• Follow

മാച്ച് പ്രിവ്യു ~ സ്പോർട്ടിങ് ലിസ്ബൺ vs എഫ്.സി ബാഴ്‌സലോണ

  • Posted On September 27, 2017

വിശ്വപ്രസിദ്ധമായ ചാമ്പ്യൻസ് ലീഗിനോളം തന്നെ പ്രസിദ്ധമാണ് ചാമ്പ്യൻസ് ലീഗിന്റെ ഔദ്യോഗിക ഗാനവും. ലോകത്തു മറ്റനേകം കായിക മാമാങ്കങ്ങൾക്കും ഔദ്യോഗിക ഗാനങ്ങൾ ഉണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ ഗാനം ഒന്ന് വേറെ തന്നെയാണ്. ഓരോ തവണ കേൾക്കുമ്പോഴും കുളിരു കോരുന്ന ആ ഗാനം ചിട്ടപ്പെടുത്തിയത് റോയൽ കോളേജ് ഓഫ് മ്യൂസിക്കിലെ ടോണി ബ്രിറ്റൻ ആയിരുന്നു. യുവേഫയുടെ മൂന്ന് ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നിവ ഉപയോഗിച്ചാണ് ആ ഗാനം രചിച്ചത്. “അവരാണ് മികച്ചവർ , അവരാണ് മികച്ച ടീം, ഇതാണ് മെയിൻ ഇവന്റ് , ഇവരാണ് ചാമ്പ്യന്മാർ ” എന്നിങ്ങനെയുള്ള വാക്കുകളിലൂടെ ലോകത്തിലെ മികച്ചവരിൽ മികച്ചവരെ തിരഞ്ഞെടുക്കുന്ന ലീഗിന്റെ പ്രവർത്തനോദ്ദേശം തന്നെയാണ് ആ വരികളിലൂടെ വെളിവാകുന്നത്. അതെ മികച്ചവരിൽ മികച്ചവരെ യഥാർത്ഥ ചാമ്പ്യന്മാരെ കണ്ടെത്താൻ ലോകഫുട്ബാളിലെ ശക്തിദുർഗ്ഗങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ലീഗ് വേദിയിൽ ബാഴ്‌സ ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു.

ആദ്യ മത്സരത്തിൽ ഇറ്റാലിയൻ ജേതാക്കൾ യുവന്റസിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായി എത്തുന്ന ബാഴ്‌സ ഇന്ന് നേരിടുന്നത് ലയൺസ് എന്ന് അറിയപ്പെടുന്ന പോർച്ചുഗൽ ടീം സ്പോർട്ടിങ് ലിസ്ബൺ ആണ്. 111 വർഷത്തെ ചരിത്രവും പേറിയെത്തുന്ന സ്പോർട്ടിങ് ബാഴ്‌സക്ക് തുല്യരായ എതിരാളികളുമാണ്. ഗ്രൂപ്പ് ഘട്ട ആദ്യ മത്സരത്തിൽ ഒളിമ്പ്യാക്കോസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് എത്തുന്ന സ്പോർട്ടിങ് ഇന്നത്തെ രാത്രി ആവേശമുറ്റതാക്കാൻ ഉറപ്പിച്ചു തന്നെയാണ് സ്വന്തം തട്ടകത്തിൽ ഇറങ്ങുക. നിലവിൽ ഗ്രൂപ്പിൽ തുല്യ പോയിന്റുകളുമായി മുകൾത്തട്ടിൽ നിൽക്കുന്ന രണ്ട് ടീമും ഇന്നത്തെ മത്സരത്തോടെ ആർക്കാണ് ആധിപത്യം എന്ന് ഉറപ്പിക്കും.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബാഴ്‌സ ഈ മത്സരത്തെ നേരിടാനെത്തുന്നത്. കൃത്യം ഒരു മാസം മുൻപ് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾ ഇപ്പോൾ കാണാനില്ല. തിരിച്ചടികളിൽ തളരാതെ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് എങ്ങനെ ടീമിനെ ഒരുക്കാം എന്ന് കാണിച്ചു തരുന്ന തന്ത്രശാലിയായ വൽവെർദേ എന്ന കോച് ടീമിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. വ്യക്തമായ പദ്ധതികളോടെ ഓരോ മത്സരത്തെ സമീപിക്കുകയും തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട് മാറ്റങ്ങൾക്ക് തയ്യാറാവുകയും അതോടൊപ്പം മികച്ച രീതിയിൽ റൊട്ടേഷൻ നടത്തി കളിക്കാരെ ശാരീരികമായി തളർത്താത്ത അദ്ദേഹം മുന്നോട്ടുള്ള പ്രയാണത്തിന് ടീമിന് നൽകുന്ന ഊർജ്ജം വലുതാണെന്ന് ലീഗിലെ നിലവിലെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു. കാര്യമായ പരീക്ഷണങ്ങൾക്ക് ഇപ്പോഴും വിധേയമായിട്ടില്ലെന്നു അറിയാമെങ്കിലും കഴിഞ്ഞ ഏതു മത്സരത്തിലും നമ്മൾ കാണുന്ന ആ വിജയിക്കാനുള്ള ത്വര, അതാണ് ആദ്യത്തെ ശക്തി. വിജയിക്കണമെന്ന് വാശിയോടെ ഓരോ കളിക്കാരനും തങ്ങളുടെ നൂറ് ശതമാനവും നൽകുമ്പോൾ ബാഴ്‌സ കൂടുതൽ അപകടകാരികളാവുന്നു.

ഒരു കടുത്ത പോരാട്ടമാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. മുൻകാലങ്ങളിലെ മത്സരഫലങ്ങൾ ബാഴ്‌സയ്ക്ക് അനുകൂലമാണെങ്കിലും മാറിയ സാഹചര്യങ്ങളിൽ മുൻഫലങ്ങളെ ആശ്രയിക്കുന്നത് പന്തിയല്ല. കഴിഞ്ഞ മത്സരത്തിൽ നിന്നും തീർത്തും വിഭിന്നമാണ്‌ ഇന്നത്തെ മത്സരം. പ്രതിരോധത്തിന് പേര് കേട്ട യുവന്റസിനെ തളച്ചെങ്കിൽ ഇന്ന് അതിവേഗ ഫുട്ബാൾ കളിക്കുന്ന സ്പോർട്ടിങ്ങിനെയാണ് നേരിടുന്നത്. അത് തന്നെയാണ് അവരുടെ ശക്തിയും. തികച്ചും വ്യത്യസ്തമായ രണ്ട് ശൈലികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഫലം പ്രവചനാതീതം. അത് കൊണ്ട് തന്നെ നിലവിൽ ലഭ്യമായ ഏറ്റവും മികച്ച ടീമിനെ തന്നെ ഇന്ന് കളത്തിലിറക്കാൻ ആണ് സാധ്യത. മെസ്സി ഫാൾസ് നയൻ റോളിൽ തന്നെ തുടരുമെന്നാണ് കരുതുന്നത്. ഒപ്പം മുൻനിരയിൽ സുവാരസും ഡ്യൂലെഫോയും സുവാരസും സ്ഥാനം പിടിച്ചേക്കും. കഴിഞ്ഞ മത്സരത്തിലെ മികച്ച ഗോൾ സുവാരസിന്റെ ഫോം തിരികെ നൽകുമെന്ന് പ്രതീക്ഷിക്കാം.

മധ്യനിരയിൽ ഇനിയേസ്റ്റ , ബുസി , റാക്കി ത്രയം സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്. ഇനിയേസ്റ്റ തന്റെ പദ്ധതികളിൽ ഇപ്പോഴും അഭിവാജ്യ ഘടകമാണെന്ന് വൽവെർദേ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബുസിയുടെ കുറവ് എന്താണെന്ന് കാണിച്ചു തന്ന കഴിഞ്ഞ മത്സരത്തിന് ശേഷം ബുസ്കെറ്റ്സ് ഇന്ന് സ്റ്റാർട്ട് ചെയ്യും എന്ന് കരുതാം. എവേ മത്സരങ്ങളിൽ നമുക്ക് മുതൽക്കൂട്ടാകുമെന്നു കരുതുന്ന പൊളിഞ്ഞോ ഒരു പക്ഷെ സബ്സ്റ്റിട്യൂട്ട് ആയി എത്തിയേക്കാം. തന്ത്രങ്ങൾ പലതും പരീക്ഷിക്കുന്ന കോച് ഒരു പക്ഷെ അദ്ദേഹത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാലും അത്ഭുദമില്ല. ഒപ്പം ബാഴ്‌സയിൽ തന്റെ അവസരങ്ങൾ പതിയെ ലഭിച്ചു തുടങ്ങിയ ഡെനിസ് സുവാരസും ഇന്ന് പകരക്കാരനായി എത്തിയേക്കാം.റോബർട്ടോ , ഗോമസ് എന്നിവരും ടീമിൽ സ്ഥാനം അർഹിക്കുന്നവരാണ്.

പിൻനിരയിൽ സെമെഡോ ഇന്ന് തിരിച്ചെത്തുമെന്നാണ് വിശ്വസിക്കുന്നത്. ഏതാനും മത്സരങ്ങൾ കൊണ്ട് തന്നെ ഇദ്ദേഹം ടീമിൽ ഒഴിച്ച് കൂടാനാവാത്ത ഒരു കാര്യമായി മാറിയിട്ടുണ്ട്. സ്വന്തം നാട്ടിൽ ഇതേ സ്പോർട്ടിങ്ങിനെതിരെ ബെൻഫിക്കയിൽ കളിച്ചു വളർന്ന അദ്ദേഹത്തിന് ഓർമ്മകളിലേക്ക് ഒരു മടക്കം കൂടിയാണ് ഈ മത്സരം. സെന്റർ ബാക്ക് പൊസിഷനിൽ ഉംറ്റിറ്റി സ്ഥാനം നിലനിർത്തുമെങ്കിലും രണ്ടാം കളിക്കാരൻ ആരെ പരിഗണിക്കുമെന്ന് കണ്ടറിയാം. സ്ഥിരമായി ഈ റോൾ ചെയ്തിരുന്ന പിക്വെക്ക് പകരം കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇറങ്ങിയ മാഷെ അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. അത് കൊണ്ട് തന്നെ ആ തിരഞ്ഞെടുക്കണം എന്നത് ഒരു തലവേദനയായി മാറാൻ സാധ്യതയേറെയുണ്ട്. ലെഫ്റ്റ് ബാക്കായി ആൽബയും കൂടി ചേരുമ്പോൾ ബാഴ്‌സയുടെ തനതു ശൈലിയിലുള്ള ഒരു മത്സരമാണ് നമ്മൾ എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഇത് വരെ കളിച്ച എല്ലാ മത്സരത്തിലും വ്യത്യസ്തമായ സ്റ്റാർട്ടിങ് ഇലവൻ പരീക്ഷിച്ച വ്യക്തിയാണ് വൽവെർദേ. അത് കൊണ്ട് തന്നെ നമ്മുടെ പ്രവചനങ്ങൾക്ക് ആധികാരികതയില്ല. എങ്കിലും ഞങ്ങളുടെ പ്രതീക്ഷകൾ ആണ് ഇവിടെ പങ്ക് വെക്കുന്നത്. അത് എത്രമേൽ കൃത്യമായിരിക്കും എന്നത് മത്സര ശേഷമേ വ്യക്തമാകൂ. നമ്മുടെ പ്രതീക്ഷകൾ തെറ്റിക്കാതെ മികച്ച പ്രകടനം ഇന്ന് ടീം കാഴ്ചവെക്കും എന്ന് കരുതാം. മികച്ച ഒരു മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടം – രണ്ടാം മത്സരം
എസ്സ്റ്റാഡിയോ ഹോസെ അൽവലാദെ – ലിസ്ബൺ പോർച്ചുഗൽ
ഇന്ത്യൻ സമയം : ഇന്ന് രാത്രി 12:15 ന്
തത്സമയം : TEN 3

©Penyadel Barca Kerala

  • SHARE :