മാച്ച് റിവ്യൂ – ബാഴ്‌സലോണ 2 – 1 ഡീപോർട്ടീവോ അലാവേസ്
ഒരു പക്ഷെ നമ്മളെല്ലാവരും ഓർക്കാൻ ഇഷ്ട്ടപ്പെടാത്തൊരു മത്സരം. മികച്ച വിജയമെന്ന പ്രതീക്ഷയിൽ മത്സരത്തിനായി കാത്തിരുന്നിട്ട്, ശരാശരിയിലും താഴെ ഒതുങ്ങിപ്പോയ ഒരു പ്രകടനം. ഈ സീസണിലെ ആദ്യ ലീഗ് പരാജയത്തിലേക്ക് എന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷങ്ങളിലെ പോരാട്ടവീര്യം മുതലെടുത്തു വിജയവഴിയിലേക്ക് തിരികെയെത്തിയ ഒരു മത്സരമായിരുന്നു ഇന്നലത്തേതു. മത്സരത്തിന് അധികം പ്രായമാകും മുൻപേ വഴങ്ങിയ ഗോളിൽ തോൽവിയിലേക്കെന്ന് തോന്നിച്ചെങ്കിലും, തോൽക്കാൻ മനസ്സില്ലാത്ത ചിലരും അവിടെ ഉണ്ടായിരുന്നു. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് ഓർമ്മപ്പെടുത്തി ഇനിയേസ്റ്റയും ശരാശരിയിൽ താഴെയുള്ള പ്രകടനമായിരുന്നിട്ട് കൂടി വെറും ഒരു നിമിഷം മതി എല്ലാം കീഴ്മേൽ മറിക്കാൻ എന്ന് ബോധ്യപ്പെടുത്തി മെസ്സിയും ചേർന്ന് ബാഴ്‌സയെ വിജയവഴിയിൽ തിരികെയെത്തിച്ചു.
നമ്മൾ പ്രതീക്ഷിച്ച അത്ര റൊട്ടേഷൻ ഇന്നലെ വൽവേർദേ നടപ്പിലാക്കിയില്ല. ബുസി, ആൽബ, റോബർട്ടോ എന്നിവരെ മാത്രമാണ് അദ്ദേഹം പുറത്തിരുത്താൻ തീരുമാനിച്ചത്. ഇനിയേസ്റ്റ, സുവാരസ്, മെസ്സി തുടങ്ങിയവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പക്ഷെ എല്ലാവരെയും അമ്പരപ്പിച്ചത് കളിയിൽ ടീം അംഗങ്ങൾ സ്വീകരിച്ച പൊസിഷൻ ആയിരുന്നു.സുവാരസ് ലെഫ്റ്റിലും മെസ്സി മധ്യത്തിലും കൊട്ടീഞ്ഞോ റൈറ്റ് സൈഡിലും അണിനിരന്നപ്പോൾ കോച്ചിന്റെ യഥാർത്ഥ പദ്ധതി എന്തെന്ന് വ്യക്തമായില്ല. പക്ഷെ അത് വിജയമായിരുന്നോ .? വഴിയേ കാണാം.
നമ്മൾ ആഗ്രഹിക്കുന്ന ആദ്യ നിമിഷങ്ങളായിരുന്നു കളിയിൽ കണ്ടത്. ആദ്യ നിമിഷം മുതൽ കളി നമ്മുടെ കൈകളിൽ. അധികം മുന്നോട്ടാഞ്ഞു ആക്രമിക്കാൻ മുതിരാത്ത അലാവേസിനെ കണ്ടപ്പോൾ ഇന്ന് എതിരില്ലാത്ത ഗോളുകൾക്ക് വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു നമ്മളെല്ലാം. പന്ത് നമ്മുടെ കൈകളിൽ തന്നെയായിരുന്നെങ്കിലും എന്തോ മിസ്സിംഗ് കളിയിൽ ഉണ്ടായിരുന്നു. ഫൈനൽ പാസുകൾ അങ്ങോട്ട് മെച്ചമില്ല. കളിക്കാർ തമ്മിലുള്ള കോർഡിനേഷനിലും ഒരു അപാകത. ഏറ്റവും പ്രധാനമായി തോന്നിയത് പരിചിതമല്ലാത്ത പൊസിഷനിൽ കളിക്കുന്ന മെസ്സിയുടെയും കൊട്ടീഞ്ഞോയുടെയും പ്രകടനമായിരുന്നു. ഇരുവരും അൽപ്പം ബുദ്ധിമുട്ടിലാണ് എന്ന് തോന്നിച്ചു. എങ്കിലും മത്സരം ബാഴ്‌സയുടെ കൈകളിൽ തന്നെയായിരുന്നു, പതിനഞ്ചാം മിനിറ്റ് വരെ. അമിത ആത്മവിശ്വാസവുമായി ഹൈലൈനിൽ നിൽക്കുന്ന ബാഴ്‌സയുടെ ഡിഫെൻസിനെ കബളിപ്പിച്ചു പന്തുമായി മുന്നേറിയ അലാവേസ് ഒരു ഗോളിന് അടുത്തെത്തിയെങ്കിലും സ്റ്റെഗന്റെ അവസരോചിതമായ ഇടപെടലാണ് നമ്മളെ രക്ഷിച്ചത്. പക്ഷെ ആ മുന്നറിയിപ്പ് അവഗണിച്ച ബാഴ്‌സ അധികം വൈകാതെ വലിയ വില തന്നെ കൊടുക്കേണ്ടി വന്നു. അലാവേസ് ബോക്സിൽ മെസ്സിയിൽ നിന്നും നഷ്ട്ടമായ പന്ത് പിടിച്ചെടുത്ത അലാവേസ് നമ്മുടെ പ്രതിരോധത്തെ കീറിമുറിച്ചു നൽകിയ ഒരു പാസ് ഓടിയെത്തി ഗുഡിറ്റി സ്വന്തമാക്കുമ്പോൾ നമ്മുടെ പ്രതിരോധഭടന്മാർ ചിത്രത്തിലേ ഇല്ല. അതിവേഗത്തിൽ മുന്നോട്ടെത്തിയ ഗുഡിറ്റി പോസ്റ്റിന് തൊട്ടു മുന്നിൽ നിന്നും നിറയൊഴിക്കുമ്പോൾ സ്റ്റേഗന് കാഴ്ചക്കാരനാവാൻ അല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ആവേശത്തിൽ പൊസിഷൻ മറന്ന ബാഴ്‌സ അതിന് നൽകിയ വിലയായിരുന്നു ആ ഗോൾ. ഒരു ഗോൾ വീണെങ്കിലും ബാഴ്‌സയുടെ കളിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. തുടർച്ചയായ മത്സരങ്ങളുടെ ബാഹുല്യം മൂലമാകാം കളിക്കാർ ക്ഷീണിതരായി കാണപ്പെട്ടു. ഒപ്പം ഇരു വിങ് ബാക്കുകളും സ്വാഭാവികമായി ബാഴ്‌സയിൽ നടത്തുന്ന ഫോർവേർഡ് റണ്ണുകളും ഇല്ലാതായപ്പോൾ ബാഴ്‌സ അലാവേസിന് ഒരു ഭീഷണി അല്ലാതായി മാറി. എങ്കിലും ഇടവേളക്ക് പിരിയുന്നതിനു തൊട്ട് മുൻപ് മെസ്സിയുടെ ഫ്രീകിക്ക് അലാവേസ് കീപ്പറും പോസ്റ്റും ചേർന്ന് രക്ഷപ്പെടുത്തുന്നത് കണ്ടപ്പോൾ ചങ്കിടിച്ചു.
രണ്ടാം പകുതിയിൽ ഏറെ മെച്ചപ്പെട്ട ബാഴ്‌സ കണ്ടുതുടങ്ങി. വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിലെ കുറവ് കണ്ടറിഞ്ഞ വൽവേർദേ ആ രണ്ട് പൊസിഷനിലും ഒരേ സമയം മാറ്റം വരുത്തി. ആൽബയും റോബർട്ടോയും കളത്തിൽ. ഒപ്പം കൊട്ടീഞ്ഞോയെ പിൻവലിച്ചു പാക്കോ ആൽക്കസ്സറിനെയും കളത്തിലെത്തിച്ചു. ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വന്ന സമയമായിരുന്നു അത്. മെസ്സി വീണ്ടും റൈറ്റ് വിങ്ങിലേക്ക് കൂടുതൽ നീങ്ങിയപ്പോൾ കൂടുതൽ ഊർജസ്വലനായി കാണപ്പെട്ടു. ഒപ്പം ഇടതു വിങ്ങിൽ ആൽബയും കൂടി എത്തിയപ്പോൾ ബാഴ്‌സ മികച്ച ആക്രമണങ്ങൾ നെയ്തെടുക്കാൻ ആരംഭിച്ചു. ഇടയിൽ ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മത്സരത്തിലേക്ക് ബാഴ്‌സയുടെ തിരിച്ചുവരവ് എഴുപത്തി ഒന്നാം മിനിറ്റിലായിരുന്നു. ഇടതു വിങ്ങിൽ മൂന്ന് പേരെ കബളിപ്പിച്ചു പന്തുമായി കയറിയ ഇനിയേസ്റ്റ കോർണറിനു സമീപം ഉയർത്തി നൽകിയ പന്ത് ഫാർ പോസ്റ്റിനുമപ്പുറം നിൽക്കുകയായിരുന്ന സുവാരസിന് നേരെ. പന്ത് നിലംതൊടുംമുമ്പേയുള്ള സുവാരസിന്റെ വോളി അലാവേസിന്റെ പോസ്റ്റിലേക്ക്.!!! ശ്വാസം തിരികെ കിട്ടിയ നിമിഷമായിരുന്നു അത്. പരാജയം എന്ന വലിയ ഭീതിയിൽ നിന്നും അൽപ്പം ആശ്വാസം ലഭിച്ച ടീം കൂടുതൽ ഊർജസ്വലരായി. പക്ഷെ അപ്പോഴും ഡിഫെൻസിലെ പോരായ്മകൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. ഒരുവേള അലാവേസിന് ലഭിച്ച സുവർണ്ണാവസരം പോസ്റ്റിനെ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും പീക്കെയുടെ ദേഹത്ത് സ്പർശിച്ചാണ് ലക്ഷ്യത്തിൽ നിന്നും തെന്നി മാറിയത്. പക്ഷെ ബാഴ്‌സയുടെ നിമിഷം വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. എൺപത്തിരണ്ടാം നിമിഷത്തിൽ അലാവേസ് ബോക്‌സിന് തൊട്ടു വെളിയിൽ നിന്നും ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായി പോസ്റ്റിലേക്ക് തൊടുത്തുവിട്ട മെസ്സി, ഇത്തവണ കീപ്പറെ തീർത്തും നിഷ്പ്രഭനാക്കി. പതിവിലും താഴെ പെർഫോം ചെയ്ത ഒരു മത്സരത്തിലും ഒരു നിമിഷം കൊണ്ട് മെസ്സി അതെല്ലാം കീഴ്മേൽ മറിച്ചിരിക്കുന്നു. തുടർന്ന് കാര്യമായ മാറ്റങ്ങളില്ലാതെ മത്സരം പൂർത്തിയായപ്പോൾ ഒരു അപ്രതീക്ഷിത വിജയത്തിന്റെ ആശ്വാസത്തിലായിരുന്നു നമ്മളെല്ലാം.
ഒരിക്കലും തൃപ്‌തി തരാത്ത ഒരു മത്സരമായിരുന്നു ഇന്നലെ. നമ്മുടെ പ്രതീക്ഷകൾക്ക് ഒത്ത പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനമായി തോന്നിയത് കളിക്കാരുടെ ക്ഷീണമാണ്. തുടർച്ചയായ മത്സരങ്ങളുടെ ആധിക്യം കളിക്കാരെ ബാധിക്കാനിടയുണ്ടെന്ന ആശങ്ക ഞങ്ങൾ നേരത്തെ പങ്കുവെച്ചിരുന്നു. അത് സത്യമായി തന്നെ പുലർന്നു. എല്ലാവരും ക്ഷീണിതരായി കാണപ്പെട്ടു. ഓട്ടങ്ങൾക്ക് വേഗതയില്ല, പാസുകൾക്ക് കൃത്യതയില്ല, ബോൾ കൺട്രോൾ ഇല്ല എന്നിങ്ങനെ അവശതയുടെ ലക്ഷണങ്ങൾ ടീം അംഗങ്ങൾ എല്ലാവരും ഇന്നലെ കാണിച്ചിരുന്നു. റൊട്ടേഷൻ നടത്തിയ കളിക്കാരാകട്ടെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തുമില്ല. ഓവർലാപ് ചെയ്തു കയറേണ്ട ഇടത് വലതു വിങ്ങുകളിൽ അത്തരം നീക്കങ്ങൾ കുറവായതു ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു. ഒടുവിൽ ആൽബയെയും റോബർട്ടോയെയും തിരികെ വിളിക്കാൻ കോച്ച് നിർബന്ധിതനാവുകയും ചെയ്തു. മറ്റൊരു പ്രധാന കാര്യം മെസ്സിയും കൊട്ടീഞ്ഞോയും സ്വീകരിച്ച പൊസിഷൻ ആയിരുന്നു. മെസ്സി വലതു വിങ്ങിലും കൊട്ടീഞ്ഞോ ഇടതു വിങ്ങിലുമായിരിക്കും കൂടുതൽ അഭികാമ്യമെന്നു തോന്നുന്നു . ഇരുവരും വർഷങ്ങളായി കളിക്കുന്ന പൊസിഷൻ പെട്ടന്ന് ഒരു ദിവസം മാറ്റേണ്ടിയിരുന്നില്ല എന്ന് തോന്നി. അതോടൊപ്പം തന്നെ പ്രതിരോധത്തിലെ പാളിച്ചകൾ ധാരാളമായിരുന്നു. എത്ര അനായാസ മത്സരമായാലും പൊസിഷൻ മറന്നാൽ കനത്ത നാശമായിരിക്കും നേരിടേണ്ടി വരിക.
എങ്കിലും തളരാതെ പിടിച്ചു നിന്ന് വിജയം സ്വന്തമാക്കിയതിൽ സന്തോഷവുമുണ്ട്. ആൽബയുടെയും റോബർട്ടോയുടെയും വരവോടെ കളി മെച്ചപ്പെട്ടു. ഇരുവരും നമ്മുടെ ടീമിൽ എത്ര പ്രധാനികളാണെന്നു ഒന്ന് കൂടി ഓർമ്മപ്പെടുത്തി. ഒപ്പം തോൽക്കാൻ മനസ്സില്ലാത്ത ഒരു പോരാളി ഇനിയേസ്റ്റയായിരുന്നു. തന്റെ പ്രായത്തെ സംബന്ധിച്ച ആശങ്കകളെ കാറ്റിൽ പറത്തി അദ്ദേഹം കാഴ്ചവെച്ച പ്രകടനം ജീവിതത്തിൽ ഞങ്ങൾ മറക്കില്ല. പലകുറി ഒറ്റയാൾ പോരാട്ടമെന്നു തോന്നിച്ച അദ്ദേഹമായിരുന്നു നമ്മുടെ പ്രതീക്ഷകൾ എല്ലാം തന്നെ ചുമലിലേറ്റിയത്. കൊട്ടീഞ്ഞോ ടീമിനോട് ഒത്തിണങ്ങി കഴിഞ്ഞാൽ കൂടുതൽ വിശ്രമം നൽകാൻ കഴിയുമെന്നു ആശ്വസിക്കാം. അപ്പോൾ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് അദ്ദേഹത്തെ ആവശ്യാനുസരണം ഉപയോഗിക്കാം.
വ്യക്തിഗത പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ ആദ്യമേ പറഞ്ഞത് പോലെ കളിക്കാരെല്ലാം ക്ഷീണിതരായിരുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പകുതിയിൽ മെസ്സി ശരാശരിയിലും ഏറെ താഴെയായിരുന്നു. മിസ് പാസുകൾ, പോസെഷൻ നഷ്ടപ്പെടൽ എല്ലാം ഉണ്ടായിരുന്നു. എങ്കിലും അവസാന നിമിഷങ്ങളിൽ ടീം തന്നിൽ അർപ്പിച്ച വിശ്വാസത്തിനു അദ്ദേഹം മറുപടി നൽകി. സുവാരസും ആദ്യ പകുതിയിൽ മോശമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ മെച്ചപ്പട്ടു.ബാഴ്‌സയുടെ ചരിത്രത്തിൽ തുടർച്ചയായി 8 ലീഗ് ഗോളുകൾ നേടിയ താരമായി അദ്ദേഹം. കൊട്ടീഞ്ഞോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും പൊസിഷനിലെ വ്യത്യാസം അദ്ദേഹത്തെയും സാരമായി ബാധിച്ചു. വരും മത്സരങ്ങളിൽ തന്റെ താല്പര്യമുള്ള പൊസിഷനിൽ അദ്ദേഹത്തിനെ ഇറക്കും എന്ന് കരുതാം. ബുസിയുടെ അഭാവത്തിൽ റാക്കിയിൽ വളരെ മികച്ച ഒരു പ്രകടനമാണ് നമ്മൾ കണ്ടത് . ബുസ്കെറ്റ്സിന്റെ ലെവൽ എളുപ്പമല്ലെങ്കിലും തന്നെക്കൊണ്ട് ആവുന്നതിന്റെ എല്ലാം റാക്കി ഇന്നലെ നൽകി. എല്ലാവരെയും പോലെ ആദ്യ പകുതി നിരാശപ്പെടുത്തിയെങ്കിലും പൗളിഞ്ഞോ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു, ഒരുവേള ഗോളിന് തൊട്ടടുത്തെത്തിയതും ആണ്. കൂടുതൽ മെച്ചപ്പെടുക. പിൻനിര ഇന്നലെ ഏറെ നിരാശപ്പെടുത്തി. ആൽബയുടെ അഭാവം ഡിന്യേക്കും റോബർട്ടോയുടെ അഭാവം സെമെഡോക്കും നികത്തനായില്ല. ഓവർലാപ്പ് റണ്ണുകൾ കുറവായിരുന്നു. ഒപ്പം ഡിന്യേക്ക് ഇനിയേസ്റ്റയുമായി ഒത്തുപോകാൻ സാധിച്ചില്ല. പരിചയക്കുറവാണ് രണ്ട് പേർക്കും വിനയായത്. കൂടുതൽ മത്സര പരിചയം ലഭിച്ചാൽ മെച്ചപ്പെടും എന്ന് കരുതാം. പീക്കെയും ഉംറ്റിറ്റിയും ഇന്നലെ നിരാശപ്പെടുത്തി. പൊസിഷനിംഗ് എത്രമാത്രം പ്രധാനമാണെന്ന് ഇരുവർക്കും നന്നായി അറിയാം. എന്നിട്ടും പലതവണ ഔട്ട് ഓഫ് പൊസിഷൻ ആയതു വലിയ ഭീഷണിയാണ് ഉയർത്തിയത്. എങ്കിലും അതെല്ലാം ഇന്നലെ ഒരു മോശം ദിവസത്തിന്റെ ഫലങ്ങൾ ആണെന്ന് കരുതാനാണ് ഞങ്ങൾക്കിഷ്ടം. വരും മത്സരങ്ങളിൽ പ്രതിരോധം മികച്ചു നിൽക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഒരു ഗോൾ വഴങ്ങിയെങ്കിലും സ്റ്റേഗൻ നന്നായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ പ്രകടനമാണ് നമ്മളെ രക്ഷിച്ചത്.
പകരക്കാരായി ഇറങ്ങിയ അൽബ, റോബർട്ടോ, ആൽക്കസർ എന്നിവരെല്ലാം നന്നായി കളിച്ചു. ആൽബയും റോബർട്ടോയും മത്സരത്തിൽ വരുത്തിയ സ്വാധീനം ചെറുതല്ല. ഇവരുടെ സ്ഥാനങ്ങൾക്ക് ശ്രമിക്കുന്നവർ നേരിടാൻ പോകുന്ന കോമ്പറ്റീഷൻ ചെറുതല്ല എന്ന് ഇരുവരും എല്ലാവരെയും ഓർമ്മിപ്പിച്ചു.
തുടർച്ചയായ മത്സരങ്ങൾ മൂലമുള്ള ഒരു പ്രതിസന്ധിഘട്ടം ആയി കാണാനാണ് ഞങ്ങൾക്ക് താൽപര്യം . കോപ മത്സരങ്ങൾ നടക്കുന്ന സമയമായതിനാൽ കേവലം മൂന്ന് ദിവസത്തെ ഇടവേളയിൽ മത്സരങ്ങളുണ്ട്. അത് ടീമിനെ ബാധിക്കുന്നുണ്ടെന്ന് ഉറപ്പാണ്. അടുത്ത മത്സരം വലൻസിയയുമായുള്ള കോപ സെമി ഫൈനൽ ആണ്. അതിനു ശേഷം എസ്പാന്യോളുമായുള്ള ലാലിഗ, ശേഷം കോപ സെമി രണ്ടാം പാദം , അപ്പോൾ ഏറെ തിരക്കുള്ള രണ്ടാഴ്ചയാണ് വരുന്നത്. മികച്ച രീതിയിൽ റൊട്ടേഷൻ നടത്തി, പരാജയങ്ങളും പരിക്കുകളുമില്ലാതെ ഈ പ്രതിസന്ധിഘട്ടം മറികടക്കാൻ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.
©Penyadel Barca Kerala
