◀മാച്ച് റിവ്യൂ▶ ബാഴ്‌സലോണ 1 – 1 റയൽ മാഡ്രിഡ്
കോപ്പ ഡെൽ റെയ് സെമി: ആദ്യ പാദം
ഒരു ടീം മത്സരത്തിലുടനീളം പൂർണ്ണമായ ആധിപത്യം സ്ഥാപിക്കുന്ന സമീപകാല എൽ ക്‌ളാസികോകൾക്ക് ഒടുവിൽ ഇരു ടീമുകൾക്കും മത്സരത്തിൽ തുല്യമായ സാധ്യതകൾ നൽകിയ ഒരു ക്‌ളാസികോ ആണ് ഇന്നലെ നമ്മൾ ദർശിച്ചത്. വർഷങ്ങൾക്ക് ശേഷം കോപ ഡെൽ റേയിൽ ബദ്ധവൈരികളായ ബാഴ്‌സയും റയലും ഏറ്റുമുട്ടിയപ്പോൾ ആദ്യ അങ്കം സമനിലയിൽ പിരിഞ്ഞിരിക്കുന്നു. കാറ്റാലൻ മണ്ണിൽ വിരുന്നെത്തിയ റയൽ പോരാളികൾ, ആദ്യ സമയങ്ങളിൽ ആതിഥേയരെ വിറപ്പിച്ചപ്പോൾ, ആദ്യത്തെ സങ്കോചത്തിന് ശേഷം അതേ നാണയത്തിൽ മറുപടി നൽകിയ ബ്ലോഗ്രാനാ നിറക്കാർ അർഹിച്ച സമനിലയും കൈക്കലാക്കിയാണ് അതിഥികളെ മടക്കിയത്. ആദ്യ നിമിഷങ്ങളിൽ വഴങ്ങിയ ഗോളിൽ അൽപ്പമെങ്കിലും പതറിയ ബാഴ്‌സ, മനസ്സാന്നിധ്യം കൈവിടാതെ കളിച്ചു, അപൂർവ്വമായി വന്നെത്തിയ അവസരം ഉപയോഗപ്പെടുത്തിയ മാൽക്കോമിന്റെ ഗോളിൽ തിരിച്ചടിച്ചപ്പോൾ സമീപകാലത്തെ ബാലൻസ്‌ഡ് ആയ ഒരു ക്‌ളാസിക്കോക്ക് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചു. ഇരു ടീമുകളും ഓരോ ഗോളിൽ പിരിഞ്ഞപ്പോൾ നിലവിൽ എവേ ഗോളിന്റെ കരുത്തിൽ റയലിന് മുൻതൂക്കം. പക്ഷെ ഈ മാസാവസാനം മാഡ്രിഡിന്റെ മണ്ണിൽ വിരുന്നെത്തുന്ന രണ്ടാം പാദ മത്സരത്തിൽ എന്തും സംഭവിക്കാം.
പ്രതീക്ഷിച്ചത് പോലെ മെസ്സിയെ ബെഞ്ചിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലൈൻ അപ് ആണ് ഇന്നലെ ബാഴ്‌സ പരീക്ഷിച്ചത്. നമ്മളെ ഞെട്ടിച്ച ഒരു മാറ്റവുമായിട്ടായിരുന്നു ഇന്നലെ ടീം ഇറങ്ങിയത്. ക്‌ളാസികോ സ്‌പെഷലിസ്റ്റ് എന്ന വിശേഷണമുള്ള സെർജി റോബർട്ടോയെ നമ്മൾ ടീമിൽ പ്രതീക്ഷിച്ചപ്പോൾ നമ്മളെ ഏവരെയും സ്തബ്ധരാക്കി മാൽക്കോം ടീമിൽ ഇടം നേടി. മാൽക്കോം, സുവാരസ്, കൊട്ടീഞോ എന്നിവർ ചേർന്ന മുന്നേറ്റനിരയും ആർതുർ, ബുസ്കെറ്റ്സ്, റാക്കിറ്റിച് ത്രയം അണിനിരന്ന മധ്യനിരയും ആൽബ, ലെങ്ലെ, പീക്കെ , സെമെഡോ എന്നിവരുടെ പ്രതിരോധവും സില്ലിസൺ പരിക്കിലായതിനാൽ സ്റ്റീഗനും ചേർന്ന സന്തുലിതമായ ടീമിനെയാണ് ഇന്നലെ ബാഴ്‌സ കളത്തിലിറക്കിയത്. മെസ്സിയുടെയും ടെമ്പേലെയുടെയും അഭാവത്തിൽ മാൽക്കോമിനെ ഇറക്കിയത് നന്നായെന്ന് പറയാം. പക്ഷെ അധികം മത്സരങ്ങളിൽ സ്റ്റാർട്ടിങ് ലൈൻ അപ്പിൽ ഉൾപ്പെടാത്ത മാൽക്കോമിനെ ക്‌ളാസിക്കോ പോലെയുള്ള അതിപ്രധാനമത്സരത്തിന്റെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയത് ചെറിയ ഒരു ചൂതാട്ടമല്ലേ എന്ന് ശങ്കിച്ചവരും കുറവല്ല. എങ്കിലും ശുഭപ്രതീക്ഷകളോടെ നമ്മൾ മത്സരത്തിലേക്ക് കടന്നു.
റയലിന്റെ ടച്ചോടെ തുടങ്ങിയ മത്സരം ആദ്യ നിമിഷങ്ങളിൽ അധികം ആക്രമണോല്സുകത കാണിച്ചില്ല. ബാഴ്‌സയുടെ ആദ്യ നീക്കം കൊട്ടീഞ്ഞോയുടെ ഓഫ്‌സൈഡിൽ ആണ് കലാശിച്ചത്. പക്ഷെ മത്സരം അധികം മുന്നേറുന്നതിനു മുൻപേ ആർത്തലച്ചിരുന്ന കാമ്പ് നൗ സ്റ്റേഡിയത്തെ നിശബ്ദമാക്കിക്കൊണ്ട് റയൽ മാഡ്രിഡ് ഗോൾ നേടി. ഇടതു വിങ്ങിൽ വിനീഷ്യസ് ജൂനിയർ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ആൽബക്ക് പിഴച്ചപ്പോൾ പന്ത് ബെൻസീമക്ക് ലഭിച്ചു. ബോക്സിലേക്ക് ഒരു കട്ട് ഇൻ പാസ് നൽകിയ ബെൻസിമയുടെ നീക്കം മുൻകൂട്ടി കണ്ട വാസ്‌ക്കസ് കൃത്യമായി മുന്നോട്ട് കയറി തനിക്ക് നേരെ വരുന്ന പന്തിനെ ചെറുതായി ഒന്ന് തഴുകേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റീഗനെയും കീഴടക്കി പന്ത് ബാഴ്‌സയുടെ വലയിലേക്ക് ഉരുണ്ടു കയറി.ഒരു പക്ഷെ ഇന്നലെ മത്സര ആരംഭം മുതൽ വലിയ ആത്മവിശ്വാസം കാണിക്കാതിരുന്ന ബാഴ്‌സയ്ക്ക് ലഭിച്ച ഒരു പ്രഹരമായിരുന്നു ആ ഗോൾ. ഏകാഗ്രത നഷ്‌ടമായ ബാഴ്‌സ കളിക്കാർ തുടർച്ചയായി പിഴവുകൾ വരുത്താൻ തുടങ്ങിയതോടെ മാഡ്രിഡ് പലതവണ രണ്ടാം ഗോളിനടുത്തെത്തി. ഒരിക്കൽ റാക്കിറ്റിച്ചിൽ നിന്നും ഡിസ്പോസ്സ്ഡ് ആയ പന്ത് കൈക്കലാക്കി മാഡ്രിഡ് നടത്തിയ നീക്കം പീക്കെയുടെ അത്യുജ്വലമായ ബ്ലോക്കിനാൽ മാത്രമാണ് ഗോളാകാതെ പോയത്. തൊട്ടുടനെ മാൽക്കോമിന് ലഭിച്ച സുവർണ്ണാവസരം ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ നഷ്ടപ്പെടുത്തിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് അതിനോടകം ഉയര്ന്നിരുന്നു. ഈ നീക്കം ഒഴികെ മറ്റൊരു നല്ല നീക്കങ്ങളും ബാഴ്‌സയുടെ ഭാഗത്തു നിന്നും ആദ്യ നിമിഷങ്ങളിൽ കണ്ടിരുന്നില്ല. കളിയുടെ ആദ്യത്തെ മുപ്പത് നിമിഷം വരെ കളി പൂർണ്ണമായും മാഡ്രിഡിന്റെ വരുതിയിലായിരുന്നു എന്ന് പറയാം. പക്ഷെ മുപ്പതാം മിനിട്ടിന് ശേഷം ബാഴ്‌സ പതിയ മത്സരത്തിലേക്ക് തിരികെ വന്നു തുടങ്ങി. വലത് വിങ്ങിൽ ആത്മവിശ്വാസത്തോടെ കളിച്ച സെമെഡോയും മാൽക്കോമും ചേർന്ന് തുടർച്ചയായി മാഡ്രിഡ് ബോക്സ് റെയ്‌ഡ് ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വാഭാവികമായും മാഡ്രിഡിന്റെ മുന്നേറ്റത്തിന്റെ മൂർച്ച കുറയുകയും ചെയ്തു, ഒപ്പം പതിയ ആത്മവിശ്വാസം വീണ്ടെടുത്ത ബാഴ്‌സ മധ്യനിര കളം കൈയടക്കാൻ തുടങ്ങി. ബോക്സിലേക്ക് മികച്ച മുന്നേറ്റങ്ങൾ നടത്തിയ മാൽക്കോമിനെ തടയാൻ
മാഡ്രിഡിന് തുടർച്ചയായി ഫൗളുകൾ വഴങ്ങേണ്ടി വന്നു. മാൽക്കോം തന്നെ എടുത്ത ഫ്രീകിക്കുകൾ മാഡ്രിഡ് ബോക്സിൽ അപകടങ്ങൾ വിതച്ചുകൊണ്ടാണ് കടന്നു പോയത്. ഒരു ഫ്രീകിക്കിൽ ഇന്നും റാക്കിറ്റിച് ഉതിർത്ത ഹെഡ്ഡർ ക്രോസ് ബാറിൽ ചുംബിച്ചാണ് മടങ്ങിയത്. അവസാന നിമിഷങ്ങളിൽ മികവോടെ കളിച്ചിട്ടും സമനില ഗോൾ കണ്ടെത്താൻ കഴിയാതെയാണ് ബാഴ്‌സ ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ മെസ്സിയുടെ ആഗമനത്തിനായി ആരാധകർ മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു. എങ്കിലും ആദ്യ പകുതിയുടെ അവസാനനിമിഷങ്ങളിൽ ടീം കാഴ്ചവെച്ച ഒത്തിണക്കം രണ്ടാം പകുതിയിലും ബാഴ്‌സ കാഴ്ചവെച്ചപ്പോൾ മെസ്സിയുടെ സാന്നിധ്യമില്ലെങ്കിലും സമനില ഗോൾ നമുക്ക് നേടാനാകും എന്ന് തോന്നിച്ചു. ഊഹങ്ങൾ തെറ്റിയില്ല. അൻപത്തിയേഴാം മിനിറ്റിൽ ലോകമെമ്പാടുമുള്ള ബാഴ്‌സ ആരാധകരെ പുളകം കൊള്ളിച്ചുകൊണ്ട് ബാഴ്‌സ സമനില നേടി. പീക്കെയേ ബാഴ്‌സ ബോക്സിനു സമീപം മാഴ്സെലോ ഫൗൾ ചെയ്തതിൽ നിന്നും ലഭിച്ച പന്തുമായി തുടങ്ങിയ നീക്കം. പിൻനിരയിൽ പന്തുമായി സാധ്യതകൾക്കായി പരതിയ ആർതർ മറ്റ് വഴികളില്ലാതെ ലെങ്ലേക്ക് നൽകി. ബാഴ്‌സയിൽ നിന്നും ഒരു സ്ലോ ബിൽഡപ്പ് പ്രതീക്ഷിച്ചു നിൽക്കുന്ന മാഡ്രിഡ്.. പൊടുന്നനെ ലെങ്ലെ പന്ത് ഇടത് വിങ്ങിലേക്ക് ഉയർത്തി നൽകി. ആ നീക്കം ഏതാനും സെക്കന്റുകൾക്ക് മുൻപേ കണ്ട ആൽബ ഇതിനോടകം മുന്നേറ്റം ആരംഭിച്ചിരുന്നു. എങ്കിലും ആൽബയുടെ നീക്കം കണ്ട മാഡ്രിഡ് കീപ്പർ നവാസ് കൃത്യമായി അഡ്വാൻസ് ചെയ്തു എത്തി.. പക്ഷെ നവാസിന്റെ ദേഹത്ത് കൊണ്ട് പന്ത് എത്തിയത് സുവാരസിന്റെ കാൽക്കീഴിൽ. ആളില്ലാത്ത പോസ്റ്റിലേക്ക് സുവാരസ് പന്ത് ഉയർത്തിവിട്ടു. പക്ഷെ വീണ്ടും നിർഭാഗ്യം ബാഴ്‌സയെ പുൽകിയതായി തോന്നിച്ചു. ഇത്തവണയും പന്ത് പോസ്റ്റിൽ അടിച്ചു മടങ്ങി. പക്ഷെ പന്ത് എത്തിയത് മാൽക്കോമിന്റെ കാൽക്കീഴിൽ. പന്തിനെ ഒന്ന് ഹോൾഡ് ചെയ്തതിനു ശേഷം മാൽക്കോം പോസ്റ്റിലേക്ക് അതിനെ തിരികെ നിക്ഷേപിച്ചു. റയലിന്റെ അഞ്ച് ഡിഫൻഡർമാരെ കേവലം കാഴ്ചക്കാരാക്കി പന്ത് വലയിൽ. തന്നിൽ ടീം അർപ്പിച്ച വിശ്വാസത്തിനു ആദ്യ ക്‌ളാസിക്കോയിൽ തന്നെ ഗോൾ നേടി മാൽക്കോം മറുപടി നൽകി. ശേഷം ബാഴ്‌സ ചേഞ്ചുകൾക്ക് മുതിർന്നു. കൊട്ടീഞ്ഞോയെ മാറ്റി മെസ്സിയും, റാക്കിയെ മാറ്റി വിദാലും കളത്തിലെത്തി.തന്മൂലം മാൽക്കോമിന് ഇടത് വിങ്ങിലേക്ക് മാറേണ്ടി വന്നു. ശേഷവും ബാഴ്‌സക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അതിനിടെ മാൽക്കോമിനെ മാറ്റി അലിന്യയും കളത്തിലെത്തി. കളിയുടെ അവസാന നിമിഷങ്ങളിൽ ഒരു സമനിലക്കായി ഇരു ടീമുകളും കളിച്ചപ്പോൾ ചെറുതായെങ്കിലും വിരസത തോന്നിപ്പിച്ചു. എങ്കിലും അടുത്ത അങ്കത്തിനു മാഡ്രിഡിൽ കാണാം എന്ന് ഉറപ്പിച്ചുകൊണ്ട് ഇരു ടീമുകളും വിടചൊല്ലി.
ആദ്യമേ പറഞ്ഞത് പോലെ ഇരു ടീമുകൾക്കും ഒരേപോലെ സാധ്യതകളുണ്ടായിരുന്ന മത്സരം. സമീപകാലത്തെ ക്ലാസിക്കോകൾ കൂടുതൽ ബാഴ്‌സയുടെ അധിനിവേശമായി മാറിയെങ്കിൽ ഇന്നലെ ഒരു കൂട്ടരും ഒരേപോലെ ശക്തി പ്രകടിപ്പിച്ച മത്സരമായിരുന്നു. ബാഴ്‌സ ആരാധകരെ മുൾമുനയിൽ നിർത്തിയ ആദ്യ മുപ്പത് മിനിറ്റ് റയലിന്റെ മികവ് ദൃശ്യമാക്കി. ഒന്നിലേറെ അവസരങ്ങളാണ് അവർക്ക് ലഭിച്ചത്. പീക്കെയുടെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് പലതും ഗോളിൽ കലാശിക്കാതിരുന്നത്. ബാഴ്‌സയാകട്ടെ അവരുടെ നീക്കങ്ങളിൽ പതറുകയും ചെയ്തു. പതിയെ ആത്മവിശ്വാസം വീണ്ടെടുത്ത ബാഴ്‌സ പിന്നീടാണ് മത്സരത്തിലേക്ക് തിരികെയെത്തിയത്. അതോടെ പോസെഷനും പാസിംഗും എല്ലാം തിരികെയെത്തിയ ടീം പിന്നീട് മികവോടെ കളിച്ചു. അതോടെ മാഡ്രിഡ് കൂടുതൽ ഡിഫൻസീവ് റോളിലേക്ക് മാറി.
സമനിലയാണെങ്കിൽകൂടിയും സന്തോഷമേകുന്ന പ്രകടനമാണ് ടീമിന്റെ ഭാഗത്തു നിന്നും കണ്ടത്. മാൽക്കോം, സെമെഡോ, പീക്കെ , ആർതർ എന്നിവർ അത്യുജ്വലമായി കളിച്ചപ്പോൾ ബുസ്കെറ്റ്സ് ലെങ്ലെ ആൽബ തുടങ്ങിയവർ നന്നായി കളിച്ചു. ഏറെ നിരാശപ്പെടുത്തിയത് സുവാരസ്, കൊട്ടീഞ്ഞോ, റാക്കിറ്റിച് തുടങ്ങിയവരായിരുന്നു. കളിയുടെ ആദ്യ നിമിഷങ്ങളിൽ മാൽക്കോമിനെ ഉൾപ്പെടുത്തിയത് മണ്ടത്തരം ആയോ എന്ന് തോന്നിപ്പിച്ചിരുന്നു. കളിയിൽ അധികവും വൈഡ് ആയി നിന്നിരുന്ന മാൽക്കോം അധികം അറ്റാക്കിങ്ങിൽ ഉൾപ്പെടാതിരുന്നപ്പോൾ നിരാശ തോന്നിയെങ്കിലും പിന്നീട് സന്തോഷത്തിന് വഴിമാറി. സുവാരസും കൊട്ടീഞ്ഞോയും അമ്പേ നിരാശപ്പെടുത്തിയപ്പോൾ അറ്റാക്കിങ്ങിൽ മാൽക്കോം പലപ്പോഴും ഒറ്റയാൾപട്ടാളമാണ് എന്ന് തോന്നിച്ചു. പക്ഷെ കട്ട സപ്പോർട്ടുമായി സെമെഡോ തോളോട് തോൾ ചേർന്ന് വന്നപ്പോൾ വലത് വിങ് ഇന്നലെ മാസ്മരിക മൂഡിലായിരുന്നു. അതിവേഗ വിങ്ങർമാരുള്ള മാഡ്രിഡിന്റെ വിങ്ങിലൂടെയുള്ള നീക്കങ്ങൾ പിടിച്ചുകെട്ടിയ സെമെഡോ കൂടുതൽ ആത്മവിശ്വാസം കൈവരിച്ചതോടെ നമ്മുടെ അറ്റാക്കിലും സാന്നിധ്യം അറിയിച്ചു. ഇടത് വിങ് നിർജീവമായപ്പോൾ വലത്തേ വിങ് മുഴുവൻ സമയവും സജീവമായി നിലകൊണ്ടതിന് ഇരുവർക്കും നന്ദി പറയേണ്ടിയിരിക്കുന്നു.
മധ്യനിരയിൽ ലോകോത്തര പ്രകടനം കാഴ്ചവെച്ചാണ് ആർതുർ മടങ്ങിയത്. മാഡ്രിഡിന്റെ കനത്ത പ്രെസ്സിങ്ങിനെ ട്രെയിനിങ്ങിൽ കളിക്കുന്ന ലാഘവത്തോടെ ആർതുർ മറികടന്നപ്പോൾ കാമ്പ് നൗ കരഘോഷങ്ങളിൽ മുഴുകി. എത്ര ശ്രമിച്ചിട്ടും ആർതുറുടെ കൈകളിൽ നിന്നും പന്ത് കൈക്കലാക്കാൻ കഴിയാത്തതിന്റെ അരിശം പലപ്പോഴും ഫൗളിലാണ് കലാശിച്ചത്. സമീപകാലത്തു ബാഴ്‌സക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ ഒന്നാണ് ഈ ചെറുപ്പക്കാരൻ. ഒപ്പം പിൻനിരയിൽ അസാമാന്യമായ പ്രകടനവുമായി നിലകൊണ്ട പീക്കെ ഇന്നലത്തെ രാവിനെ ആവേശം കൊള്ളിച്ചു. അതിവേഗതയോടെയുള്ള റയലിന്റെ നീക്കങ്ങളെ കൃത്യമായ പൊസിഷനിങ്ങും നീക്കങ്ങളുമായി എൽ പ്രെസിഡന്റെ തടഞ്ഞപ്പോൾ എതിരാളികൾ പോലും കൈയടിച്ചു എന്നതാണ് സത്യം. കൃത്യതയാർന്ന സ്ലൈഡിങ് ടാക്ലിങ്ങുകളും ബ്ലോക്കുകളും ഇന്റർസെപ്‌ഷനുകളും ഒക്കെ ചേർന്ന് മാസ്മരിക പ്രകടനം തന്നെ. അതുകൊണ്ട് തന്നെയാണ് ഇന്നലത്തെ ഏറ്റവും മികച്ച താരമായി പലരും പീക്കെയുടെ നാമം ഉയർത്തുന്നത്.
നിരാശാജനകമായ പ്രകടനം കാഴ്ചവെച്ചവരിൽ സുവാരസ്, കൊട്ടീഞ്ഞോ, റാക്കിറ്റിച് എന്ന നാമങ്ങൾ ഉയർന്നു ഉയർന്നു നിൽക്കുന്നു. സാധാരണ ക്‌ളാസികോ പോലെയുള്ള ബിഗ് മാച്ചുകളിൽ എന്നും മികവുറ്റ പ്രകടനം നടത്തുന്നവരാണ് ഇവർ. പക്ഷെ ഇന്നലെ ഇവരുടെ ദിനം ആയിരുന്നില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഒരു മോശം ദിനം. അങ്ങനെ കരുതാം. ഇനി വരും മത്സരങ്ങളിൽ ഇവർ അവസരത്തിനൊത്തുയരുമെന്ന് നമുക്കുറപ്പുണ്ട്. അപ്പൊ ഇനി ഒരു പാദം കൂടി ബാക്കി നിൽക്കുന്നു. മാഡ്രിഡിൽ സാന്റിയാഗോ ബെർണബ്യുവിൽ ആയിരിക്കും അടുത്ത മത്സരം. എവേ ഗോളിന്റെ ആനുകൂല്യം ഇപ്പോൾ മാഡ്രിഡിനുണ്ട്. പക്ഷെ അടുത്ത മത്സരത്തിൽ ബാഴ്‌സ ഒരു ഗോൾ നേടിയാൽ ആ ആനുകൂല്യം അവർക്ക് നഷ്ടമാവുകയും ചെയ്യും. പരിക്കിൽ നിന്നും മോചിതനായി ടെമ്പേലെ അന്ന് കളിക്കാനെത്തുമെന്നതിനാൽ അവിടെ കൂടുതൽ ആധികാരികമായ ഒരു വിജയമാണ് നമ്മൾ സ്വപ്നം കാണുന്നത്. കാത്തിരുന്നു കാണാം.
#RETARD
©www.culesofkerala.com
