• Follow

മാച്ച് റിവ്യൂ – സെൽറ്റ വീഗൊ 0 vs ബാഴ്‌സലോണ 3

  • Posted On October 2, 2020

വീഗോയിലെ മാനം ഇന്നലെ കറുത്തിരുന്നു. ഇരുണ്ട കാർമേഘകൂട്ടങ്ങൾ ഇന്നലെ വൈകുന്നേരം ആരെയോ പ്രതീക്ഷിച്ചുകൊണ്ട് വിഗോയിലെ മാനത്തു വെമ്പി നിന്നിരുന്നു. അവർ കാത്തിരുന്നത്, കറുത്ത വസ്‌ത്രധാരികളായ മറ്റൊരു കൂട്ടരെയായിരുന്നു. കാറ്റലോണിയയിൽ നിന്നെത്തിയ ആ കൂട്ടം, വിഗോയിലെ മണ്ണിൽ സംഹാരതാണ്ഡവമാടുന്ന നിമിഷത്തിനായിരുന്നു അവർ കാത്തിരുന്നത്. ഒടുവിൽ ബലൈഡോസ്‌ സ്റ്റേഡിയത്തിൽ അവർ ഒരുമിച്ചു. സെൽറ്റയുടെ മണ്ണിൽ ബാഴ്‌സ രൗദ്രഭാവം പൂണ്ടപ്പോൾ പ്രകൃതിയും മടിച്ചില്ല, ഇടിമുഴക്കവും കാറ്റുമായും അതും ഇന്നലെ ബലൈഡോസിലെ മണ്ണിലേക്ക് ഇറങ്ങി വന്നു. ഇരുവരും ഒരുമിച്ചപ്പോൾ ബാഴ്‌സ ആരാധകർ കണ്ടത് സമീപകാലത്തു ബാഴ്‌സ നടത്തിയ സമാനതകളില്ലാത്ത മത്സരം. എന്നെന്നും കീറാമുട്ടിയാകുന്ന, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിജയിക്കാൻ കഴിയാതിരുന്ന ബലൈഡോസ്‌ സ്റ്റേഡിയത്തിൽ മികവുറ്റ പ്രകടനത്തോടെ മൂന്ന് ഗോളിന്റെ വിജയം. അതും പകുതി സമയവും പത്തുപേരുമായി ചുരുങ്ങിയിട്ടും. കോമന്റെ കീഴിൽ ഊർജ്ജം വീണ്ടെടുത്ത ഒരു കൂട്ടം അങ്ങനെ തങ്ങളുടെ വരവറിയിക്കുകയാണ്.

ഭയാശങ്കകളോടെ തന്നെയാണ് സെൽറ്റയുമായുള്ള മത്സരത്തെ കണ്ടിരുന്നത്. ചരിത്രം അങ്ങനെ ഭയക്കാൻ പ്രേരിപ്പിച്ചിരുന്നു. എല്ലാ സീസണിലും ഒരു കീറാമുട്ടിയാണ് സെൽറ്റ എവേ മത്സരം. അവസാനം വിജയിച്ചത് ലൂക്കോയുടെ കീഴിൽ അഞ്ച് വർഷങ്ങൾക്ക് മുൻപിൽ. ഇപ്പോൾ പരീക്ഷണഘട്ടത്തിലൂടെ കടന്നു പോകുന്ന ബാഴ്‌സ ബലൈഡോസിൽ കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നുമില്ല. കഴിഞ്ഞ മത്സരത്തിന്റെ അതെ ലൈൻ അപ്പ് തന്നെയാണ് കോമൻ നിലനിർത്തിയത്. നിലവിൽ ലഭ്യമായ, വിശ്വാസമുള്ള ലൈൻ അപ്പും അത് തന്നെ ആയിരുന്നു എന്നതിൽ സംശയമില്ല. എങ്കിലും കഴിഞ്ഞ മത്സരത്തിൽ ചിലരുടെ ഭാഗത്തു നിന്നെങ്കിലും തുടർച്ചയായ പിശകുകൾ ഉണ്ടായിരുന്നത് ആശങ്കപ്പെടുത്തിയിരുന്നു. കാരണം ആസപാസും ഡെനിസ് സുവാരസും പോലെയുള്ള മികച്ച കളിക്കാരുള്ള സെൽറ്റ, നമ്മുടെ ഓരോ പിഴവുകളും മുതലാക്കാൻ മിടുക്കരാണ്. പോരാത്തതിന് കനത്ത മഴ കളിയുടെ സ്വാഭാവിക ഒഴുക്കിന് ഒരു തടസ്സവുമാണ്.

പക്ഷെ ഭയാശങ്കകൾ ആസ്ഥാനത്താക്കുന്ന പ്രകടനമാണ് ആദ്യ നിമിഷം മുതൽ കണ്ടത്. കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ട്രബിൾ കാണാനില്ല. കളിക്ക് ഒരു ഒഴുക്കുണ്ട്. നീക്കങ്ങൾക്ക് ചടുലതയുണ്ട്. ലക്ഷ്യബോധമുണ്ട്. കഴിഞ്ഞ മത്സരത്തിൽ താളമില്ലാതിരുന്ന മധ്യനിര മുന്നിൽ നിന്നും ഭരിക്കുന്നു. പത്തു നിമിഷങ്ങൾക്കകം ആദ്യ ഗോൾ നേടി. ബുക്സ്‌കേറ്റ്സ് മെസ്സിക്ക് നേരെ ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് സെൽറ്റ പ്രതിരോധം തടഞ്ഞു. പന്ത് തിരികെയെത്തിയത് കൊട്ടീഞ്ഞോയുടെ കാൽക്കീഴിലേക്ക്. ഒന്ന് ചിന്തിക്കാൻ പോലും സമയം എടുക്കാതിരുന്ന കൊട്ടീഞ്ഞോ, പന്ത് തിരികെ ഫാറ്റിക്ക് നൽകി. ഒരു ലോകോത്തര ഫസ്റ്റ് ടച്ചിലൂടെ പന്തുമായി ബോക്സിലേക്ക് കടന്ന ഫാറ്റി, എതിർ പ്രതിരോധം എത്തിപ്പിടിക്കുന്നതിന് മുൻപേ തന്നെ പന്ത് വലയിലാക്കി. !!! കഴിഞ്ഞ മത്സരത്തിൽ എവിടെ നിർത്തിയോ, അവിടെ നിന്നും തന്നെ ഫാറ്റി വീണ്ടും ആരംഭിച്ചിരിക്കുന്നു. പതിനെട്ട് വയസ്സാകാൻ ഇനിയും ഒരു മാസം ബാക്കിയുള്ള, കുട്ടിത്തം വിട്ടുമാറാത്ത ഫാറ്റി, പക്ഷെ ഗ്രൗണ്ടിൽ ഒരു അനുഭവസമ്പന്നനായ കളിക്കാരന്റെ പ്രകടനം പുറത്തെടുക്കുന്നു. തുടർന്നും ബാഴ്‌സയുടെ ആധിപത്യമാണ് കളത്തിൽ കണ്ടത്. കൊട്ടീഞ്ഞോയുടെയും ഡി യോങിന്റെയും ബുസ്കെറ്റ്സിന്റെയും നേതൃത്വത്തിൽ അറഞ്ചം പുറഞ്ചം അറ്റാക്ക്. പക്ഷെ വലത്തേ വിങ്ങിൽ മെസ്സിയും ഗ്രീസ്മാനും ഒന്നിച്ചു കളിച്ചപ്പോൾ ഉണ്ടായ ചില കൺഫ്യുഷൻ അറ്റാക്കിനെ അതിന്റെ പാരതമ്യതയിൽ എത്തിച്ചില്ല. ഒരുവേള ഇടത്തെ വിങ്ങിൽ നിന്നും ഡി യോങ് നൽകിയ ഒരു കിടിലൻ ക്രോസ് ഫസ്റ്റ് ടച്ചിലെ പോരായ്മ മൂലം ഗ്രീസ്മാന് മുതലാക്കാനായില്ല. അതിനിടെ സെൽറ്റയും പതുക്കെ മത്സരത്തിലേക്ക് തിരികെ വന്നു തുടങ്ങി. ഒരുവേള അവരുടെ ഒരു നീക്കം തടയാനുള്ള ശ്രമത്തിനിടെ പീക്കേക്ക് ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഓഫ്‌സൈഡ് ആനുകൂല്യം രക്ഷിച്ചു. പക്ഷെ ആ ആഹ്ലാദം അധികം നീണ്ട് നിന്നില്ല. ഇടവേളക്ക് പിരിയുന്നതിന് തൊട്ടു മുൻപ് സെൽറ്റയുടെ മറ്റൊരു നീക്കം തടയാനുള്ള ശ്രമത്തിനിടയിൽ ലെങ്ലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. അതുവരെ മത്സരത്തിൽ വലിയ പ്രതീക്ഷയിലായിരുന്നു ബാഴ്‌സ ആരാധകർ നിരാശരായി. ബലൈഡോസിലെ വിജയം സ്വപ്നം കണ്ടിരുന്ന അവർ മറ്റൊരു പരാജയത്തിന്റെ ഭയത്തിലായി. ലെങ്ലേക്ക് പകരം അരാഹൊ കളത്തിലെത്തി . പക്ഷെ അതിനായി ബലികഴിപ്പിക്കേണ്ടി വന്നത് ഗ്രീസ്മാനെ ആയിരുന്നു. പക്ഷെ ഉർവ്വശീശാപം ഉപകാരമാവുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കണ്ടത്.

ഒരു ഗോൾ ലീഡ് നിലനിർത്താൻ പ്രതിരോധാത്മക കളി പുറത്തെടുക്കുമെന്ന് കരുതിയ നമ്മളോടും സെൽറ്റയോടും “അതങ്ങ് മനസ്സിൽ വെച്ചോണ്ടിരുന്നാൽ മതി” എന്ന് പറയുന്ന പോലെയാണ് ബാഴ്‌സ രണ്ടാം പകുതിയിൽ കളിച്ചത്. ഗ്രീസ്മാനെ പോലെ വലിയ വർക്ക് റേറ്റുള്ള ഒരു കളിക്കാരന്റെ അഭാവം ഒരിക്കലും അറിയാത്ത രീതിയിൽ ബാഴ്‌സ നിറഞ്ഞു കളിച്ചു. ഒരു ഗോളോ ചുവപ്പ് കാർഡോ വഴങ്ങിയാൽ പിന്നെ പരാജിതരെ പോലെ കളിക്കുന്ന ബാഴ്‍സയല്ല, മറിച്ചു ഒരു വാശിയിൽ ഒരുമിച്ചു ഒരു ടീമായി അവർ പൊരുതുന്നു. ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ബോക്‌സിൽ സെൽറ്റയുടെ ശ്രമത്തിന്റെ മുന ഒരുക്കുന്ന അവർ നിമിഷാർദ്ധങ്ങൾക്കൊണ്ട് കൗണ്ടർ അറ്റാക്ക് ആരംഭിക്കുന്നു, പ്രതിരോധത്തിൽ നിന്നും മധ്യനിരയിലേക്കും അവിടെ നിന്ന് ഞൊടിയിടയിൽ മുന്നേറ്റത്തിലും പന്ത് എത്തുന്നു. മെസ്സിയെ മാത്രം ആശ്രയിക്കാതെ തലങ്ങും വിലങ്ങും അവർ ആക്രമണം നടത്തുന്നു. മെസ്സിയാകട്ടെ ഗ്രീസ്മാൻ പോയതോടെ ലഭ്യമായ കൂടുതൽ സ്‌പേസ് ഉപയോഗിച്ച് ഫോമിലേക്കുയർന്നു. നയനാനന്ദകരമായ കാഴ്ച. ഇതേ ടെമ്പോയിൽ തന്നെ ബാഴ്‌സ ലീഡുയർത്തി. അതെ, പത്തുപേരുമായി കളിച്ചു ബാഴ്‌സ ലീഡ് ഉയർത്തി. ഇത്തവണയും സൂത്രധാരൻ കൊട്ടീഞ്ഞോ തന്നെ. കൊട്ടീഞ്ഞോയും മെസ്സിയും പരസ്പരം കൈമാറി വന്ന പന്തിൽ മെസ്സി പൊടുന്നനെ ബോക്സിലേക്ക് കയറി. മൂന്ന് സെൽറ്റ പ്രധിരോധക്കാരെ വെട്ടോയൊഴിഞ്ഞു മുന്നേറിയ മെസ്സി ഒരു ക്രോസിന് ശ്രമിച്ചപ്പോൾ പക്ഷെ എതിർ ഡിഫൻഡറുടെ കാലുകളിൽ സ്പർശിച്ചു സെൽറ്റ വലയിലേക്ക് തന്നെ കയറി. ബലൈഡോസിൽ അപ്പോൾ വീശിയടിച്ചിരുന്നത് കാറ്റും മഴയും മാത്രമായിരുന്നില്ല, ബാഴ്‌സയും കൂടിയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ ബാഴ്‌സ ലീഡ് പിന്നെയും ഉയർത്തേണ്ടതായിരുന്നു. കൊട്ടീഞ്ഞോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും റീബൗണ്ടിൽ ലഭിച്ച പന്ത് മെസ്സി വലയിലാക്കി. പക്ഷെ ഓഫ്‌സൈഡ് വില്ലനായി. തുടർന്ന് ബാഴ്‌സ മാറ്റങ്ങൾ വരുത്തി. കൊട്ടീഞ്ഞോക്ക് പകരം പെഡ്രിയും, ഫാറ്റിക്ക് പകരം ട്രിൻകാവോയും കളത്തിലെത്തി. രണ്ട് ഗോൾ ലീഡ് നിലനിർത്താൻ വേണ്ടി പ്രതിരോധാത്മക സബ്സ്റ്റിട്യൂഷൻ നടത്തുമെന്ന് വിചാരിച്ച നമ്മളെ കോമൻ വീണ്ടും അമ്പരപ്പിച്ചു. പുതുരക്തങ്ങളുടെ ബലത്തിൽ ബാഴ്‌സ വീണ്ടും ആക്രമണം നടത്തിക്കൊണ്ടിരുന്നു. എങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. കളിയുടെ അന്ത്യത്തോടടുക്കാറായപ്പോൾ ബാഴ്‌സ അല്പം പ്രതിരോധത്തിലേക്ക് പിൻവാങ്ങി. സെൽറ്റയെ പോലെ ഒരു ടീമിനോട് ഹൈ ഇന്റൻസിറ്റി, പത്തു പേരുമായി തൊണ്ണൂറു നിമിഷവും നിലനിർത്തുക ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞത് മനസിലാക്കാം. പക്ഷെ ടീം ആയി ഡിഫൻഡ് ചെയ്തത് കൊണ്ട് സെൽറ്റയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ടീമിനായി. പീക്കെയും, റോബർട്ടോയും അരാഹൊയുമൊക്കെ കട്ടക്ക് നിന്നപ്പോൾ സെൽറ്റയുടെ ആക്രമണത്തിന് ലക്ഷ്യം കാണാനായില്ല.. ആവിശ്യഘട്ടങ്ങളിൽ നെറ്റോയുടെ കരങ്ങളും സഹായത്തിനെത്തി. സെൽറ്റയുടെ ആക്രമണത്തിനിടയിലും ബാഴ്‌സ ഒരു കാര്യം മറന്നില്ല. കൗണ്ടർ അറ്റാക്ക്. വലത്തേ വിങ്ങിൽ ട്രിൻകാവോയുടെയും മെസ്സിയുടെയും നേതൃത്വത്തിൽ ലഭ്യമായ അവസരങ്ങളിൽ ബാഴ്‌സ സെൽറ്റ ബോക്‌സിലേക്ക് കുതിച്ചു. ഒടുവിൽ മത്സരം അവസാനിക്കാൻ ഏതാനും നിമിഷം ബാക്കി നിൽക്കെ മൂന്നാം ഗോളും ബാഴ്‌സ നേടി. അത്രയും നേരം ഡിഫൻസിൽ മരിച്ചു പണിയെടുത്തിരുന്ന റോബർട്ടോ തനിക്ക് അർഹമായ ഗോളും നേടിയെടുത്തു. ബാഴ്‌സയുടെ ഒരു ശ്രമം തടഞ്ഞപ്പോൾ റീബൗണ്ട് ലഭിച്ച പന്ത് ഒരു അത്യുഗ്രൻ വോളിയിലൂടെ റോബർട്ടോ വലയിലേക്ക്. സംഭവബഹുലമായ ഒരു മത്സരത്തിന് ഒരു അത്യുഗ്രൻ ക്ലൈമാക്സ്.

ഏറെ സന്തോഷം നൽകിയ ഒരു രാത്രി. എത്ര നാളുകൾക്കു ശേഷമാണ് ഇതുപോലെ ഒരു മത്സരം ദർശിച്ചത് എന്ന് ഓർമ്മ പോലും ഇല്ല. നമ്മളെ ആവേശക്കൊടുമുടിയിൽ എത്തിക്കാൻ തക്ക എല്ലാം ഇന്നലത്തെ മത്സരത്തിൽ ഉണ്ടായിരുന്നു. ആദ്യമായി മനോഭാവം അല്ലെങ്കിൽ വാശി. എന്നും തങ്ങൾക്ക് കീറാമുട്ടിയാകുന്ന ഗ്രൗണ്ടിൽ വിട്ടു കൊടുക്കില്ല എന്ന വാശിയായിരുന്നു ഇന്നലെ കണ്ടത്. ഒരാൾ കുറഞ്ഞപ്പോഴും ആ വാശിക്ക് കുറവൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, അത് വർധിച്ചത് പോലെയാണ് തോന്നിയത്. മരിച്ചു പണിയെടുക്കുക എന്നൊക്കെ പറയില്ലേ? അത് തന്നെ. ഒരാൾ കുറഞ്ഞിട്ടും എവേ ഗ്രൗണ്ടിൽ സെൽറ്റക്കെതിരെ വീണ്ടും രണ്ട് ഗോളുകൾ നേടുക എന്നത് ചെറിയ കാര്യമല്ല. എന്നിട്ടും അവസാന നിമിഷവും സെൽറ്റ ബോക്സിലേക്ക് വീണ്ടും ഗോളിനായി ഇരച്ചെത്തുന്ന കാഴ്ച് ചെറിയ രോമാഞ്ചമല്ല തരുന്നത്. അടുത്തതായി കളിയുടെ ഇന്റൻസ്റ്റിറ്റി. മത്സരത്തിന്റെ ആദ്യാവസാനം വലിയ ഇന്റൻസിറ്റി കളിയിൽ നിലനിർത്താൻ ടീം ശ്രമിച്ചിരുന്നു. അനാവശ്യമായി പന്ത് ഹോൾഡ് ചെയ്യുന്നില്ല. സമയം നഷ്ടമാക്കുന്നില്ല. പന്ത് ലഭിച്ചാൽ ഞൊടിയിടയിൽ എങ്ങനെ ഒക്കെ അറ്റാക്ക് ചെയ്യാം എന്ന ചിന്താഗതി. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒരു കാര്യമാണ് നമ്മുടെ പ്രെസ്സിങ്ങും ഓഫ് ദി ബോൾ മൂവ്‌മെന്റും. രണ്ടും മികച്ചു് നിന്നു. ഇത്രയും ശക്തമായി കൃത്യതയോടെ പ്രസ് ചെയ്യുന്നത് അടുത്തൊന്നും കണ്ടിട്ടില്ല. എതിരാളികൾക്ക് പന്തിൽ സ്വാധീനം വർധിക്കുന്നത് തടയാൻ ഇങ്ങനെ സാധിക്കുന്നു. ഒപ്പം ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം മെസ്സിയെ അമിതമായി ആശ്രയിക്കുന്നത് കാര്യമായി കുറഞ്ഞിരിക്കുന്നു. സ്വന്തമായി ഒരു നീക്കം വിഭാവനം ചെയ്യാനും, അതിനു ശ്രമിക്കാനും, അത് ലക്ഷ്യത്തിൽ എത്തിക്കാനും ഇപ്പോൾ എല്ലാവരും ശ്രമിക്കുന്നു. തൽഫലമായി മെസ്സിയിൽ ഉണ്ടായിരുന്ന ഓവർലോഡ് കുറയുന്നു, ഒപ്പം എതിരാളികൾക്ക് ഏറെ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. അത് പോലെ തന്നെ മൂന്ന് ഗോൾ അടിച്ചതിലും ഏറെ സന്തോഷമാണ് ഒരെണ്ണം പോലും അടിപ്പിക്കാതിരുന്നത്. സെൽറ്റ പോലെ ഒരു ടീമിനോട് ഗോൾ വഴങ്ങാതിരുന്നിട്ടുണ്ടെങ്കിൽ അത് അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്.

വ്യക്തിപരമായി പറയുകയാണെങ്കിലും എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു. എല്ലാവരും അവരവരുടെ റോൾ ഏറെ ഭംഗിയാക്കിയപ്പോൾ കളി ഇങ് പോന്നു. എടുത്തു പറയേണ്ടത് കൊട്ടീഞ്ഞോയുടെയും ഡി യോങിന്റെയും റോബർട്ടോയുടെയും പ്രകടനങ്ങളാണ്. സീസൺ ആരംഭത്തിൽ ടീം ഉണ്ടാകുമോ എന്ന് പോലും സംശയിച്ചിരുന്നു കൊട്ടീഞ്ഞോ, ഇപ്പോൾ ടീമിന്റെ അഭിവാജ്യ ഘടകമായി മാറുന്നു. ഒരു പക്ഷെ തന്റെ ഇഷ്ട പൊസിഷനിൽ തിരികെയെത്തിയത് കൊണ്ടാകാം, അയാൾ തന്റെ റോൾ ഭംഗിയായി നിർവഹിക്കുന്നു. ഡിഫൻസിൽ നിന്നും അറ്റാക്കിലേക്കുള്ള ട്രാൻസിഷൻ, നമ്മുടെ കളിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് കളിയിലും ഏറെ നിർണ്ണായകമായതും അയാൾ നടത്തിയ നീക്കങ്ങളാണ്. കൊട്ടീഞ്ഞോക്ക് ലഭിച്ച മികച്ച ഒരു കൈത്താങ്ങാണ് ഡി യോങ്. തന്റെ മുൻ നാഷണൽ ടീം കോച്ചിന്റെ കീഴിൽ അയാൾ തന്റെ പ്രതാപത്തിലേക്ക് വളരുകയാണ്. ആത്മവിശ്വാസവും പരിചയസമ്പന്നതയും കൂടിചേരുമ്പോൾ വിസ്ഫോടനാത്മകമായ ഒരു മധ്യനിരയാണ് വളർന്നു വരുന്നത്. ഇന്നലെ ഗോൾ വഴങ്ങിയില്ലെങ്കിൽ അതിനെ ക്രെഡിറ്റും നമ്മൾ അവകാശപ്പെട്ടവർക്ക് നൽകണം. നാളുകൾക്ക് ശേഷം റോബർട്ടോയിൽ നിന്നും മറ്റൊരു മാസ്റ്റർ ക്ലാസ് പ്രകടനം. കൃത്യതയാർന്ന പ്രധിരോധവുമായി റോബർട്ടോയും, പീക്കെയും ചേർന്നപ്പോൾ നമുക്ക് ലഭിച്ചത് മറ്റൊരു ക്ലീൻ ഷീറ്റ്.

സന്തോഷങ്ങൾക്കിടയിൽ പാളിച്ചകൾ നമ്മൾ മറക്കുന്നില്ല. ഇപ്പോഴും നമ്മൾ മികവിലേക്കുള്ള പാതയിലാണ്. ഇനിയുമേറെ മുന്നേറാനിരിക്കുന്നു. ചില മേഖലകൾ മെച്ചപ്പെടാനിരിക്കുന്നു. മെസ്സി, ഗ്രീസ്മാൻ, കൊട്ടീഞ്ഞോ എന്നിവർ ഒരുമിച്ചു കളിക്കാൻ ഇനിയും കെമിസ്ട്രി വർക്കാവാൻ ഇരിക്കുന്നു. ഇന്നലെ ആദ്യ പകുതിയിൽ മെസ്സി നിറം മങ്ങിയത് അത് കൊണ്ടാവാം. രണ്ടാം പകുതിൽ ഗ്രീസ്മാൻ പിൻവലിഞ്ഞതോടെ മെസ്സി തന്റെ വിശ്വരൂപത്തിലേക്ക് ഉയരുകയാണുണ്ടായത്. മെസ്സിക്ക് ആവിശ്യമായ സ്‌പേസ് ഗ്രീസ്മാന്റെ സാനിധ്യത്തിൽ ലഭിക്കാതിരുന്നതാകാം ആദ്യ പകുതി മെസ്സി അധികം നിശ്ശബ്ദനാകാൻ കാരണം. പക്ഷെ മൂവ്വരും ലോകോത്തര കളിക്കാരാണ്. ഇവരെ ഒരുമിച്ചു എങ്ങനെ വർക്ക് ഔട്ട് ആക്കാം എന്നതാണ് നമ്മുടെ മുൻപിലുള്ള ചോദ്യ ചിഹ്നം. അത് പോലെ ഇങ്ങനെ തുടർച്ചയായി ഹൈ ഇന്റൻസ് മത്സരം കളിക്കാരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ സീസൺ തുടക്കമായതിനാലും, ഇടവേളകൾ ഉള്ളതിനാലും ഒരു പ്രശ്നമായി തോന്നില്ലെങ്കിലും, സീസൺ അന്ത്യത്തോടടുക്കുമ്പോൾ മത്സരങ്ങളുടെ ബാഹുല്യത്തിൽ കളിക്കാർ ക്ഷീണിതരാകാൻ സാധ്യത ഏറെയുണ്ട്. കൃത്യമായ റൊട്ടേഷൻ വഴി ഈ പ്രശ്നത്തെ മറികടക്കാം എന്ന് കരുതുന്നു.

ഇപ്പോഴും കേവലം രണ്ട് മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, ഇനിയുമേറെ പരീക്ഷണങ്ങൾ ബാക്കിയുണ്ട്. വിലയിരുത്തലിന് സമയമായിട്ടില്ല.സമയമായിട്ടില്ല. വ്യത്യസ്ത എതിരാളികളിൽ നിന്നും വ്യത്യസ്ത പരീക്ഷണങ്ങൾ നേരിടാനുണ്ട്. അവയിൽ വിജയിക്കാനുമുണ്ട്. ഇതുവരെയുള്ള പരീക്ഷണത്തിൽ വിജയിച്ചിട്ടുണ്ട്. ഇനിയുള്ള പരീക്ഷണങ്ങൾക്ക് കാത്തിരിക്കാം. അടുത്ത ദിവസം നമ്മൾ സെവിയ്യയെ നേരിടുന്നു. നീണ്ട ആറ് വർഷങ്ങൾ തന്റെ വീടായിരുന്നു കാമ്പ് ന്യുവിലേക്ക് റാക്കിറ്റിച് തിരികെയെത്തുന്നു. കാത്തിരിക്കാം.

© Penyadel Barca Kerala