മാച്ച് റിവ്യൂ – ബാഴ്‌സലോണ 2 – 1 യുവന്റസ്
വൽവെർദേയുടെ ഉദ്യമത്തിന് വിജയത്തോടെ തുടക്കം. നാളേറെയായി കാത്തിരുന്നു വന്നെത്തിയ സീസൺ തുടക്കത്തിലേ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുവന്റസിനെ തോൽപ്പിച്ച്, ശുഭകരമായ ഒരു തുടക്കവുമായി ബാഴ്‌സ. വിവാദങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് നെയ്മർ ത്തകർത്തു കളിച്ചപ്പോൾ, ഹൃദയം നിറഞ്ഞത് നമ്മൾ ആരാധകരുടെയാണ്. ഒപ്പം മികച്ച പ്രകടനവുമായി ടീം ഒന്നടങ്കം പരിപൂർണ്ണ പിന്തുണ നൽകിയപ്പോൾ പ്രതീക്ഷകളോടെ ബാഴ്‌സ പുതിയ സീസൺ നോക്കിക്കാണുന്നു.
ഏവരും വളരെ ആകാംക്ഷപൂർവമാണ് ഈ മത്സരത്തെ നോക്കിയിരുന്നത്. സീസണിലെ ആദ്യ മത്സരം, വൽവെർദേയുടെ ആദ്യ മത്സരം, നെയ്മറുടെ വിവാദങ്ങൾ തുടങ്ങി, ഒട്ടനവധി കാര്യങ്ങൾ ഈ മത്സരത്തെ ചുറ്റിപ്പറ്റി നിന്നിരുന്നു. എങ്കിലും വിവാദങ്ങളിൽ ശ്രദ്ധിക്കാതെ ടീം മത്സരത്തിൽ ശ്രദ്ധ ശ്രദ്ധയൂന്നിയത്തിന്റെ ഗുണങ്ങൾ കാണാനുണ്ട്. പ്രതീക്ഷിച്ചിരുന്നത് പോലെ പരീക്ഷണ നിരകളെയാണ് ബാഴ്‌സ കളത്തിൽ ഇറക്കിയത്. താരതമ്യേന പ്രബലരായ സംഘം ആദ്യ പകുതിയിലും, പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകി രണ്ടാം പകുതിയും.. ഇരുകൂട്ടരും സംതൃപ്തി നൽകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ആദ്യ നിമിഷം മുതൽ കളി ബാഴ്‌സയുടെ കൈകളിൽ ആയിരുന്നു. സാധാരണ അതിശക്തമായ പ്രധിരോധനിരയുള്ള യുവന്റസ്, പക്ഷെ ഇന്ന് തീർത്തും ദുർബലമായി കാണപ്പെട്ടു. ഇടതു വിങ്ങിൽ ധാരാളം സ്പേസ് ലഭിച്ച നെയ്മർ, കഴിഞ്ഞ സീസണിൽ എന്ന പോലെ മികവാർന്ന റണ്ണിങ് കൊണ്ട് യുവന്റസിനെ വിറപ്പിച്ചു. ഒപ്പം മധ്യനിരയിൽ മെസ്സിയും ആക്രമിക്കാൻ തുടങ്ങി. അധികം വൈകാതെ ആദ്യ ഗോളും വീണു. പ്രതീക്ഷിച്ച പോലെ മെസ്സി നെയ്മർ കൂട്ടുകെട്ടിൽ നിന്നും നെയ്മറുടെ മനോഹരമായ ഫിനിഷിങ്. പിന്നെയും നെയ്മറുടെ ഷോ തുടർന്നപ്പോൾ അടുത്ത ഗോളും. ഇത്തവണ ആറ് യുവന്റസ് കളിക്കാരെ നിഷ്പ്രഭരാക്കി നെയ്മറുടെ സോളോ ഗോൾ. തുടർന്നും ബാഴ്‌സ ആക്രമണം തുടർന്നപ്പോൾ യുവന്റസ് കാഴ്ചക്കാർ മാത്രമായി, ഇടവേളക്ക് തൊട്ടു മുൻപ് ഹാട്രിക്കിന് അവസരം ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ നഷ്ടമായി.
രണ്ടാം പകുതിയിൽ എല്ലാ കളിക്കാരെയും സബ്സ്റ്റിട്യൂട്ട് ചെയ്താണ് ബാഴ്‌സ കളിക്കാനെത്തിയത്. പ്രധാന താരങ്ങൾ 4 പേര് മാത്രം. ആദ്യനിമിഷങ്ങളിൽ അൽപ്പം അങ്കലാപ്പിലായതു പോലെയായിരുന്നു പ്രകടനം. അത് മുതലാക്കിയാണ് യുവന്റസ് തിരിച്ചടിച്ചതും. ഡിബാലയുടെ ഒരു മികച്ച ശ്രമം കീപ്പർ ഓർട്ടോള തടഞ്ഞെങ്കിലും പിന്നീട് വന്ന കോർണറിൽ നിന്നും യുവന്റസ് ലക്ഷ്യം കണ്ടു. തുടർന് ബാഴ്‌സ കൂടുതൽ ലക്ഷ്യബോധത്തോടെ കളിച്ചെങ്കിലും ഗോളുകൾ നേടാനായില്ല. പല സമയത്തും മികവാർന്ന രീതിയിൽ മധ്യനിര അടക്കിഭരിച്ച ബാഴ്‌സ, ഒട്ടേറെ അവസരങ്ങളാണ് തുറന്നെടുത്തത്, പക്ഷെ ഫിനിഷിങ്ങിലെ പോരായ്മകൾ ബാഴ്‌സയെ കൂടുതൽ സ്‌കോർ ചെയ്യുന്നതിൽ നിന്നും അകറ്റി നിർത്തി.
മത്സരത്തെ കുറിച്ച് പറയുകയാണെങ്കിൽ , കഴിഞ്ഞ ദിവസങ്ങളിൽ പല കോണിൽ നിന്നും ഉയർന്ന അഭിപ്രായങ്ങൾക്ക് എതിരെയാണ് വാൽവർദേ കേളി ശൈലി പുറത്തെടുത്തത്. പാസിംഗ് ഗെയിമിന് കൂടുതൽ പ്രാമുഖ്യം നൽകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കൂടുതൽ ഡയറക്റ്റ് ആയ രീതിയായിരുന്നു. ഒരു പക്ഷെ വരും മത്സരങ്ങളിൽ തിരുത്തിയേക്കാം. ഒപ്പം ബിൽബാവോയിൽ അദ്ദേഹം മികച്ച രീതിയിൽ നടപ്പാക്കിയ പ്രെസ്സിങ് ഇവിടെയും നടപ്പാക്കിയിട്ടുണ്ട്. എതിർ കളിക്കാരന് പന്ത് ലഭിക്കുമ്പോൾ രണ്ടോ മൂന്നോ പേർ ചേർന്ന് കനത്ത പ്രെസ്സിങ് നടത്തി പന്ത് റിക്കവർ ചെയ്യുന്നുണ്ട്. വളരെ മികച്ച നീക്കം. ഒപ്പം തന്നെ ഇടതു വിങ്ങിൽ മാത്രം ശ്രദ്ധ കേന്ത്രീകരിച്ചിരുന്ന നെയ്മർ, ഇപ്പോൾ ഇടതു വിങ്ങിലും മധ്യനിരയിലും ഒരു പോലെ കളിക്കുന്നുണ്ട്.
ഇന്നത്തെ താരമായത് നെയ്മറാണ്. അതിമനോഹരങ്ങളായ ഗോളുകൾ. മെസ്സിയും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ലഭിച്ച 3 ഫ്രീകിക്കുകൾ അപകടങ്ങൾ ഒന്നും വരുത്താതെ പാഴായത് നിരാശപ്പെടുത്തി. ഇനിയേസ്റ്റ പ്രായത്തിന്റെ പ്രശ്നങ്ങൾ ഒന്നും പുറത്തു കാണിക്കാതെ കിടിലൻ കളി തന്നെയാണ്. സാംപർ ലഭിച്ച അവസരം അതിമനോഹരായി ഉപയോഗപ്പെടുത്തി. അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ലോകമെങ്ങും മുറവിളി ഉയർന്നു കഴിഞ്ഞു. ഡിഫെൻസിവ് ഏരിയയിൽ മികവാർന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. കളിയുടെ ആദ്യ നിമിഷങ്ങളിൽ പൊസിഷനിങ്ങിൽ അൽപ്പം പാളിയെങ്കിലും പിന്നീട് അതും തിരുത്തി. റാക്കിറ്റിച്, വിദാൽ ഡിന്യേ തുടങ്ങിയവരും നന്നായി കളിച്ചു. ആൽക്കാസ്സർ കഴിഞ്ഞ സീസണിലെന്ന പോലെ കുറച്ചു കൂടി ശ്രദ്ധിക്കാനുണ്ട്. പ്രത്യേകിച്ച് പൊസിഷനിങ്ങും ടൈമിങ്ങും.
രണ്ടാം പകുതിയിൽ താരമായത് അലെന്യയാണ്. നാളെ ബാഴ്‌സയുടെ ഗതി നിയന്ത്രിക്കാൻ താനുമുണ്ടാവും എന്ന് അദ്ദേഹം ലോകത്തെ ഓർമിപ്പിക്കുകയാണ്. ഒപ്പം മികവാർന്ന മുന്നേറ്റവുമായി ഡെനിസ് സുവാരസും തിളങ്ങി. പക്ഷെ ഗോൾ നേടാൻ ലഭിച്ച അവസരങ്ങൾ കളഞ്ഞു. സുവാരസും അർദയും അൽപ്പം നിരാശപ്പെടുത്തിയപ്പോൾ ബാക്കി ഉള്ളവർ പ്രതീക്ഷക്കൊത്തു കളിച്ചു. മികച്ച മുന്നേറ്റക്കാരുള്ള യുവന്റസിനെതിരെ പിടിച്ചു നിന്ന് എന്നുള്ളത് തീർച്ചയായും പ്രശംസനീയമാണ്.
ഒപ്പം ഇത് പരീക്ഷണ മത്സരങ്ങൾ മാത്രമാണ്. അതുകൊണ്ട് തന്നെ പാളിച്ചകൾ നമ്മൾ കാര്യമാക്കുന്നില്ല. ആരെയും വിമർശിക്കുന്നുമില്ല. ഇനിയുള്ള മത്സരങ്ങളിലും പരീക്ഷണങ്ങൾ തുടരും. ഒരു പക്ഷെ മികച്ച ഫലം ആയിരിക്കാം, അല്ലെങ്കിൽ മോശമായിരിക്കും. അതിൽ നിന്നും പഠിച്ചു വലിയ മത്സരങ്ങളിൽ നിർണ്ണായകമായ പ്രകടനം നടത്തുക. എല്ലാ പിന്തുണയുമായും ഞങ്ങൾ കൂടെയുണ്ടാകും.