• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ 5 – 0 സെവിയ്യ

  • Posted On April 22, 2018

ബാഴ്‌സലോണ കോപ ഡെൽ ചാമ്പ്യന്മാർ ആയിരിക്കുന്നു 👑

കാമ്പയോണസ് കാമ്പയോണസ് ഓലേ ഓലേ ഓലേ….
കാമ്പയോണസ് കാമ്പയോണസ് ഓലേ ഓലേ ഓലേ….
കാമ്പയോണസ് കാമ്പയോണസ് ഓലേ ഓലേ ഓലേ….

ബാഴ്‌സലോണയിലെ തെരുവുകളിൽ എങ്ങും ഈ ഗാനം അലയടിക്കുകയാണ്. ലോകമെങ്ങും അതിന്റെ മാറ്റൊലി കേൾക്കുകയാണ്. സീസണിലെ ആദ്യ കിരീടവുമായി ബാഴ്‌സലോണ ആഹ്ലാദിക്കുകയാണ്. തുടർച്ചയായി നാലാം തവണയും കോപ ഡെൽ റേ കിരീടം ചൂടിയ ബാഴ്‌സലോണ ഇതോടെ മുപ്പത് കോപ കിരീടം എന്ന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. സീസൺ തുടക്കത്തിൽ എല്ലാം കഴിഞ്ഞു ബാഴ്‌സയുടെ പതനം ആരംഭിച്ചിരിക്കുന്നു എന്ന് പരിഹസിച്ചവർക്ക് മുൻപിൽ ബാഴ്‌സ കപ്പുയർത്തുന്നു. അഭിനന്ദനങ്ങൾ ബാഴ്‌സ.

വല്ലാത്തൊരു കാത്തിരിപ്പായിരുന്നു ഇന്നലത്തെ മത്സരത്തിന്. മുൻപ് പലതവണ പല ഫൈനലുകൾ കണ്ടിട്ടുണ്ടെങ്കിലും ഇന്നലത്തെ ഫൈനൽ അൽപ്പം കൂടി വൈകാരികമായി തോന്നി. പ്രധാനമായും സീസൺ ആരംഭത്തിൽ എല്ലാവരും എഴുതിത്തള്ളിയ ടീം സീസണിലെ ആദ്യ ഫൈനൽ കളിക്കാനെത്തുന്നു. പുച്ഛിച്ചവർക്കുള്ള ആദ്യ മറുപടിക്കായി നമ്മൾ കാത്തിരിക്കുകയായിരുന്നു. അതോടൊപ്പം രണ്ടാഴ്ച മുൻപ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ഒരുവിധത്തിൽ സമനിലയുമായിട്ടാണ് ബാഴ്‌സ അന്ന് കളം വിട്ടത്. അതേ ഫോം നിലനിർത്തിയാണ് സെവിയ്യ വരുന്നതെങ്കിൽ മത്സരം ബുദ്ധിമുട്ടേറിയതായേക്കാം എന്ന ആശങ്കയും ഉണ്ടായിരുന്നു. അതോടൊപ്പം ഒരു പക്ഷെ ആന്ദ്രെസ് ഇനിയേസ്റ്റയുടെ ഒരു പക്ഷെ ബാഴ്‌സയിലെ അവസാന ഫൈനലും ആയേക്കാവുന്ന ഒരു മത്സരം. എല്ലാം കൊണ്ടും അൽപ്പം പരിഭ്രമത്തിലായിരുന്നു എല്ലാവരും.

ലൈൻ അപ്പ് വന്നപ്പോൾ സ്വാഭാവികമായ രോഷം പലരിലും കണ്ടു. വൽവെർദേ തന്റെ ഇഷ്ട ഫോർമേഷൻ ആയ 4 – 4 – 2 തന്നെ സ്വീകരിച്ചിരിക്കുന്നു. മുൻനിരയിൽ മെസ്സിയും സുവാരസും മാത്രം. കുട്ടീഞ്ഞോ, റാക്കി, ഇനിയെസ്റ്റ, ബുസി എന്നിവർ അടങ്ങിയ മധ്യനിര. പിൻനിരയിൽ റോബർട്ടോ, പീക്കെ, ഉംറ്റിറ്റി, ആൽബ എന്നിവരും അണിനിരന്നു. ഗോൾ കീപ്പറായി സില്ലിസണും എത്തി. ഡെമ്പേലെയെ ഒഴിവാക്കി 4-4-2 ഫോർമേഷൻ സ്വീകരിച്ചത് വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.

പക്ഷെ എല്ലാ വിമർശനങ്ങളുടെയും മുനയൊടിക്കുന്ന പ്രകടനവുമായാണ് ബാഴ്‌സ മത്സരം തുടങ്ങിയത്. മനോഹരമായ കളി. എല്ലാവരും ഒത്തുചേർന്നു മികച്ച കോർഡിനേഷനോടെ മികവാർന്ന കളിയാണ് കാഴ്ചവെച്ചത്. അടുത്ത നാളുകളിൽ ടീമും വൽവെർദേയും നേരിട്ട വിമർശനങ്ങൾ കാറ്റിൽ പറത്തി ടീം അതിമനോഹമായി പന്ത് തട്ടി. എട്ടാം മിനിറ്റിലെ മെസ്സിയുടെ ഫ്രീകിക്കോടെയാണ് മത്സരം ചൂട് പിടിച്ചത്. പോസ്റ്റിൽ നിന്നും ഏറെ അകലെ നിന്നായി മെസ്സി തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് പക്ഷെ സെവിയ്യ ഗോൾ കീപ്പർ ഡേവിഡ് സോറിയ തട്ടിയകറ്റി. എങ്കിലും ആദ്യ ഗോളിനായി അധികം കാത്തിരിക്കേണ്ടി വന്നില്ല. ബാഴ്‌സ ഗോൾ മുഖത്ത് നിന്നും സില്ലിസൺ ഉതിർത്ത കരുത്തുറ്റ കിക്ക് എത്തിയത് സെവിയ്യ ബോക്‌സിന് മുൻപിലായി കുട്ടീഞ്ഞോയുടെ മുൻപിൽ. പന്തുമായി അതിവേഗം ബോക്സിലെത്തിയ കുട്ടീഞ്ഞോ പോസ്റ്റിനു തൊട്ടു വെളിയിൽ നിന്നും ആ പന്ത് സുവാരസിന് മറിച്ചു നൽകി. ആരാലും മാർക്ക് ചെയ്യാതെ നിന്നിരുന്ന സുവാരസിന് ആ പന്ത് പോസ്റ്റിലേക് തട്ടിയിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോൾ നേടിയത് സുവാരസ് ആയിരുന്നെങ്കിലും കയ്യടികൾ നേടിയത് സില്ലിസണും കുട്ടീഞ്ഞോയുമായിരുന്നു. പിറകെ ഡോണിന്റെ ഒരു കിടിലൻ ഷോട്ട് പോസ്റ്റ്‌ തടഞ്ഞത് അൽപ്പം നിരാശയിലാക്കി. അധികം വൈകാതെ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഇനിയേസ്റ്റയും ആൽബയും ചേർന്ന് ഇടത് വിങ്ങിൽ നടത്തിയ നീക്കത്തിനൊടുവിൽ ആൽബയുടെ ഒരു ബാക്ക് ഹീൽ പാസ് മെസ്സി അനായാസം വലയിലെത്തിച്ചു. മെസ്സി – ഇനിയെസ്റ്റ – ആൽബ കോമ്പിനേഷന്റെ മറ്റൊരു മികച്ച ഉദാഹരണം. രണ്ട് ഗോൾ വഴങ്ങിയതോടെ സെവിയ്യയും കൂടുതൽ കയറികളിക്കാൻ നിർബന്ധിതരായി. ആത്മഹത്യാപരമാണെന്നു അറിഞ്ഞിട്ടും അതല്ലാതെ മറ്റൊരു മാർഗം അവർക്ക് മുൻപിൽ അപ്പോൾ ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി തന്നെ പലപ്പോഴും ഹൈലൈനിൽ നിന്നിരുന്ന അവരുടെ കെട്ട് പൊട്ടിച്ചു മെസ്സിയും സുവാരെസുമെല്ലാം പുറത്ത് ചാടി. ഫൗളുകളും റഫറിയുടെ തെറ്റായ ഓഫ് സൈഡ് ഫ്ലാഗും ചേർന്നാണ് ആ അവസരങ്ങൾ നഷ്ടമാക്കിയത്. എങ്കിലും ബാഴ്‌സയെ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്നും തടയാൻ അവക്കായില്ല. ഇത്തവണ മെസ്സിയുടെ ബ്രില്യൻസിൽ പിറന്ന ഗോൾ നേടിയത് സുവാരസ്. പിൻനിരയിൽ നിന്നും ആൽബ നൽകിയ പാസ് മദ്ധ്യനിരക്കടുത്തു നിന്നും പിടിച്ചെടുത്ത സുവാരസ് അത് മെസ്സിക്ക് നൽകി. മെസ്സിയുടെ മുൻപിൽ അനായാസമായ ഒരു സാധ്യത ഉണ്ടായിരുന്നു. വലത് വിങ്ങിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ മുന്നേറുന്ന കുട്ടീഞ്ഞോ. പക്ഷെ സുവാരസിന്റെ പാസ് വൺ ടച്ചിൽ തന്നെ മൂന്ന് ഡിഫൻഡർമാർക്കിടയിലൂടെ മെസ്സി സുവാരസിന് തന്നെ നൽകി. സുവാരസിന്റെ വേഗത കൃത്യമായി കണക്ക് കൂട്ടി സുവാരസിന് ഷോട്ടുതിർക്കാൻ പാകത്തിൽ നൽകിയ ആ പാസ്, മനോഹരമായി ഉപയോഗപ്പെടുത്താൻ സുവരെസിനും കഴിഞ്ഞപ്പോൾ ബാഴ്‌സയുടെ ലീഡ് മൂന്ന് ആയി ഉയർന്നു. കോപ ഫൈനൽ ഇടവേളക്ക് പിരിഞ്ഞപ്പോൾ ബാഴ്‌സ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു.

രണ്ടാം പകുതിയേ പറ്റി നമ്മളിൽ ചിലർക്കെങ്കിലും ചെറിയ ആശങ്ക ഉണ്ടായിരുന്നു. വ്യക്തമായ ലീഡ് നേടിയാൽ ടീം ഡിഫെൻസിവ് ആകുന്നത് ഈ സീസണിൽ ഏറെ കണ്ടിട്ടുള്ളതിനാൽ അത്തരം സാഹചര്യം വന്നാൽ ആദ്യ പകുതിയിൽ കണ്ട മനോഹരമായ പ്രകടനം നഷ്ടമാകുമോ എന്ന ഭയം നമ്മളിൽ ഉടലെടുത്തിരുന്നു. പക്ഷെ ആശങ്കകളെ അസ്ഥാനത്താക്കി അധികം വൈകാതെ അടുത്ത ഗോൾ പിറന്നു. ഒരു പക്ഷെ നമ്മുക്ക് ഏറെ പ്രിയങ്കരമായേക്കാവുന്ന ഒരു ഗോൾ. സുവാരസ് റിക്കവർ ചെയ്തെടുത്ത പന്തുമായി ഇനിയേസ്റ്റയും മെസ്സിയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ഗോളിയെയും മറികടന്നു ടൈറ്റ് ആംഗിളിൽ നിന്നും ഇനിയെസ്റ്റയുടെ ഗോൾ. ശേഷം സുവാരസും കുട്ടീഞ്ഞോയും ചേർന്ന് നടത്തിയ നീക്കം ഗോളായെങ്കിലും അതിന് മുൻപ് ഹാൻഡ് ആയതിനാൽ പെനാൽറ്റി വിധിച്ചു. ആ പെനാൽറ്റിക്ക് ഏറ്റവും അർഹനായ കുട്ടൂഞ്ഞൊക്ക് തന്നെ നൽകിയപ്പോൾ പിഴവുകളേതുമില്ലാതെ കുട്ടീഞ്ഞോ അത് ഗോൾ ആക്കി മാറ്റി. ഒടുവിൽ ഡെനിസ് സുവാരസിന് വേണ്ടി കളം ഒഴിയുമ്പോൾ ആ സ്റ്റേഡിയത്തിലെ ആബാലവൃദ്ധം ജനങ്ങളും ഇനിയേസ്റ്റയുടെ നാമം ഉറക്കെ പാടി നിറഞ്ഞ കൈയടികളോടെ യാത്രയാക്കി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ബാഴ്‌സയുടെ റെക്കോർഡുകളുടെ ശേഖരത്തിൽ മറ്റൊരെണ്ണം കൂടി സ്ഥാനം പിടിച്ചു.

ഏറെ ആഹ്ലാദം നൽകിയ പ്രകടനമാണ് ടീം കാഴ്ചവെച്ചത്. എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു. കാലാന്തരങ്ങളിൽ നമുക്ക് നഷ്ടമായി എന്ന് നമ്മൾ കരുതിയ പലതും വീണ്ടും ദർശിക്കാൻ നമുക്ക് കഴിഞ്ഞു. സന്തുലിതമായിരുന്നു ടീം. ഒരു മിഡ് ഫീൽഡർ റോളിലാണ് കുട്ടീഞ്ഞോ കളത്തിൽ എത്തിയതെങ്കിലും റൈറ്റ് വിങ്ങർ ആയാണ് അദ്ദേഹത്തെ ഇന്നലെ കണ്ടത്. അത് ആക്രമണത്തിൽ ബാഴ്‌സയെ ഒട്ടേറെ സഹായിച്ചു. മെസ്സി സുവാരസ് കുട്ടീഞ്ഞോ ത്രയം അറ്റാക്കിങ്ങിൽ ഒരു മടിയും കാണിച്ചില്ല. അവർക്ക് ഒപ്പം ചേരുന്ന മധ്യനിര പടുത്തുയർത്താൻ ഇനിയേസ്റ്റയും ബുസിയും റാക്കിയും ശ്രദ്ധിച്ചപ്പോൾ ബാഴ്‌സയുടെ ശക്തി വളർന്നു. അപൂർവമായെങ്കിലും വന്നാൽ ഭീഷണികൾ തടയാൻ പ്രതിരോധവും സില്ലിസണും ശ്രദ്ധിച്ചപ്പോൾ സെവിയ്യ ഒരിക്കൽ പോലും ബാഴ്‌സക്ക് ഭീഷണിയായില്ല.

വൺ ടച് പാസുകളും മറ്റും ഏറെ കണ്ട മത്സരമായിരുന്നു ഇന്നലെ. മുൻകാലങ്ങളിൽ നമ്മൾ പലകുറി ദർശിച്ച മാന്ത്രിക പ്രകടനങ്ങൾ ഇന്നലെ വീണ്ടും കണ്ടു. ഒരു പക്ഷെ ഇനിയേസ്റ്റയുടെ അവസാന ഫൈനൽ മത്സരം ആയേക്കാവുന്ന വേളയിൽ അദ്ദേഹം വലിയ പങ്ക് വഹിച്ച ആ ചടുലമായ നീക്കങ്ങൾ തന്നെയല്ലേ ഏറ്റവും മനോഹരമാവുക.

എല്ലാവരും എല്ലാ മേഖലയിലും മികച്ചു നിന്നതിനാൽ വ്യക്തിഗത പ്രകടനങ്ങളിലേക്ക് ആഴത്തിൽ പോകുന്നില്ല. എങ്കിലും രണ്ട് പേരെ പറ്റി പരാമർശിക്കാനാവാതെ പോകാനാവില്ല. ഇന്നലത്തെ മത്സരം ഇനിയേസ്റ്റക്കായി മാറ്റി വെച്ച പോലെയായിരുന്നു മെസ്സിയുടെ കളി. കളിയുടെ എല്ലാ നിമിഷത്തിലും ഇനിയേസ്റ്റക്കായി അദ്ദേഹം നീക്കങ്ങൾ നെയ്തിരുന്നു. മറ്റാരെക്കാളും മെസ്സിയെ അറിയുന്ന ഇനിയെസ്റ്റ ആ നീക്കങ്ങൾക്ക് കാത്തു നിൽക്കുകയും ചെയ്തിരുന്നു. ഇനിയേസ്റ്റയെ കൊണ്ട് ഗോൾ അടിപ്പിക്കുകയും കൂടി ചെയ്തുകൊണ്ടാണ് മെസ്സി മത്സരം പൂർത്തിയാക്കിയത്.ഇനിയെസ്റ്റ ഗോൾ നേടിയപ്പോൾ കെട്ടിപ്പുണർന്ന മെസ്സിയുടെ കരങ്ങൾ ഇനിയേസ്റ്റയെ മുറുകെ പിടിച്ചിരുന്നു.

ഇനിയെസ്റ്റ, മാന്ത്രികൻ എന്നല്ലാതെ അദ്ദേഹത്തെ അഭിസംബോധന ചെയ്യാൻ വാക്കുകൾ ഇല്ല. കാലമെന്ന നൗക മുന്നോട്ട് നീങ്ങുമ്പോഴും പ്രായം കൊണ്ട് പഴകാത്ത കാൽപന്ത് കളിയിലെ അനശ്വരായ സൗന്ദര്യത്തിന്റെ ഉടമയാണ് അദ്ദേഹം. അദ്ദേഹത്തെ പോലെ ഒരാളുടെ സേവനം അനുഭവിച്ച ബാഴ്‌സ ഒരർത്ഥത്തിൽ ഭാഗ്യവാന്മാരാണ്. ഇന്നലെ മുപ്പത്തിമൂന്നാം വയസ്സിലും കളിയിൽ അദ്ദേഹം കാഴ്ചവെക്കുന്ന സൗന്ദര്യം മറ്റാർക്കും നൽകാൻ കഴിയില്ല. ഇനിയുമൊരാൾക്ക് അതിന് കഴിയുകയുമില്ല. അത് കൊണ്ട് തന്നെയാണ് ഇന്നലെ തിരികെ ബെഞ്ചിലേക്ക് മടങ്ങിയ ഇനിയേസ്റ്റക്ക് വേണ്ടി സെവിയ്യ ആരാധകരും ആരവം മുഴക്കിയത്. എഴുനേറ്റ് നിന്ന് കയ്യടിച്ചത്. നൂറുകണക്കിന് വേദികളിൽ അദ്ദേഹം നേടിയ ആദരങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി. ഭാവിയിൽ കൽപന്ത്കളിയിലേക്ക് പിച്ചവെക്കുന്ന ഓരോ കുട്ടികൾക്കുമുള്ള വലിയ ഒരു പാഠപുസ്തകം ആണ് ഇനിയെസ്റ്റ എന്ന മനുഷ്യൻ. ആ വിലമതിക്കാനാവാത്ത പുസ്തകത്തിലെ ഓരോ ഏടും വായിച്ചു അവർ അത്ഭുദം കൂറുമ്പോൾ കണ്ണുനീർ തുടച്ചു കൊണ്ട് നമ്മൾ അവരോട് പറയും, ഇനിയെസ്റ്റ എന്ന മാന്ത്രികൻ കളിച്ചിരുന്ന കാലത്ത് ഞങ്ങൾ അദ്ദേഹത്തിന്റെ മായാജാലം കണ്ടിട്ടുണ്ടെന്ന്.

എല്ലാ ഓർമകൾക്കും നന്ദി ഡോൺ,

ഗ്രാഷ്യസ് ഡോൺ ആന്ദ്രെസ് ഇനിയേസ്റ്റ, The Legend..

#RETARD
©www.culesofkerala.com

  • SHARE :