ ലീഗ് ചാമ്പ്യന്മാരെ കണ്ടെത്താനുള്ള അന്വേഷണവുമായിരുന്നു. മെസ്സിയുടെ ഹാട്രിക് തിളക്കത്തിൽ ബാഴ്‌സ വീണ്ടും ലാലിഗ കിരീടം സ്വന്തമാക്കിയിരുന്നു.
ഇന്നലത്തെ മത്സരത്തെ പറ്റി പറയുകയാണെങ്കിൽ പതിവ് പ്രകടനം പുറത്തെടുക്കാനായില്ല എന്ന് പറയേണ്ടി വരും. കിരീടം ഉറപ്പിച്ചത് കൊണ്ടാവും , അൽപ്പം ആലസ്യം എല്ലാവരിലും ഉണ്ടായിരുന്നു. അതിന്റെ ഫലമാണ് നഷ്ടപ്പെടുത്തിയ അവസരങ്ങളും വഴങ്ങിയ ഗോളുകളും. എങ്കിലും രണ്ടു ഗോൾ നേടി ഡീപോർട്ടീവോ നൽകിയ മരുന്നാണ് സത്യത്തിൽ ടീമിനെ ഉണർത്തിയത്. ആ ഉണർവിൽ മികവിലേക്ക് തിരികെയെത്തുകയും ചെയ്തപ്പോഴാണ് മികച്ച ഒരു സ്‌കോർ ലൈൻ പടുത്തുയർത്താൻ ടീമിന് സാധിച്ചത്. ഒപ്പം മെസ്സി സുവാരസ് സഖ്യത്തിന്റെ മികച്ച ഒത്തിണക്കവും ഇന്നലെ നിർണ്ണായകമായി. പിഴവുകൾ ഉണ്ടായിരുന്നെങ്കിലും സന്തുഷ്ടരാണ്. ആവിശ്യഘട്ടങ്ങളിൽ ഇങ്ങനെ മികവിലേക്ക് തിരിയെത്തിയതിന്റെ ഫലമാണ് പരാജയമറിയാതെയുള്ള ഈ കിരീടം. ടീം എല്ലാ അർത്ഥത്തിലും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
വ്യക്തിഗത പ്രകടനം മെസ്സിയിൽ നിന്നും ആരംഭിക്കാം. ആദ്യ പകുതി ഏറെയും അദ്ദേഹവും നിരാശപ്പെടുത്തി. ധാരാളമായി പന്ത് നഷ്ടപ്പെടുത്തി. പക്ഷെ ആവിശ്യസമയത് മികവിലേക്ക് തിരികെയെത്തി. ഫിനിഷിങ് നന്നായിരുന്നു. ഹാട്രിക്കിന് അഭിനന്ദനങ്ങൾ. മുൻപും ഒട്ടേറെ ഹാട്രിക്ക് നേടിയിട്ടുണ്ടെങ്കിലും കിരീടം സ്വന്തമാക്കിത്തന്ന ഈ ഹാട്രിക്ക് നൽകുന്ന ആവേശം വളരെ വലുതാണ് സുവാരസും ഏറെ നന്നായിരുന്നു. അദ്ദേഹം ഒരു സ്‌ട്രൈക്കറുടെ റോൾ ആണെങ്കിലും ഇന്നലെ ഏറെ വ്യത്യസ്തമായിരുന്നു. ഗോൾ അടിക്കുന്നതിലും അധികം ഗോൾ അടിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മെസ്സി ഹാട്രിക്ക് ഗോൾ നേടിയപ്പോൾ ആ മൂന്ന് ഗോളുകൾക്കുമുള്ള ഹാട്രിക് അസ്സിസ്റ്റിലൂടെ സുവാരസും മാതൃകയായി . കൊട്ടീഞ്ഞോക്ക് അസിസ്റ്റ് നൽകിയെങ്കിലും ടെമ്പേലെ അൽപ്പം നിരാശപ്പെടുത്തി. പന്ത് അനായാസം അദ്ദേഹം ഇപ്പോഴും നഷ്ടപ്പെടുത്തുന്നു. വരുന്ന സീസണിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
മധ്യനിരയിൽ കൊട്ടീഞ്ഞോ കുഴപ്പമില്ലാത്ത പ്രകടനമാണ് നടത്തിയത് . ഗോൾ നന്നായിരുന്നു. എങ്കിലും മുന്നേറ്റവുമായി ഒത്തുചേർന്നു പോകാൻ കഴിഞ്ഞില്ല. കൂടുതൽ പരിചയം വഴി അത് മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം. ഇന്നലത്തെ മത്സരത്തിൽ ബാഴ്‌സയുടെ ഭാഗത്തു നിന്നും മികച്ച പ്രകടനം നടത്തിയവരിൽ ഒരാളായിരുന്നു റാക്കി . നല്ല ഇന്റർസെപ്‌ഷൻസ് ഉണ്ടായിരുന്നു. പതിവ് ഫോമിലല്ലെങ്കിലും ബുസിയും നന്നായിരുന്നു. പ്രതിരോധം ഇന്നലെ പലകുറി പാളിപ്പോയിരുന്നു. ഡീപോർട്ടീവോയുടെ രണ്ട് ഗോളുകളിലും പ്രതിരോധത്തിന്റെ പിഴവ് വ്യക്തമായി കാണാം. എങ്കിലും കൂടുതൽ അപകടം വിതക്കുന്നതിൽ നിന്നും അവരെ തടയാനും പ്രതിരോധത്തിന് കഴിഞ്ഞു. സെമെടോ പലപ്പോഴും ഔട്ട് ഓഫ് പൊസിഷൻ ആയിരുന്നു. ഒപ്പം പീക്കെയും. പതിവ് ഏകാഗ്രത നഷ്‌ടമായ രീതിയിലായിന്നു ഉംറ്റിറ്റി. പ്രതിരോധത്തിൽ അല്ലെങ്കിൽ മുന്നേറ്റത്തിൽ തന്റേതായ സഹായം ചെയ്യാറുള്ള ആൽബക്ക് പക്ഷെ ഇന്നലെ തിളങ്ങാനായില്ല. സീസണിലുടനീളം വന്മതിൽ പോലെ നിന്നിരുന്ന സ്റ്റീഗനും ഇന്നലെ അൽപ്പം പിഴച്ചു, എങ്കിലും വഴങ്ങിയ ഗോളുകൾ അനായാസവുമായിരുന്നില്ല താനും.
ഇന്നലത്തെ മത്സരത്തിലെ വഴിത്തിരിവ് ഡെനിസിന്റെ വരവായിരുന്നു. മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് പെട്ടന്ന് പന്തെത്തിക്കാൻ അദ്ദേഹത്തിന്റെ വേഗമേറിയ നീക്കങ്ങൾക്ക് കഴിഞ്ഞു. ഇന്നലത്തെ അവസാന നിമിഷങ്ങളിലെ ആരംഭിച്ചത് അദ്ദേഹത്തിന്റെ കാൽക്കീഴിൽ നിന്നാണ് . ഈ മികവ് തുടരാനാകട്ടെ. ഒപ്പം എത്തിയ പൗളിഞ്ഞോയും നന്നായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിനും സംഭാവനകൾ നൽകാനായിട്ടുണ്ട് . അവസാന നിമിഷം കളത്തിലെത്തിയ ഇനിയേസ്റ്റക്ക് കാര്യമായി ഒന്നും ചെയ്യേണ്ടി വന്നതുമില്ല.
പിന്നെ ഇന്ന് ടീം ലാലിഗ ചാമ്പ്യന്മാരായി നിൽക്കുമ്പോൾ അഭിനന്ദനം ഏറ്റവും അർഹിക്കുന്നത് വൽവെർദേ എന്ന അഗ്രഗണ്യനായ ഒരു പരിശീലകനും കൂടിയാണ്. സീസൺ തുടക്കത്തിൽ ഏവരും എഴുതിത്തള്ളിയ ഒരു ടീം ഇന്ന് മികവോടെ വിജയികളായി നിൽകുമ്പോൾ അദ്ദേഹത്തോടുള്ള കടപ്പാട് നമ്മൾ മറക്കുന്നതെങ്ങിനെ. തന്റെ അനുഭവസമ്പത്തും അറിവും കൈമുതലാക്കി ടീമിനെ നയിച്ച അയാൾ, നമുക്ക് നൽകിയത് നമ്മൾ പ്രതീക്ഷിച്ചതിലും ഏറെയാണ്.
ഇന്നലത്തെ വിജയാഘോഷത്തിലും അൽപ്പം വിഷമം തോന്നിയത് ഡീപോർട്ടീവോ ആരാധകരുടടെ കണ്ണീരാണ്. തരംതാഴ്ത്തൽ ഒഴിവാക്കാൻ അവസാന കച്ചിത്തുരുമ്പായ ഇന്നലത്തെ മത്സരവും പരാജയപ്പെട്ടപ്പോൾ പലരും കണ്ണീരണിഞ്ഞു. പരാജയത്തിലും തരംതാഴ്ത്തലിലും നിൽക്കുമ്പോൾ അഭിമാനത്തോടെ സ്വന്തം ടീമിന്റെ എംബ്ലം ഉയർത്തിപ്പിടിച്ചു നിൽക്കുന്നത് കാണുമ്പോഴാണ് അവരോടുള്ള ആരാധന ജനിക്കുന്നത്. ഒരു മത്സരം തോൽക്കുബോൾ ടീമിനെ തള്ളിപ്പറയുന്ന മറ്റുള്ളവർക്ക് ഒരു പാഠമാണ് ഇത്തരം ആരാധകർ. അതോടൊപ്പം തോൽവിയിൽ നിൽക്കുമ്പോഴും ഇനിയേസ്റ്റക്ക് നൽകിയ കയ്യടി നമ്മുടെ ഹൃദയം കവർന്നു. രണ്ടാം ഡിവിഷനിൽ മികച്ച പ്രകടനം നടത്തി അധികം വൈകാതെ ലാലിഗയിൽ തിരികെയെത്താൻ നിങ്ങൾക്കാകട്ടെ എന്ന് ആശംസിക്കുകയാണ്.
വിജയാഹ്ലാദത്തിൽ നിൽക്കുന്ന എല്ലാ കൂളെസിനോടും ഞങ്ങൾക്ക് പറയാനുള്ളത് , കഴിഞ്ഞ വർഷത്തെ ആഗസ്റ്റ് മാസം ഒന്ന് ഓർത്തുനോക്കുക. ഒരു പക്ഷെ നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്തിലൂടെയായിരുന്നു അന്ന് നമ്മുടെ യാത്ര. മികച്ച കളിക്കാർ ടീം വിടുന്നു, സൂപ്പർ കോപ്പയിലെ പരാജയം, ആരാധകർക്ക് അപ്രിയരായ കളിക്കാരുടെയും കോച്ചിന്റെയും വരവ്, എതിരാളികളുടെ പരിഹാസം, ബാഴ്‌സയുടെ പതനം ആരംഭിച്ചുവെന്നു ലോകം വിധിയെഴുതി. ആരാധകരുടെ നിയന്ത്രണം നഷ്‌ടമായ നിമിഷങ്ങളായിരുന്നു അവ. എങ്ങും വിമർശനങ്ങൾ. പക്ഷെ ഒരിക്കൽ പോലും കളിക്കാർ തങ്ങളുടെ നിരാശ ലോകത്തിനു മുൻപിൽ കാഴ്ചവെച്ചില്ല. അവർ നിശ്ശബ്ദരായിരുന്നു. കാരണം അവർ അവരിൽ വിശ്വസിച്ചിരുന്നു.ആ പ്രതിസന്ധി ഘട്ടം നമ്മൾ തരണം ചെയ്യുമെന്ന് അവർക്ക് ഉറപ്പായിരുന്നു.
ഒരു പക്ഷെ നമ്മുടെ ജീവിതത്തിൽ പാഠമാക്കാവുന്ന ഒരു കാര്യമാണ് അവർ അന്ന് ചെയ്തിരുന്നത്.. ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളുണ്ടാകട്ടെ , എല്ലാം നമ്മൾ നേരിടേണ്ടവയാണ്. അവയെ നേരിടുക, വീഴ്ചയിൽ നിന്നും എഴുന്നേൽക്കുക പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് പോവുക.വിജയം വരിക തന്നെ ചെയ്യും. പരാജയത്തിന്റെ കൈപ്പുനീർ കുടിച്ചവനാണ്, വിജയത്തിന്റെ മാധുര്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുക. അതുകൊണ്ട് തന്നെ ഈ വിജയത്തിന്റെ മാധുര്യം വളരെയേറെയാണ്. തങ്ങളെ പരിഹസിച്ചവർക്ക് മുൻപിൽ കിരീടവുമായി നിൽക്കുമ്പോൾ ലഭിക്കുന്ന ആത്മനിർവൃതിയാണ് യഥാർത്ഥ ആനന്ദം.
ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ ബാഴ്‌സ…
വിസ്കാ ബാഴ്‌സ 🔴🔵
#RETARD
©Penyadel Barca Kerala
