മാച്ച് പ്രിവ്യു – ബാഴ്‌സലോണ vs സെവിയ്യ
സീസണിലെ ആദ്യ ഫൈനലിന് ബാഴ്‌സ ഇന്നിറങ്ങുന്നു. കോപ ഡെൽ റേ ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിന്റെ കളിമുറ്റത്തു ബാഴ്‌സയെ എതിരിടാനെത്തുന്നത് സെവിയ്യയും. സ്പാനിഷ് ലീഗിലെ പ്രമുഖർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മികച്ച ഒരു മത്സരം ഇന്ന് കാണാം.
ലാലിഗ ഫിനിഷിങ് പോയിന്റിൽ നിൽക്കുന്ന ആവേശത്തിലാണ് ബാഴ്‌സ വരുന്നത്. ഒരു വിജയം മാത്രം അകലെ നിൽക്കുന്ന കിരീടം കളിക്കാരുടെ ആവേശം ഇരട്ടിയാക്കി എന്നുറപ്പ്. അതോടൊപ്പം ഇന്ന് കോപ ഫൈനൽ കൂടി ആയപ്പോൾ വരുന്ന രണ്ട് മത്സരങ്ങളും ഫൈനൽ എന്ന പ്രതീതി. എന്നും കിരീടങ്ങൾ ലക്ഷ്യമാക്കി കളിക്കുന്ന ബാഴ്‌സയെ പോലെയുള്ള ടീമുകളുടെ ആവേശമാണ് ഇത്തരം സാഹചര്യങ്ങൾ. സീസണിലുടനീളം സ്ഥായിയായ പ്രകടനം നടത്തി ഒടുവിൽ ഫൈനലിൽ കിരീടവും സ്വന്തമാക്കുമ്പോൾ ചരിത്രവും തിരുത്തി കുറിക്കപ്പെടുന്നു.
ടീമിലെ ഒട്ടേറെ പുതുമുഖങ്ങൾക്ക് ഇന്ന് ബാഴ്‌സയിലെ ആദ്യ ഫൈനൽ ആണ്. വൽവെർദേ, ഡെമ്പേലെ, കുട്ടീഞ്ഞോ, പൗളിഞ്ഞോ, മിന തുടങ്ങിയവരുടെ ബാഴ്‌സയിലെ ആദ്യ ഫൈനൽ ആണ് ഇന്ന്. അവിസ്മരണീയമായ ഒരു പ്രകടനത്തിലൂടെ ഇന്ന് ടീം ഇവർക്ക് ബാഴ്‌സയിലെ ആദ്യ കിരീടം കൂടി നൽകട്ടെ എന്ന് ആശംസിക്കാം.
ഫൈനൽ ആയതിനാൽ ഏറ്റവും മികച്ച ടീമിനെ തന്നെ ഇന്ന് രംഗത്തിറക്കിയേക്കും. ഏറ്റവും സന്തോഷപ്രദമായ കാര്യം എന്താണെന്നു വെച്ചാൽ നിലവിൽ ആരും പരിക്കിന്റെ പിടിയിൽ ഇല്ല എന്നുള്ളതാണ്. എല്ലാവരും ഫിറ്റ് ആയി ടീമിന് സേവനം അനുഷ്ഠിക്കാൻ തയ്യാറാണ്. കൈവിരലിന് പരിക്കേറ്റ റാക്കിറ്റിച് കഴിഞ്ഞ ദിവസം മെഡിക്കൽ ഗ്രീൻലൈറ്റ് നേടിയിരുന്നു. അതോടൊപ്പം ഈ ഫൈനൽ മുന്നിൽ കണ്ട് കഴിഞ്ഞ ദിവസം വൽവെർദേ എല്ലാ പ്രധാന താരങ്ങൾക്കും വിശ്രമം അനുവദിച്ചിരുന്നു. അതുകൊണ്ട് തന്നെ ശാരീരികമായും മാനസികമായും പുത്തനുണർവോടെ വരുന്ന ടീമിനെ കാണാനാകും എന്നാണ് പ്രതീക്ഷ. ആദ്യ പതിനൊന്നിലെ ആകെയുള്ള മാറ്റമായി തോന്നാവുന്നത് ഇന്ന് സില്ലിസൺ ആയിരിക്കും ഗോൾ കീപ്പറായി എത്തുക എന്നുള്ളതാണ്. മറ്റൊരു ലോകോത്തര കീപ്പർ ആയ അദ്ദേഹത്തിന്റെ പ്രകടനത്തിൽ നമുക്ക് ആശങ്കകൾ ഒന്നുമില്ല താനും.
ഒരു മികച്ച മത്സരത്തോടെ ടീം സീസണിലെ ആദ്യ കിരീടം സ്വന്തമാക്കട്ടെ എന്ന് ആശംസിക്കുകയാണ്.
കോപ ഡെൽ റേ – ഫൈനൽ
വേദി : വാന്റാ മെട്രോപ്പോളിറ്റാനോ – മാഡ്രിഡ്
ഇന്ത്യൻ സമയം : രാത്രി 01:00
ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ലാ.
©Penyadel Barca Kerala