• Follow

മാച്ച് റിവ്യൂ – ബാഴ്‌സ vs കെൽറ്റിക്

  • Posted On September 14, 2016

ബാഴ്‌സ 7 – 0 കെൽറ്റിക്

ഒരു ഉത്രാളിക്കാവ് വെടിക്കെട്ട് കണ്ടത് പോലെയുണ്ട്. പടപടാന്നു പൊട്ടുന്നുണ്ടായിരുന്നു . ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ വെടിക്കെട്ട് പ്രകടനവുമായി ബാഴ്‌സ തുടങ്ങിയിട്ടുണ്ട് . പാവം കെൽറ്റിക്, കഴിഞ്ഞ മത്സരത്തിൽ തോറ്റതിന്റെ ആ ഒരു വാശിയിൽ നിൽക്കുമ്പോഴാണ് കെൽറ്റിക് ബാഴ്‌സയുടെ മുൻപിൽ പെട്ടുപോയത് . ഒന്നും നോക്കിയില്ല തലങ്ങും വിലങ്ങും അങ്ങോട്ട് അടിച്ചു കയ്യിൽ കൊടുത്തു .

വളരെയധികം സന്തോഷം തരുന്ന ഒരു ഫലം. കേവലം ഗോളുകൾ കാരണം മാത്രമല്ല, മറിച്ചു മത്സരത്തിൽ മൊത്തത്തിൽ ഒരു മികച്ച പ്രകടനം തന്നെ ടീം കാഴ്ചവെച്ചിട്ടുണ്ട്. എല്ലാ മേഖലയിലും ടീം മികച്ചു നിന്നു . ഒരു കുറ്റമറ്റ കളി. ഒപ്പം പഴയ ബാഴ്‌സയെ അനുസ്മരിപ്പിക്കുന്ന കളി . എതിർ ബോക്സിൽ ആയാലും, ചെറിയ പാസുകൾ കൃത്യമായി നൽകി മികച്ച ഒരു ടീം ഘടന.

എല്ലാവരും മികച്ചു നിന്ന മത്സരത്തിൽ എടുത്തു പറയേണ്ട പ്രകടനങ്ങൾ മെസ്സി, നെയ്മർ , സുവാരസ് , ഇനിയേസ്റ്റ, ആൽബ തുടങ്ങിയവർ ആണ് മൂന്നാം മിനുറ്റിൽ തുടങ്ങിയ സ്കോറിങ് മെസ്സി ഹാട്രിക്കിൽ എത്തിച്ചു. ഇന്ന് നാല് അസിസ്റ്റും ഒരു ഗോളുമായി നെയ്മർ നിറഞ്ഞാടുകായായിരുന്നു. ഇന്നെന്തോ നെയ്മറുടെ പ്രകടനം അത്യുജ്വലമായിരുന്നു. ബ്രസീൽ ടീമിന് കളിച്ച കളിയുടെ ആ എനർജി ഇപ്പോഴുമുണ്ട്. അവസരം കിട്ടിയപ്പോൾ വൃത്തിയായി ഗോളുമടിച്ചു സുവാരസും തിളങ്ങി, ഇന്ന് കിടിലൻ ഒരു MSN ഷോ. നല്ല ഒരു വോളിയുമായി ഇനിയേസ്റ്റയും സ്‌കോർ ബോർഡിൽ ഇടം നേടി. ഒപ്പം മത്സരത്തിൽ ആകെ കിട്ടിയ ഒരു ചാൻസ് ആയ പെനാൽറ്റി കിടു സേവിലൂടെ ടെർ സ്റ്റീഗൻ തന്റേതായ ഒരിടം മത്സരത്തിയിൽ കണ്ടെത്തി.

ആകെ തോന്നിയ ഒരു കാര്യം, കളി നമ്മുടെ വരുതിയിലായപ്പോൾ കൂടുതൽ കളിക്കാർക്ക് അവസരം നൽകാമായിരുന്നു. ഇങ്ങനെ അല്ലെ അവരും കളി പരിചയം നേടുന്നത്.?ടീം മൊത്തത്തിൽ മാറ്റിയിറക്കുന്നതിലും നല്ലതു 2 – 3 പേരെ ഇങ്ങനെ മാറ്റി അവസരം നൽകുന്നതാണ്. എന്തൊക്കെയാണെങ്കിലും നല്ല ഒരു ആമ്പിയർ ഉള്ള ടീമാണ് നമ്മുടേത്. എല്ലാ മേഖലയിലും ഒപ്പത്തിനൊപ്പമുള്ള കളിക്കാർ. അത് കൊണ്ട് തന്നെ ഏത് സാഹചര്യം നേരിടാനും നമ്മുടെ പിള്ളേർ പ്രാപ്തരുമാണ് . ഇനിയുള്ള മത്സരങ്ങളിലും ഇതേ പ്രകടനം ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • SHARE :