മാച്ച് റിവ്യൂ – അത്ലറ്റികോ മാഡ്രിഡ് 1 – 1 ബാഴ്‌സലോണ
അങ്ങനെ സീസണിലാദ്യമായി ബാഴ്‌സ പോയിന്റ് നഷ്ട്ടപ്പെടുത്തിയിരിക്കുന്നു. പക്ഷെ നിരാശയില്ല. ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയെങ്കിൽ രണ്ടാം പകുതിയിൽ തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി തിരിച്ചു വരുന്നതാണ് കണ്ടത്. സ്വന്തം പിഴവുകൾ മനസ്സിലാക്കുന്നിടത്താണ് വിജയത്തിന്റെ ആരംഭം. ആദ്യ പകുതിയിലെ മോശം പ്രകടനത്തിലൂടെ വഴങ്ങിയ ഗോൾ , രണ്ടാം പകുതിയിലെ മികച്ച നീക്കങ്ങൾ കൊണ്ട് മറുപടി നൽകിയ ബാഴ്‌സ മത്സരത്തെ സമനിലയിലെത്തിച്ചു. ഒരു പക്ഷെ ഒരു വിജയത്തിന് കൂടി സാധ്യത തെളിഞ്ഞ മത്സരത്തിൽ മോശം ഫിനിഷിങ് ആണ് ബാഴ്‌സയ്ക്ക് വിനയായത്.എങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് പോലെയൊരു ടീമിനോട് അവരുടെ തട്ടകത്തിൽ സമനില നേടുക എന്നത് ഒരിക്കലും ഒരു കുറവ് ആയി കാണാൻ കഴിയുകയില്ല.
പിന്നെയും ഒരു വ്യത്യസ്ത ലൈനപ്പുമായാണ് വൽവെർദെ ടീമിനെ സജ്ജീകരിച്ചതു. വലതു വിങ്ങിൽ ഗോമസ്. മത്സരം ആരംഭിച്ചത് തന്നെ ബാഴ്‌സയുടെ ഒരു ആക്രമണത്തോടെയായിരുന്നു. ഫസ്റ്റ് ടച്ചിൽ തുടങ്ങിയ നീക്കം മെസ്സിയുടെ ശ്രമം ഗോൾ പോസ്റ്റിൽ തട്ടിയാണ് ഒഴിവായത്.വരാനിരിക്കുന്നത് ബാഴ്‌സയുടെ ആക്രമണമാണെന്നു നമ്മൾ തെറ്റിദ്ധരിച്ചു. പിന്നീട് അങ്ങോട്ട് അത്ലറ്റിക്കോയുടെ കനത്ത ആക്രമണമായിരുന്നു. ടെർ സ്റ്റീഗന്റെ മിടുക്ക് കൊണ്ട് മാത്രം ഗോൾ ആവാതെ പോയത് മൂന്ന് എണ്ണം പറഞ്ഞ ഷോട്ടുകളാണ്. എങ്കിലും ഈ ഭാഗ്യം അധിക നേരം തുണച്ചില്ല. ചെറിയ ആലസ്യത്തിലാണ്ട് പോയ ബാഴ്‌സക്ക് അവർ അർഹിക്കുന്ന ശിക്ഷ നൽകി. സമയം ഇരുപത്തിനോടടുക്കുമ്പോൾ അത്ലറ്റിക്കോക്ക് വേണ്ടി സൗൾ സ്‌കോർ ചെയ്തു. ഒരു ഗോൾ വഴങ്ങിയെങ്കിലും ബാഴ്‌സയുടെ കളിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. ആദ്യ പകുതിക്ക് മുൻപ് സമനില പിടിക്കണമെന്ന നമ്മുടെ ആഗ്രഹം സഫലമായതുമില്ല.
രണ്ടാം പകുതിയിൽ ടീം ഘടനയിൽ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ബാഴ്‌സയുടെ ആദ്യ മാറ്റങ്ങൾക്ക് അൽപ്പം കൂടി കാത്തിരിക്കേണ്ടി വന്നു. ഇനിയേസ്റ്റയും റാക്കിയും കയറിയപ്പോൾ റോബർട്ടോയും ഡെലിയുഫെയും കളത്തിലെത്തി . അത് വരെ റൈറ്റ് വിങ് സ്ഥാനത്തു കളിച്ചിരുന്ന ഗോമസ് ആ സ്ഥാനം ഡെലിയുഫെക്ക് നൽകി മിഡ് ഫീൽഡിലേക്ക് മാറി. ഒരു പക്ഷേ ബാഴ്‌സയുടെ മികവാർന്ന കളി അവിടെ തുടങ്ങുകയായിരുന്നു. റൈറ്റ് വിങ്ങിൽ റോബർട്ടോയും ഡെലിയുഫെയും ചേർന്ന് മികച്ച നീക്കങ്ങൾ സൃഷ്ടിച്ചപ്പോൾ അത് വരെ മികവോടെ പ്രധിരോധിച്ചിരുന്ന അത്ലറ്റിക്കോ പ്രതിരോധം ഒന്ന് ഇളകി. അതോടൊപ്പം മധ്യനിരയിൽ ഗോമസും ഉഷാർ ആയപ്പോൾ കളിയുടെ ഗതി ഒരു ഭാഗത്തേക്ക് മാത്രമായി ചുരുങ്ങി. എങ്കിലും മോശം ഫിനിഷിങ് പാരയായപ്പോൾ ലീഗിലെ ആദ്യ തോൽവിയിലേക്ക് ടീം നീങ്ങുകയാണ് എന്ന് തോന്നി. എൺപതാം മിനിറ്റിൽ പൊളിഞ്ഞോയും രംഗപ്രവേശനം ചെയ്തത് ടീമിന് കൂടുതൽ ഊർജ്ജം നൽകുന്നതായിരുന്നു. തൊട്ടുടനെ ബാഴ്‌സ സമനിലയും നേടി. റോബർട്ടോക്ക് ലഭിച്ച പന്ത് അദ്ദേഹം ഉയർത്തി നൽകിയപ്പോൾ സുവാരസിന്റെ ഒരു കിടിലൻ ഹെഡ്ഡർ. സ്‌കോർ സമനിലയിലെത്തിയതോടെ അത്ലറ്റിക്കോയും ഉണർന്ന് കളിക്കാൻ ആരംഭിച്ചെങ്കിലും മത്സരം ബാഴ്‌സയുടെ കൈകളിൽ തന്നെയായിരുന്നു. പിന്നീട് ഗോമസിന്റെ പാസിൽ സുവാരസിന് ലക്ഷ്യം കാണാനാകാതെ പോയത് അവിശ്വസനീയമായി തോന്നി. ഒടുവിൽ ഒരു സമനിലയിൽ മത്സരം അവസാനിച്ചു.
മത്സരത്തെ കുറിച്ച് പറയുകയാണെങ്കിൽ പ്രധാനമായും തോന്നിയ കാര്യം ഓരോ പൊസിഷനിലും കളിക്കാൻ അനുയോജ്യരായവരെ ഇറക്കുന്നതാണ് ഫലപ്രദം എന്ന് തോന്നി. ഒരു റൈറ്റ് വിങ്ങർ അല്ലാത്ത ഗോമസ് ആദ്യ പകുതിയിൽ നിരാശപ്പെടുത്തിയെങ്കിൽ രണ്ടാം പകുതിയിൽ മിഡ് ഫീൽഡർ റോളിൽ തിളങ്ങി. രണ്ടാം പകുതിൽ കളത്തിലെത്തിയ ഡെലിയുഫെ റൈറ്റ് വിങ്ങിൽ നന്നായപ്പോഴാണ് ബാഴ്‌സയുടെ കളിക്ക് താളം ലഭിച്ചത്.അപ്പോൾ ഇത്തരം നീക്കങ്ങൾക്ക് അറുപതാം മിനിറ്റ് വരെ കാത്തുനിൽക്കണമായിരുന്നോ. ? അത്ലറ്റികോ മാഡ്രിഡ് പോലെയുള്ള ടീമുകളുമായി ഒരു പരീക്ഷണം ഒരിക്കലും നന്നല്ല.ഒരു ഗോൾ നേടിയെങ്കിലും സുവാരസ് മികവിലേക്കെത്തിയിട്ടില്ല. അർധാവസരങ്ങൾ പോലും ഗോൾ ആക്കി മാറ്റേണ്ട സ്ഥാനത്തു ഒട്ടേറെ അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. മെസിക്ക് അൽപ്പം നിർഭാഗ്യത്തിന്റെ ദിവസമായിരുന്നു. രണ്ടു ശ്രമങ്ങളാണ് പോസ്റ്റിൽ തട്ടി മടങ്ങിയത്. എങ്കിലും ചില അവസരങ്ങളിൽ മെസ്സി പന്ത് നഷ്ട്ടപ്പെടുത്തുന്നുണ്ടായിരുന്നു. ഉംറ്റിറ്റിയും ബുസ്കെറ്റ്സും നിറഞ്ഞു നിന്നപ്പോൾ ആൽബ തീർത്തും നിരാശനാക്കി.
കളിക്കാരുടെ വ്യക്തിഗത മികവിലേക്ക് കൂടുതൽ പോകുന്നില്ല. രണ്ടാം പകുതിയിലെ ടീം വർക്ക് നന്നായിരുന്നു. ആ രീതിയിലുള്ള കളിയാണ് നമ്മൾ ഇനിയുള്ള മത്സരത്തിൽ മുഴുവൻ സമയവും പ്രതീക്ഷിക്കുന്നത്,മുൻപേ പറഞ്ഞത് പോലെ ഇതൊരു പോസിറ്റീവ് റിസൾട്ട് ആയിട്ടാണ് കാണുന്നത്. ഈ പോരാട്ട വീര്യം ഇനിയുള്ള മത്സരങ്ങളിൽ കാഴ്ചവെക്കാനായാൽ ഫലം നല്ലതാകും. ഈ മാസം ഇനി വരാൻ പോകുന്നതും അൽപ്പം കടുത്ത മത്സരങ്ങൾ ആണ്. അടുത്തതായി മാലാഗയെയും അത്ലറ്റിക് ബിൽബിവോയെയുമാണ് ലീഗിൽ നേരിടാനുള്ളതു. ഇന്നത്തെ മത്സരത്തിലെ പിഴവുകൾ പരിഹരിച്ചു ടീം ആ മത്സരങ്ങൾ മികച്ച രീതിയിൽ വിജയിക്കുമെന്ന് പ്രത്യാശിക്കുന്നു.
© Penyadel Barca Kerala
