◀മാച്ച് റിവ്യൂ▶ എഫ് സി ബാഴ്സലോണ 6-1 സെവിയ്യ
കോപ്പ ഡെൽ റെയ് ക്വാർട്ടർ : രണ്ടാം പാദം
എഴുപതുകൾക്കു മുമ്പുള്ള ബാഴ്സയുടെ ഫുട്ബോൾ അതിജീവനത്തിന്റേതായിരുന്നു. ജനറൽ ഫ്രാങ്കോയുടെ കാറ്റലോണിയയോടുള്ള കിരാത നടപടികൾക്കെതിരെ ഉള്ള എതിർപ്പിന്റെ സ്വരം ആയിരുന്നു അവർക്കു എഫ്‌സി ബാഴ്സലോണ എന്ന ക്ലബ്. അവരുടെ ഓരോ ജയങ്ങളും അധികാരികൾക്കെതിരെ ഉള്ള വിമോചന ശബ്ദം ആയി അവർ കൊണ്ടാടി. ഹെററായും കുബാലയും ഒക്കെ അതിന്റെ പ്രതീകങ്ങളായിരുന്നു. എഴുപതുകൾക്കു ശേഷമാണു അയാക്സ് ആംസ്റ്റർഡാമിന്റെ ടോട്ടൽ ഫുട്ബോളെന്ന മനോഹര ശൈലിയുമായി വിമോചന പ്രവാചകൻ
ക്രൈഫ് ബാഴ്സയിലെത്തുന്നത്. പിൽക്കാലത്തു ബാഴ്സയ്ക്കുണ്ടായ എല്ലാ ആധിപത്യത്തിന്റെയും വിത്തുകൾ നട്ടത് അദ്ദേഹമായിരുന്നു, കൂടെ ആ സുന്ദര ഫുട്ബോൾ കൂടിയായതോടെ ആധുനിക ഫുട്ബോളിന്റെ പതാക വാഹകരായി മാറി ബാഴ്സ. എന്നാൽ അക്രമത്തിന്റെയും ചൂഷണത്തിന്റെയും ആ കാലഘട്ടവും അന്നത്തെ ഫുട്ബോളും ബാഴ്സയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്നിരുന്നു. അത് കൊണ്ട് തന്നെയാവും മടക്ക യാത്രയുടെ മുനമ്പിൽ നിന്നും തിരിച്ചു വരവ് നടത്തിയ എക്കാലത്തെയും ഇതിഹാസ പോരാട്ടങ്ങളിൽ ബാഴ്സയുടെ പേര് ഏറ്റവും കൂടുതൽ ഫുട്ബോൾ ലോകം ഉച്ചരിക്കുന്നത്.
മിലാനിൽ തങ്ങളെ തകർത്ത ആത്മ വിശ്വാസത്തോടെ വന്ന ഏ സീ മിലൻറെ സന്തോഷത്തിനു വെറും പന്ത്രണ്ടു നിമിഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ക്യാമ്പ് നൗ കണ്ട ആ അനുഗ്രഹീതമായ രാവിൽ ജോർഡി ആൽബ തൊണ്ണൂറാം മിനിറ്റിൽ മിലൻറെ ശവപ്പെട്ടിയുടെ മേൽ അവസാന ആണി അടിക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിലെ രണ്ടു ഗോൾ വിത്യാസം മടക്കി അടുത്ത റൗണ്ടിലേക്ക് പോവുന്ന ആദ്യ ടീം എന്ന ഐതിഹാസിക ചരിത്രം അവിടെ കുറിക്കുകയായിരുന്നു. ആ ചരിത്രം തിരുത്തി കുറിച്ചത് വീണ്ടും ബാഴ്സ തന്നെയായിരുന്നു. നാലു ഗോൾ ലീഡിന്റെ അഹങ്കാരാവുമായി വന്ന പാരീസ് സെന്റ് ജര്മന്റെ ഹുങ്കിന് മേൽ താണ്ഡവമാടിയ മെസ്സിയും കൂട്ടരും അവസാന നിമിഷത്തിൽ ബാര്സയുടെ മിസ്റ്റർ റിമോന്റട സെർജി റോബർട്ടോ അന്ത്യ കർമം നിർവഹിച്ചപ്പോൾ വീണ്ടും ബാഴ്സ ചരിത്രമെഴുതി. തിരിച്ചു വരവിന്റെ പരമോന്നത കാവ്യങ്ങളെടുത്തു നോക്കിയാൽ ബാഴ്സയുടെ പേര് ചരിത്ര താളുകളിൽ ഇനിയും കാണും. ആ ചരിത്ര നിമിഷങ്ങളിലേക്കു എഴുതാനുള്ള ഒരു സുവർണ എട് കൂടി കായിക ലോകത്തിനു സമ്മാനിച്ചായിരുന്നു ഇന്നലത്തെ മത്സരം അവസാനിച്ചത്.
ഈ രാത്രി ബാഴ്സ ആരാധകർ എങ്ങനെ മറക്കും. റെമൊണ്ടാടേയും ല മാനിതായും ഒന്നിച്ചനുഗ്രഹിച്ച അസുലഭരാവ്. വളരെ കുറച്ചു മാത്രം കളിക്കളത്തിൽ കാണുന്ന സില്ലിസോണിൽ പോലും “ബാർസലോനിസമോ” എത്രത്തോളം ആവാഹിച്ചിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ പെനാൽറ്റി സേവിനു ശേഷമുള്ള ആക്രോശത്തിലുണ്ടായിരുന്നു. ബാഴ്‌സയെ കളിയിലേക്ക് തിരിച്ചു കൊണ്ട് വന്ന അദ്ദേഹമായിരുന്നു ഇന്നലത്തെ ഹീറോ. എന്നാൽ നാടകീയതകളേറെ കണ്ട മത്സരത്തിൽ തന്റെ മിസ് പാസ് മൂലം സെവിയ്യക്ക് തിരിച്ചു വരാനുള്ള സാഹചര്യമൊരുക്കിയപ്പോൾ ആ ശ്രമങ്ങളെ തച്ചുടച്ചു കൊണ്ട് ബാഴ്സയുടെ മുന്നേറ്റ നിരക്കാർ അദ്ദേഹത്തിന്റെ അവിസ്മരണീയമായ രാവിനെ അതെ പടി നില നിർത്തി. ടോട്ടൽ ഫുട്ബോളിന്റെ സർവ്വ സൗന്ദര്യവും ആവാഹിച്ച മത്സരത്തിൽ പ്രതിരോധവും മധ്യനിരയും മുന്നേറ്റവും സഹകരണത്തിന്റെ വെള്ളി വെളിച്ചമുള്ള പാത വെട്ടിതെളിയിച്ചപ്പോൾ കോപ്പ ഡെൽ റെയിൽ ഇത് വരെ ആരും രണ്ടു ഗോൾ പിറകിൽ നിന്നും വന്നു മുന്നേറിയിട്ടില്ല എന്ന ചരിത്രവും ബാഴ്സ തിരുത്തികുറിക്കുകയായിരുന്നു.
ടീമാണ് ഏറ്റവും വലുത് എന്നതിന്റെ സാക്ഷ്യ പത്രമായിരുന്നു തനിക്കു ലഭിച്ച പെനാൽറ്റി കുട്ടീഞ്ഞോക്ക് നൽകിയ മെസ്സി. ഫോമിലില്ലാത്ത കുട്ടീഞ്ഞോ അത് മനോഹരമായി വലയിലാക്കി ക്യാപ്റ്റന്റെ വിശ്വാസത്തോടെ നീതി പുലർത്തി. ഗോളുകൾ സ്കോറെർമാർക്ക് നൃത്ത ചുവടുകൾ ചെയ്യാനുള്ളത് മാത്രമല്ലായിരുന്നു. ഓരോ ഗോളും അത് നേടിയവരും കൂടെയുള്ളവരും ഒരേ പോലെ ആഘോഷിച്ചു.റോബർട്ടോ ടീമിന്റെ നാലാം ഗോൾ നേടിയപ്പോൾ ഇഞ്ചുറി കാരണം ഗാലറിയിൽ ഇരുന്നു കളി കണ്ട സാംപറിന്‍റെയും ടെമ്പേലെയും ഉംറ്റിറ്റിയുടെയും ആഹ്ളാദ പ്രകടനം, ബാഴ്‌സയെ എന്ത് കൊണ്ടാണ് ഇത്രയും സവിശേഷമായ ക്ലബ്ബായി കണക്കാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു. കളി കാണാൻ ഗാലറിയിൽ ഉണ്ടായിരുന്നു പഴയ കോച്ച് ലുക്കോയുടെ നാമം സ്കോർ നില 6 – 1 ആയി ഗാലറി ഒരേ സ്വരത്തിൽ ഉച്ചരിച്ചതു അദ്ദേഹത്തിന് നാം നൽകിയ ഏറ്റവും വലിയ സമർപ്പണം ആയിരുന്നു. ഇത്തരമൊരു ക്ലബ്ബിനെ പരിശീലിപ്പിച്ചതിൽ അദ്ദേഹത്തിനുണ്ടാകുന്ന അഭിമാനം വാക്കുകൾക്കപ്പുറത്തായിരിക്കും.
തന്റെ സ്ട്രോങ്ങ് ഇലവനെ തന്നെയായിരുന്നു നിർണായക പോരാട്ടത്തിൽ വാൽവേർഡ് അണിനിരത്തിയത്. കിക്കോഫ് വിസിൽ മുഴങ്ങിയത് മുതൽ ബാഴ്സ തേനീച്ചകളെപ്പോലെ കൂട്ടം കൂട്ടമായി സെവിയ്യയെ കടന്നാക്രമിക്കുകയായിരുന്നു. തങ്ങളുടെ അതി സമ്മർദത്തിന് പന്ത്രണ്ടാം മിനുറ്റിൽ തന്നെ ഫലം കണ്ടു. മെസ്സിയെ ബോക്സിൽ വെച്ച് പ്രൊമീസ് ഫൗൾ ചെയ്തപ്പോൾ കിട്ടിയ പെനാൽറ്റി കുട്ടീഞ്ഞോ വളരെ ശാന്തമായി വലയിലാക്കി. ഫോമിലില്ലായ്മയുടെ നടുക്കടലിൽ വിരാചിച്ച അദ്ദേഹത്തിന് ലഭിച്ച കുഞ്ഞു തോണി ആയിരുന്നു മെസ്സി നൽകിയ സമ്മാനം. ആദ്യ ഗോളിന് ശേഷവും ബാഴ്സ തുടരാക്രമണങ്ങൾ നടത്തി കൊണ്ടേയിരുന്നെങ്കിലും സുവരസിന്റെയും മെസ്സിയുടെയും ഷോട്ടുകൾ തട്ടിയകറ്റുകയിരുന്നു. അതിനിടെ സെവിയ്യയുടെ ഒരാക്രമണം ബാഴ്സയുടെ വലയിലേക്ക് നീങ്ങിയെങ്കിലും സില്ലിസോന്റെ ഒരു മാസ്മരിക സേവ് ബാഴ്‌സയെ രക്ഷിച്ചു. എന്നാൽ ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ട് സെവിയ്യക്ക് പെനാൽറ്റി ലഭിച്ചു. മീസയെ പിക്കെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഇത് വരെ സെവിയ്യക്ക് വേണ്ടി എടുത്ത എല്ലാ പെനാല്ടികളും ഗോൾ ആക്കി മാറ്റിയ ബനേഗാ എടുത്തെങ്കിലും പന്തിന്റെ ഗതി ക്രത്യമായി മനസ്സിലാക്കിയ സില്ലിസോൺ അത് ഡൈവ് ചെയ്തു തട്ടിയകറ്റി.
അതിനു ശേഷം കളിയുടെ ഗതി പൂർണമായും വരുതിയിലാക്കിയ ബാഴ്സയുടെ ആക്രമണങ്ങളിൽ സെവിയ്യ ഏതു നിമിഷവും ഗോൾ വഴങ്ങുമെന്ന് പ്രതീതിയായിരുന്നു. ഏറെ താമസിയാതെ ബാഴ്സ രണ്ടാം ഗോൾ അടിച്ചു. ഈയടുത്തു കാലത്തായി അനാവശ്യ വിമർശനങ്ങൾ നേരിട്ട ആർതർ തള്ളി നൽകിയ ലോകോത്തര ത്രൂ ബോൾ റാകിറ്റിച്ചു സുന്ദരമായി വലയിലേക്ക് തള്ളിയിട്ടപ്പോൾ അതൊരു മനോഹര മുഹൂർത്തമായി. നാല്പത്തി ഒന്നാം മിനുറ്റിൽ ബാഴ്സക്ക് ലീഡുയർത്താനുള്ള അവസരം നഷ്ടമായി. കുട്ടീഞ്ഞോയുടെ കോർണറിൽ തല വെച്ച പിക്കെയുടെ ഹെഡർ തലനാരിഴക്കാണ് പോസ്റ്റിനു പുറത്തേക്കു പോയത്.
ആദ്യ പകുതി നിർത്തിയേടത്തു വെച്ച് തന്നെയായിരുന്നു ബാഴ്സ രണ്ടാം പകുതിയും തുടങ്ങിയത്. കുറിയ പാസ്സുകളാൽ കോർത്തിണക്കിയ വേഗത്തിലുള്ള നീക്കങ്ങളാൽ മുന്നേറിയ അവർ പോസ്സെഷൻ ഫുട്ബോളിന്റെ സകല സൗന്ദര്യവും ആവാഹിച്ചു മുന്നേറിയപ്പോൾ സെവിയ്യക്ക് പലപ്പോഴും ഉത്തരമില്ലായിരുന്നു. അതിന്റെ കൂടെ സില്ലിസോന്റെ പെട്ടെന്നുള്ള നീക്കങ്ങളാൽ കൌണ്ടർ അറ്റാക്കിങ്ങിന്റെ സാധുതകൾ ബാഴ്സ തേടിക്കൊണ്ടേയിരുന്നു. റാക്കിറ്റിച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഗോൾ കീപ്പർ ശ്രമകരമായ തട്ടിയകറ്റിയ അടുത്ത നിമിഷങ്ങളിൽ ബാഴ്സ ലീഡ് നേടി. ഡിഫെൻഡേഴ്സിനെ ഡ്രാഗ് ചെയ്തു വലതു വിങ്ങിൽ നിന്നും നിന്നും സുവാരസ് നൽകിയ ക്രോസിൽ ഓടി വന്നു തല വെച്ച കുട്ടീഞ്ഞോക്ക് പിഴച്ചില്ല. ബാഴ്സ ജേഴ്സിയിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിന് മാറ്റു കൂട്ടിയ ഗോൾ. അടുത്ത മിനുറ്റിൽ തന്നെ ബാഴ്സ നാലാം ഗോളും നേടി. റെമോന്റാടയുടെ ഓർമ്മത്താളുകളിൽ എന്നും കായിക പ്രേമികൾ അനുസ്മരിക്കാൻ പോന്ന റോബർട്ടോ മെസ്സി മൂന്ന് ഡിഫെൻഡേഴ്സിന് ഇടയിലൂടെ നൽകിയ മനോഹരമായ പാസ് ഫസ്റ്റ് ടൈം ഷോട്ടോടു കൂടി വലയിലേക്ക് പായിച്ചപ്പോൾ ക്യാമ്പ് നൗ ആഹ്ലാദാരവങ്ങളാൽ കുലുങ്ങി.
നാലു ഗോൾ ലീഡ് നേടിയതോടു കൂടി ബാഴ്സ കുറച്ചു ആലസ്യത്തിലായതിന്റെ ഫലമായിരുന്നു സെവിയ്യയുടെ ഗോൾ. കുട്ടീഞ്ഞോയിൽ നിന്നും നഷ്ടപെട്ട പന്ത് ആൽബ ക്ലിയർ ചെയ്തു സില്ലിസോണ് കൈമാറിയെങ്കിലും അദ്ദേഹത്തിന്റെ അലക്ഷ്യമായ പാസ് പിടിച്ചെടുത്തു പ്രൊമീസ് കൊടുത്ത പാസ് ഇടതു വിങ്ങിൽ നിന്നും കുതിച്ചു വന്ന ഗില്ലർമോ ഒരുഗ്രൻ ഷോട്ടിലൂടെ വലയിലാക്കിയപ്പോൾ ക്യാമ്പ് നൗ നിശബ്ദമായി. ഇതിനിടയിൽ ക്ഷീണിതനായി കാണപ്പെട്ട റാക്കിറ്റിച്ചിന് പകരം വിദാൽ ഇറങ്ങിയതോടെ മിഡ്‌ഫീൽഡ് ഒന്ന് കൂടെ ഊർജ്ജസ്വലമായി. എഴുപത്തിനാലാം മിനുറ്റിൽ മെസ്സിക്ക് അഞ്ചാം ഗോളിനുള്ള സുവർണാവസരം ലഭിച്ചു. ബുസ്കെറ്സ് നൽകിയ കണ്ണഞ്ചിപ്പിക്കുന്ന ഫസ്റ്റ് ടൈം ലോബ് സുവാരസ് ഗോളി മാത്രം മുന്നിൽ നിൽക്കെ മെസ്സിക്ക് മറിച്ചു നൽകിയപ്പോൾ അത് തട്ടിയിടേണ്ട പണിയെ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. എന്നാൽ ഒന്ന് രണ്ടു ടച്ചിന് ശേഷം അദ്ദേഹം തൊടുത്ത ഷോട്ട് ഗോൾ കീപ്പർ തടഞ്ഞിട്ടപ്പോൾ അവിശ്വസിനീയമെന്നോണമാണ് കളിക്കാരും ആരാധകരും അത് കണ്ടത്. അടുത്ത നിമിഷങ്ങളിൽ കുട്ടീഞ്ഞോയെ പിൻവലിച്ചു വാൽവർടെ സെമെഡോയെ ഇറക്കി റോബെർട്ടോയെ ഇടതു വിങ്ങിൽ പൊസിഷൻ ചെയ്യിപ്പിച്ചു. പ്രോമിസിന്റെ വേഗതയിൽ വലഞ്ഞു പോയ ജോർഡി ആൽബെക് അതൊരു വലിയ സഹായകരമാവുകയായിരുന്നു. മെസ്സിയുടെ പാസിൽ നിന്നും റോബർട്ടോ തന്റെ രണ്ടാം ഗോളിന് ചിപ്പ് ചെയ്‌തെങ്കിലും ഗോൾ വിലക്കു തലനാരിഴക്ക് അത് പുറത്തേക്കു പോയി. എന്നാൽ ഏറെ താമസിയാതെ ബാഴ്സ തങ്ങളുടെ അഞ്ചാം ഗോളും മത്സരവും സ്വന്തമാക്കി. സെവിയ്യയുടെ കോർണറിൽ നിന്നും ലഭിച്ച പന്ത് മെസ്സിക്ക് കൈമാറിയപ്പോൾ അദ്ദേഹം അത് വിദാലിനു നൽകി, ബോക്സിലേക്ക് ഓടി വന്ന ആൽബ ആ പന്ത് സ്വീകരിച്ചു പിൻ പോയിന്റ് കൃത്യതയോടെ നൽകിയ ക്രോസിൽ കാല് വെക്കേണ്ട പണിയേ സുവരെസിനുണ്ടായിരുന്നുള്ളൂ. എന്നാൽ കളിയിലെ ഏറ്റവും സുന്ദരമായ നിമിഷം പിറക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
സെവിയ്യയുടെ ഗോൾ ശ്രമങ്ങളിൽ നിന്നും ബാഴ്സയുടെ മറ്റൊരു കൌണ്ടർ അറ്റാക്ക്. മെസ്സി കൈമാറിയ പാസ് സുവാരസ് ബോക്സിലുള്ള പിക്കേക്കു നൽകി, പിക്കെ അതി മനോഹരമായ ബാക് പാസ്സിലൂ സുവാരസ് , അദ്ദേഹം ഷൂട്ട് ചെയ്യാതെ ആൽബക്ക് കൈമാറി, തലയുടെ പിറകിൽ കണ്ണുള്ളതു പോലെ അൽബ പിന്നിൽ നിന്നും ഓടി വരുന്ന മെസ്സിക്ക് ബാക് ഹീൽ പാസ് നൽകിയത് മെസ്സി ഗോളാക്കി മാറ്റി, പെപ്പിന്റെ ബാഴ്സയുടെ പ്രതാപ കാലത്തേ അനുസ്മരിപ്പിക്കുന്ന ഒരു ത്രില്ലിംഗ് ഗോൾ. കളിക്കാരുടെ ആഹ്ലാദത്തിനോടൊപ്പം ചുവടു വെച്ച ബാഴ്സ ആരാധകർ ഗാലറിയിലുണ്ടായ ലുക്കോയെ സാക്ഷി നിർത്തി അദ്ദേഹത്തിന്റെ നാമം മുഴക്കിയതിയോടൊപ്പം റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങി.
അസാമാന്യ പ്രകടനം ആയിരുന്നു എല്ലാവരും കാഴ്ച വെച്ചത്.സില്ലിസോൺ മുതൽ സുവാരസ് വരെ ഒരു മെയ്യായി കൈമെയ് മറന്നു കളിച്ചു. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് പിക്കെയേ ആണ്. അനാവശ്യ പിഴവുകൾ മൂലം പലപ്പോഴും പഴി കേൾക്കേണ്ടി വരുന്ന അദ്ദേഹം ഒരു മഹാമേരുവിനെ പോലെ സെവിയ്യ ആക്രമണങ്ങൾ ചെറുത്തു. അപാരമായ ആന്റീസിപേഷനോടെ ബോളുകൾ കവർ ചെയ്ത അദ്ദേഹം സെവിയ്യയുടെ ഹൈ ബാളുകളെ സധൈര്യം നേരിട്ടു. റാക്കിറ്റിച്ചും ബുസ്കെട്സ്്സും മിഡ്‌ഫീൽഡിൽ തകർത്താടുകയായിരുന്നു. എന്നാൽ തന്റെ രണ്ടു പരിചയ സമ്പന്നരായ ലോകോത്തര മിഡ്‌ഫീൽഡേഴ്സിനെ അതിശയിപ്പിച്ച പ്രകടനമാണ് ആർത്തുർ എന്ന പുതുമുഖക്കാരനിൽ നിന്നും ഉണ്ടായതു. അപാരമായ പ്രസ് റെസിസ്റ്റൻസ് ഉള്ള അദ്ദേഹം ഇപ്പോൾ നന്നായി ഫോർവേഡ് പാസ്സുകളും നൽകുന്നു. ഇന്ന് അദ്ദേഹം നൽകിയ രണ്ടു മനോഹര ത്രൂപാസ്സുകളും ഗോളായിരുന്നു,ഒന്ന് ഓഫ്‌സൈഡ് വിളിച്ചെങ്കിലും. ബാഴ്സക്ക് ഏറെ പ്രതീക്ഷിക്കാം ഇദ്ദേഹത്തിൽ നിന്നും. മെസ്സിയായിരുന്നു ഈ തിരിച്ചുവരവിന്റെ ചാലക ശക്തിയെങ്കിലും ഗോൾ ബോക്സിൽ അദ്ദേഹത്തിന് മികച്ച ഒരു ദിനമായിരുന്നില്ല.എങ്കിലും അവസാന നിമിഷം ഗോളടിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമത്തിന്റെ ഫലമായിരുന്നു.
*************************
അതിജീവനത്തിന്റെ കഥയാണ് എന്നും ബാഴ്‌സലോണ നഗരത്തിനും ബാഴ്‌സലോണ ക്ലബ്ബിനും പറയാനുള്ളത്. നീണ്ട നൂറ് വർഷത്തെ പാരമ്പര്യം പേറുന്ന ബാഴ്‌സ, ഇക്കാലമത്രയും മുന്നോട്ട് കുതിച്ചത് തിരിച്ചടികളെ തിരിച്ചടിച്ചു കൊണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ബാഴ്‌സയുടെ ചരിത്രത്താളുകളിൽ അഗ്നി ജ്വലിക്കുന്ന ചില അദ്ധ്യായങ്ങൾ നമുക്ക് കാണാനാകുന്നത്. ഓരോ തോൽവിയിലും പരിഹാസശരങ്ങളുമായി ചുറ്റും നിൽക്കുന്ന, വീഴ്ചയിലെ ആഘാതത്തിൽ വീണ് കിടക്കുന്ന ബാഴ്‌സയുടെ മാംസം കഴിക്കാനെത്തുന്ന കഴുകന്മാരെ തുരത്തിക്കൊണ്ടാണ് ഓരോ തവണയും ബാഴ്‌സ ചരിത്രം രചിക്കുന്നത്. ഇന്നലെ അതിന്റെ മറ്റൊരു അധ്യായം. കാലചക്രം ഇനിയും കറങ്ങും. ചരിത്രം ഇനിയും എഴുതപ്പെടും. വാർദ്ധക്യത്തിന്റെ അവശതയിൽ നമ്മൾ കിതക്കും. എങ്കിലും ഒരു പക്ഷെ ഒരു കൊച്ചു കുട്ടിയുടെ ചോദ്യങ്ങൾ നമ്മളെ ഇന്നലെകളിലെ ഈ അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ, തിരിച്ചുവരവിന്റെ കഥകൾ നമ്മുടെ മനസ്സിലേക്ക് തിരികെയെത്തിക്കും. അവശതകൾ മറന്ന് നമ്മൾ അവരോട് കുറച്ച് കഥകൾ പറയും. അഗ്നിയുടെ ജ്വാലയുള്ള, തീക്ഷ്ണതയുള്ള, ചൂടുള്ള കഥകൾ. ആ കഥകൾക്ക് മരണമില്ല.
#AEGON
www.culesofkerala.com