മാച്ച് പ്രിവ്യൂ – ബാഴ്‌സലോണ VS ഐബർ
അനോയേറ്റയിലെ ചരിത്ര വിജയത്തിന് ശേഷം ബാഴ്‌സലോണ വീണ്ടും ലാലിഗയിലെ ചൂടിലേക്ക്. റൌണ്ട് 19 ൽ , നിലവിൽ ഒൻപതാം സ്ഥാനക്കാരായ ഐബറുമായിട്ടാണ് മൂന്നാം സ്ഥാനക്കാരായ ബാഴ്‌സ മത്സരിക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്താണെങ്കിലും സമീപകാലത്തെ ടീമിന്റെ മികച്ച പ്രകടനം നമ്മൾ ആരാധകരെ ചെറുതൊന്നുമല്ല ആവേശത്തിലാക്കിയിരിക്കുന്നതു. പുതുവർഷത്തിലെ ആദ്യ മത്സരത്തിലെ തോൽവിയും, പിന്നത്തെ മത്സരത്തിലെ സമനിലയും ശേഷം ടീം ഒന്ന് സടകുടഞ്ഞു എണീറ്റിട്ടുണ്ട് . നല്ല ഊർജ്ജത്തോടെ ആത്മവിശ്വാസത്തോടെ ഓരോ മത്സരവും നേരിടുന്ന ബാഴ്‌സ പിന്നീട് തുടർവിജയങ്ങളിലൂടെയാണ് മുന്നേറുന്നത്. ആ ആത്മവിശ്വാസത്തിലാണ് നമ്മുടെ പ്രതീക്ഷകൾ അത്രയും.
മറ്റൊരു വിജയത്തോടെ പോയിന്റ് നിലയിൽ സ്ഥാനം നിലനിർത്തുക എന്നതാണ് ബാഴ്‌സയുടെ ലക്ഷ്യം . മികവിനെ അടിസ്ഥാനപ്പെടുത്തിയാൽ ബാഴ്‌സക്കാണ് സാധ്യത. എങ്കിലും എതിരാളികളെ വില കുറച്ചു കാണുന്നില്ല. ഒരേ ഒരു ഗോൾ മതി എല്ലാം കീഴ്മേൽ മറിയാൻ .
ബാഴ്‌സയെ സംബന്ധിച്ചിടത്തോളം പരിക്കിലുള്ള ഇനിയേസ്റ്റ മാത്രമാണ് ഒരു പ്രശ്നം. ഗുരുതരമായ പരിക്കല്ലെങ്കിലും , ഇനിയേസ്റ്റക്ക് ഈ മത്സരത്തിൽ വിശ്രമം അനിവാര്യമായി വന്നിരിക്കുകയാണ്. നമ്മുടെ മധ്യനിരയിലെ പുതുമുഖങ്ങൾ, നമ്മൾ അവരിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു മറുപടി നൽകേണ്ട സമയമാണ്. അവർക്കത്തിന് കഴിയും എന്ന് അവർ കഴിഞ്ഞ മത്സരങ്ങളിൽ നമ്മടെ ബോധ്യപ്പെടുത്തിയിട്ടും ഉണ്ട്. അതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് നമുക്ക് അവരിൽ.
ഈ മത്സരത്തിന്റെ സ്‌ക്വാഡ് ലിസ്റ്റ് വളരെ മികച്ചതാണ്. നമ്മൾ എല്ലാവരും ആഗ്രഹിച്ചത് പോലെ അലക്സ് വിദാൽ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.ഒപ്പം സെർജി ബുസ്കെറ്സും ഉണ്ട്. എങ്കിലും വിദാൽ ആദ്യ ഇലവനിൽ കളിക്കുന്നത് കാണാൻ വളരെയേറെ ആഗ്രഹമുണ്ട്. മുൻകാലങ്ങളിൽ നഷ്ട്ടപ്പെട്ട സമയത്തിന് അദ്ദേഹം മികച്ച പ്രകടനത്തിലൂടെ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കാം. മഷരാനോക്ക് വിശ്രമം അനുവദിച്ചപ്പോൾ പിക്വെ, ഉംറ്റിറ്റി , മാത്യു എന്നിവർ ഫുൾ ബാക് ഓപ്ഷനുകൾ ആയി ഉണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന മാത്യു കളിച്ചിട്ട് കുറച്ചു കാലമായി. ഇന്ന് അവസരം ലഭിക്കുമോ എന്ന് അറിയില്ല. ഇടതു വിങ് ബാക്കായി ഡിഗ്‌നേയും ആൽബയും ആരോഗ്യകരമായ മത്സരത്തിലാണെന്നു തോന്നുന്നു. ആരെ ഇറക്കുമെന്നു കണ്ടറിയാം.
മധ്യനിരയിൽ ഇനിയെസ്ടയുടെ അസാന്നിധ്യം മൂലം ബുസി , റാക്കി സഖ്യത്തെ ആദ്യ ഇലവനിൽ കണ്ടേക്കാം. പരിചയസമ്പന്നത ഇവിടെ ഒരു മുഖ്യ വിഷയമാണ്. ആ പൊസിഷനിൽ ഇവർ രണ്ടുപേരുമാണ് നല്ല രീതിയിൽ പരിചയം ഉള്ളവർ. ഇനിയേസ്റ്റക്ക് പകരം ഗോമസ് / ഡെനിസ് സുവാരസ് എന്നിവരിൽ ആരെങ്കിലും ഇറങ്ങാനാണ് സാധ്യത. ഇവർ രണ്ടു പേരും മധ്യനിരയിൽ ഈ അടുത്ത കാലത്തു നന്നായി തന്നെ കളിക്കുന്നുണ്ട്. ടുറാൻ ഈ പൊസിഷനിൽ കളിക്കാൻ സാധ്യത കുറവാണ്. ടുറാൻ കൂടുതലും വിങ്ങിൽ ആണ് മികച്ചു കാണുന്നത്.
മുന്നേറ്റത്തിൽ മെസ്സി, നെയ്മർ , സുവാരസ് എന്നിവർ തന്നെ എത്തിയേക്കാം. മൂന്നു പേരും പഴയ ഫോമിലേക്ക് എത്തിത്തുടങ്ങിയയിട്ടുണ്ട്. ഇനി ആ ഗോൾ സ്കോറിങ് കൂടി സെറ്റ് ആയാൽ അടിപൊളി. പ്രകമ്പനങ്ങൾ കൊള്ളിക്കുന്ന കിടിലൻ ഗോളുകൾ ഇവരുടെ ബൂട്ടുകളിൽ നിന്നും പിറക്കുമെന്നു പ്രത്യാശിക്കാം. ഒപ്പം ആൽക്കസ്സർ ഉണ്ട്. ഇന്ന് ഒരു അവസരം കൊടുക്കണം എന്നാണ് അഭിപ്രായം. കഴിവുകൾ പുറത്തെടുക്കാൻ അവസരം നൽകാതെ ഒരു കളിക്കാരനും വിശ്വാസമാർജ്ജിക്കാൻ സാധിക്കില്ല.
ഒരു മികച്ച വിജയത്തോടെ ഇപ്പോഴുള്ള ഈ മുന്നേറ്റം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
മാച്ച് പ്രിവ്യൂ – ലാലിഗ റൌണ്ട് 19
ബാഴ്‌സലോണ VS ഐബർ
പോറോവ മുൻസിപ്പൽ സ്റ്റേഡിയം – ബാസ്‌ക് കൺട്രി
ഇന്ത്യൻ സമയം രാത്രി 01:15 ന്
തത്സമയം : സോണി സിക്സ്