◀മാച്ച് റിവ്യൂ▶ എഫ് സി ബാഴ്സലോണ 2-2 വാലെൻസിയ
സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രബലമായ നാലാമത്തെ ടീം ആണ് വലൻസിയ, പണത്തിലും പ്രശസ്തിയിലും മറ്റു ടീമുകൾ വളരെ മുന്നോട്ടു പോയെങ്കിലും സ്പാനിഷ് ചരിത്രത്തിൽ എന്നും സ്വന്തമായ ഒരു സ്ഥാനം അവർക്കുണ്ട്. ലോകോത്തര കളിക്കാരെ വളർത്തുന്ന അക്കാദമിയും അത്യന്തം പാഷനേറ്റ് ആയുള്ള ആരാധകരും തോൽക്കാൻ കൂട്ടാക്കാത്ത ക്ലബ് ഫിലോസഫിയും യൂറോപ്പിലെ തന്നെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു ക്ലബ് ആക്കി അവരെ മാറ്റുന്നു . എല്ലായ്‌പ്പോഴും അവരുടെ ബാഴ്സയോടും മാഡ്രിഡിനോടും ഉള്ള പോരാട്ടങ്ങൾ സ്പാനിഷ് ക്ലാസ്സിക്കുകളുടെ കണക്കിൽ ഗണിക്കാവുന്നതായിരുന്നു. തങ്ങളുടെ പണക്കിലുക്കവും നേട്ടങ്ങളും ഏറെയുള്ള വല്യേട്ടന്മാർക്കെതിരെ കൊണ്ടും കൊടുത്തും പോരാടുന്നതിനാലാണ് വലൻസിയയുമായുള്ള മൽസരങ്ങൾ സ്പെയിനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന മാച്ചിലൊന്നാവുന്നത്.
അത്യന്തം ആവേശമേറിയ പോരാട്ടത്തിനാണ് ഇന്നലെ ക്യാമ്പ് നൗ സാക്ഷ്യം വഹിച്ചത്. സീസണിന്റെ തുടക്കത്തിൽ താളം കണ്ടെത്താനാവാതെ വിഷമിച്ച അവർ മുന്നോട്ടു കയറി വരുന്ന കാഴ്ചയായിരുന്നു ഈ അടുത്ത് മുതൽ കണ്ടു വന്നു കൊണ്ടിരുന്നത്. അതിന്റെ തുടർച്ചയെന്നോണം മർസെലിഞ്ഞോയുടെ ക്ലാസിക് കൌണ്ടർ അറ്റാക്കിങ് ഫുട്ബോളുമായി കളം നിറഞ്ഞ അവർ സെവിയ്യയെ തകർത്തെറിഞ്ഞു വന്ന അലസതയിൽ കളിച്ച ബാഴ്സ പ്രതിരോധത്തെ മുൾ മുനയിൽ നിർത്തി. ആദ്യ മിനിറ്റുകളിൽ തന്നെ പരാഹോയുടെ ലോങ്ങ് റേഞ്ചർ ടെർ സ്റ്റേജിൻ കയ്യിലൊതുക്കുന്നത് കണ്ടാണ് ക്യാമ്പ് നൗ ഉണർന്നത്. അഞ്ചാം മിനുറ്റിൽ വലൻസിയ്ക്കു സുവർണാവസരം ലഭിച്ചു. മറ്റൊരു വേഗമേറിയ കൗണ്ടറിൽ വലതു മൂലയിൽ നിന്നും കിട്ടിയ പന്ത് പരെഹോ ഗോൾ പോസ്റ്റിനെ ലക്ഷ്യമാക്കി നിറയൊഴിച്ചെങ്കിലും ടെർ സ്റ്റീഗൻ ആയാസകരമായി തടഞ്ഞിട്ടു, റീബൗണ്ട് ചെയ്തു വന്ന പന്ത് ചെരിഷേവ് ഷോട്ടുതിർത്തെങ്കിലും ടെർ സ്റ്റീഗനെ മാറി കടന്നു പിക്കെയേ തൊട്ടുരുമ്മി പന്ത് വലതു വശത്തെ പോസ്റ്റ് തട്ടി പുറത്തേക്കു പോയി. ആദ്യ നിമിഷങ്ങളിൽ വലൻസിയയുടെ മുന്നേറ്റങ്ങളിൽ പരിഭ്രാന്തരായ വാൽവെർഡയുടെ ശിഷ്യന്മാർ പതിയെ പത്തി വിടർത്തിയാടാൻ തുടങ്ങി. നിരന്തരം വലൻസിയാണ് ബോക്സ് റെയ്ഡ് ചെയ്ത ബാഴ്സ പന്ത്രണ്ടാം മിനിറ്റിൽ പെനാൽറ്റിക്കുള്ള അവകാശ വാദം ഉന്നയിച്ചെങ്കിലും റഫറി കനിഞ്ഞില്ല. അടുത്ത നിമിഷം മെസ്സിയുടെ ഒരു കേളിംഗ് ഷോട്ട് ഗോൾ കീപ്പർ നെറ്റോ മനോഹരമായി തട്ടിയകറ്റി. അടുത്ത നിമിഷങ്ങളിൽ കുട്ടീഞ്ഞോയുടെയും റോബെർട്ടോയുടെയും ഷോട്ടുകൾ ഉജ്വലമായി തട്ടിയകറ്റിയ നെറ്റോ വീണ്ടും വലൻസിയയുടെ തുണക്കത്തുകയായിരുന്നു. എന്നാൽ കളിയുടെ ഗതിക്കെതിരെ വലൻസിയ ആദ്യ ഗോൾ നേടുന്നതായിരുന്നു പിന്നീട് കണ്ടത്.
മെസ്സിയെ വലൻസിയ ബോക്സിനരികിൽ നിന്നും തള്ളിയിട്ടു പന്തെടുത്ത പാറേജോ മുന്നോട്ടു തള്ളിയ പാസ് സ്വീകരിച്ചു മുന്നോട്ടു കയറിയ റോഡ്രിഗോ ഒരു തളികയിലെന്നോണം നൽകിയ പാസ് ഗാമീറോ ടെർ സ്റ്റീഗനെയും കബളിപ്പിച്ചു വലയിലേക്ക് നിറഴൊയിക്കുകയായിരുന്നു. മെസ്സിയെ ക്ലിയർ ഫൗളിലൂടെയാണ് തള്ളിയിട്ടത് എന്ന അവകാശ വാദമൊന്നും റഫറി ചെവിക്കൊണ്ടില്ല. ആദ്യ ഗോളിന്റെ ആഘാതത്തിൽ നിന്നും പെട്ടെന്ന് തിരിച്ചു വന്ന ബാഴ്സ വലൻസിയൻ ബോക്സിൽ തമ്പടിച്ചു. ഇരുപത്തേഴാം മിനുറ്റിൽ കുട്ടീഞ്ഞോയുടെ ക്രോസ്സ് ഡിഫെൻഡറുടെ കാലിൽ തട്ടി ഗോളിൽ കലാശിക്കുമെന്നു തോന്നിയെങ്കിലും തന്റെ കരിയറിലെ ഏറ്റവും മികച്ച മാച്ചുകളിലൊന്ന് കളിച്ച നെറ്റോ മനോഹരമായി തട്ടി അപകടം ഒഴിവാക്കി. അടുത്ത നിമിഷങ്ങളിൽ പിക്കെ ഗാമീറോയുമായി കൂട്ടിയിടിച്ചു മൈതാനത്തിനു പുറത്തു നിന്ന സമയത്തായിരുന്നു വലൻഷ്യയുടെ രണ്ടാമത്തെ ഗോൾ. ഇടതു മൂലയിൽ ചെറിഷേവ് നൽകിയ ക്രോസ്സിനുള്ള പോരാട്ടത്തിൽ റോബർട്ടോ വാസിനെ തട്ടിയിട്ടപ്പോൾ നൽകിയ പെനാൽറ്റി ഇന്ന് കളം നിറഞ്ഞു കളിച്ച പരെഹോ ലക്ഷ്യത്തിലെത്തിച്ചു.
ആ ഗോൾ ബാഴ്സ കളിക്കാരെ സെവിയ്യക്കെതിരെ ഐതിഹാസിക തിരിച്ചു വരവിന്റെ ഏഴാം സ്വർഗത്തിൽ നിന്നും പൂർണമായി തിരിച്ചിറക്കി. പരേഹോയുടെ കത്രികപ്പൂട്ടിൽ നിന്നും പൂർണമായും സ്വതന്ത്രനായ മെസ്സിയും ടീമും മുറിവേറ്റ സിംഹങ്ങളെ പോലെ വലൻസിയൻ ബോക്സിൽ തുടരാക്രമണങ്ങൾ നടത്തിയപ്പോൾ വൻ തിരമാലകളാൽ നിൽക്കള്ളിയില്ലാതായ പായ്കപ്പലിനെ പോലെയായിരുന്നു വാലൻഷ്യൻ പ്രതിരോധം. ബാഴ്സയുടെ പ്രഷറിന് ഒടുവിൽ ഫലം കണ്ടു. ബോക്സിനു പുറത്തു നിന്നും മെസ്സി എടുത്ത തകർപ്പൻ ഷോട്ട് നെറ്റോയെ കാഴ്ചക്കാരനാക്കി വലയിൽ വിശ്രമിച്ചെങ്കിലും റഫറി പെനാല്ടിക്കു വേണ്ടിയുള്ള വൈസിൽ മുഴക്കിയിരുന്നു. പെനാൽറ്റി എടുത്ത മെസ്സി അതൊരു നിലംപറ്റെ ഉള്ള ഷോട്ടിലൂടെ വലക്കകത്താക്കി. ഇടവേളയ്ക്കു പിരിയുന്നതിനു തൊട്ടു മുമ്പ് ബാഴ്സക്ക് രണ്ടു ഗോളെന്നുറച്ച അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും പാഴാക്കി. റോബെർട്ടോയുടെ ഷോട്ട് ബാറിൽ തട്ടി തിരിച്ചു വന്നപ്പോൾ റാക്കിറ്റിച് എതിർ ഡിഫെൻസിനെ പൂർണമായും കാഴ്ചക്കാരാക്കി കൊടുത്ത അതിമനോഹരമായ ലോബ് ഗോളി മാത്രം മുന്നിൽ നിൽക്കെ മെസ്സി പുറത്തേക്കടിച്ചത് ഒട്ടൊരു അവിശ്വനീയതോടെയായിരുന്നു നോക്കി കണ്ടത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സെമെഡോയെ മാറ്റി വാൽവേർഡ് ആൽബയെ കളത്തിലിറക്കി. തുടർന്നങ്ങോട്ട് നെറ്റോക്കു പരീക്ഷണ സമയങ്ങളായിരുന്നു കടന്നു പോയത്. മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റിയ നെറ്റോ അടുത്ത നിമിഷം തന്നെ അലീനയുടെ ഷോട്ട് വളരെ ബുദ്ധിമുട്ടിയാണ് തടഞ്ഞത്. തൊട്ടടുത്ത മിനുറ്റിൽ തന്നെ അലീന തന്റെ ബാഴ്സ കരിയറിലെ രണ്ടാം ഗോളിനടുത്തെത്തിയെങ്കിലും പന്ത് പോസ്റ്റിനു തൊട്ടുരുമ്മി നിർഭാഗ്യകരമായി പുറത്തു പോയി. പതിയെ പതിയെ ബാഴ്സയുടെ വന്യമായ ആക്രമണത്തെ ചെറുത് നിന്ന് വലൻസിയ മത്സരത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. തരാം കിട്ടുമ്പോയൊക്കെ പ്രത്യാക്രമണങ്ങൾ നടത്തിയ അവർ, പലപ്പോഴും ഗോളടിക്കുന്നതിനടുത്തെത്തിയെങ്കിലും ഭാഗ്യവും ടെർ സ്റ്റീഗനും ബാഴ്‌സയെ രക്ഷിച്ചു. അതിനിടെ മെസ്സിയും സുവാരസും ചേർന്ന് നടത്തിയ ആക്രമണത്തിൽ നിന്നും സുവാരസിന്റെ ക്രോസിൽ മെസ്സി ഹെഡ് ചെയ്‌തെങ്കിലും പുറത്തേക്കാണ് പോയത്. എന്നാൽ ബാഴ്സ കാത്തിരുന്ന ഗോളിന് ഏറെ സമയം കാത്തിരിക്കേണ്ടി വന്നില്ല. സുവാരസ് ബോക്സിലേക്കെത്തിച്ച പാസ് വിദാൽ മെസ്സിക്ക് നൽകിയപ്പോൾ ബോക്സിനു പുറത്തു നിന്നും ഒരവിശ്വനീയമായ ചെരിവോടെ പന്ത് വലയിലേക്ക് പായുന്ന കാഴ്ച ലോകത്തെ ഏതൊരു കാൽപ്പന്തു കളിയാസ്വാദകന്റെയും മനം കുളിർപ്പിക്കുന്നതായിരുന്നു.
എന്നാൽ ഇന്നലെ വീണ്ടും വീണ്ടും ബാഴ്‌സയെ വലച്ച ദൗർഭാഗ്യം വീണ്ടും പിടികൂടുന്നതാണ് കണ്ടത്. ബാഴ്സ പൂർണമായി ആധിപത്യം സ്ഥാപിച്ച നിമിഷങ്ങളിൽ മെസ്സിക്ക് പരിക്ക് പറ്റി കുറച്ചു നിമിഷങ്ങൾ മാറി നിൽക്കേണ്ടി വന്നതും ഇന്നലെ തന്റെ പ്രതിഭയുടെ വരവറിയിച്ചു അലീനക്ക് പകരം ആർതർ വന്നതോടെ ബാഴ്സയുടെ ഒഴുക്ക് നഷ്ടമാവുകയായിരുന്നു. അതോടെ കളി സ്ലോ ആക്കുന്നതിൽ വിജയിച്ച വലൻസിയ മറ്റു നഷ്ടങ്ങളൊന്നും കൂടാതെ വിലപ്പെട്ട ഒരു പോയിന്റ് കരക്കടുപ്പിച്ചു .
സെവിയ്യയെ തകർത്ത കളിയിൽ നിന്നും മാറ്റങ്ങളുമായാണ് വാൽവേർഡ് ടീമിനെ ഇറക്കിയത്. സസ്പെന്ഷനിലായ ബുസ്കെറ്സിനു പകരം വിദാലും ആർതറിന് പകരം അലീനയും ഇറങ്ങിയപ്പോൾ ലെങ്ലേക്കും ആൽബക്കും പകരം സെമെഡോയും വേർമ്മലനും ഇറങ്ങി. തന്നോടുള്ള കോച്ചിന്റെ വിശ്വാസം നീതി പുലർത്തി കൊണ്ടായിരുന്നു അലീനയുടെ പ്രകടനം. വർഷങ്ങൾക്ക് ശേഷം ല മാസിയയിൽ നിന്നും മറ്റൊരു ലോകോത്തര പ്രതിഭയുടെ വരവറിയിക്കൽ ആയിരുന്നു ഇന്നലെ. ല ലീഗയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കളികളൊന്നിൽ ടീമംഗങ്ങളുമായി മികച്ച ഒത്തിണക്കത്തോടെ പുതു മുഖക്കാരന്റെ പരിഭ്രമങ്ങളൊന്നുമില്ലാതെ കളിച്ച അലീനയെ മാറ്റിയതിനു ശേഷം ബാഴ്സക്ക് കളിയുടെ താളം നഷ്ടമായി എന്ന കാര്യത്തിൽ നിന്നും നമുക്കൂഹിക്കാം അദ്ദേഹത്തിന്റെ പ്രകടനം. കൂട്ടിയിടിച്ചു തല പൊട്ടി രക്തം വാർന്നപ്പോഴും ടീമിന് വേണ്ടി തൊണ്ണൂറു മിനിറ്റും കളിച്ച പിക്കെ മികച്ച പ്രകടനം ആയിരുന്നു. വേഗതയേറിയ വാലൻഷ്യൻ കളിക്കാരെ തന്റെ വരുതിയിലാക്കി. കുട്ടീഞ്ഞോയും സുവാരസും നിരാശപെടുത്തിയെങ്കിലും ടീമിന് വേണ്ടി അദ്ധ്യാനിച്ചു കളിച്ചു. റാകിറ്റിച്ചു തന്നിലേർപ്പിച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡർ ജോലി ഭംഗിയായി നിർവഹിച്ചപ്പോൾ വിദാൽ തന്റെ നിലവാരത്തിലേക്കുയർന്നില്ല.
മെസ്സിയെ തുടക്കത്തിൽ കത്രിക പൂട്ടിട്ടു നിശ്ചലമാക്കുന്നതിൽ വലൻസിയൻ കളിക്കാർ വിജയിച്ചെങ്കിലും കളി പുരോഗമിക്കുന്നതിനോടൊപ്പം മെസ്സി തന്റെ സ്വസിദ്ധമായ ഫോമിലേക്കെത്തി. വലൻസിയയുടെ രണ്ടാം ഗോളിനും ബാഴ്സയുടെ രണ്ടാം ഗോളിനും ഇടക്കുള്ള മിനിറ്റുകളിൽ ബാഴ്സ ഈ സീസണിലെ തന്നെ ഏറ്റവും വന്യമായ പ്രകടനം ആയിരുന്നു. നിർഭാഗ്യവശാൽ മെസ്സിയുടെ പരിക്ക് കളി മെല്ലെയാക്കിയില്ലേൽ ബാഴ്സ മൂന്ന് പോയിന്റും നേടി കൊണ്ട് തന്നെ ആയേനെ ക്യാമ്പ് നൗ വിടുക.
ഇനി ക്ലാസിക്കോയുടെ ആരവങ്ങൾ. മെസ്സിയുടെ പരിക്ക് ബാഴ്സയുടെ പ്രതീക്ഷകൾക്ക് മേൽ കാർമേഘങ്ങളായി മൂടുന്നുണ്ടെങ്കിലും മെസ്സിയുടെ പരിക്ക് നിസ്സാരമാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രം ബാഴ്സ ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. എന്നാലും ചാമ്പ്യൻസ് ലീഗിലും ല ലീഗയിലും വമ്പൻ പോരാട്ടങ്ങളിലിരിക്കെ കോപ്പ ഡെൽ റെയ് ആദ്യ പാദത്തിൽ മെസ്സിയെ കളത്തിലിറക്കാത്തതാവും ബാഴ്സക്ക് നല്ലതു. മെസ്സിയില്ലാതെ തന്നെ മാഡ്രിഡിനെ നേരിടാം എന്ന് ലീഗയിൽ തെളിയിച്ചത് കൊണ്ട് വിശേഷിച്ചും. മെസ്സിയും ടെമ്പേലെയും ഇല്ലാതെ തന്നെ ക്യാമ്പ് നൗവിന്റെ പോരാട്ടവേദിയിൽ ബാഴ്സയുടെ വിജയഭേരി ഉയരും എന്ന് നമുക്ക് പ്രത്യാശിക്കാം.
#AEGON
©www.culesofkerala.com
