• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ 6 – 1 ഐബർ

  • Posted On September 20, 2017

ഏറെ നാളുകൾക്ക് ശേഷം ഏറെ സംതൃപ്തിയേകിയ ഒരു മത്സരം. തകർത്തു എന്ന് പറയാം. ഇങ്ങനെ ഗോളുകൾ അടിച്ചു കൂട്ടുന്ന മത്സരം കണ്ടിട്ട് കുറച്ചു നാളായി. കാമ്പ് നോവിൽ തന്റെ മുന്നൂറാം ഗോൾ നേട്ടത്തോടെ കാമ്പ് നോവിന്റെ രാജകുമാരൻ മുന്നിൽ നിന്നും പട നയിച്ചപ്പോൾ ബാഴ്‌സ അനായാസം ലീഗിലെ അഞ്ചാം മത്സരം കൈപ്പിടിയിലൊതുക്കി. ഒപ്പം നിറഞ്ഞു കളിച്ച പൊളിഞ്ഞോയും അവസരോചിതമായ ഗോളിലൂടെ ഡെനിസ് സുവാരസും ബാഴ്‌സയുടെ ശക്തി ലോകത്തിനു ദൃശ്യമാക്കി കൊടുത്തു. ബാഴ്‌സയുടെ ഏറ്റവും മുന്തിയ സ്‌ക്വാഡ് അല്ല ഇന്ന് ഇറങ്ങിയതെങ്കിൽ പോലും നല്ലൊരു മാർജ്ജിനിൽ നേടിയ വിജയം നമ്മളെ ആഹ്ലാദഭരിതരാക്കുന്നു. പരിക്കുകളും സസ്‌പെൻഷനും കൊണ്ട് ഏതെങ്കിലും കളിക്കാർ ലഭ്യമല്ലെങ്കിൽ , ആവനാഴിയിൽ വേറെയും ആയുധങ്ങൾ തങ്ങൾക്ക് ഉണ്ടെന്നു പതിയെ വ്യക്തമാക്കുകയാണ് ബാഴ്‌സ. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിലും മികച്ച ഒരു വിജയത്തിന്റെ മാറ്റ് ഒട്ടും കുറയുന്നില്ല.

ഏകദേശം പ്രതീക്ഷിച്ചതു പോലെ തന്നെയാണ് ബാഴ്‌സ ടീം സജ്ജമാക്കിയത്. ഇനിയേസ്റ്റയെ പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ പ്രതീക്ഷ പോലെ തന്നെ ഡെനിസ് സുവാരസ് കളത്തിലെത്തി. ഒപ്പം പൊളിഞ്ഞോ , സെമെഡോ എന്നിവരും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. അതിശയിപ്പിച്ച മാറ്റം ഫോമിൽ അല്ലാത്ത സുവാരസിനെ പുറത്തിരുത്താൻ വൽവെർദേ തയ്യാറായി എന്നുള്ളതാണ്. പകരം മെസിയെ സെന്റർ സ്‌ട്രൈക്കർ ആയി രംഗത്തിറക്കി. ആ തീരുമാനം ശരിവെക്കുന്നതുമാണ് ഇന്നത്തെ സ്‌കോർ നില.

പ്രതീക്ഷിച്ച പോലെ എളുപ്പമായിരുന്നില്ല മത്സരത്തിന്റെ തുടക്കം. ആദ്യ നിമിഷങ്ങളിൽ തന്നെ മികച്ച ഒരു അവസരം സൃഷ്ട്ടിച്ചുകൊണ്ട് ഐബർ ബാഴ്‌സയെ ഞെട്ടിച്ചു. ആദ്യമായി ഒന്നിച്ചു കളിക്കുന്ന ഇലവൻ ആയതിനാൽ തന്നെ ആദ്യ നിമിഷങ്ങളിൽ പാളിച്ചകൾ ദൃശ്യമായിരുന്നു. പാസുകളും പൊസിഷനിങ്ങും പലകുറി പാളി. എങ്കിലും പതിയെ ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വന്നു. മത്സരത്തിലെ ആദ്യ മികച്ച അവസരം വന്നത് ഒരു പെനാൽറ്റിയിലൂടെയാണ്. സെമെഡോയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി അനായാസം ഗോൾ ആക്കി മാറ്റി. ഒരു ഗോൾ വീണതോടെ കളിയിലും ആ മാറ്റം വ്യക്തമായി. മുപ്പത്തിയെട്ടാം മിനിറ്റിൽ രണ്ടാം ഗോൾ. ഇത്തവണ നമ്മുടെ സ്വന്തം പൊളിഞ്ഞോയുടെ വക ഒരു ഇടിവെട്ട് ഹെഡ്ഡർ. ഒരു ഗോൾ എന്നതിലുപരി നമ്മെ ഏറെ സന്തോഷിപ്പിക്കുന്നത് അത് വന്ന വഴിയാണ്. എത്ര കാലങ്ങൾക്ക് ശേഷമാണു ഏരിയൽ എബിലിറ്റി ഉപയോഗിച്ച് ഗോൾ നേടുന്നത്. ( കഴിഞ്ഞ മത്സരങ്ങളിൽ പിക്വെയും നേടിയിരുന്നു ). ബാഴ്‌സ മെച്ചപ്പെടേണ്ട ഒരു പ്രധാന ഭാഗവും അത് തന്നെയായിരുന്നു. ആദ്യ പകുതിക്ക് പിരിയുമ്പോൾ സ്‌കോർ 2 – 0.

ഈ മാച്ചുകളിൽ ശ്രദ്ധിച്ച ഒരു കാര്യമാണ് രണ്ടാം പകുതിയിൽ ബാഴ്‌സ കൂടുതൽ മെച്ചമായി കളിക്കുന്നു എന്നത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. രണ്ടാം പകുതി തുടങ്ങിയതും ബാഴ്‌സയുടെ ആക്രമണമായിരുന്നു. രണ്ട് വിങ്ങിൽ നിന്നും തുരുതുരാ അവസരങ്ങൾ. ഉടനെ വന്നു മൂന്നാം ഗോൾ. നേടിയത് ഡെനിസ് സുവാരസ്. പക്ഷെ ഈ ഗോളിന്റെ ക്രെഡിറ്റ് പകുതിയും പൊളിഞ്ഞോക്കുള്ളതാണ് മഷെറാനോയിൽ നിന്നും വന്ന ഒരു പാസ്. പൊളിഞ്ഞോയെ പൂട്ടാൻ രണ്ട് ഡിഫൻഡർമാർ ഒന്നിച്ചെത്തി. പുള്ളി നൈസ് ആയി ആ ബാൾ അങ്ങോട്ട് ലീവ് ചെയ്തു. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന മെസ്സി അതുമായി ബോക്സിലേക്ക് കയറി ഒരു ഷോട്ട്. പക്ഷെ മികച്ച ഒരു സേവോടെ കീപ്പർ ആ ശ്രമത്തിനു തടയിട്ടു. പക്ഷെ പന്ത് തിരികെയെത്തിയത് ഡെനിസ് സുവാരസിന്റെ കാൽകീഴിൽ .ഒന്ന് സ്റ്റോപ്പ് ചെയ്തിട്ട് ഒരു ബുള്ളറ്റ് ഷോട്ട്. ഗോൾ നമ്പർ 3. അവിടെ കൊണ്ടൊന്നും അവസാനിച്ചില്ല. തൊട്ടു പിറകെ വീണ്ടും മെസ്സി. ഇനിയേസ്റ്റ – ബുസി – മെസ്സി ത്രയത്തിന്റെ മികച്ച മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഒരു കിടുക്കാച്ചി പ്ലേസിങ് , പോസ്റ്റിനെ തൊട്ടുരുമ്മി പന്ത് വലയിൽ. തൊട്ടുപിന്നാലെ അടുത്ത ഗോളും വീണു. ഇത്തവണ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും തുടങ്ങിയ നീക്കം ഗോളിൽ കലാശിക്കുകയായിരുന്നു. ഐബറിന്റെ ഒരു മനോഹരമായ ശ്രമം ടെർ സ്റ്റീഗൻ പരാജയപ്പെടുത്തിയപ്പോൾ പന്ത് ക്ലിയർ ചെയ്ത ബാഴ്‌സ, അത് എത്തിച്ചത് മെസ്സിയുടെ കാൽക്കീഴിൽ. മികച്ച ഒരു മുന്നേറ്റം നടത്തിയ മെസ്സി ബോക്സിനു തൊട്ടു വെളിയിൽ ഒപ്പം കുതിച്ചെത്തിയ പൊളിഞ്ഞോക്ക് നൽകി. മെസ്സിയുടെ മനസ്സറിഞ്ഞ പോലെ പൊളിഞ്ഞോ അത് മെസ്സിക്കായി തിരിച്ചു നൽകി. ഇടതുകാലിന്റെ പുറംഭാഗം കൊണ്ട് ചെറിയ ഒരു ടച്. അത് മാത്രം മതിയായിരുന്നു പിന്നെ ഒരു ഗോളിന്. സീസണിലെ രണ്ടാം ഹാട്രിക്കോടെ മെസ്സി സ്‌കോർ ബോർഡ് പിന്നെയും ചലിപ്പിച്ചു. തുടർന്ന് ഗോളുകൾക്ക് ചെറിയ ശമനമുണ്ടായെങ്കിലും അവസാന നിമിഷങ്ങളിൽ വീണ്ടും ഒരെണ്ണം കൂടി പൊട്ടിച്ചു. ഇത്തവണ സബ്സ്റ്റിട്യൂട്ട് ആയി എത്തിയ വിദാലിന്റെ ഒരു പാസ് അതിമനോഹരമായി മെസ്സി ഗോളിലേക്ക് തിരിച്ചു വിട്ടു. ഒരു മനോഹരമായ ആ ടച്ചിലൂടെ എത്ര അനായാസമാണ് മെസ്സി അത്തരം ഗോളുകൾ നേടുന്നതെന്നു നമ്മളെ വീണ്ടും ചിന്തിപ്പിക്കുന്നു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്‌കോർ ബോർഡ് 6 – 1 .

കളിയെ കുറിച്ച് പറയുകയാണെങ്കിൽ ഫിനിഷിങ് ഒക്കെ വളരെ ഗംഭീരമായിരുന്നു. നന്നായി തന്നെ കളിച്ച ഐബർ കീപ്പർ ഗോൾ എണ്ണം ഇനിയും കൂടുന്നതിൽ നിന്നും തടഞ്ഞു.സുവാരസിനെ ആശ്രയിക്കാത്ത തീരുമാനം നന്നായി. ഒപ്പം മെസ്സിയെ മുൻപിൽ കളിപ്പിക്കാനുള്ള തീരുമാനവും. മുൻപ് നമ്മൾ ഭയപ്പെട്ടിരുന്നത് മെസ്സി മുൻനിരയിൽ തന്നെ കളിച്ചാൽ അവിടേക്ക് പന്തെത്തിക്കാൻ നമ്മുടെ മധ്യനിരക്ക് കഴിയുമോ എന്നുള്ളതാണ്. ആ ഉത്തരവാദിത്വം ഇന്ന് മറ്റുള്ളവർ നന്നായി തന്നെ ചെയ്തു. ഇത്തരം പരീക്ഷണങ്ങൾ ആണ് നമുക്ക് പല ഗുണങ്ങളും വ്യക്തമാക്കി തരുന്നത്. ഒപ്പം നമ്മുടെയെല്ലാം പ്രതീക്ഷകൾക്ക് വിരുദ്ധമായി പൊളിഞ്ഞോ തകർത്തു കളിച്ചു. ഗെയിം ബിൽഡപ്പിൽ അദ്ദേഹത്തിന്റെ സംഭാവന ഒട്ടു ചെറുതായിരുന്നില്ല. ഒപ്പം സെമെഡോ അങ്ങോട്ട് പൊളിച്ചടുക്കി. അടിപൊളി പ്രകടനം. അദ്ദേഹത്തിന്റെ ഓരോ നീക്കത്തിനും നിറഞ്ഞ കൈയടിയായിരുന്നു കാമ്പ് നോവിൽ . ടീം ഒന്നടങ്കം നന്നായിരുന്നു. എങ്കിലും പ്രതിരോധം പലപ്പോഴും പാളി. മികച്ച ലോങ്ങ് പാസുകളും , ഹെഡ്ഡറുകളുമെല്ലാം ഐബറും കാഴ്ചവെച്ചു. ഒരു ക്ളീൻഷീറ്റ് നഷ്ട്ടമായതിനൊപ്പം രണ്ട് തവണയാണ് പോസ്റ്റ് ബാഴ്‌സയെ രക്ഷിച്ചത്.ഉംറ്റിറ്റിയുടെ കുറവ് വ്യക്തമായിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെടാനുണ്ട്.

ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ

*മെസ്സി : ഒന്നും പറയാനില്ല. അടിച്ചും അടിപ്പിച്ചും ആശാൻ തകർത്തു. മുൻപ് പല തവണ കണ്ടിട്ടുണ്ടെങ്കിലും ഓരോ തവണ കാണുമ്പോഴും ഇദ്ദേഹത്തിന്റെ ഹാട്രിക്കുകൾ ഒരു ഹരമാണ്. എത്ര അനായാസമായാണ് ഇദ്ദേഹം ഹാട്രിക്ക് അടിക്കുന്നത്. സീസൺ തുടക്കത്തിൽ തുടങ്ങിയ മാരക ഫോം തുടരുക.

* സെമെഡോ : ഡാനി ആൽവേസ് ഒഴിച്ചിട്ട സിംഹാസനത്തിന് പുതിയ അവകാശിയെന്നു ഉറപ്പിച്ചു പറയാം. എത്ര പെട്ടന്നാണ് ബാഴ്‌സയുടെ രീതി സ്വായത്തമാക്കിയത്. ഡുലേഫോയുമായുള്ള കോമ്പിനേഷൻ കിടിലൻ ആണ്. മികച്ച പേസും . ഇനിയും കൂടുതൽ മെച്ചമാകുമെന്നു ഞങ്ങൾക്ക് ഉറപ്പാണ്.

* പൌളിഞ്ഞോ : വിമർശകരുടെ വായടപ്പിച്ച പ്രകടനം. നേടിയ ഗോൾ മാത്രമല്ല മത്സരത്തിലുടനീളം മികച്ചു തന്നെ കളിച്ചു.ആദ്യ നിമിഷങ്ങളിലെ പരിഭ്രമം ഒന്ന് രണ്ട് മിസ് പാസിൽ കലാശിച്ചെങ്കിലും പിന്നീടങ്ങോട്ട് തകർത്തു കളിച്ചു. മധ്യനിര മൊത്തത്തിൽ അടക്കി ഭരിച്ചപ്പോൾ, സൃഷ്ട്ടിച്ച അവസരങ്ങളും ധാരാളം. മെസ്സിയും പൊളിഞ്ഞോയും തമ്മിൽ നല്ല ഒരു ലിങ്ക് ഉണ്ട്.

* ഡെനിസ് സുവാരസ് : നന്നായി തന്നെ കളിച്ച എന്ന് പറയാം. മികച്ച റണ്ണിങ്ങും പാസിംഗും. അവസരോചിതമായ ഗോളും. ഒരു റീബൗണ്ട് ആയിരുന്നെങ്കിലും കൃത്യമായി സമയമെടുത്ത് ചെയ്ത രീതി ഇഷ്ട്ടപ്പെട്ടു. മികച്ച ഗോൾ സ്കോറിങ് ശേഷി ഉണ്ടെന്ന് തെളിയിക്കുകയാണ്. ഒന്ന് തേച്ചു മിനുക്കിയാൽ ഒരു ലോകോത്തര മിഡ് ഫീൽഡർ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* പ്രതിരോധം : മുൻപേ പറഞ്ഞത് പോലെ ഇനിയുമേറെ മെച്ചപ്പെടാനിരിക്കുന്നു. ഉംറ്റിറ്റിയും ആൽബയും ഇല്ലായിരുന്നെങ്കിലും ഇതിലും നല്ല ഒരു പ്രകടനമാണ് നമ്മൾ പ്രതീക്ഷിച്ചതു. വരും മത്സരങ്ങളിൽ ആ കുറവ് നികത്തുമെന്നു പ്രതീക്ഷിക്കാം.

* ഡുലേഫോ : ആൾ മികച്ചു തന്നെ കളിക്കുന്നുണ്ട്. പക്ഷെ അവസരോചിതമായി തീരുമാനങ്ങൾ എടുക്കുന്നതിൽ പിഴച്ചു പോകുന്നു. എത്ര മികച്ച അവസരങ്ങൾ ആണ് ഇന്ന് പാസിംഗ് നടത്താതെ നഷ്ടപ്പെടുത്തിയത്. രണ്ടോ മൂന്നോ ഗോളുകൾ ഇത്തരത്തിൽ നഷ്ടമായി. ഏറെ ഗോളുകൾ കണ്ട ഈ മത്സരത്തിൽ ഇത് ഒരു പ്രശ്നമായി തോന്നില്ലെങ്കിലും കൂടുതൽ മികച്ച ടീമുകളോടെ കളിക്കുമ്പോൾ ഒരു പക്ഷെ ഇത്തരത്തിൽ ഒരു അവസരം മാത്രമായിരിക്കും ലഭിക്കുക. അത് മിസ് ആക്കിയാൽ നഷ്ടമാകുന്നത് വിലപ്പെട്ട പോയിന്റുകൾ ആയിരിക്കും.

കൂടുതൽ ശ്രദ്ധാലുവാകേണ്ടിയിരിക്കുന്നു.

ടീം ഇന്ന് മൊത്തത്തിൽ മികച്ചു നിന്നിരുന്നു. നന്നായി കളിച്ചില്ലെങ്കിൽ ടീമിൽ ആർക്കും സ്ഥിരമായി സ്ഥാനം ഉണ്ടായിരിക്കില്ല എന്ന വ്യക്തായ സന്ദേശം വൽവെർദേ നൽകിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ കളിക്കാരുടെ ആത്മാർത്ഥതയിൽ പ്രകടമായ മാറ്റം കാണാം. ഒരു മത്സരബുദ്ധിയോടെ കളിക്കാർ അതേറ്റെടുത്താൽ ടീം കൂടുതൽ മെച്ചപ്പെടുന്നതും കാണാം. ഇപ്പോൾ മികച്ച രീതിയിൽ തന്നെ ടീം മുന്നേറുന്നുണ്ട്. ലീഗിൽ പെർഫെക്റ്റ് സ്റ്റാർട്ട് നടത്തിയ ടീം അഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപതു ഗോൾ സ്‌കോർ ചെയ്തു കേവലം രണ്ടെണ്ണം വഴങ്ങി പോയിന്റ് ടേബിളിൽ ഏറ്റവും മുകളിൽ ഉണ്ട്. മികച്ച പ്രകടനം തുടർന്നാൽ ആ നില ഭദ്രമായി തുടരാം. പ്രതീക്ഷകളോടെ ടീം കൂളെസ് ഓഫ് കേരള.

© Penyadel Barca Kerala

  • SHARE :