മാച്ച് റിവ്യൂ – അത്ലറ്റിക് ബിൽബാവോ 1 – 0 എഫ്. സി ബാഴ്‌സലോണ
നീണ്ട പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ബാഴ്‌സ ഒരു ലീഗ് മത്സരം തോൽവിയോടെ ആരംഭിച്ചിരിക്കുന്നു. പ്രതീക്ഷകളോടെ പുതു സീസൺ കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് സാൻ മെമെസിൽ ബാഴ്‌സക്ക് പരാജയത്തുടക്കം. സ്പെയിനിലെ കടുപ്പമേറിയ കളിനിലങ്ങളൊന്നിൽ മത്സരം കടുപ്പമാവുമെന്ന ധാരണ ഉണ്ടായിരുന്നെങ്കിലും പരാജയവും മോശം പ്രകടനവും ഞെട്ടിച്ചു കളഞ്ഞു. ബാഴ്‌സയുടെ പതിവ് മികവിലേക്കുയരാൻ കഴിയാതെ പോയപ്പോൾ ബിൽബാവോക്ക് അവസാന നിമിഷത്തിലെ ഗോളിൽ ജയം.
ആരാധകരെ ആവേശത്തിലാക്കുന്ന ലൈൻ അപ്പുമായാണ് ടീം കളത്തിൽ ഇറങ്ങിയത്. ബയേണിലേക്ക് ലോണിൽ പോകുന്ന ഫിലിപ് കൊട്ടീഞ്ഞോ ലൈൻ അപ്പിൽ ഇടം നേടിയില്ല, പകരം ഗ്രീസ്‌മാൻ, ടെമ്പേലെ, സുവാരസ് എന്നാ മുൻനിര വന്നു. മധ്യനിരയിലാണ് കാര്യമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ബുസ്കെറ്റ്സിനെയും റാക്കിയെയും ഒഴിവാക്കി അലിന്യ, റോബർട്ടോ, ഡിയോങ് എന്ന ത്രയം വന്നപ്പോൾ ഞെട്ടിപ്പോയി. പ്രീസീസൺ മത്സരങ്ങളിലെ പ്രകടനം അലിന്യക്ക് തുണയായി. പിൻനിരയിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ആൽബ, ലെങ്ലെ, പീകെ, സെമെഡോ എന്ന പ്രതിരോധ നിരയും ഗോൾ കീപ്പറായി സ്റ്റീഗനും കളത്തിലെത്തി.
മത്സരത്തിന്റെ ആദ്യം നിമിഷം മുതൽ ബിൽബാവോ നയം വ്യക്തമാക്കി. ടച്ചിന് ശേഷം ബാഴ്‌സ ഗോൾ മുഖത്തേക്ക് ബിൽബാവോ ഇരമ്പിയാർക്കാൻ തുടങ്ങിയതോടെ ബാഴ്‌സ പതറാനും തുടങ്ങി. ആദ്യ നിമിഷങ്ങളിൽ തന്നെ ബിൽബാവോ ഉതിർത്ത ലോങ്ങ് റേഞ്ചർ ഷോട്ട് സ്റ്റീഗൻ മുഴുനീള ഡൈവിലൂടെയാണ് കുത്തിയകറ്റിയത്. അതീവ ഊർജ്ജത്തോടെയും വേഗതയോടെയും കളിച്ച ഇനാക്കി വില്യംസ് ബാഴ്‌സക്ക് സൃഷ്ടിച്ച തലവേദന ചെറുതായിരുന്നില്ല. ബാഴ്‌സ മത്സരത്തിലേക്ക് തിരികെയെത്താൻ പതിനഞ്ചു മിനിറ്റിനു മുകളിൽ എടുത്തു. പക്ഷെ അപ്പോഴും ബാഴ്‌സയുടെ പതിവ് പ്രഭാവം പ്രകടമായില്ല. പാസുകൾക്ക് കൃത്യതയില്ല മികച്ച ഗെയിം പ്ലാനുമില്ല. ഇടയിൽ സുവാരസിന് ലഭിച്ച സുവർണ്ണാവസരം പോസ്റ്റിൽ തട്ടി മടങ്ങിയത് തിരിച്ചടിയായി. തൊട്ടുടനെ പരിക്കേറ്റ് സുവാരസ് മടങ്ങിയത് സ്ഥിതി കൂടുതൽ ഗൗരവമാക്കി. പകരം റാഫിന്യ ഇറങ്ങിയെങ്കിലും നമ്മുടെ മുന്നേറ്റങ്ങളെ പോസ്റ്റിറ്റീവ് ആയി മാറ്റാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല. ഇടവേളക്ക് പിരിയുന്നതിനു തൊട്ട് മുൻപ് അദ്ദേഹത്തിന്റെ ഒരു മികച്ച ശ്രമം ക്രോസ് ബാറിൽ തട്ടി മടങ്ങിയത് നിരാശ ഇരട്ടിയാക്കി.
ഇടവേളക്ക് ശേഷം അലിന്യക്ക് പകരം റാക്കിയെ ഇറക്കി വൽവെർദേ ഭാഗ്യം പരീക്ഷിച്ചു. പക്ഷെ അതിനോടകം ബിൽബാവോയും തന്ത്രം മാറ്റിയിരുന്നു. അധികം ആക്രമണത്തിന് മുതിരാതെ അവർ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു. തൽഫലമായി ബാഴ്‌സക്ക് കൂടുതൽ സമയം പന്തിൽ ലഭിച്ചെങ്കിലും പ്രതിരോധത്തിൽ ഉറച്ചു നിൽക്കുന്ന ടീമിന്റെ പൂട്ട് പൊളിക്കാൻ പോന്ന ആയുധം നമ്മുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇടക്ക് ലഭിച്ച അർദ്ധവസരങ്ങൾ ടെമ്പേലെയും റാക്കിയും ഗ്രീസ്മാനും മുതലാക്കാൻ കഴിയാതെ പോയപ്പോൾ മത്സരം സമനിലയിലേക്കെന്നു തോന്നിപ്പിച്ചു. ഇടയിൽ റോബർട്ടോയെ മാറ്റി പെരെസിനെ ഇറക്കിയും വൽവെർദേ ഭാഗ്യപരീക്ഷണത്തിന് മുതിർന്നു. മത്സരം സമനിലയിലേക്ക് എന്ന് തോന്നിപ്പിച്ച നിമിഷങ്ങളിലാണ് ഇരുട്ടടി പോലെ ബിൽബാവോ ഗോൾ നേടിയത്. അന്ത്യ നിമിഷങ്ങളിൽ ലഭിച്ച ത്രോ ഇൻ മികച്ച മുന്നേറ്റത്തിന് ശേഷം വെറ്ററൻ താരം അടൂരിസ് ഒരു ബൈസിക്കിൾ കിക്കിലൂടെ ബാഴ്‌സയുടെ വലയിലെത്തിച്ചു. തിരിച്ചടിക്കാൻ സമയം ലഭിക്കും മുൻപേ മത്സരത്തിന് അന്ത്യം കുറിച്ചു കൊണ്ട് റഫറിയുടെ വിസിൽ മുഴങ്ങി.
നിരാശജനകമായ പ്രകടനമായിരുന്നു. സാൻ മെമെസിലെ മത്സരം കടുപ്പമേറിയതാണെന്ന് അറിയാമെങ്കിലും ഇതിലും കൂടുതൽ പെർഫോം ചെയ്യാൻ ടീമിനാകും എന്ന് നമുക്കറിയാം. ഒരു പക്ഷെ ആദ്യ മത്സരത്തിന്റെ ബുദ്ധിമുട്ടുകളാകാം പ്രകടനം മോശമാക്കിയത്. പക്ഷെ അതൊന്നും ഇന്നത്തെ പ്രകടനത്തെ ന്യായീകരിക്കാൻ കഴിവുള്ളതാണെന്ന് കരുതുന്നില്ല. ആകെ എടുത്തു പറയാൻ പറ്റുന്നത് സുവാരേസിന്റെയും റാഫിന്യയുടെയും പോസ്റ്റിൽ തട്ടി അകന്ന ശ്രമങ്ങൾ മാത്രം, പക്ഷെ അവ രണ്ടും വ്യക്തിഗത പ്രകടനങ്ങൾ മാത്രമാണ്. ടീം കൂട്ടമായി സൃഷ്ടിച്ചെടുത്ത ഒരു നീക്കം പോലും ഓർമ്മയിൽ ഇല്ല. കളിയുടെ സമസ്ത മേഖലയിലും നമ്മൾ മെച്ചപ്പെടേണ്ടിയിരിക്കുന്നു. വ്യക്‌തിഗത പ്രകടനങ്ങൾ ഈ അവസരത്തിൽ ഇഴകീറി പരിശോധിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. എല്ലാവരും ശരാശരിയിൽ താഴെ ഒതുങ്ങി. പിന്നെയും എടുത്തു പറയാൻ കഴിയുന്നത് ഡിയോങ്ങും സ്റ്റീഗനും പീകേയും റഫീന്യയും മാത്രമാണ്. സ്റ്റീഗന്റെ മികച്ച പ്രകടനമാണ് ആദ്യ നിമിഷങ്ങളിൽ തന്നെ പിറകിലാകാതെ നിലനിർത്തിയത്.
നിരാശപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആദ്യ മത്സരമായിരുന്നു, മികച്ച എതിരാളികളോട് എവേ മത്സരമായിരുന്നു തുടങ്ങിയ കാര്യങ്ങൾ ഉണ്ട്. സീസൺ പുരോഗമിക്കും തോറും മെച്ചപ്പെടാൻ കഴിയുമെന്ന് ഉറപ്പാണ്. മെസ്സി തിരികെ വരുന്നതോടെ എല്ലാം ഉഷാറാകും എന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം സുവാരസിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പ്രത്യാശിക്കാം.
#RETARD
©️www.culesofkerala.com
