• Follow

മാച്ച് റിവ്യൂ – ബാഴ്‌സ vs ലെഗാനെസ്

  • Posted On September 17, 2016

ബാഴ്‌സ 5 – 1 ലെഗാനെസ്
നല്ല ഒരു മത്സരം. നമ്മളെയെല്ലാം അത്ഭുദപ്പെടുത്തിക്കൊണ്ട് ലൂച്ചോ പരീക്ഷിച്ച 3 – 4 – 3 ശൈലി കൊള്ളാം . ചെറിയ കുറച്ചു മിസ്സുകൾ ഉണ്ടായിരുന്നെങ്കിലും ഈ ശൈലിയിലും ടീം നന്നായി തന്നെ കളിച്ചു. മധ്യനിര നല്ല രീതിയിൽ തന്നെ കളിയിൽ മൊത്തം ആധിപത്യം സ്ഥാപിച്ചു .

ലെഗാനെസിന്റെ ആക്രമണത്തോടെ ആയിരുന്നു മത്സരത്തിന്റെ തുടക്കം. ആദ്യ പത്തു മിനുട്ട് നേരം ബാഴ്‌സയെ അവർ കാര്യമായിത്തന്നെ പരീക്ഷിച്ചു. മൂന്ന് ഡിഫൻഡർമാർ മാത്രം ഉള്ളത് മുതലെടുത്തു അവർ വിങ്ങുകളിലൂടെ സ്ഥിരം കയറിക്കൊണ്ടിരുന്നു. പക്ഷെ കട്ടക്ക് നിന്ന നമ്മുടെ പ്രതിരോധം അവയെല്ലാം നിഷ്പ്രഭമാക്കി . അതിനിടെ സുവാരസിലൂടെ തുടങ്ങിയ മുന്നേറ്റം മെസ്സിയുടെ ബാഴ്‌സ ഗോളാക്കി മാറ്റി. തനി ബാഴ്‌സ സ്റ്റൈൽ ഗോൾ. തൊട്ടു പിറകെ തന്നെ പ്രത്യുപകാരമായി മെസ്സിയുടെ അസ്സിസ്റ്റിൽ സുവാരസും അടിച്ചു. മെസ്സിയും സുവാരസും അടിച്ച നിലക്ക് നെയ്മറും കൂടി ഗോളടിച്ചില്ലെങ്കിൽ മോശമല്ലേ.? നെയ്മറും ഇട്ടു ഒരെണ്ണം. മെസ്സിയിൽ നിന്ന് തുടങ്ങി, സുവാരസ് വഴി നെയ്മർ ഗോൾ. ഗോളിനെക്കാൾ ഉപരി സ്വന്തമായി ഫിനിഷ് ചെയ്യാമായിരുന്നിട്ടും സഹതാരത്തിനു മറിച്ചു നൽകുന്ന ആ മനോഭാവത്തിന് സല്യൂട്ട് .

രണ്ടാം പകുതിയിൽ തുടക്കത്തിലേ മെസ്സി തന്നെ ബാഴ്‌സയെ പിന്നെയും മുന്നിലെത്തിച്ചു. നെയ്മറെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സുന്ദരമായി തന്നെ മെസ്സി വലയിൽ എത്തിച്ചു. തീർന്നില്ല, മധ്യ നിരയിൽ അപ്രതീക്ഷിതമായി സ്ഥാനം ലഭിച്ച റാഫിന്യ ഒരു കിടിലൻ ലോങ്ങ് റേഞ്ച് ഗോളുമായി നമ്മളെ പിന്നെയും ഞെട്ടിച്ചു. ബോക്സിനു പുറത്തു നിന്നും ഇടങ്കാലൻ ഷൂട്ട്,വലത്തോട്ട് മുഴുവനായും ഡൈവ് ചെയ്ത ഗോളിയെയും കബളിപ്പിച്ചു വലയുടെ വലതു മൂലയിൽ പതിച്ചു. മത്സരത്തിലെ ഏറ്റവും മനോഹരമായ ഗോൾ. അവസാന നിമിഷങ്ങളിൽ ലഭിച്ച ഒരു ഫ്രീകിക്ക് സുന്ദരമായി ഫിനിഷ് ചെയ്ത ലെഗാനെസ് ആശ്വാസ ഗോളും നേടി.

എടുത്തു പറയേണ്ട പ്രകടനങ്ങൾ :
* ഉംറ്റിറ്റി : പലപ്പോഴും പറഞ്ഞതാണ് , എങ്കിലും പിന്നെയും പറയേണ്ടി വരുന്നു , കിടിലോൽക്കിടിലം പ്രകടനം. നല്ല കട്ടക്ക് തന്നെ നിൽക്കുന്നു. കൃത്യമായ ടൈമിംഗ് ടാക്കിളുകൾ , സമ്മർദ്ദപ്പെടാതെയുള്ള കളി. ഇനിയും തുടരുക ഈ പ്രകടനം .
* മെസ്സി , നെയ്മർ , സുവാരസ് : എന്നത്തേയും പോലെ മനോഹാരമായ കളി . മൂന്നുപേരും മൂന്നു ശരീരവും ഒരു മനസ്സും എന്ന പോലെ. പന്ത് ആരുടെ കയ്യിലാണെങ്കിലും എപ്പോൾ എവിടെ വച്ച് പാസ് ആയി വരും എന്ന് കൃത്യമായി അറിയാം . അങ്ങോട്ടും ഇങ്ങോട്ടും അസിസ്റ്റും ഗോളുമൊക്കെ ആയി ഗോളടിച്ചു കൂട്ടുന്നുണ്ട്.
* റാഫിന്യ : അപൂർവ്വമായി ലഭിച്ച അവസരം നന്നായി തന്നെ വിനിയോഗിച്ചു. ഈ ശൈലിക്ക് ചേർന്ന ഒരു കളിക്കാരൻ. കുറച്ചു കൂടി അവസരങ്ങൾ കിട്ടുകയാണെങ്കിൽ നല്ല രീതിയിൽ ഇമ്പ്രൂവ് ചെയ്യും എന്ന് ഉറപ്പാണ്.
* ഇനിയേസ്റ്റ : ഗോളും അസിസ്റ്റും ഒന്നും ഇന്ന് ഉണ്ടായിരുന്നില്ലെങ്കിലും കളി കണ്ടിരിക്കാൻ വല്ലാത്ത രസം ആയിരുന്നു. ഈ പ്രായത്തിൽ എങ്ങനെ ഇത്രക്ക് അനായാസമായി പന്ത് കൈകാര്യം ചെയ്യാൻ കഴിയുന്നു എന്ന് മനസ്സിലാകുന്നില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
* മാഷെ : പുതിയ പൊസിഷനിൽ അത്രക്ക് കംഫർട്ടബിൾ ആയിരുന്നില്ല മാഷെ. പ്രത്യേകിച്ച് ലഗാനിസ്‌ കളിക്കാർ വിങ്ങുകളിൽ അദ്ദേഹത്തെ പലപ്പോഴും മറികടന്നു. ഒരു പക്ഷെ കൂടുതൽ കളികൾ അദ്ദേഹത്തിന് മെച്ചപ്പെടാൻ കഴിയും. ഒന്ന് കൂടി ഉഷാർ ആകണം .
* ആൽക്കസ്സർ : ടൈമിംഗ് മോശം ആണ്. 1 – 2 മികച്ച അവസരങ്ങൾ ലഭിച്ചപ്പോൾ, തെറ്റായ ടൈമിംഗ് ആണ് തുലച്ചത്. പ്രത്യേകിച്ച് MSN സഖ്യത്തോടൊപ്പം ആണ് കളിക്കുന്നത്. പാസ് എപ്പോ എവിടെ ആണ് വരിക എന്നൊന്നും പറയാൻ പറ്റില്ല. കൂടുതൽ മത്സരങ്ങളിൽ ആ പരിചയം കൈവരിക്കും എന്ന് പ്രതീക്ഷിക്കുന്നു .
മൊത്തത്തിൽ നല്ല ഒരു ഗെയിം . അടുത്ത മത്സരത്തിൽ ഇതേ ശൈലി പിന്തുടരുമോ എന്ന് അറിയില്ല. പ്രത്യേകിച്ച് കളി അത്ലറ്റിക്കോ മാഡ്രിഡിന് എതിരെയാണ്. അപ്പൊ ഇത്തരം പരീക്ഷണത്തിന് നിൽക്കാതെ സ്വന്തം ശൈലിയിൽ മികച്ച ഒരു ടീമിനെ ഇറക്കുകയാണ് നല്ലതു. ലൂചോയുടെ തന്ത്രങ്ങൾക്കായി കാത്തിരിക്കുന്നു.

  • SHARE :