മാച്ച് റിവ്യൂ – ബാഴ്‌സലോണ 4 – 1 റോമ
പ്രതീക്ഷിച്ച സ്‌കോർ. ലാലിഗ കരുത്തരെ അവയുടെ തട്ടകത്തിൽ നേരിടാൻ എത്തിയ റോമൻ പടയാളികൾക്ക് അത്ഭുദങ്ങൾ സൃഷ്ടിക്കാനായില്ല. മത്സരം ഏറെ സമയവും മുറുകെ പിടിച്ച ബാഴ്‌സയെ, ഒരു പരിധി വരെ സ്‌കോർ ചെയ്യുന്നതിൽ നിന്നും അകറ്റാൻ അവർക്കായെങ്കിലും, ഗോളുകൾ വഴങ്ങാതിരിക്കാൻ അവർക്കായില്ല. ആശ്ചര്യമെന്നു തോന്നാം, എങ്കിലും വഴങ്ങിയ നാല് ഗോളുകളിൽ രണ്ടെണ്ണം സെൽഫ് ഗോൾ .! ഒപ്പം പീക്കെയും സുവാരസും ചേർന്ന് സ്കോർബോർഡ് പൂർത്തിയാക്കിയപ്പോൾ, ഒരു എവേ ഗോളോടെ റോമക്ക് ബാഴ്‌സലോണയിൽ നിന്ന് മടക്കം.
പ്രതീക്ഷകൾക്ക് വിരുദ്ധമായി ഇന്നലെ ഡെമ്പേലെയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല. റോബർട്ടോക്ക് പകരം സെമെഡോയെ റൈറ്റ് ബാക്ക് ആയി കൊണ്ട് വരികയും, റോബർട്ടോയെ മധ്യനിരയിൽ ഇറക്കാനും തീരുമാനിച്ചത് അത്ഭുതപ്പെടുത്തി. ഇനിയേസ്റ്റ, ബുസി, റാക്കി, റോബർട്ടോ എന്നിവർ മധ്യനിരയിൽ അണിനിരന്നപ്പോൾ മുൻനിരയിൽ മെസ്സിയും സുവാരസും വന്നു. പ്രതിരോധത്തിൽ സെമെഡോ, പീക്കെ, ഉംറ്റിറ്റി , ആൽബ എന്നിവരും ഗോൾ പോസ്റ്റിന് താഴെ സ്റ്റീഗനും എത്തി.
ആദ്യനിമിഷത്തിലേ ബാഴ്‌സയെ പ്രസ് ചെയ്യുന്ന റോമയെ കണ്ട് കൊണ്ടാണ് മത്സരം ആരംഭിച്ചത്. ഹൈലൈനിൽ കളിച്ച റോമ, സാധ്യമാവുന്ന എല്ലാ രീതിയിലും ബാഴ്‌സയെ പ്രെസ്സിങ്ങിനു വിധേയമാക്കാൻ തുടങ്ങി. പക്ഷെ ഇത് ഏറെ പരിചയിച്ചിട്ടുള്ള ബാഴ്‌സ പതിവ് രീതിയിൽ തന്നെ ഈ സാഹചര്യം നേരിടാൻ തുടങ്ങി. മുന്നേറ്റമൊന്നും നടത്താതെ, പന്ത് കൈവശം വെച്ച് പതിയെ കളിക്കാൻ തുടങ്ങിയ ബാഴ്‌സ, കളിയുടെ ടെമ്പോ കുറക്കാൻ ശ്രമിച്ചു. അതോടെ പതിയെ റോമയും തങ്ങളുടെ പാതിയിലേക്ക് പിൻവാങ്ങി തുടങ്ങി. തുടർന്ന് പന്തിൽ പൂർണ്ണമായും ആധിപത്യം സ്ഥാപിച്ച ബാഴ്‌സയെ ആണ് കണ്ടത്. പക്ഷെ പതിവ് പോലെ കൂട്ടം ചേർന്നുള്ള ആക്രമണങ്ങൾ അധികം കാണാൻ കഴിഞ്ഞില്ല. പൂർണ്ണമായും ഫിറ്റ് അല്ലാത്ത മെസ്സിയും ബുസിയും സ്വാഭാവിക കളി പുറത്തെടുക്കാൻ കഴിയാതെ പോയതിനാൽ തന്നെ ടീമിന്റെ ആക്രമണത്തിൽ അത് ഏറെ ബാധിച്ചു. പതിവിനു വിപരീതമായി എല്ലാവരും ലോങ്ങ് റേഞ്ച് ഗോളുകൾക്ക് ശ്രമിക്കുന്നതായി തോന്നി. മെസ്സിയും, ഇനിയേസ്റ്റയും, സുവാരസും, റാക്കിയുമെല്ലാം ബോക്‌സിന് പുറത്തു നിന്ന് ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഇടയിൽ ഇനിയേസ്റ്റ നൽകിയ മനോഹരമായ പാസിൽ സുവാരസ് ലക്ഷ്യം കണ്ടെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് അതിനോടകം ഉയർന്നിരുന്നു. ആദ്യ ഗോളിനായി ബാഴ്‌സയ്ക്ക് മുപ്പത്തിയെട്ടാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. റാക്കി ഇനിയേസ്റ്റ, മെസ്സി എന്നിവർ ചേർന്ന് ബോക്സിന്റെ വലത് മൂലയിൽ നടത്തിയ വൺ ടച് പാസുകൾക്കൊടുവിൽ ഇനിയേസ്റ്റയുടെ പാസ് മെസ്സിയെ ലക്ഷ്യമാക്കി നീങ്ങി. പോസ്റ്റിനു മുൻപിലേക്കെത്തുന്ന മെസ്സിയുടെ മുൻപിലേക്ക് നീങ്ങുന്ന പന്ത് തിരിച്ചുവിടാൻ റോമ താരം ഡി റോസി ശ്രമിച്ചപ്പോൾ പന്ത് പോയത് സ്വന്തം ഗോൾ പോസ്റ്റിലേക്കായിരുന്നു. അത്രയും സമയം ബാഴ്‌സയെ തടഞ്ഞു നിർത്തിയ റോമൻ പ്രതിരോധം ആദ്യമായി പരാജയപ്പെട്ടു. ഇടവേളക്ക് തൊട്ടു മുൻപ് ബാഴ്‌സ ബോക്‌സിന് തൊട്ടു വെളിയിൽ ഒരു മികച്ച ഫ്രീകിക്കിന് റോമക്ക് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.
രണ്ടാം പകുതി വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് തുടങ്ങിയത്. മെസ്സിയുടെ ചില ഒറ്റയാൾ പോരാട്ടങ്ങൾ തുടർന്ന് കൊണ്ടിരുന്നെങ്കിലും പൂർണ്ണമായും ഫിറ്റ് അല്ലാത്ത മെസ്സിക്ക് കൂടുതൽ അപകടങ്ങൾ സൃഷ്ട്ടിക്കാൻ സാധിച്ചില്ല. എങ്കിലും വലത് വിങ്ങിൽ സെമെഡോ നടത്തിയിരുന്ന ചില മികച്ച മുന്നേറ്റങ്ങൾ ബാഴ്‌സയെ ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ സ്‌കോർ നില ഉയർത്താൻ ബാഴ്‌സയ്ക്ക് സാധിച്ചു. ഇത്തവണ വലതു വിങ്ങിൽ നിന്നും റാക്കി നൽകിയ ക്രോസിൽ ഉംറ്റിറ്റി കാൽ വച്ചെങ്കിലും പന്ത് പോസ്റ്റിൽ തട്ടി തിരികെ വന്നു. പക്ഷെ എതിർ കളിക്കാരന്റെ ദേഹത്ത് സ്പർശിച്ച പന്ത് തിരികെ പോസ്റ്റിലേക്ക് നീങ്ങി, ബാഴ്‌സക്ക് രണ്ടാം സെൽഫ് ഗോൾ സമ്മാനമായി നൽകി. അധികം വൈകാതെ തന്നെ മൂന്നാം ഗോളും നേടാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞു. ബാഴ്‌സയുടെ ഗോൾ മുഖത്ത് നിന്ന് റിക്കവർ ചെയ്ത പന്ത്, തിരികെ റോമയുടെ ബോക്സിലേക്ക് അതിവേഗം എത്തി. മെസ്സിയുടെ പാസ് സ്വീകരിച്ചു സുവാരസ് ഉതിർത്ത ഷോട്ട് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും പന്ത് എത്തിയത് പീക്കെയുടെ മുൻപിലേക്ക്. കീപ്പർ പോലുമില്ലാത്ത ഗോൾ പോസ്റ്റിലേക്ക് ആ പന്ത് തട്ടിയിടേണ്ട ഒരു ചെറിയ ജോലി മാത്രമായിരുന്നു പീക്കേക്ക് നിർവഹിക്കാനുണ്ടായിരുന്നത്. എന്നാൽ മൂന്ന് ഗോൾ ലീഡ് നേടിയതോടെ ബാഴ്‌സ സാമാന്യം നല്ല രീതിയിൽ തന്നെ ഉഴപ്പി കളിക്കാൻ ആരംഭിച്ചു. അനാവശ്യമായ നീക്കങ്ങൾ കൂടുതൽ അപകടകരമായി നീങ്ങിത്തുടങ്ങി. ഒരുവേള സ്റ്റീഗൻ കാണിച്ച അബദ്ധം ഗോളിൽ കലാശിക്കുമെന്ന് തോന്നിച്ചെങ്കിലും സ്റ്റീഗൻ തന്നെ അസാമാന്യമായി അത് രക്ഷപ്പെടുത്തി. എങ്കിലും അധികം വൈകാതെ അലംഭാവം കാണിച്ചതിനുള്ള ശിക്ഷയും ലഭിച്ചു. പ്രതിരോധത്തിന് പിഴച്ചപ്പോൾ റോമ ഒരു ഗോൾ മടക്കി. ഏറെ നിർണ്ണായകമായ എവേ ഗോൾ. പ്രത്യക്ഷത്തിൽ വലിയ ഭയം തോന്നില്ലെങ്കിലും എവേ ഗോൾ വഴങ്ങുന്നത് ഒരു നല്ല പ്രവണതയല്ല. ഇടയിൽ ചെറിയ ബുദ്ധിമുട്ട് തോന്നിയ ബുസിയെ മാറ്റി പൗളിഞ്ഞോയെയും, ഇനിയേസ്റ്റയെ മാറ്റി ഡെനിസ് സുവാരസിനേയും റോബർട്ടോയെ പിൻവലിച്ചു ഗോമസിനെയും കളത്തിലിറക്കി. ലഭിക്കുന്ന ചെറിയ സമയത്താണെങ്കിലും തന്നാലാവും വിധം മികവ് തെളിയിക്കാൻ ഡെനിസ് സുവാരസിന് കഴിയുന്നുണ്ട്. ഇന്നലെയും അദ്ദേഹത്തിന് അതിന് കഴിഞ്ഞു. റൈറ്റ് വിങ്ങിൽ നിന്നും സെമെഡോ ഉയർത്തി നൽകിയ പന്ത് ലഭിച്ചത് ഇടത് വിങ്ങിൽ നിൽക്കുകയായിരുന്ന ഡെനിസിന്. പന്ത് സ്വീകരിച്ചു മികച്ച അവസരത്തിനായി കാത്തുനിന്ന ഡെനിസ്, ശേഷം ബോക്സിലേക്ക് ആ പന്ത് നൽകി. അവിടെ ഹാജരുണ്ടായിരുന്ന സുവാരസിന് ആദ്യം ആ പന്ത് ലഭിച്ചില്ലെങ്കിലും എതിർ ഡിഫൻഡർ തടഞ്ഞ പന്ത് ചെന്നെത്തിയത് സുവാരസിന്റെ മുൻപിൽ, ഒരു ഇടംകാലൻ ഷോട്ട് ഗോളിക്ക് അവസരമേതും നൽകാതെ വലയിൽ. ഏറെ നാളുകൾക്ക് ശേഷം എൽ പിസ്റ്റലേറൊ ചാമ്പ്യൻസ് ലീഗിൽ ഒരു ഗോൾ നേടി. അധികം വൈകാതെ ആദ്യ പാദ മത്സരം പൂർണ്ണമായി. അടുത്ത പാദത്തിനായുള്ള കാത്തുനിൽപ്പ് ആരംഭിച്ചുകൊണ്ട്, ഒന്നാം പാദം ബാഴ്‌സ തങ്ങളുടെ പേരിലാക്കി.
നമ്മൾ പ്രതീക്ഷിച്ച ഒരു സ്‌കോർലൈൻ തന്നെ. മുൻകാലങ്ങളിലെ മത്സരങ്ങളിലും ഇതും ഇതിലും വലിയതുമായ സ്‌കോർ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ഇന്നലത്തെ പ്രകടനവും സ്‌കോർ ബോർഡും തമ്മിൽ ചേരുന്നില്ല എന്നതാണ് സത്യം. അത്രമേൽ ആധികാരികമായ കളിയായിരുന്നു എന്ന് തോന്നുന്നില്ല. പന്ത് നമ്മുടെ കൈവശം തന്നെയായിരുന്നു, പക്ഷെ മികച്ച നീക്കങ്ങൾ നെയ്തെടുക്കാൻ ഇന്നലെ കഴിഞ്ഞില്ല. ഒരു പക്ഷെ നമ്മുടെ നെടുംതൂൺ ആയ ബുസി പൂർണ്ണമായും ഫിറ്റ് അല്ലാത്തതിന്റെ പ്രശ്നങ്ങൾ ആവാം. ഒപ്പം മെസ്സിയും പൂർണ്ണമായും ഫിറ്റ് ആയിരുന്നില്ല എന്ന് തോന്നിച്ചു. ഇവർ രണ്ട് പേരും പ്രതീക്ഷക്കൊത്തു ഉയർന്നില്ലെങ്കിൽ ടീമിന്റെ പ്രകടനം താഴെപോകുന്നത് സ്വാഭാവികം. എങ്കിലും ടീം നന്നായി തന്നെ കളിച്ചു എന്ന് പറയാം.മൂന്നാം ഗോൾ അടിച്ചതിൽ പിന്നെ ടീം കാണിച്ച ചെറിയ അലംഭാവം ഒഴിച്ച് നിർത്തിയാൽ മത്സരം സദാസമയവും തങ്ങളുടെ അധീനതയിൽ നിർത്താൻ ടീമിന് സാധിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേർ മോശമായാൽ ടീം ഒന്നടങ്കം മോശമാകുന്നരീതിക്ക് മാറ്റമുണ്ട്.
വ്യക്തിഗത പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ സെമെഡോ, റാക്കി, പീക്കെ, എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വലതു വിങ് സജീവമാക്കി നിർത്തുന്നതിൽ സെമെഡോ വഹിച്ച പങ്ക് വളരെ വലുതാണ്. അതും ഒരു നീണ്ട ഇഞ്ചുറി കഴിഞ്ഞു വന്ന ആദ്യമത്സരത്തിൽ തന്നെ തിളങ്ങിയത് ഏറെ ബോധിച്ചു. ഡിഫെൻസിലും ഒഫെൻസിലും നന്നായി പങ്കെടുത്തിരുന്നു. ബോൾ റിക്കവറി ഒക്കെ നന്നായി. എങ്കിലും അറ്റാക്കിങ്ങിൽ ഇനിയുമേറെ മെച്ചെപ്പെടാനിരിക്കുന്നു. ഫൈനൽ തേർഡിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഏറെ മെച്ചപ്പെടാനുണ്ട്. ഇന്ന് കൂടുതൽ ആക്രമണം കാഴ്ചവെക്കാൻ റാക്കിക്ക് സാധിച്ചിട്ടുണ്ട്. ചില റോക്കിറ്റിച് ഷോട്ടുകൾക്ക് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇന്നത്തെ ഗോളോടെ ബാഴ്‌സക്കായി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ ബാഴ്‌സ ഡിഫൻഡർ എന്ന റെക്കോർഡ് പീക്കെ സ്വന്തമാക്കി. കാൽ മുട്ടിലെ പരിക്കിനിടയിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ലീഗിലെ മത്സരങ്ങളിൽ ഇടക്ക് അദ്ദേഹത്തിന് അൽപ്പം വിശ്രമം അനുവദിക്കാം എന്ന് തോന്നുന്നു. ഇവരോടൊപ്പം ഡെനിസ് സുവാരസിനെ കൂടി പരാമർശിക്കണം എന്ന് തോന്നുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളും അവസാനം ഏതാനും മിനിറ്റുകൾ മാത്രമാണ് ലഭിച്ചതെങ്കിലും എല്ലാവരെയും സംത്യപ്തരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഡ്രിബ്ലിങ് എല്ലാം മനോഹരം, ഒപ്പം കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ ഗോൾ ഒരുക്കാൻ അദ്ദേഹത്തിന് ഇന്നലെയും സാധിച്ചു. വരും മത്സരങ്ങളിൽ കൂടുതൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ്. ഒപ്പം സുവാരസ് മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഒട്ടേറെ സമയങ്ങളിൽ അദ്ദേഹം വളരെ അനായാസമായി പന്ത് നഷ്ടപ്പെടുത്തുന്നത് കണ്ടു. ചാമ്പ്യൻസ് ലീഗും , ലാലിഗയും അതിന്റെ സുപ്രധാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ സുവാരസിനെ പോലെയുള്ള കളിക്കാരിൽ നിന്നും നമ്മൾ ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
ഇപ്പോൾ ഏറെ മികച്ച ഒരു മുൻതൂക്കം നമുക്ക് ഉണ്ട്. പക്ഷെ ഇനിയും 90 നിമിഷങ്ങൾ കളി ഉണ്ട്. ഫുട്ബാൾ പലപ്പോഴും പ്രവചനാതീതമാണ്. മികച്ച പ്രകടനം പുറത്തെടുത്താലേ ഇനിയും മുന്നേറാനാകൂ. റോമിൽ അവരുടെ തട്ടകത്തിൽ ചെല്ലുമ്പോൾ ഇതിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് സെമിഫൈനലിന് ആധികാരികമായി യോഗ്യത നേടാൻ ടീമിനാകട്ടെ എന്ന് ആശംസിക്കുകയാണ്.
#RETARD
©www.culesofkerala.com
