• Follow

◀മാച്ച് റിവ്യൂ▶ എഫ് സി ബാഴ്‌സലോണ 3 – 0 ഐബർ

  • Posted On January 14, 2019

അഭിനന്ദനങ്ങൾ മെസ്സി, അഭിനന്ദനങ്ങൾ ബാഴ്‌സ. ലാലിഗ ആദ്യ പകുതി പിന്നിടുമ്പോൾ ഒന്നാം സ്ഥാനക്കാരായി ബാഴ്‌സ മുന്നേറുന്നു. തന്റെ ലാലിഗ ഗോൾ നേട്ടം 400 എത്തിച്ചു മറ്റൊരു നാഴികക്കല്ല് കൂടി മെസ്സി സ്വന്തമാക്കിയ മത്സരത്തിൽ ഐബറിനെതിരെ ബാഴ്‌സയ്ക്ക് മടക്കമില്ലാത്ത മൂന്ന് ഗോളിന്റെ വിജയം. ഒരുപക്ഷെ സ്കോർബോർഡിൽ കാണുന്നതിനേക്കാൾ വ്യത്യസ്തമായ ഒരു മത്സരമായിരുന്നു ഇന്നലത്തേത്. ഭയാശങ്കകളില്ലാതെ കാമ്പ് നൗവിൽ കാൽ കുത്തിയ ഐബർ, ഹൈ ലൈൻ ഡിഫെൻസുമായി ബാഴ്‌സയുടെ താളം തെറ്റിച്ചെങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ കളിച്ച ബാഴ്‌സ, ലഭിച്ച അവസരങ്ങൾ മുതലെടുത്തു ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സുവാരസും, കൊട്ടീഞ്ഞോയും മുന്നിൽ നിന്നും നയിച്ചപ്പോൾ മികവുറ്റ ഗോളുകൾ പിറന്ന മത്സരം ആരാധകരെയും ആഹ്ലാദഭരിതരാക്കി.

നമ്മുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായ ഒരു ലൈൻ അപ്പുമായിട്ടാണ് കോച്ച് ടീമിനെ സജ്ജമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ കണ്ടപോലെ ടെമ്പേലെ ഉൾപ്പെടുന്ന മുന്നേറ്റനിര പ്രതീക്ഷിച്ചു എത്തിയ നമുക്ക് വേണ്ടി ടീം ഒരുക്കിയത് കൊട്ടീഞ്ഞോ – സുവാരസ് – മെസ്സി ത്രയം എന്ന മുന്നേറ്റമായിരുന്നു. സമീപകാലത്തു ഫോം കിട്ടാതെ ഉഴലുകയായിരുന്ന കൊട്ടീഞ്ഞോക്ക്, തന്റെ ആത്മവിശ്വാസവും, ടീമിനും ആരാധകർക്കും തന്നിലുള്ള വിശ്വാസവും ഊട്ടിയുറപ്പിക്കാനുള്ള ഒരു സുവർണ്ണാവസരമായിരുന്നു കൈവന്നത്. മധ്യനിരയിൽ ബുസി, റാക്കി, ആർതർ എന്നിവരും പിൻനിരയിൽ ആൽബ, ലെങ്ലെ, പീക്കെ, റോബർട്ടോ എന്നിവരും പോസ്റ്റിന് മുൻപിൽ സ്റ്റീഗനും അണിനിരന്നു.

നമ്മുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായ രീതിയിലാണ് മത്സരം ആരംഭിച്ചത്. മുൻകാലങ്ങളിൽ പലപ്പോഴും ആധികാരികമായ വിജയം നേടാൻ കഴിഞ്ഞിട്ടുള്ള എതിരാളികൾക്കെതിരെ താളം കണ്ടെത്താനാവാതെ ടീം വിഷമിച്ചു. കാമ്പ് നൗവിൽ ആണ് കളിക്കാനെത്തിയതെങ്കിലും ഭയപ്പാടൊന്നും ഇല്ലാതെ, അമിതമായി പ്രതിരോധിക്കാൻ ശ്രമിക്കാതെ ഐബർ കളിച്ചപ്പോൾ ബാഴ്‌സക്ക് സ്വസിദ്ധമായ കളി പുറത്തെടുക്കാൻ കഴിയാതെ പോയി. ഒരു ഹൈ ലൈൻ ഡിഫൻസിൽ നിന്ന ഐബർ, ബാഴ്‌സയുടെ മുന്നേറ്റങ്ങൾ മുളയിലേ നുള്ളി. പതിവിൽ നിന്നും വിരുദ്ധമായി മെസ്സിയും താളം കണ്ടെത്താൻ വിഷമിച്ചപ്പോൾ നമ്മുടെ ആക്രമണം ഒരു സ്വപ്നമായി അവശേഷിച്ചു. മറുവശത്തു ഇടവിട്ട നേരങ്ങളിൽ ചില ആക്രമണങ്ങൾ മെനയാൻ ഐബറിന് കഴിഞ്ഞു. എങ്കിലും കൃത്യതയില്ലാത്ത മുന്നേറ്റങ്ങൾ ബാഴ്‌സക്ക് ഭീഷണി ഉയർത്താതെ കടന്ന് പോയി. കളിയിൽ ഒരു മാറ്റത്തിനു ഇരുപതാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. സുവാരസും കൊട്ടീഞ്ഞോയും തങ്ങളുടെ ലിവർപൂൾ കാലഘട്ടത്തിലെ സൗഹൃദത്തിന്റെ അലയൊലികൾ ഓർമിപ്പിച്ച മികച്ച വൺ ടച് പാസുകൾക്കൊടുവിൽ സുവാരസിന്റെ ഒരു മികച്ച ഫിനിഷിങ് ബാഴ്‌സയെ മത്സരത്തിൽ ആദ്യമായി മുന്പിലെത്തിച്ചു. ബുസ്കെറ്റ്സിൽ നിന്നും ആരംഭം കുറിച്ച ആ നീക്കം, സമീപകാലത്തെ ബാഴ്‌സയെ മികച്ച ഗോളുകൾ ഒന്നായി കണക്കിൽപെടുത്താം. എത്ര മികച്ച ഡിഫൻസിനെതിരെയും ഒരു ഗോൾ നേടാനായാൽ വർധിത ആത്മവിശ്വാസത്തോടെ ആക്രമണം കനപ്പിക്കുന്ന ബാഴ്‌സയെ ആണ് നമ്മൾ കണ്ടിട്ടുള്ളത്. പക്ഷെ ഇന്നലെ ആ ബാഴ്‌സയെ കാണാനായില്ല എന്നതാണ് സത്യം. കൊട്ടീഞ്ഞോ മികച്ച ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. മെസ്സിയാകട്ടെ, കൂടുതൽ ഡിസ്പൊസെസ് ആവുന്നതും കണ്ടു. കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കാനാവാതെ ഒരു ഗോളിന്റെ നേരിയ ലീഡുമായി കളി ഹാഫ് ടൈമിലേക്ക് നീങ്ങി.

ടീമിൽ മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് ഇരു ടീമുകളും രണ്ടാം പകുതി ആരംഭിച്ചത്. പക്ഷെ ബാഴ്‌സയുടെ കളിയിൽ വലിയ വ്യത്യാസം തന്നെയാണ് പിന്നീട് കണ്ടത്. ആദ്യ പകുതിയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ഒത്തിണക്കത്തിൽ ഐബർ ഡിഫൻസിനെ നേരിട്ട ബാഴ്‌സ, തുടരെ തുടരെ അവസരങ്ങൾ തുറന്നെടുത്തു. അധികം കാത്തിരിക്കാതെ തന്നെ ബാഴ്‌സ രണ്ടാം ഗോളും നേടി. ഇത്തവണ കൂട്ടീഞ്ഞോക്കും, സുവാരസിനുമൊപ്പം മെസ്സിയും ആ ഗോളിൽ പങ്കാളിയായി. ഐബർ ഗോൾമുഖത്തു ലഭിച്ച അവസരം മെസ്സിയുടെ നാനൂറാം ലാലിഗ ഗോളിനായി നീക്കിവെച്ചു സുവാരസ് നൽകിയ പാസ്സ് പിഴവുകളേതും വരുത്താതെ മെസ്സി ഐബർ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയപ്പോൾ ലോകഫുട്ബാളിൽ അദ്ദേഹം പിന്നിട്ടത് മറ്റൊരു നാഴികക്കല്ല് കൂടി. അടുത്ത ഏതാനും നിമിഷങ്ങൾ ബാഴ്‌സയുടെ മിന്നലാക്രമണമായിരുന്നു. ഇടതടവില്ലാതെ മുന്നേറിയ ബാഴ്‌സ ഏതു നിമിഷവും ഇനിയും ഗോളുകൾ നേടുമെന്ന് ഓർമ്മിപ്പിച്ചു. ചില മികച്ച അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഫിനിഷിങ് പാളി. എങ്കിലും അടുത്ത ഗോളിനായി അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. മികച്ച ഫോമിൽ കളിച്ച എൽ പിസ്റ്റലേറൊ തന്നെ ബാഴ്‌സയ്ക്ക് അടുത്ത ലീഡും നൽകി. ബാഴ്‌സക്ക് അനുകൂലമായി ലഭിച്ച ഒരു ത്രോ ഇൻ ദ്രുതഗതിയിൽ എടുത്ത റോബർട്ടോ, സുവാരസിന് മുന്നേറാൻ പാകത്തിൽ നൽകി. പെട്ടന്നുള്ള നീക്കത്തിൽ ഒരുവേള അന്ധാളിച്ചു നിന്ന ഐബർ പ്രധിരോധത്തെയും ഗോളിയെയും സ്തബ്ധരാക്കി സുവാരസിന്റെ പുറംകാൽ കൊണ്ടുള്ള ഷോട്ട് ക്ളോസ് ആംഗിളിൽ വലയിലേക്ക് കയറി. ശേഷം ആർത്തുറെ പിൻവലിച്ചു ടെമ്പേലെയും, ബുസ്കെറ്റ്സിനെ പിൻവലിച്ചു വിദാലും, റോബർട്ടോയെ പിൻവലിച്ചു സെമെഡോയും കളത്തിലെത്തി. മികച്ച സ്പ്രിന്റുമായി ടെമ്പേലെ നടത്തിയ മുന്നേറ്റങ്ങൾ കാമ്പ് നൗവിനെ അക്ഷരാർത്ഥത്തിൽ പുളകം കൊള്ളിച്ചു. മികച്ച അവസരങ്ങൾ ടെമ്പേലെ നൽകിയെങ്കിലും കൂടുതൽ ഗോളുകൾ നമുക്ക് അന്യമായി നിന്നു .

മികച്ച ഒരു മത്സരവും മികച്ച വിജയവും ആയി ഈ മത്സരത്തെ കാണാം. ഒരു പക്ഷെ എതിരഭിപ്രായം കണ്ടേക്കാം. മുൻപ് ഇതിലും മികച്ച മാർജ്ജിനിൽ നമ്മൾ ഐബറിനോട് വിജയിച്ചിട്ടുണ്ട് പക്ഷെ ഇന്നലെ ഐബർ പുറത്തെടുത്ത മികച്ച പ്രതിരോധം മറികടന്നു നേടിയ മനോഹരമായ ഗോളുകളും വിജയവും മികവുറ്റതെന്നു പറയാതെ വയ്യ. ഹൈ ലൈൻ ഡിഫൻസുമായി നിന്ന ഐബർ ആദ്യ നിമിഷങ്ങളിൽ അത്രമാത്രം ബാഴ്‌സയെ കുഴക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കളി 25 നിമിഷം പിന്നിട്ടപ്പോഴേക്കും ബാഴ്‌സ, 5 തവണ ഓഫ് സൈഡ് ട്രാപ്പിൽ വീണത്. നമ്മുടെ മധ്യനിരയിൽ കൂടുതൽ പേരെ വിന്യസിക്കുക വഴി നമ്മുടെ സ്വാഭാവിക നീക്കങ്ങളെ ചെറുക്കൻ അവർക്ക് കഴിഞ്ഞു. അത്തരം സാഹചര്യത്തിൽ കൊട്ടീഞ്ഞോ നൽകിയ സംഭാവനകൾ ഇന്നലെ ഏറെ പ്രശംസയർഹിക്കുന്നു. വൺ ടച് പാസുകളും ആവിശ്യസമയങ്ങളിൽ ഡ്രിബിളിംഗുമായി കൊട്ടീഞ്ഞോ നയിച്ചപ്പോൾ കൃത്യമായ സപ്പോർട്ടുമായി സുവാരസും കൂടെ ചേർന്നു. അതിന്റെ ഫലം തന്നെയാണ് ആദ്യത്തെ രണ്ട് ഗോളുകളും.

ഇന്നലത്തെ പ്രധിരോധനിരയെയും പരാമർശിക്കാതെ വയ്യ. പീക്കെയും ലെങ്ളെയും ഉറച്ച കോട്ട പോലെ നിന്നപ്പോൾ ലക്ഷ്യം കാണാനാകാതെ ഐബർ കുഴങ്ങി. നമ്മുടെ പതിവ് മോശം ഏരിയ ആയ ഹൈബോളിലും മികവ് പ്രകടിപ്പിച്ച ഇരുവരും ഫോമിലേക്കുയർന്നപ്പോൾ പ്രതിരോധത്തിനു ഇളക്കം തട്ടിയില്ല. പീക്കെയുടെ ഒപ്പം തന്നെ ലെങ്ളെയും പാസിങ്ങിൽ മികവ് പ്രകടിപ്പിക്കുന്നതിനാൽ, കൂടുതൽ സന്തുലിതമായ മധ്യനിര – പ്രതിരോധനിര കൂട്ടുകെട്ട് കാണാം. അൽപ്പമെങ്കിലും പാളിപ്പോയതായി തോന്നിയത് പന്ത് അപകടകരമായ മേഖലകളിൽ നിന്നും ക്ലിയർ ചെയ്യുന്ന കാര്യത്തിലാണ്. എങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ സമചിത്തത കൈവിടാതെ സംയമനത്തോടെ കളിച്ച ടീം അർഹിച്ച വിജയവും കൊണ്ടാണ് ലാലിഗ പകുതി ദൂരം പിന്നിട്ടത്.

വ്യക്തിപരയായി ഏറെ സന്തോഷം നൽകിയത് കൊട്ടീഞ്ഞോയുടെ തിരിച്ചുവരവാണ്. ലോകം ഉറ്റു നോക്കുന്ന ബാഴ്‌സ പോലെയൊരു പ്രസ്ഥാനത്തിൽ ഓരോ മോശം നീക്കവും ഒട്ടേറെ അലയൊലികൾ സൃഷ്ട്ടിക്കും. കഴിഞ്ഞ ഏതാനും മത്സരങ്ങളായി പതിവ് ഫോമിലേക്കയുയരാൻ കഴിയാതിരുന്ന കൊട്ടീഞ്ഞോ, വലിയ ഒരു സമ്മർദ്ദത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. ഒപ്പം ടെമ്പേലെ ഫോമിലേക്കയുയർന്നത് അനിഷേധ്യ സ്റ്റാർട്ടർ എന്ന പദവി പോലും കൊട്ടീഞ്ഞോക്ക് നഷ്ടപ്പെടുത്തി. വിമർശങ്ങൾക്കായി ഒരു കാരണം അന്വേഷിക്കുന്നവർക്ക് ലഭിച്ച ഒരു തുറുപ്പുചീട്ടായിരുന്നു അത്. പക്ഷെ ഏതു സാഹചര്യത്തിലും ഒത്തിണക്കം പ്രകടിപ്പിക്കുന്ന ബാഴ്‌സയിൽ അത്തരം ആരോപണങ്ങൾക്ക് സ്ഥാനമില്ല എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു ഇന്നലെ കൊട്ടീഞ്ഞോയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താനുള്ള തീരുമാനം. ടീമിന്റെ ആഗ്രഹം പോലെ മികവാർന്ന പ്രകടനം പുറത്തെടുത്ത കൊട്ടീഞ്ഞോ, മറുപടി നൽകിയത് തന്നെ എഴുതിത്തള്ളിയവർക്കായിരുന്നു. ഗോളുകൾ നേടാനായില്ലെങ്കിലും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കാനും, അനവധി അവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ച ആ പ്രകടനം തന്നെയാണ് ഞങ്ങളും കാത്തിരുന്നത്. കളിക്കാരും മനുഷ്യരാണ്, നല്ലതും മോശവുമായ സമയം അവരുടെ ജീവിതത്തിലും ഉണ്ടാകുമെന്ന് മനസിലാക്കി കൂടെ നിൽക്കേണ്ട ആരാധകരാണ് അവരുടെ ശക്തി. ഇനി സ്റ്റാർട്ടിങ് പൊസിഷനായി ടെമ്പേലെയും , കൊട്ടീഞ്ഞോയും തമ്മിൽ ഒരു സൗഹൃദപരമായ മത്സരം കാണാം എന്ന് ആശിക്കുകയാണ്.

#RETARD
©www.culesofkerala.com

  • SHARE :