• Follow

മാച്ച് റിവ്യൂ – ബാഴ്‌സ 5 vs റയൽ ബെറ്റിസ്‌ 2

  • Posted On August 26, 2019

ആശങ്കകളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയ സായാഹ്നമായിരുന്നു ഇന്നലെ ബാഴ്‌സലോണയിൽ. ലീഗ് മത്സരമാണെങ്കിലും പതിവില്ലാത്ത വിധം ആരാധകരെല്ലാം ആശങ്കയിലായിരുന്നു. ബിൽബാവോക്കെതിരെയുള്ള ആദ്യ മത്സരം നിരാശാജനകമായ ഭവിച്ചതിലും, മുന്നേറ്റനിരക്കാരിൽ നാലിൽ മൂന്ന് പേരും ലഭ്യമല്ലാത്തതും കാറ്റാലൻ ഭീമന്മാരെ തെല്ലൊന്ന് വിറപ്പിച്ചു. ഓരോ മത്സരവും ഫൈനലാണെന്ന ഓർമ്മയിൽ മത്സരം ആരംഭിച്ചു. മികവുറ്റ തുടക്കം, പക്ഷെ പതിനഞ്ചം മിനിറ്റിൽ റയൽ ബെറ്റിസ്‌ ബാഴ്‌സയെ പിറകിലാക്കി. കാമ്പ് ന്യുവിലെ ആഹ്ലാദാരവങ്ങൾ ഒരു നിമിഷം നിലച്ചു. മറ്റൊരു മോശം ദിനം ഉറ്റുനോക്കുന്ന പോലെ. പക്ഷേ വിട്ടുകൊടുക്കാൻ ബാഴ്‌സ തയ്യാറായിരുന്നില്ല. സ്ഥിരം ഗോളടിക്കാരുടെ അഭാവത്തിൽ അന്റോണിയോ ഗ്രീസ്‌മാൻ ഗോൾ നേടാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു. ഇരട്ട ഗോളുകളിലൂടെ ഗ്രീസ്‌മാനും, ഓരോ ഗോൾ വീതം നേടി പെരെസും, ആൽബയും, വിദാലും ചേർന്ന് ബാഴ്‌സയെ വിജയതീരമണയിച്ചു. പക്ഷെ ഇന്നലത്തെ മത്സരം ഏറ്റവു കൂടുതൽ ഓർമ്മിപ്പിക്കപ്പെടുക മറ്റൊരു രീതിയിലായിരിക്കും. എഴുപത്തിയെട്ടാം മിനിറ്റിൽ കാമ്പ് ന്യുവിലെ പുല്തകിടിയിലേക്ക് ഒരു പതിനാറുകാരൻ ചുവടു വെച്ചപ്പോൾ ചരിത്രം തിരുത്തപ്പെടുകയായിരുന്നു. ജുവനൈൽ A യിൽ നിന്നും ഫസ്റ്റ് ടീമിലേക്ക് കടന്നു വന്ന അൻസു ഫാറ്റിയുടെ കാമ്പ് ന്യുവിലെ മത്സരം അങ്ങനെ ഒന്നും നമ്മുടെ ഓർമ്മകളിൽ നിന്നും മറയില്ല.

മെസ്സിയുടെ അഭാവത്തിൽ റാഫിന്യയും ഗ്രീസ്‌മാനും പെരെസും അണിനിരന്ന മുന്നേറ്റ നിരയായിരുന്നു ഇന്നലെ. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വിഭിന്നമായി റാഫിന്യ ഇടത്തെ വിങ്ങിലും പെരെസ് വലത്തേ വിങ്ങിലും വന്നു. മധ്യനിരയിൽ ഡി യോങ്, ബുസ്കെറ്റ്സ്, റോബർട്ടോ എന്ന ത്രയം ഇടം നേടി. പിൻനിരയിൽ മാറ്റങ്ങളില്ലാതെ സെമെടോ, പീക്കെ, ലെങ്ലെ, ആൽബ എന്നിവരും കീപ്പർ ആയി സ്റ്റീഗനും എത്തി.

ഏറെ ആവേശകരമായ തുടക്കം. ആദ്യ വിസിലിന് പിന്നാലെ ബാഴ്‌സ ആക്രമണങ്ങളും ആരംഭിച്ചു. സമീപകാലത്തു കാണാത്ത വിധത്തിലുള്ള അഗ്രെഷൻ എല്ലാവരിലും കാണാം.കളിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ ബാഴ്‌സ ഗോളിന് ഏറെ അടുത്തെത്തി. റയൽ ബെറ്റിസിന്റെ പിൻനിരയെ ഒരൊറ്റ പാസിലൂടെ മറികടന്ന് ബുസ്കെറ്റ്സ് നൽകിയ ത്രൂപാസ് കൃത്യമായി ഓടിയെത്തി ആൽബ ബോക്സിലേക്ക് കട്ട് ഇൻ ചെയ്തു നൽകിയെങ്കിലും റാഫിന്യയുടെ ഫിനിഷിങ്ങിലെ പോരായ്മ വിനയായി. നിരാശ എല്ലാവരുടെ മുഖത്ത് .തെളിഞ്ഞു കാണാം. ആദ്യ പകുതിയുടെ ഒട്ടുമിക്ക നിമിഷങ്ങളിലും ഇതേ നിരാശകളുടെ വേലിയേറ്റമായിരുന്നു. അപാരമായ മികവിടെ ടീം കളിച്ചപ്പോൾ, സൃഷ്ടിച്ചെടുത്ത അവസരങ്ങൾക്ക് എണ്ണമില്ല . പക്ഷേ ഫിനിഷിങ്ങിലെ പാളിച്ചകൾ ടീമിനെ ഗോളിൽ നിന്നും അകറ്റി. ഇടയിൽ ഇടിത്തീ പോലെ ബെറ്റിസിന്റെ ഗോൾ. ബുസ്കെറ്റ്സിന്റെ ഒരു സ്ലോപ്പി പാസ് പിടിച്ചെടുത്തു ബെറ്റിസ്‌ നടത്തിയ പ്രത്യാക്രമണത്തെ ചെറുക്കൻ നമുക്ക് കഴിഞ്ഞില്ല. മികച്ച ഒരു ഫിനിഷിംഗിലൂടെ നബീൽ ഫെകിർ ബെറ്റിസിന് ലീഡ് നൽകി. ഏറെ ആശങ്ക തോന്നിയ നിമിഷങ്ങളായിരുന്നു അത്. സ്വതവേ ഫിനിഷിങ്ങിൽ പിറകിൽ നിൽക്കുന്നു അപ്പോൾ ഗോളിൽ പിറകിലായാൽ ഉള്ള അവസ്ഥ എല്ലാവരെയും ഒന്ന് പേടിപ്പിച്ചു. പക്ഷെ അമിതാശങ്കകളില്ലാതെ ടീം മത്സരം തുടർന്നു. മനോഹരമായ വൺ ടച് പാസ് മൂവ്‌മെന്റിലൂടെ ടീം നടത്തിയ നീക്കങ്ങൾ ആരാധകരെ കോരിത്തരിപ്പിച്ചു. പക്ഷെ ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതി ഇത്തരത്തിൽ അവസാനിക്കേണ്ടി വരും എന്ന് തോന്നിയെങ്കിലും ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ ഗ്രീസ്മാൻ ബാഴ്‌സയെ മുന്നിലെത്തിച്ചു. വലത്തേ വിങ്ങിൽ സെമെടോ നടത്തിയ നീക്കത്തിനൊടുവിൽ റോബർട്ടോ ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് അതീവ മികവോടെ ഗ്രീസ്മാൻ വലയിലെത്തിച്ചു. ആശ്വാസത്തിന്റെ നിമിഷങ്ങൾ. അധികം വൈകാതെ ആദ്യ പകുതി അവസാനിച്ചു.

ലൈൻ അപ്പിൽ മാറ്റങ്ങൾ ഇല്ലാതെയാണ് രണ്ടാം പകുതി തുടങ്ങിയത്, പക്ഷെ കളിയിൽ ഏറെ മാറ്റങ്ങൾ ദൃശ്യമായിരുന്നു. ആദ്യ പകുതിയിൽ ഗോളുകൾക്ക് ക്ഷാമം നേരിട്ടപ്പോൾ, രണ്ടാം പകുതി ഗോളുകളുടെ തള്ളിക്കയറ്റമായിരുന്നു. രണ്ടാം പകുതി തുടങ്ങി കേവലം നാല് മിനിറ്റിനുള്ളിൽ ഗ്രീസ്മാൻ രണ്ടാമതും വല കുലുക്കി. ഇത്തവണയും റോബർട്ടോയുടെ അസിസ്റ്റ്. ബോക്സിന്റെ ഇടത്തെ മൂലയിൽ നിന്നും ഗ്രീസ്മാൻ ഉയർത്തിവിട്ട ഷോട്ട് കീപ്പർക്ക് ഒരു അവസരവും നൽകിയില്ല. വലതുവിങ്ങിൽ മികവുറ്റ പ്രകടനം നടത്തിയിരുന്ന പെരെസിന്റെ ആയിരുന്നു അടുത്ത ഊഴം. മത്സരത്തിലുടനീളം മിന്നി നിന്നെങ്കിലും നിർഭാഗ്യവശാൽ മാത്രം ഗോൾ അകന്നു നിന്ന പെരെസ് ആ കടം അങ്ങ് വീട്ടി. വലത്തേ വിങ്ങിൽ പന്തുമായി മുന്നേറിയെത്തിയ സെമെഡോ നൽകിയ പാസ് മനോഹരമായ ഫസ്റ്റ് ടച് കൊണ്ട് സ്വീകരിച്ചു ഇഷ്ടപ്പെട്ട ഇടംകാലുകൊണ്ട് മനോഹരമായി പോസ്റ്റിലേക്ക് പ്ലേസ് ചെയ്തപ്പോൾ, മറ്റൊരു മാസിയ പ്രൊഡക്ടിന്റെ ഗുണങ്ങൾ നമ്മൾ അവിടെ ദർശിക്കുകയായിരുന്നു. മത്സരത്തിലുടനീളം മികവോടെ കളിച്ച പെരെസ് അർഹിക്കുന്ന സമ്മാനം. അധികം വൈകാതെ അടുത്ത ഗോൾ. ഇത്തവണ ബെറ്റിസ്‌ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ലഭിച്ച പന്ത് ബുസ്കെറ്റ്സ് ഇടത്തെ വിങ്ങിൽ ആൽബക്ക് എത്തിപ്പിടിക്കാവുന്ന രീതിയിൽ നൽകി. പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ ആൽബ ഒരു വേള ശങ്കിച്ചെങ്കിലും പിന്നെ കൃത്യതയോടെ പോസ്റ്റിലേക്ക് പന്തെത്തിച്ചു. അതോടെ ബാഴ്‌സ മാറ്റങ്ങൾക്ക് മുതിർന്നു. ചെറിയ ബുദ്ധിമുട്ടുകൾ തോന്നിയ ബുസ്കെറ്റ്സിനെ മാറ്റി അർതുറോ വിദാൽ കളത്തിലെത്തി. കേവലം മൂന്ന് മിനിറ്റിനകം വിദാലും സ്‌കോർ ഷീറ്റിൽ ഇടം പിടിച്ചു. ഇത്തവണ പക്ഷെ ഗ്രീസ്മാൻ അസിസ്റ്റ് ആയിരുന്നു. ഇടയിൽ ബാഴ്‌സയുടെ ഒരു മോശം പാസ് പിടിച്ചെടുത്തു ബെറ്റിസ്‌ രണ്ടാം ഗോൾ തിരിച്ചടിച്ചു. ശേഷം ഏവരും കാത്തിരുന്നത് പോലെ ഫാറ്റിയുടെ രംഗപ്രവേശനം. കാർലോസ് പെരെസിന് പകരക്കാരനായി ഫാറ്റി വലത്തേ വിങ്ങിൽ. വന്ന ഉടനെ തന്നെ ഫാറ്റി എന്ത് കൊണ്ടാണ് തന്നെ ടീമിലേക്ക് വിളിപ്പിച്ചത് എന്ന് ലോകത്തിന് ബോധ്യമാക്കി കൊടുത്തു. പതിനാറുകാരന്റെ ചാപല്യമില്ലാതെ മികവാർന്ന കളി കാഴ്ചവെച്ച ഫാറ്റിയുടെ ഒരു മനോഹര ഷോട്ട് പോസ്റ്റിനെ ഉരുമ്മിയാണ് പുറത്തേക്ക് പോയത്. ശേഷം ജൂനിയർ ഫോർപ്പോ കൂടി കളത്തിലെത്തി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ബാഴ്‌സ 5-ബെറ്റിസ്‌ 2.

ഏറെ സന്തോഷം നൽകിയ ഒരു രാത്രിയാണ് കടന്നു പോയത്. ആദ്യ മത്സരത്തിലെ തോൽവിയും പരിക്കുകളും നമുക്ക് നൽകിയ ഭീതി മൂലം, ഏറെ ആശങ്കകളോടെയാണ് മത്സരം കാണാൻ ഇരുന്നത്. പക്ഷെ ആദ്യ നിമിഷം മുതൽ വല്ലാത്ത ഊർജ്ജത്തോടെ കളിക്കുന്ന ടീമിനെയാണ് കാണാൻ സാധിച്ചത്. തീർച്ചയായും ബിൽബാവോയുമായുള്ള തോൽവി ടീമിനെ ഉലച്ചിട്ടുണ്ട്. അവരുടെ മാനസിക നിലയിൽ പോലും കാര്യമായ മാറ്റങ്ങൾ ഉണ്ട്. വിജയതൃഷ്ണ ഏറെ ഉയർന്നിട്ടുണ്ട്. എന്നെന്നും നിലനിർത്തട്ടെ. അതോടൊപ്പം ഏറെ ഇഷ്ടമായ മറ്റൊരു കാര്യം മികവാർന്ന വൺ ടച് പാസുകളിലൂടെ കളിച്ചു എന്നതാണ്. വിൻറ്റെജ് ബാഴ്‌സയെ അനുസ്മരിപ്പിച്ചു കൊണ്ട് ബാഴ്‌സ കളിച്ചപ്പോൾ രോമാഞ്ചം ഉണ്ടായി എന്ന് തന്നെ പറയാം. ചില മനോഹര നീക്കങ്ങൾ ഗോൾ ആയില്ലല്ലോ എന്ന നിരാശമാത്രമാണ് ബാക്കി. ആദ്യ പകുതിയിൽ ഫിനിഷിങ് മോശമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ ആ വിടവ് നികത്തി. നല്ല മുന്നേറ്റങ്ങൾ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞു. മെസ്സി, സുവാരസ്, ടെമ്പേലെ തുടങ്ങിയവരുടെ അഭാവത്തിലും അഞ്ച് ഗോളുകൾ എന്നത് വലിയ കാര്യമാണ്. ഇവരുടെയെല്ലാം തിരിച്ചു വരവോടെ ബാഴ്‌സ കൂടുതൽ ശക്തമാകുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല.

എങ്കിലും ചില സന്ദേഹങ്ങൾ പങ്ക് വെക്കാതെ വയ്യ. വഴങ്ങിയ രണ്ട് ഗോളുകളും നമ്മുടെ മാത്രം പിഴവാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മൾ സമ്മാനമായി നൽകിയതാണ്. മിഡ്‌ഫീൽഡിൽ നമ്മൾ മികച്ചതാണെങ്കിലും ഡിഫെൻസിവ് മിഡ്‌ഫീൽഡിൽ ഏറെ മുന്നേറാനിരിക്കുന്നു. ലോകം കണ്ടതിൽ മികച്ച CDM കളിക്കാരിൽ ഒരാളാണ് ബുസ്കെറ്റ്സ് എങ്കിലും സമീപകാലങ്ങളിൽ ഡിഫെൻസിവ് ഏരിയയിൽ ആൾ പിറകിലാണ്. ഈ കാര്യത്തിൽ മാറ്റം ഉണ്ടായേ പറ്റൂ. ഒപ്പം പ്രതിരോധവും ഉണരേണ്ടിയിരിക്കുന്നു. സീസൺ പുരോഗമിക്കുംതോറും ഇവയെല്ലാം മെച്ചപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഒരു സ്വപ്നതുല്യമായ തുടക്കമാണ് കാമ്പ് ന്യുവിൽ ഗ്രീസ്മാന് ലഭിച്ചത്. എജ്ജാതി പെർഫോമൻസ്. കളിയുടെ സമസ്തമേഖലയിലും അദ്ദേഹം മികച്ചു നിന്നു. മികവാർന്ന വൺ ടച് പാസുകൾ, പാസുകൾ, മുന്നേറ്റങ്ങൾ, ഗോളുകൾ അത്യാവശ്യ ഘട്ടങ്ങളിൽ പ്രതിരോധത്തിലും. ഒരു കംപ്ലീറ്റ് പ്ലയെർ.ഇനിയും ഇത്തരം നിമിഷങ്ങൾ നമുക്ക് .ഉണ്ടാകട്ടെ. അതുപോലെ കാർലോസ് പെരെസ്. വിങ്ങിൽ കിടിലൻ പ്രകടനം. നൽകിയ അവസരം നന്നായി തന്നെ ഉപയോഗപ്പെടുത്തുന്നു. അവസരോചിതമായ ഗോളും. ഇനിയും മികച്ച പ്രകടനം തുടരുക. പെഡ്രോയുടെ പകരക്കാരനാകാൻ കഴിയും. റാഫിന്യ ഇന്നലെ വളരെ മികവോടെ തന്നെ കളിച്ചു. ഫിനിഷിങ്ങിലെ പോരായ്മകൾ മാത്രമാണ് അദ്ദേഹത്തെ പറ്റി നെഗറ്റീവ് ആയി പറയാൻ കഴിയുക. പക്ഷെ ഒരു ഫോർവേഡ് അല്ലാത്ത അദ്ദേഹത്തിന് അതിന്റെതായ കുറവുകൾ ഉണ്ടാകും. അദ്ദേഹത്തിന്റേതായ സമയം വരുന്നുണ്ട്.

മധ്യനിര ഇന്ന് കട്ട ഫോമിൽ ആയിരുന്നു. ബുസ്കെറ്സിന്റെ ഇടവും വലവും നിന്ന് ഡി യോങ്ങും റോബർട്ടോയും തകർത്തു കളിച്ചു. ആദ്യ ഗോളിലേക്കുള്ള റോബർട്ടോയുടെ ഹൈ ബോൾ അസാമാന്യം. അതുപോലെ മികച്ച വിഷനോടെയുള്ള ഡിയോങിന്റെ നീക്കങ്ങൾ ഏതൊരു ഫുട്ബാൾ ആരാധകന്റെയും ഉള്ള് നിറക്കുന്നതാണ്. ബുസ്കെറ്റ്സ് തന്റെ പ്രതാപകാലത്തിലേക്ക് തിരികെയെത്തിയത് പോലെ. ആദ്യ നിമിഷങ്ങളിലെ മോശം പാസ് മൂലമുള്ള ഗോള ഒഴിച്ചു നിർത്തിയാൽ ആശാൻ കളിയിൽ നിറഞ്ഞു നിന്നു. ഇടതടവില്ലാതെ പന്ത് മുന്നേറ്റത്തിലേക്ക് നൽകിയ അദ്ദേഹം പഴയ പോലെ അദൃശ്യനായി നിന്ന് ചരട് വലിക്കുന്നത് പോലെ. വിങ് ബാക്കുകളും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതും വലതുമായി ആൽബയും സെമെഡോയും മുന്നേറ്റങ്ങൾ നടത്തി.

കഴിഞ്ഞ ദിവസം സ്‌ക്വാഡ് ലിസ്റ്റ് പുറത്തു വിട്ടപ്പോൾ ഒരു അത്ഭുദത്തോടെയാണ് അൻസു ഫാറ്റി എന്ന പേര് കണ്ടത്.ജുവനൈൽ ടീമിൽ നിന്ന് B ടീമിൽ കയറാതെ നേരെ ഫസ്റ്റ് ടീമിലേക്ക് വിളി വന്നവൻ അത്ര നിസ്സാരക്കാരൻ അല്ലല്ലോ. ഇന്നലെ ഇറങ്ങുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ബാഴ്‌സ മികച്ച ലീഡ് നേടിയപ്പോൾ ഈ ഐറ്റം ഒന്ന് കളത്തിലിറങ്ങുന്നത് കാണണം എന്ന ആഗ്രഹം എല്ലാവരിലും ഉടലെടുത്തു. നമ്മുടെയെല്ലാം മനം അറിഞ്ഞ പോലെ വൽവേർദേ എഴുപത്തിയെട്ടാം മിനിറ്റിൽ ആ പ്രതിഭാസത്തെ കളത്തിലിറക്കി. ഒരു പതിനാറുകാരന്റെ ചാപല്യങ്ങളേതുമില്ലാതെ ആ പയ്യൻ തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം ആരംഭിച്ചു. വലത്തേ വിങ്ങിൽ സെമെഡോയുമൊത്തുചേർന്നു പതിയെ മത്സരം തുടങ്ങി. കുറിയ പാസുകളിൽ തുടങ്ങിയ കളിക്ക് ശേഷം അധികം വൈകാതെ കണ്ടത്, ബെറ്റിസിന്റെ ലെഫ്റ്റ് ബാക്കിനെ തീർത്തും നിഷ്പ്രഭമാക്കി മുന്നേറി പോസ്റ്റിലേക്ക് ഒരു കിടിലൻ ഷോട്ടുതിർക്കുന്നതാണ്. നിർഭാഗ്യവശാൽ പോസ്റ്റിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആ പന്ത് പുറത്തു പോയപ്പോൾ ലോകമെങ്ങുമുള്ള ബാഴ്‌സ ആരാധകരെല്ലാം തലയിൽ കൈവെച്ചു. ശേഷം മറ്റൊരു അവസരത്തിൽ പന്തുമായി ബോക്‌സിന് മുൻപിലെത്തിയപ്പോൾ ഒരു കനത്ത ടാക്ലിങ്ങിൽ വീണു പോയി. പക്ഷെ ഇതിനോടകം തന്നെ ഈ പേര് ബാഴ്‌സ ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയിരുന്നു. വരും കാലങ്ങളിൽ ബാഴ്‌സയുടെ ക്രെസ്റ്റ് ഉയർത്തിപ്പിടിക്കാൻ ഈ മാസിയക്കാരൻ ഉണ്ടാവുമെന്ന് ഓരോ കൂളെയും സ്വപ്നം കാണുന്നു. പക്ഷെ ഇനിയും അദ്ദേഹത്തിന് ഒട്ടേറെ പഠിക്കാനുണ്ട്. നല്ല പ്രകടനം തുടരുക. ഓരോ പടവുകളും കൃത്യമായി കയറുക. കാമ്പ് ന്യു താങ്കൾക്കായി കാത്തിരിക്കും.

#RETARD
©www.culesofkerala.com

  • SHARE :