മാച്ച് റിവ്യൂ – ബാഴ്‌സലോണ 2 – 1 വലൻസിയ
അഭിനന്ദനങ്ങൾ ബാഴ്‌സ. മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുന്നു. ലീഗിൽ എറ്റവും കൂടുതൽ മത്സരങ്ങൾ തുടർച്ചയായി പരാജയമറിയാതെ കുതിക്കുന്ന ടീം എന്ന റെക്കോർഡ് ഇനി ബാഴ്‌സക്ക് സ്വന്തം. കഴിഞ്ഞ ദിവസം കാമ്പ് ന്യൂവിൽ വലൻസിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ തകർത്തത് റയൽ സോസിദാദ് മുപ്പത്തിയെട്ട് വർഷം മുൻപ് സ്ഥാപിച്ച റെക്കോർഡാണ്. വരും കാലങ്ങളിൽ കൂടുതൽ റെക്കോർഡുകൾ സ്വന്തം പേരിലാക്കാൻ ബാഴ്‌സക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയാണ്;
വിജയമായിരുന്നെങ്കിലും പക്ഷെ നമ്മുടെയെല്ലാം മനം നിറക്കാൻ ഇന്നലെ ടീമിന് കഴിഞ്ഞില്ല. മൊത്തത്തിൽ ഒരു ഉണർവില്ലായ്മ ആയിരുന്നു. ഒരു പക്ഷെ ടീം ലൈൻ അപ്പ് കണ്ടപ്പോൾ മുതൽ നമ്മളിൽ പലർക്കും താല്പര്യമില്ലായ്മ വന്നിരിക്കാം. ഡിഫെൻസിവ് പ്ലാനുമായി 4 – 4 – 2 ഫോർമേഷനിൽ എത്തിയ രീതി പക്ഷെ ഒട്ടേറെ വിമർശനങ്ങളാണ് ക്ഷണിച്ചു വരുത്തിയത്. ടെമ്പേലെയെ പോലെ ഉള്ള കളിക്കാർ ടീമിൽ ഉള്ളപ്പോൾ, സ്വാഭാവിക ഫോർമേഷൻ ഉപയോഗിക്കുന്നതിനു പകരം വീണ്ടും 4 – 4 – 2 ഫോർമേഷൻ സ്വീകരിച്ചത് വീണ്ടും നിരാശയുളവാക്കി. മുൻനിരയിൽ മെസ്സിയും സുവാരസും വന്നപ്പോൾ, മധ്യനിരയിൽ ഇനിയേസ്റ്റ , ബുസി, കൊട്ടീഞ്ഞോ , പൗളിഞ്ഞോ എന്നിവർ എത്തി. പിൻനിരയിൽ റോബർട്ടോ, പീക്കെ, ഉംറ്റിറ്റി , അൽബ എന്നിവരും , കീപ്പർ ആയി സ്റ്റീഗനും എത്തി.
പതിഞ്ഞ താളത്തിലായിരുന്നു മത്സരം തുടങ്ങിയത്. അധികം വൈകാതെ തന്നെ വലൻസിയ നയം വ്യക്തമാക്കി. പിൻവാങ്ങി കളിക്കുകയും, കിട്ടിയ അവസരങ്ങളിൽ അതിവേഗ കൗണ്ടർ അറ്റാക്ക് നടത്തുകയുമായിരുന്നു അവരുടെ ലക്ഷ്യം . കേവലം മൂന്നാം മിനിറ്റിൽ തന്നെ വലൻസിയ ഗോളിലേക്കുള്ള ആദ്യ ശ്രമം നടത്തി. ബോക്‌സിന് പുറത്തു നിന്നും ഉതിർത്ത ലോങ്ങ് റേഞ്ച് ഷോട്ട് ഒരു മുഴുനീള ഡൈവ് നടത്തിയാണ് സ്റ്റീഗൻ തടഞ്ഞത്. എങ്കിലും മറുഭാഗത്തും ബാഴ്‌സയും കുഴപ്പമില്ലാതെ ആക്രമണം നടത്തിയിരുന്നു. ആൽബ നൽകിയ അനായാസ അവസരം സുവാരസിന് പ്രയോജനപ്പെടുത്താനാകാതെ പോയത് ഏറെ നിരാശപ്പെടുത്തി. എങ്കിലും അൽപ്പ സമയത്തിനകം സുവാരസ് തന്നെ ബാഴ്‌സയെ മുൻപിൽ എത്തിച്ചു. കൊട്ടീഞ്ഞോയുടെ ഒരു മികച്ച പാസിൽ സുവാരസിന്റെ കൃത്യമായ പ്ലേസിംഗ് ബാഴ്‌സയെ ആദ്യമായി മത്സരത്തിൽ മുന്പിലെത്തിച്ചു. പക്ഷെ അതിന് ശേഷം പ്രതിരോധത്തിൽ ആടിയുലയുന്ന ബാഴ്‌സയെ ആണ് കണ്ടത്. സ്വന്തം ഹാഫിൽ വലൻസിയക്ക് ആവിശ്യത്തിലധകം സ്‌പേസ് നൽകിയ ബാഴ്‌സ , അവരെ ആക്രമിക്കാൻ ക്ഷണിച്ചു വരുത്തുന്നത് പോലെ തോന്നിച്ചു. സ്റ്റീഗൻ ഒരാളുടെ മികവിൽ മാത്രമാണ് ആ സമയങ്ങളിൽ ബാഴ്‌സ ഗോൾ വഴങ്ങാതിരുന്നത്. ഇടയിൽ സ്റ്റീഗൻ നഷ്ടപ്പെടുത്തിയ പന്ത് സ്റ്റീഗൻ തന്നെ ആയാസപ്പെട്ട് രക്ഷിച്ചെടുത്തു.
രണ്ടാം പകുതി അൽപ്പം കൂടി ഭേദമായ പ്രകടനം നടത്തുന്ന ബാഴ്‌സയെ കണ്ടു. മെസ്സിയും ഇനിയേസ്റ്റയും ചേർന്ന് നടത്തിയ നീക്കങ്ങൾ മനോഹരങ്ങളായിരുന്നു. ഇരുവരും ചില സമയങ്ങളിൽ ഗോളിനരികിലെത്തിയെങ്കിലും അവസാന കീപ്പർ വിലങ്ങു തടിയായി. അതിനിടയിൽ പിൻനിരയിൽ ഉംറ്റിറ്റിക്ക് കാലിടറിയപ്പോൾ വലൻസിയ ഗോളിന് തൊട്ടരികിൽ എത്തിയതാണ്. സ്റ്റീഗനെയും മറികടക്കാൻ അവർക്കായെങ്കിലും പീക്കെയുടെ കൃത്യമായ ഇടപെടൽ അവരുടെ ഗോൾ തടഞ്ഞു. എങ്കിലും ഏതാനും നിമിഷങ്ങൾക്കകം ഉംറ്റിറ്റി പ്രായശ്ചിത്തം ചെയ്തു. കൊട്ടീഞ്ഞോ എടുത്ത കോർണർ കിക്കിൽ മികച്ച ഒരു ഹെഡ്ഡറുടെ ഉംറ്റിറ്റി ബാഴ്‌സയുടെ ലീഡ് രണ്ടാക്കി ഉയർത്തി. എൺപതു മിനിറ്റ് പിന്നിടുമ്പോൾ വിജയം ഉറപ്പിച്ചു എന്ന് തോന്നിയെങ്കിലും മത്സരത്തിൽ പിന്നെയും സംഭവവികാസങ്ങൾ ബാക്കിയുണ്ടായിരുന്നു. പകരക്കാരണ്ടായി എത്തിയ ടെമ്പേലെയുടെ ഒരു സ്ലൈഡിങ് ടാക്ലിങ് ശ്രമം പിഴച്ചപ്പോൾ ബാഴ്‌സക്ക് എതിരെ പെനാൽറ്റി അനുവദിക്കപ്പെട്ടു. പെനാൽറ്റി കിക്ക് തടയാൻ സ്റ്റീഗൻ ശ്രമിച്ചെങ്കിലും ഗോൾ നിഷേധിക്കാൻ കഴിഞ്ഞില്ല. അവസാന നിമിഷങ്ങളിൽ ഇരുകൂട്ടരും ഗോളിനായി ശ്രമങ്ങൾ നടത്തിയെങ്കിലും സ്‌കോർ ബോർഡ് ചലിപ്പിക്കാൻ ആയില്ല.
ആദ്യമേ പറഞ്ഞ പോലെ, വിജയത്തിലും സന്തോഷാവന്മാർ അല്ല. ഇന്നലെ വലൻസിയക്ക് അത്രയും അവസരങ്ങൾ ലഭിച്ചിരുന്നു. നമ്മൾ എതിരാളികൾക്ക് നമ്മുടെ ഹാഫിൽ അത്രയും അവസരങ്ങളാണ് നൽകുന്നത്. വലൻസിയയുടെ മോശം ഫിനിഷിങ്ങും, സ്റ്റീഗന്റെ മിടുക്കുമാണ് നമ്മളെ രക്ഷിച്ചത്. എല്ലായ്‌പോഴും അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. നമ്മുടെ കളിയും അധികം ആവേശം ഉണർത്താനായില്ല. കളിക്കാർ ക്ഷീണിതരായി കാണപ്പെട്ടു. അപൂർവ്വം ചിലരിലാണ് ഒരു ഉണർവ്വ് പ്രകടമായത്. ഇനിയേസ്റ്റ, ആൽബ, കൊട്ടീഞ്ഞോ , സ്റ്റീഗൻ, ബുസി എന്നിവർ എല്ലാം മികച്ചു നിന്നപ്പോൾ, മെസ്സിയും പീക്കയും, ഉംറ്റിറ്റിയും മറ്റും ശരാശരി പ്രകടനമാണ് കാഴ്ച വെച്ചത്. പരിക്കിൽ നിന്നും പതിയെ മോചിതനായി വരുന്ന ബുസി താളം വീണ്ടെടുത്ത് തുടങ്ങിയിട്ടുണ്ട്.
ഒരു പക്ഷെ കൂടുതൽ ഡിഫൻസിവ് ആകുന്ന രീതി തന്നെ മാറിയാൽ ടീം കൂടുതൽ മെച്ചപ്പെടും എന്ന് തോന്നുന്നു. നമ്മുടെ സ്വാഭാവിക കളി പുറത്തെടുക്കുന്നതിനോടാണ് ഒട്ടുമിക്കവർക്കും താൽപര്യം മുൻകാലങ്ങളിൽ ആക്രമണത്തിൽ നിപുണത നേടിയ കളിക്കാരുടെ കുറവ് നമ്മൾ അഭിമുഖീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ പക്ഷെ അത്തരം പ്രശ്നം ഇല്ല. അപ്പോൾ അവരെ കൂടി മത്സരത്തിൽ ഉൾപ്പെടുത്തി സ്വാഭാവിക കളി കാഴ്ചവെക്കുന്നതാണ് അഭികാമ്യം എന്ന് തോന്നുന്നു. ഇക്കാര്യത്തിൽ ടീം മികച്ച തീരുമാനം എടുക്കുമെന്ന് വിശ്വസിക്കുന്നു.
#RETARD
