മാച്ച്റിവ്യൂ – ബൊറൂഷ്യ മൊൻഷൻ ഗ്ലാഡ്ബാഹ് vs ബാഴ്‌സ
ബൊറൂഷ്യ 1 – 2 ബാഴ്‌സ
ജയിച്ചു എന്ന് പറയാം. ഒരു ഫ്ലോ ഇല്ലാത്ത കളി . പതിവ് ബാഴ്‌സ രീതി ഒന്നും കണ്ടിരുന്നില്ല. നല്ല പാസുകളും മുന്നേറ്റങ്ങളും ഒന്നും തന്നെയില്ല. ഒപ്പം കൃത്യമായ മാർക്കിങ്ങോടെ അവർ ബാഴ്‌സയെ വരിഞ്ഞു കെട്ടി. പാസുകൾ ഒന്നും മുന്നോട്ട് കേറാത്ത അവസ്ഥ. രണ്ടാം പകുതിയിൽ ലൂചോയുടെ തന്ത്രങ്ങൾ ആണ് ബാഴ്‌സയുടെ മുഖം രക്ഷിച്ചത്. പകരക്കാരനായി ഇറങ്ങി, കളിയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച അർദ ബാഴ്‌സയെ വിജയത്തിലേക്ക് നയിച്ചു.
ആദ്യ പകുതിയിലേ കളി ബോർ ആയി തോന്നിച്ചു. നല്ല അവസരങ്ങൾ ഒന്നും തന്നെയില്ല. രണ്ടാം സ്‌ട്രൈക്കർ ആയി ആൽക്കസ്സറിനെ കളിപ്പിച്ചത് പാളിയോ എന്ന് സംശയിച്ചു. ഒരു പക്ഷെ രണ്ടു ടീമും ആദ്യമായി മുഖാമുഖം വന്നതിന്റെയാകണം , രണ്ടു ടീമും ആക്രമിക്കാൻ അധികം ശ്രമിച്ചില്ല. ബാഴ്‌സയുടെ മുന്നേറ്റത്തിൽ നെയ്മറിനെയും സുവരെസിനെയും അവർ കൃത്യമായി തളച്ചിട്ടപ്പോൾ ബാഴ്‌സ കുരുക്കിലാക്കി. അതിനിടെ അപൂർവ്വമായി ലഭിച്ച ഒരു അവസരം സുവാരസ് ഫിനിഷ് ചെയ്യുന്നതിന് പകരം ആൽക്കസ്സറിനു മറിച്ചു നൽകാൻ ശ്രമിച്ചു അത് നഷ്ടപ്പെടുത്തി. ഇത്തരം പ്രധാന മത്സരങ്ങളിൽ ഫിനിഷ് ചെയ്യേണ്ടിടത് ചെയ്യുക തന്നെ വേണം. ഉടനെ തന്നെ ബാഴ്‌സയ്ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ബൊറൂഷ്യ ആദ്യ ഗോൾ അടിച്ചു. ബുസിയുടെ കാലിൽ നിന്നും നഷ്ട്ടമായ പന്ത്, മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ ബൊറൂഷ്യ നമ്മുടെ വലയിലെത്തിച്ചു.
രണ്ടാം പകുതി തുടങ്ങിയ ഉടനെ, ബാഴ്‌സ മാറ്റങ്ങൾ വരുത്തി. റാഫിന്യയും ടുറാനും എത്തിയതോടെ ബാഴ്‌സയും ഉഷാർ ആയി. അതുവരെ മോശമായിരുന്നു മധ്യനിര പിനീട് കളം ഭരിക്കാൻ തുടങ്ങി. അതിന്റെ ഫലമായി ഗോളും വീണു. നെയ്മറുടെ ഒരു കിടിലൻ ഹൈബോൾ സൂപ്പർ ഒരു ഷോട്ടിലൂടെ അർദ വലയിലെത്തിച്ചു. ആദ്യ പകുതിയിൽ ബാഴ്‌സ മിസ് ചെയ്തത് എന്താണെന്ന് അർദ രണ്ടാം പകുതിയിൽ കാണിച്ചു തന്നു. തൊട്ടു പിറകെ അടുത്ത ഗോളും വീണു. കോർണറിൽ നിന്ന് ലഭിച്ച പന്ത്, നല്ല ഒരു ഷോട്ടിലൂടെ സുവാരസ് ഗോളിന് ശ്രമിച്ചപ്പോൾ, ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും ഒരു ടാപ് ഇന്നിലൂടെ പിക്വെ ബാഴ്‌സയ്ക്ക് ലീഡ് നൽകി. ശേഷവും ചില അവസരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ ഗോൾ ഒന്നും നേടാനായില്ല.
മികച്ച പ്രകടനങ്ങൾ :
അർദ : നേരത്തെ പറഞ്ഞത് പോലെ, എന്തായിരുന്നു ആദ്യ പകുതിയിൽ ബാഴ്‌സ മിസ് ചെയ്തത് എന്ന് കാണിച്ചു തന്നു അർദ . ഒരു പ്ലേമേക്കർ ആയ മെസ്സിയുടെ കുറവ് , ഒരിക്കലും ആൽക്കസറിനു നികത്താനാകില്ല. ഇത്തരം അവസരങ്ങളിൽ അർദ അല്ലെങ്കിൽ റാഫിന്യ തന്നെയാണ് നല്ലതു. അർദ്ദയുടെ വരവോടെ കളിയുടെ ഗതി തന്നെ മാറിമറിഞ്ഞു. ഗോളിന് ശേഷം അർദയുടെ ഒരു ചിപ്പ്,അവിശ്വസനീയമായിരുന്നു.
പിക്വെ : സ്ഥിരം മികച്ച ഫോം ഇന്നും തുടർന്നു . ഇപ്പോൾ പ്രതിരോധത്തിലെ ഏറ്റവും വിശ്വസ്തൻ പിക്വെ തന്നെയാണ്. കൃത്യമായ ടൈമിങ്ങും നല്ല ഗെയിം റീഡിങ്ങുമായി നന്നായി പ്രതിരോധം നയിക്കുന്നുണ്ട്. ഇന്ന് അവസരോചിതമായ ഒരു ഗോളും.
മഷറാനോ : അറ്റ്‌ലെറ്റികോ ആയിട്ടുള്ള മത്സരത്തിനു ശേഷം എല്ലാരും മഷേയെ എഴുതി തള്ളി. ഇന്ന് അതെ മഷേ തന്‍റെ വിശ്വരൂപത്തില്‍ തിരിച്ചു വന്നു അടിവരയിട്ടു : “ഞാന്‍ തീര്‍ന്നിട്ടില്ലെടാ പിള്ളേരെ. അങ്ങനെ അടിയറവ് പറഞ്ഞ് പോകാന്‍ കൂലിക്ക് വേണ്ടി മാത്രം കളിക്കുന്നവനാകണം. ഇത് മഷേരാനോ. ആ പേരിനു ബാഴ്സയുടെ വല്യേട്ടന്‍ എന്ന അര്‍ഥം കൂടിയുണ്ട്. ( വാക്കുകൾക്ക് നന്ദി ദീപു മോഹൻ )
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
നെയ്മർ : ഇന്ന് ബൊറൂഷ്യയുടെ കൃത്യമായ മാർക്കിങ്ങിൽ നെയ്മർ വീണുപോയി. ഇത്തരം അവസരങ്ങളിൽ കൂടുതൽ ഡ്രിബിളിംഗിന് ശ്രമിച്ചു പന്ത് നഷ്ട്ടപ്പെടുത്താതിരിക്കുകയാണ് നല്ലതു. ഒട്ടേറെ അവസരങ്ങളിൽ നെയ്മർ പന്ത് നഷ്ടപ്പെടുത്തി. വരും മത്സരങ്ങളിൽ തിളങ്ങാനാകുമെന്നു ഉറപ്പാണ്. പിന്നെ വിസ്മരിക്കാനാകില്ല, ഇന്നത്തെ കളിയുടെ ഗതി തിരിച്ച ഗോളിന്റെ ശിൽപ്പിയും നെയ്മർ ആയിരുന്നു.
മധ്യനിര : ആദ്യ പകുതിയിൽ എന്ത് പറ്റിയെന്നു അറിയില്ല. ഒരു ഒത്തിണക്കവും ഇല്ലാത്ത കളി . ഇനിയേസ്റ്റ – ബുസി – റാകി ത്രയം ഒന്ന് കൂടി ഉഷാർ ആവണം.
ജോർദി ആൽബ : എന്ത് പറ്റി എന്ന് അറിയില്ല. കഴിഞ്ഞ കുറച്ചു മത്സരങ്ങൾ ആയി ആൾ അൽപ്പം പിറകിലാണ്. ഇന്ന് ആൽബയുടെ മാർക്കിങ് പിഴച്ചപ്പോഴാണ് ബൊറൂഷ്യ ഗോളും അടിച്ചത്. എൽ ഫെരാരിക്ക് കൂടുതൽ മികച്ചു കളിക്കാനാകും എന്ന് ഞങ്ങൾക്കറിയാം. ഒന്ന് ശ്രദ്ധിച്ചു , കൂടുതൽ മെച്ചപ്പെടാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
കളിക്കാരുടെ മനോഭാവം : ലൂചോ എന്തെങ്കിലും ചെയ്യേണ്ട ഒരു പ്രധാന മേഖലയാണിത് .ഒരു ഗോൾ വീണാലും കളിക്കാർ പെട്ടന്ന് ഉണരാത്ത അവസ്ഥ. പിറകിലാകുമ്പോൾ ഒരു ഉണർവ്വ് കളിക്കാർക്ക് ഉണ്ടായേ പറ്റൂ. അത് പലപ്പോഴത്തെ കാണാനാവുന്നില്ല .
അങ്ങനെ ചാമ്പ്യൻസ് ലീഗിൽ തുടരെ രണ്ടാം ജയത്തോടെ ബാഴ്‌സ നില കൂടുതൽ ഭദ്രമാക്കിയിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയാണ്. അവിടെ ഇതിലും മികച്ച പ്രകടനങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു